UPDATES

വിദേശം

‘ഞങ്ങൾക്കിപ്പോൾ ഒന്നുമില്ല’; ഇഡൈ ചുഴലിക്കാറ്റ് തകർത്ത ജനത പറയുന്നു

രക്ഷാപ്രവർത്തനങ്ങൾ പല പ്രദേശങ്ങളിലും കാര്യക്ഷമമായിരുന്നില്ലെന്നും എവിടെയൊക്കെയോ രക്ഷ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന കേട്ടുകേൾവി മാത്രമേ ഞങ്ങളിൽ പലർക്കുമുണ്ടായിരുന്നുവെന്നുമാണ് പ്രളയത്തെ അതിജീവിച്ച ചില ഗ്രാമവാസികൾ ദി ഗാർഡിയനോട് വെളിപ്പെടുത്തുന്നത്.

‘ഞങ്ങൾക്കിപ്പോൾ ഒന്നുമില്ല’ ചുഴലിക്കാറ്റും പ്രളയവും ദുരന്തം വിതച്ച രണ്ട് രാജ്യങ്ങൾ ഉള്ളുരുകി പറയുകയാണ്. ഇഡൈ ചുഴലിക്കാറ്റും തുടർന്നുണ്ടായ പ്രളയവും മൊസാംബിക്കിലും സിംബാബ്‌വേയിലും ഇനി അവശേഷിപ്പിക്കുന്നത് കണ്ണീരും നിരാശയും മാത്രമാണ്. രാജ്യാതിർത്തികളിൽ പലയിടത്തുനിന്നും പയ്യെ വെള്ളം ഇറങ്ങി തുടങ്ങുമ്പോൾ ആശ്വാസം ഉണ്ടെങ്കിലും ഞങ്ങൾക്ക് സകലതും നഷ്ടപ്പെട്ടല്ലോ ഇനിയെങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് സാധാരണക്കാരായ ഗ്രാമവാസികൾ.

രക്ഷാപ്രവർത്തനങ്ങൾ പല പ്രദേശങ്ങളിലും കാര്യക്ഷമമായിരുന്നില്ലെന്നും എവിടെയൊക്കെയോ രക്ഷ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന കേട്ടുകേൾവി മാത്രമേ ഞങ്ങളിൽ പലർക്കുമുണ്ടായിരുന്നുവെന്നുമാണ് പ്രളയത്തെ അതിജീവിച്ച ചില ഗ്രാമവാസികൾ ദി ഗാർഡിയനോട് വെളിപ്പെടുത്തുന്നത്. അപ്രതീക്ഷിതമായി ഇത്രയും നാശനഷ്ടമുണ്ടാക്കിയ ഒരു വലിയ ദുരന്ത മുഖത്ത് കഴിവിന്റെ പരമാവധി സഹായമെത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മനഃപൂർവമല്ലാത്ത ചില പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നുമാണ് ചില രക്ഷ പ്രവർത്തകർ വെളിപ്പെടുത്തുന്നത്.  അതിജീവനത്തിനു അതിജീവിപ്പിക്കലിനുമായുള്ള ഈ യജ്ഞത്തിൽ ഇന്ത്യൻ നേവിയും ഒപ്പം കൂടി. പൂർണ്ണമായും വെള്ളത്തിൻ മുങ്ങിക്കൊണ്ടിരുന്ന 1000 പേരുടെയോളം ജീവൻ രക്ഷിക്കാനായെന്നാണ് രക്ഷ പ്രവർത്തകർ കണക്കുകൂട്ടുന്നത്. ഇതിൽ 700 പേരെയും ഇന്ത്യൻ നേവിയുടെ കൂടെ സഹായത്തോടെ ബോട്ടുകളിലാണ് രക്ഷിച്ചത്.

മൊസാംബിക്കിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയപ്പോൾ താൻ കണ്ണെത്താദൂത്രത്തോളം ഉയർന്നു പൊങ്ങിയ വെള്ളവും മേൽക്കൂര ഉൾപ്പടെ മുങ്ങിക്കൊണ്ടിരിക്കുന്ന ചില വീടുകളും മാത്രമാണ് കണ്ടതെന്നാണ് ഒരു ഫോട്ടോജേർണലിസ്റ്റ് ദി ഗാർഡിയനോട് സാക്ഷ്യപ്പെടുത്തുന്നത്. ‘ചുഴലിക്കാറ്റും പ്രളയവും വളരെ അപ്രതീക്ഷിതമായാണ് വന്നത്. ഞങ്ങൾക്ക് ആലോചിച്ച് നില്ക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. കയ്യിൽ കിട്ടിയ അത്യാവിശ്യ സാധനങ്ങൾ മാത്രം പൊതിഞ്ഞുകെട്ടി, ഞങ്ങൾ അധ്വാനിച്ചുണ്ടാക്കിയ വീടും സാമഗ്രികളുമൊക്കെ ഉപേക്ഷിച്ച് സുരക്ഷിത താവളത്തിലേക്ക് മാറേണ്ടിവന്നു.’ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട മൊസാംബിക്കിലെ ജോസഫ് മരിയസ് ജെഫേറ്റ് എന്ന ചെറുപ്പക്കാരൻ പറയുന്നു. വീടും ആഹാരവും വസ്ത്രവും ഇല്ലാതെ ഞങ്ങൾ ഇനി എന്ത് ചെയ്യുമെന്നാണ് കൃഷിക്കാരനായ ഈ യുവാവ് ചോദിക്കുന്നത്.

മൊസാംബിക്കിനെയും സിംബാബയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബെയ്റ നഗരത്തിലൂടെയുള്ള പ്രധാന റോഡിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഗതാഗത സംവിധാനങ്ങളോ വാർത്താവിനിമയ ശൃംഖലകളോ ഇല്ലാതെ നാലു വശത്തും വെള്ളം കയറി ഒറ്റപ്പെട്ട ചില പ്രാദേശിക ഇപ്പോഴും കണ്ണീരിലാണ്. 12 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ഒറ്റപ്പെട്ട ഒരു ദ്വീപിൽ നിന്നും അത്ഭുതകരമായി കരയ്‌ക്കെത്തിയ പെഡ്രോ ജോസ് പറയുന്നത് തന്റെ ഗ്രാമത്തിൽ ആരും രക്ഷപ്പെടുത്താനില്ലാതെ 40 പേരോളം കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്. ദക്ഷിണാർത്ഥ ഗോളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്നാണ് ഇഡൈ ചുഴലിക്കാറ്റിനെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. ഏതാണ്ട് രണ്ടര മില്യൺ ആളുകളെയെങ്കിലും പ്രളയവും ചുഴലിക്കാറ്റും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. മൊസാംബിക്കിൽ മാത്രം 1000 ആളുകൾ മരിച്ചിരിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍