UPDATES

വിദേശം

അമേരിക്കയിലെ ഈ നഗരത്തെ ഇനി ആട്ടിൻകുട്ടി നയിക്കും

രാഷ്ട്രീയത്തിൽ ലിങ്കൺ പുതിയ ആളാണ്. മുൻപ് പൊതുപ്രവർത്തനങ്ങളൊന്നും നടത്തി ഇദ്ദേഹത്തിന് പരിചയവുമില്ല

വെറും 2500 പേർ മാത്രം താമസിക്കുന്ന അമേരിക്കയിലെ ഫെയർ ഹേവൻ എന്ന ചെറിയ സിറ്റി. ഈ കൊച്ചു നഗരത്തിലെ നിസ്സാരമായ മേയർ തിരഞ്ഞെടുപ്പ് ഇത്രമാത്രം ചർച്ചയാകാൻ എന്താണ് കാരണമെന്നാണോ? മേയർ അധികാരത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന് ഒടുവിൽ ജയിച്ചു കയറിയത് മൂന്നുവയസ്സ് പ്രായമുള്ള ലിങ്കൺ എന്ന ആടാണ്. ലിങ്കൺ തോൽപ്പിച്ചതോ, നാട്ടിലെ ചില  പ്രമുഖ പട്ടികളെയും പൂച്ചകളെയും!

ഫെയർ ഹേവൻ നഗരത്തെ സംബന്ധിച്ച് മൃഗങ്ങളുടെ ഈ മേയർ തിരഞ്ഞെടുപ്പ് തമാശയായിരുന്നില്ല. അവിടെ ഒരു മനുഷ്യ മേയർ ഇല്ലാത്തതുകൊണ്ട് തന്നെ ഇനി ഒരു വർഷം ലിങ്കൺ പൊതുപരിപാടികളിൽ തന്റെ സാന്നിധ്യമറിയിക്കുകയും നിർണ്ണായക യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. ഇതിനായി ഈ ആട്ടിൻകുട്ടിക്ക് പ്രത്യേക പരിശീലനവും ലഭിക്കും. മേയർ എന്ന ഔദ്യോഗിക സ്ഥാനം ഈ ആട്ടിൻകുട്ടിക്കാണെങ്കിലും നഗരത്തിലെ കാര്യങ്ങൾ നോക്കി നടത്താൻ ജോസഫ് ഗണ്ടർ എന്ന ടൌൺ മാനേജരുണ്ടാകും.

തന്റെ തിരഞ്ഞെടുപ്പ് വിജയത്തെകുറിച്ചോ, ചരിത്രത്തിൽ ഇടം പിടിച്ചതിനെകുറിച്ചോ ഈ “മേയർ” ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ ലിങ്കൺ പുതിയ ആളാണ്. മുൻപ് പൊതുപ്രവർത്തനങ്ങളൊന്നും നടത്തി ഇദ്ദേഹത്തിന് പരിചയവുമില്ല. 13 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിങ്കൺ ഈ മൃഗങ്ങൾക്കുള്ള ‘സ്‌പെഷ്യൽ’ തിരഞ്ഞെടുപ്പ് ജയിച്ചുകയറിയത്. സിറ്റിയിലെ ഒരു കണക്കധ്യാപികയാണ് മേയറിന്റെ ഉടമസ്ഥ.

“മൃഗങ്ങളുടെ ചില രസകരമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഞാൻ മുൻപ് എവിടെയോ വായിച്ചിരുന്നു, നഗരത്തിൽ ഒരു കളിസ്ഥലം നിർമ്മിക്കാനുള്ള ഫണ്ടിന് വേണ്ടിയാണ് ഞങ്ങൾ ഇങ്ങനെയൊരു രസകരമായ തിരഞ്ഞെടുപ്പ് പദ്ധതിയിട്ട് വിജയിക്ക് മേയർ സ്ഥാനം നൽകാം എന്ന് തീരുമാനിക്കുന്നത്. വളരെ ചെറിയ ഒരു തിരഞ്ഞെടുപ്പായിരുന്നു. കളിസ്ഥലത്തിനായി സ്ഥാനാർത്ഥികളുടെ ഉടമസ്ഥരിൽ നിന്നും ആകെ പിരിഞ്ഞുകിട്ടിയത് വെറും നൂറു ഡോളർ മാത്രമാണ്. ലിങ്കന്റെ ടേം കഴിയുമ്പോൾ ഞങ്ങൾ ഇനിയും തിരഞ്ഞെടുപ്പ് നടത്താനിരിക്കുകയാണ്.” ജോസഫ് ഹണ്ടർ പറയുന്നു. ഒരു ജനാധിപത്യ സംവിധാനം എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ധാരണ ഉണ്ടാകാൻ ഇത്തരം സ്പെഷ്യൽ തിരഞ്ഞെടുപ്പുകൾ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍