UPDATES

വിദേശം

ട്രംപ് അമേരിക്കയെ 50 വര്‍ഷം പുറകോട്ട് നടത്തി; വിഭാഗീയ രാഷ്ട്രീയം തള്ളിക്കളയണമെന്നും ഒബാമ

വിഭാഗീയത വളര്‍ത്തുന്ന രാഷ്ട്രീയത്തെ തള്ളിക്കളയണമെന്ന് ഒബാമ ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രകോപനങ്ങളുണ്ടാക്കുന്ന പ്രവണതയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്നും ഒബാമ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തെ 50 വര്‍ഷം പുറകോട്ട് നടത്തിയതായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ഒബാമ നടത്തുന്ന ആദ്യ രാഷ്ട്രീയ പ്രസംഗമാണിത്. ന്യൂ ജഴ്‌സിയിലെ ന്യൂ ആര്‍ക്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു റാലിയില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. വിഭാഗീയത വളര്‍ത്തുന്ന രാഷ്ട്രീയത്തെ തള്ളിക്കളയണമെന്ന് ഒബാമ ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രകോപനങ്ങളുണ്ടാക്കുന്ന പ്രവണതയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്നും ഒബാമ അഭിപ്രായപ്പെട്ടു. നവംബര്‍ ഏഴിന് ന്യൂജഴ്‌സിയിലും വിര്‍ജിനിയയിലും നടക്കുന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചാണ് ഡെമോക്രാറ്റുകള്‍ റാലി സംഘടിപ്പിച്ചത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മള്‍ നിരവധി തവണ അനുഭവിച്ചിട്ടുള്ള വിഭാഗീയതയുടെ ആ പഴയ രാഷ്ട്രീയം തുടരാനാകില്ല. ചിലര്‍ 50 കൊല്ലം മുമ്പത്തെയോ വിഭാഗീയ രാഷ്ട്രീയത്തിലേയ്ക്ക് നമ്മെ തിരികെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ട്രംപിന്റെ പേരെടുത്ത് പറയാതെ ഒബാമ പറഞ്ഞു. ഇത് 21ാം നൂറ്റാണ്ടാണെന്ന് ഓര്‍മ്മ വേണം – ഒബാമ ന്യൂആര്‍ക്കില്‍ പറഞ്ഞു. വിര്‍ജിനിയയിലെ അടുത്ത പ്രസംഗവേദിയിലും അദ്ദേഹം വിമര്‍ശനം തുടര്‍ന്നു. ഇപ്പോഴത്തെ രാഷ്ട്രീയം എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായ തരത്തിലല്ല മുന്നോട്ട് പോകുന്നതെന്നും ഒബാമ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ സുരക്ഷിതത്വങ്ങളില്‍ നിന്ന് അവകാശങ്ങളില്‍ നിന്ന് ആളുകളെ ആട്ടിയോടിക്കാന്‍ ശ്രമിക്കുകയാണ്. വ്യത്യസ്ത ആശയങ്ങളും ചിന്തകളും നിലപാടുകളുമുള്ള മനുഷ്യരെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ച് പ്രകോപിപ്പിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണ്.

ഒബാമയുടെ പ്രസംഗം – വീഡിയോ:

ട്രംപിന്റെ പാര്‍ട്ടിക്കാരനായ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷും അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വീമ്പും മുട്ടാളത്തരവും മുന്‍വിധികളുമാണ് ട്രംപിനുള്ളതെന്ന നിലയില്‍ ജോര്‍ജ് ബുഷ് വിമര്‍ശിച്ചിരുന്നു. കുടിയേറ്റക്കാരെ പിന്തുണച്ചും ജോര്‍ജ് ബുഷ് രംഗത്തെത്തി. യുവാക്കളും കുടിയേറ്റക്കാരും ന്യൂനപക്ഷ വിഭാഗക്കാരുമായ വോട്ടര്‍മാരെ കാര്യമായി ആകര്‍ഷിക്കാന്‍ ഒബാമയ്ക്ക് കഴിയുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. ട്രംപിനെതിരെ ശക്തമായിരിക്കുന്ന ജനരോഷം വോട്ടാക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിയുമോ എന്നതാണ് അറിയാനുള്ളത്. നവംബറിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പും ഡിസംബറില്‍ നടക്കാനാരിക്കുന്ന അലബാമ സെനറ്റ് സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പും ദേശീയ രാഷ്ട്രീയത്തിന്റെ ദിശ വ്യക്തമാക്കും. അടുത്ത വര്‍ഷം യുഎസ് കോണ്‍ഗ്രസിലേയ്ക്ക് (ജനപ്രതിനിധി സഭ) തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ആകെയുള്ള 435 സീറ്റിലേക്കും സെനറ്റിലെ 100 സീറ്റില്‍ 33ലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കും. നിലവില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഇരു സഭകളിലും ഭൂരിപക്ഷമുള്ളത്. വിര്‍ജിനിയയില്‍ സംസ്ഥാന ലെഫ്.ഗവര്‍ണറായ, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി റാല്‍ഫ് നോര്‍താമും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എഡ് ഗില്ലസ്പിയും തമ്മിലാണ് മത്സരം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാനാണ് എഡ് ഗില്ലസ്പി. ട്രംപുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. 2008ലേയും 2012ലേയും പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഒബാമ വിര്‍ജിനിയയില്‍ ജയം നേടിയിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനോട് തോറ്റപ്പോളും ഹിലരി ക്ലിന്റന്‍ ഇവിടെ ജയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍