എന്നാല്‍ താന്‍ തന്നെയാണ് രാജിയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചതെന്നും ഇന്ന് രാവിലെ വരെ കാത്തിരിക്കാനാണ് ട്രംപ് പറഞ്ഞതെന്നും ബോള്‍ട്ടന്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ പുറത്താക്കി. വിദേശ, ദേശീയ സുരക്ഷാ നയങ്ങളെ വിഭജിച്ചതിന് മാസങ്ങള്‍ക്കിപ്പുറമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും പുറത്താക്കുന്നത്. ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് വിവരം പുറത്തുവിട്ടത്.
‘ജോണ്‍ ബോള്‍ട്ടനോട് വൈറ്റ്ഹൗസിന് ഇനി അധികകാലം താങ്കളുടെ സേവനം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളിലും എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. അഡ്മിനിസ്‌ട്രേഷനിലെ പലരുടെയും അഭിപ്രായങ്ങളും ഇത്തരത്തിലാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്. ‘ഞാന്‍ ആവശ്യപ്പെട്ട രാജിക്കത്ത് ജോണ്‍ ഇന്ന് രാവിലെ നല്‍കി. അദ്ദേഹത്തിന്റെ സേവനത്തെക്കുറിച്ച് വളരെയധികം ഞങ്ങള്‍ സംസാരിച്ചു. അടുത്തയാഴ്ച പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കും’ എന്നും പിന്നീട് ട്രംപ് ട്വീറ്റ് ചെയ്തു. താന്‍ പറയുന്നതൊന്നുമല്ല താലിബാന്‍ വിഷയത്തില്‍ ബോള്‍ട്ടണ്‍ ചെയ്യുന്നതെന്ന പരാതിയും ട്രംപിനുണ്ടായിരുന്നു.
….I asked John for his resignation, which was given to me this morning. I thank John very much for his service. I will be naming a new National Security Advisor next week.
— Donald J. Trump (@realDonaldTrump) September 10, 2019
എന്നാല്‍ താന്‍ തന്നെയാണ് രാജിയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചതെന്നും ഇന്ന് രാവിലെ വരെ കാത്തിരിക്കാനാണ് ട്രംപ് പറഞ്ഞതെന്നും ബോള്‍ട്ടന്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ‘ഇന്നലെ രാത്രി തന്നെ പ്രസിഡന്റ് ട്രംപിനോട് രാജിവയ്ക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് നാളെ സംസാരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.’
I offered to resign last night and President Trump said, “Let’s talk about it tomorrow.”
— John Bolton (@AmbJohnBolton) September 10, 2019
ട്രംപിന്റെ മൂന്നാമത്തെ സുരക്ഷാ ഉപദേഷ്ടാവാണ് ജോണ്‍ ബോള്‍ട്ടണ്‍. മറ്റുള്ളവരെയും സമാനമായ രീതിയില്‍ തന്നെയാണ് പ്രസിഡന്റ് പുറത്താക്കിയത്. അഫ്ഗാനും താലിബാനുമായും സമാധാന ചര്‍ച്ചകള്‍ വിളിച്ചു ചേര്‍ത്തെങ്കിലും ട്രംപ് അവസാനനിമിഷം അത് റദ്ദാക്കിയിരുന്നു. സമാധാനചര്‍ച്ചകള്‍ മരിച്ചുവെന്നാണ് ട്രംപ് ഇതേക്കുറിച്ച് വിശദീകരിച്ചത്. ബോള്‍ട്ടണ്‍ ഉള്‍പ്പെടെയുള്ള പല ഉപദേഷ്ടാക്കളെയും ഒഴിവാക്കി ട്രംപ് നേരിട്ടാണ് അഫ്ഗാന്‍ വിഷയത്തില്‍ ഇടപെട്ടത്. അഫ്ഗാന്‍ യുദ്ധത്തെക്കുറിച്ചുള്ള പല യോഗങ്ങളിലും ട്രംപ് ബോള്‍ട്ടനെ ഒഴിവാക്കിയിരുന്നു.
അഫ്ഗാനിലെ മുഴുവന്‍ അമേരിക്കന്‍ സൈന്യത്തെയും പിന്‍വലിക്കുന്ന വെള്ളരിപ്രാവായി ട്രംപിനെ കാണുന്ന പലരും ബോള്‍ട്ടനില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നില്ല. ട്രംപിന്റെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനായ സല്‍മായ് ഖാലില്‍സാദ് അഫ്ഗാനിസ്ഥാന്‍ കരാറിന്റെ കോപ്പി കോണ്‍ഫറന്‍സ് മുറിയില്‍ നിന്നുമെടുക്കാന്‍ അനുവദിച്ചില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഇപ്പോള്‍ ബോള്‍ട്ടന്റെ പുറത്താകല്‍.