UPDATES

വിദേശം

ബ്രെക്സിറ്റ്‌: യുകെ രാഷ്ട്രീയം കലുഷിതം; തെരേസ മേ രാജിയിലേക്ക്?

മേ ഇന്ന് രാജിവെക്കുകയാണെങ്കിൽ ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കേണ്ടി വരികയോ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ ചെയ്യേണ്ടുന്ന അവസ്ഥയിലേക്ക് ബ്രിട്ടൻ നീങ്ങേണ്ടി വരും.

ബ്രെക്സിന്റെ പേരിൽ ബ്രിട്ടൻ രാഷ്ട്രീയമാകെ കലുഷിതമാകുമ്പോൾ രാജി എന്നുണ്ടാകും എന്ന് കൃത്യമായി പറയാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കുമേൽ സമ്മർദ്ദങ്ങൾ ശക്തമാകുന്നു. ബദൽ ബ്രെക്സിറ്റിനായി എംപിമാർ ഇപ്പോൾ പാർലമെന്റിൽ ആവശ്യം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട തുടർ നടപടികളെടുക്കുന്നതിനുള്ള അധികാരം സർക്കാരിൽ നിന്ന് പാർലമെന്റിലേക്ക് കൈമാറ്റം ചെയ്യാനുള്ള പ്രമേയം പാസ്സായതിനെ തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ പ്രധാനമന്ത്രി കൺസർവേറ്റിവ് എംപിമാരുമായി ചർച്ച നടത്തും. മേയുടെ രാജി ഉൾപ്പടെ പല സുപ്രധാന തീരുമാനങ്ങളും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. മറ്റൊരു ബ്രെക്സിറ്റിനു വേണ്ടി എംപിമാരുടെ ഇൻഡിക്കേറ്റിവ് വോട്ടുകൾ  ഉയരുന്ന പശ്ചാത്തലത്തിലാണ്  എംപിമാരെ മേ നേരിട്ട് അഭിസംബോധന ചെയ്യാൻ ഒരുങ്ങുന്നത്.

ബ്രെക്സിറ്റ്‌ ചർച്ചകളുടെ നിയന്ത്രണം സർക്കാരിൽ നിന്നും പാർലമെന്റ് ഏറ്റെടുക്കാനുള്ള പ്രമേയം തിങ്കളാഴ്ച്ചയാണ് പാർലമെന്റ് പാസ്സാക്കിയത്. പ്രമേയത്തിനായുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ സമയത്ത് കൺസർവേറ്റിവ് പാർട്ടിയിലെ 30 എംപിമാർ സർക്കാരിനെതിരെ വോട്ട് ചെയ്തിരുന്നു. സർക്കാരിൽ നിന്ന് നിയന്ത്രണം അടിയന്തിരമായി പാർലമെന്റിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് 302 ന് എതിരെ 329 വോട്ടുകളാണ് ലഭിച്ചത്. തെരേസ മേയെ പുറത്താക്കാൻ എംപിമാർ അട്ടിമറിശ്രമം നടത്തുകയാണെന്നാണ് ചില ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മെയ്ക്ക് നിരുപാധിക പിന്തുണയുമായി ചില മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെ രംഗം കലുഷിതമാകുകയും മൂന്ന് എംപിമാർ അപ്പോൾ തന്നെ രാജി വെക്കുകയും ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി റിച്ചാർഡ് ഹാരിങ്ടൻ, ആരോഗ്യ സഹമന്ത്രി സ്റ്റീവ് ബ്രൈൻ, വിദേശകാര്യ സഹമന്ത്രി അലിസ്റ്റർ ബർട്ട് എന്നിവരാണ് തിങ്കളാഴ്ച രാജി സമർപ്പിച്ചത്.

കരാർ അംഗീകരിച്ചാൽ യൂണിയൻ വിടാൻ മെയ് 22 വരെയും കരാറില്ലാതെ ഏപ്രിൽ 12 വരെയുമാണ് യൂറോപ്യൻ യൂണിയൻ ബ്രിട്ടന് സമയം അനുവദിച്ചിരിക്കുന്നത്. തന്റെ ബ്രെക്സിറ്റ്‌ അംഗീകരിക്കാൻ തയ്യാറായാൽ രണ്ട് മാസത്തിനുള്ളിൽ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാനാകുമെന്ന് മേ ആവർത്തിച്ച് പറഞ്ഞതായി പ്രധാനമന്ത്രിയുടെ വക്താവ് ദി ഗാർഡിയനോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് ഈ അവസാന നിമിഷത്തിലും പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് നമ്മൾ ഇനിയും കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രമാണ് മേ സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. മേ ഇന്ന് രാജിവെക്കുകയാണെങ്കിൽ ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കേണ്ടി വരികയോ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ ചെയ്യേണ്ടുന്ന അവസ്ഥയിലേക്ക് ബ്രിട്ടൻ നീങ്ങേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍