UPDATES

വിദേശം

വെനിസ്വല കത്തുന്നു; രാജ്യത്ത്‌ വിദേശസഹായം എത്തിക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ മഡുറോ സൈന്യത്തിന്റെ വെടിവയ്പ്പ്‌

അതിർത്തിയിൽ ഏറ്റുമുട്ടൽ കൂടി നടന്നതോടെ വരും ദിവസങ്ങളിൽ മഡുറോയ്ക്കെതിരെയുള്ള ജനരോഷം ശക്തമാകുമെന്നാണ് ആഗോള മാധ്യമങ്ങൾ കണക്കുകൂട്ടുന്നത്.

വിവിധ വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായം വെനിസ്വലയിലെത്തിക്കാൻ ശ്രമിച്ച പ്രതിഷേധ പ്രവർത്തകർക്ക് നേരെ പ്രസിഡണ്ട് നിക്കൊളാസ് മഡുറോയുടെ സൈന്യം വെടിയുതിർത്തതോടെ രാജ്യമാകെ കത്തുകയാണ്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പ്രതിപക്ഷ നേതാവ് ഗൈഡോയെ പിന്തുണയ്ക്കുന്ന രണ്ട് പേർ കൊല്ലപ്പെട്ടു.  ഒരു ഡസനോളം പേർക്ക് ഗുരുതരമായ പരിക്കുകളുണ്ട്. രാജ്യത്തിൻറെ തെക്കുഭാഗത്തുള്ള ബ്രസീൽ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്.

പ്രസിഡണ്ട് സ്ഥാനത്തെ കുറിച്ചുള്ള മഡുറോ-ഗൈഡോ തർക്കങ്ങളെത്തുടർന്ന് വെനിസ്വലയിലുണ്ടായ മാനവിക പ്രതിസന്ധിയെ മറികടക്കാനാണ് ഗൈഡോ വിവിധ ലോകരാജ്യങ്ങളോട് സഹായം ആവശ്യപ്പെട്ടത്. സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജുവാൻ ഗൈഡോയുടെ നിർദേശ പ്രകാരം ഭക്ഷണസാധനങ്ങളും മരുന്നുകളും അതിർത്തിവഴി രാജ്യത്തെത്തിക്കാനുള്ള ശ്രമമങ്ങൾക്കിടയിലാണ് മഡുറോ സൈന്യം ഈ പ്രവർത്തകർക്കുനേരെ വെടിയുതിർത്തത്.

വിദേശത്തുനിന്നും സഹായം സ്വീകരിക്കാനുള്ള നടപടി അത്യധികം പ്രകോപനപരമാണെന്ന് മഡുറോ സൂചിപ്പിച്ചിരുന്നു. യുഎസിൽ നിന്നും മറ്റും ശേഖരിച്ച ഭക്ഷണസാധങ്ങൾ ബ്രസീൽ ഉൾപ്പടെയുള്ള അയൽരാജ്യങ്ങളിൽ ശേഖരിച്ച് വെച്ച് അവ അതിർത്തിവഴി വെനിസ്വലയിൽ എത്തിക്കാൻ ശ്രമിക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്.

യുഎസും വെനിസ്വലയുമായി പിരിമുറുക്കങ്ങളുണ്ടായതോടെ ഭക്ഷണസാധനകൾക്കും മരുന്നുകൾക്കും രാജ്യത്തിലാകെ അപകടകരമായ ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. എന്നാൽ രാജ്യത്ത് ഇങ്ങനെ യാതൊരു വിധത്തിലുള്ള ക്ഷാമമോ മാനവിക പ്രതിസന്ധിയോ ഇല്ലെന്ന മട്ടിലായിരുന്നു മഡുറോയുടെ ഇടപെടലുകൾ. അതിർത്തികളിൽവഴിയുള്ള വിദേശസഹായങ്ങൾ തടയാൻ  മഡുറോ സൈന്യത്തെയും വിന്യസിപ്പിച്ചിരുന്നു.

രാജ്യത്ത് അങ്ങനെയൊരു മാനവിക പ്രതിസന്ധിയുണ്ടെങ്കിൽ റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കുമെന്നാണ് മഡുറോ പറഞ്ഞത്. രാജ്യത്താകെയുള്ള പട്ടിണിയേയും പ്രതിസന്ധിയെയും ഫലപ്രദമായി ഉപയോഗിക്കുന്ന ഗൈഡോ മുൻപ് വെനിസ്വല കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിപക്ഷ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുകയും റാലികൾ നടത്തുകയും ചെയ്തിരുന്നു.

യു എസ് ഉൾപ്പടെയുള്ള രാജ്യങ്ങളുടെ പിന്തുണയുള്ള ഗൈഡോ ഇത്തരം സമ്പന്ന യൂറോപ്യൻ രാജ്യങ്ങളോട്  സഹായം ആവശ്യപ്പെടുകയും ഫലപ്രദമായി അത് ശേഖരിച്ച് ജനപ്രീതി നേടുകയുമാണ്. അതിർത്തിയിൽ ഏറ്റുമുട്ടൽ കൂടി നടന്നതോടെ വരും ദിവസങ്ങളിൽ മഡുറോയ്ക്കെതിരെയുള്ള ജനരോഷം ശക്തമാകുമെന്നാണ് ആഗോള മാധ്യമങ്ങൾ കണക്കുകൂട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍