UPDATES

വിദേശം

ജെറുസലേം ഇസ്രയേല്‍ തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെ യുഎന്‍ രക്ഷാസമിതി; വീറ്റോ ചെയ്ത് യുഎസ്

യുഎസിനെ സമാധാനപ്രക്രിയയില്‍ ഇനി മധ്യസ്ഥനായോ പങ്കാളിയായോ അംഗീകരിക്കില്ലെന്ന് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ട്രംപിന്റെ ജെറുസലേം പ്രഖ്യാപനത്തിനെതിരെ രാഷ്ട്രീയവും നയതന്ത്രപരവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കും.

തര്‍ക്കപ്രദേശമായ ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനം തള്ളിക്കൊണ്ടുള്ള യുഎന്‍ രക്ഷാസമിതിയുടെ തീരുമാനം പ്രതീക്ഷിച്ച പോലെ തന്നെ യുഎസ് വീറ്റോ ചെയ്തു. ടെല്‍ അവീവിലെ യുഎസ് എംബസി ജെറുസലേമിലേയ്ക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ തുടങ്ങാനും ട്രംപ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അമേരിക്കയുടെ സഖ്യകക്ഷി രാജ്യങ്ങളടക്കം ഇതിനെതിരെ രൂക്ഷവിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ വഷളാക്കാനും കൂടുതല്‍ സംഘര്‍ഷവും രക്തച്ചൊരിച്ചിലുമുണ്ടാക്കാനുമാണ് ഈ തീരുമാനം വഴിയൊരുക്കുകയും വിവിധ ലോക നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രയേലും പലസ്തീനും അവകാശവാദം രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താല്‍ക്കാലിക അംഗങ്ങളുമായ 14 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു.

വിവിധ ലോകനഗരങ്ങളില്‍ പലസ്തീനെ അനുകൂലിച്ചും ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തും വലിയ പ്രകടനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് വെസ്റ്റ്ബാങ്ക്, ഗാസ, കിഴക്കന്‍ ജെറുസലേം എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഒമ്പത് പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് ധീരമായും സത്യസന്ധമായും യുഎസ് എടുത്ത തീരുമാനം പലര്‍ക്കും പ്രശ്‌നമായിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ജെറുസലേം ജൂതരുടെ രാഷ്ട്രീയവും സാംസ്‌കാരികവും ആത്മീയവുമായ സ്വദേശമാണെന്നും അവര്‍ക്ക് തലസ്ഥാനമാക്കാന്‍ പറ്റിയ മറ്റൊരിടമില്ലെന്നും നിക്കി ഹാലെ അഭിപ്രായപ്പെട്ടു. തങ്ങളുടെ എംബസി എവിടെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം അമേരിക്കക്കുണ്ടെന്നും നിക്കി ഹാലെ പറഞ്ഞു. അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്തുകൊണ്ടുള്ള രക്ഷാസമിതി അംഗങ്ങളുടെ വോട്ട് അപമാനകരമാണെന്ന് അഭിപ്രായപ്പെട്ട നിക്കി ഹാലെ ഇതാരും മറക്കാന്‍ പോകുന്നില്ലെന്നും പറഞ്ഞു.

അമേരിക്കയുടെ ഭാഗത്ത് നിന്ന് സമാധാനത്തിന് വേണ്ടിയുള്ള ഒരു പദ്ധതി പ്രതീക്ഷിക്കുമ്പോള്‍ സമാധാനം തകര്‍ക്കുന്ന പദ്ധതിയാണ് അവര്‍ മുന്നോട്ട് വക്കുന്നതെന്ന് യുഎന്നിലെ പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. പലസ്തീന്‍ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും പലസ്തീന്‍ പ്രദേശത്തെ അധിനിവേശത്തിനും ഇസ്രയേലിന് പ്രോത്സാഹനം നല്‍കുന്ന തീരുമാനമായിപ്പോയി ഇത് – പലസ്തീന്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. യുഎസ് വീറ്റോ മുന്നില്‍ കണ്ട് ജനറല്‍ അസംബ്ലിയില്‍ പ്രമേയം കൊണ്ടുവരുമെന്ന് വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. സെക്യൂരിറ്റി കൗണ്‍സിലിന് മുന്നില്‍ വച്ച പ്രമേയം ജനറല്‍ അസംബ്ലിയിലും അംഗങ്ങള്‍ക്ക് വോട്ടിംഗിനായി നല്‍കുമെന്ന് പലസ്തീന്‍ അതോറിറ്റിയുടെ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികി പ്രസ്താവനയില്‍ പറഞ്ഞു. അവിടെ അമേരിക്കയ്ക്ക് വീറ്റോ അധികാരമില്ല – മാലികി പറഞ്ഞു. അതേസമയം 193 അംഗ യുഎന്‍ പൊതുസഭയുടെ അനുകൂല വോട്ട് അന്താരാഷ്ട്ര സമൂഹത്തിന്റെ വികാരം പ്രതിഫലിക്കുന്നതായിരിക്കും എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യില്ല. പലസ്തീന്‍റെ അടുത്ത സുഹൃദ് രാഷ്ട്രങ്ങളില്‍ ഒന്നായ തുര്‍ക്കി പ്രമേയം ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നുണ്ട്.

അമേരിക്കയെ സമാധാന പ്രക്രിയില്‍ ഇനി പങ്കാളിയായി പരിഗണിക്കില്ലെന്ന് പലസ്തീന്‍ സംഘടനകളുടേയും പാര്‍ട്ടികളുടേയും കൂട്ടായ്മയായ പിഎല്‍ഒ (പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) തിങ്കളാഴ്ച വ്യക്തമാക്കി. യുഎസിനെ സമാധാനപ്രക്രിയയില്‍ ഇനി മധ്യസ്ഥനായോ പങ്കാളിയായോ അംഗീകരിക്കില്ലെന്ന് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ട്രംപിന്റെ ജെറുസലേം പ്രഖ്യാപനത്തിനെതിരെ രാഷ്ട്രീയവും നയതന്ത്രപരവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കും. പലസ്തീന് യുഎന്നില്‍ പൂര്‍ണ അംഗത്വം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുമെന്നും മഹമൂദ് അബ്ബാസ് പറഞ്ഞു. നിലവില്‍ യുഎന്നിലെ നിരീക്ഷക അംഗം മാത്രമാണ് പലസ്തീന്‍. അതായത് പലസ്തീന്‍ പ്രതിനിധിക്ക് ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കാം. പക്ഷെ വോട്ടവകാശമുണ്ടാകില്ല. 2011ല്‍ പൂര്‍ണ അംഗത്വത്തിനുള്ള പലസ്തീന്റെ ആവശ്യം യുഎന്‍ അംഗീകരിച്ചിരുന്നില്ല.

കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാജ്യം രൂപീകരിക്കുകയും ഇസ്രയേല്‍, പലസ്തീന്‍ എന്നിങ്ങനെ രണ്ട് സ്വതന്ത്ര പരമാധികാര രാജ്യങ്ങളുണ്ടാവുകയും ചെയ്യുക എന്ന രീതിയില്‍ പശ്ചിമേഷ്യന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഭൂരിഭാഗം ലോകരാജ്യങ്ങളുടേയും നിലപാട്. ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കും എന്ന് ബില്‍ ക്ലിന്റനും ജോര്‍ജ് ബുഷും അടക്കമുള്ള നേതാക്കള്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നെങ്കിലും ഒരിക്കലും അധികാരത്തില്‍ വന്ന ശേഷം ഈ തീരുമാനം എടുത്തിരുന്നില്ല. അതേസമയം 1970കള്‍ മുതല്‍ പലസ്തീന്‍ പ്രദേശത്തെ ഇസ്രയേല്‍ അധിനിവേശത്തിനെതിരായ രക്ഷാസമിതിയുടെ 42 പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍