UPDATES

വിദേശം

അമേരിക്കൻ ജനതയോട് ട്രംപ് നുണ പറയുന്നു; ഒന്നും രണ്ടും തവണയല്ല, പതിനായിരം വട്ടം

ഈ അസത്യപ്രസ്താവകൾ പലതും അതിർത്തിയെയും കുടിയേറ്റത്തെയും സംബന്ധിച്ചിട്ടായിരുന്നുവെന്ന് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ? വസ്തുതയ്ക്ക് നിരക്കാത്ത, ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ ആണയിട്ട് പറഞ്ഞിട്ടുണ്ടോ? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ തെറ്റായ പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ടോ? ട്രംപ് അമേരിക്കൻ ജനതയെ തെറ്റിദ്ധരിപ്പിച്ചതിനെ സംബന്ധിച്ച പല വാർത്തകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായി ട്രംപിന്റെ നുണപ്രസ്താവനകളുടെ കണക്കുകൾ പുറത്ത് വന്നു. പ്രസിഡന്റായിക്കഴിഞ്ഞുള്ള 828 ദിവസം കൊണ്ട് ട്രംപ് പുറത്തിറക്കിയത് പതിനായിരത്തിലധികം നുണ പ്രസ്താവനകൾ. ആദ്യ ഘട്ടത്തിൽ ശരാശരി ദിവസം 8 തെറ്റായ വാദങ്ങൾ വീതമായിരുന്നെങ്കിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ദിവസം ശരാശരി 23 കള്ളങ്ങൾ ട്രംപ് പറഞ്ഞ് ഫലിപ്പിക്കുമായിരുന്നത്രെ! ഇത്ര കൃത്യമായി ട്രംപിന്റെ നുണകളുടെ കണക്കെടുത്തത്, ട്രംപിന്റെ തന്നെ പ്രസ്താവനകളുടെ സത്യാവസ്ഥ പരിശോധിക്കാനുള്ള വാഷിംഗ്ടൺ പോസ്റ്റിന്റെ ഡാറ്റാബേസിലെ ഫാക്ട് ചെക്കറിൽ നിന്നും!

ഒരേകള്ളങ്ങൾ തന്നെ ട്രംപ് പലതവണയും ആവർത്തിച്ചിട്ടുണ്ടെന്നാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടുകൾ. ഈ അസത്യപ്രസ്താവകൾ പലതും അതിർത്തിയെയും കുടിയേറ്റത്തെയും സംബന്ധിച്ചിട്ടായിരുന്നുവെന്ന് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ഏപ്രിൽ 25 മുതൽ 27 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ട്രംപ് പറഞ്ഞത് 170 തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ ആയിരുന്നുവത്രെ. റഷ്യന്‍ ബന്ധം സംബന്ധിച്ച റോബർട്ട് മ്യുള്ളറിന്റെ അന്വേഷണം നടക്കുന്ന ഘട്ടത്തിലും റിപ്പോർട്ട് പുറത്ത് വരുന്ന സമയത്തും ട്രംപ് നട്ടാൽ കുരുക്കാത്ത, യാതൊരു തെളിവുകളുമില്ലാത്ത വാദങ്ങൾ നിരത്തുകയായിരുന്നുവെന്നാണ് ആരോപണം. അദ്ദേഹം പലപ്പോഴായി പറയാറുള്ള, അതിർത്തിയുമായി ബന്ധപ്പെട്ടാണ് കുറ്റകൃത്യങ്ങൾ വളരുന്നതെന്ന വാദത്തെ ബലപ്പെടുത്താൻ മതിയായ തെളിവുകളില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫോക്സ് ന്യൂസിലെ സീൻ ഹാനിറ്റി ട്രംപുമായി നടത്തിയ അഭിമുഖം നുണകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നുവെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് പറയുന്നത്. ട്വിറ്ററിനെ ട്രംപ് നുണപ്രചാരണത്തിനുള്ള ഒരു ഉപകരണം തന്നെയാക്കി മാറ്റിത്തീർത്തുവെന്നാണ് ആരോപണം. ചില പ്രചാരണ റാലികളിൽ നടന്ന പ്രസംഗങ്ങളിൽ ട്രംപ് അപൂർവമായി മാത്രമേ വസ്തുതകൾക്ക് നിരക്കുന്ന കാര്യങ്ങൾ സംസാരിച്ചിരുന്നുള്ളൂവത്രെ. ട്രംപ് പറയുന്ന പ്രസ്താവനകളിലെ വസ്തുതാ വിരുദ്ധതയെ വിദഗ്ദമായി പൊളിച്ചുകാണിച്ചാലും യാതൊരു ധാർമിക പ്രശ്നവുമില്ലാത്തെ ട്രംപ് സ്വന്തം നുണയിൽ തന്നെ ഉറച്ച് നിൽക്കുമെന്നും മറ്റു വേദികളിൽ ഇതേ നുണകൾ തന്നെ അദ്ദേഹം ആവർത്തിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍