UPDATES

വിദേശം

ന്യൂസിലാന്റ് പള്ളി വെടിവയ്പിനെ ഭീകരാക്രമണം എന്ന് ബിബിസി പറയാത്തത് എന്തുകൊണ്ട്? ആക്രമിക്കപ്പെട്ടത് മുസ്ലീങ്ങള്‍ ആയതുകൊണ്ടോ എന്ന് സോഷ്യല്‍മീഡിയ

ബിബിസിയുടെ ഈ മനോഭാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പിനെ എന്തുകൊണ്ടാണ് ബിബിസി ഭീകരാക്രമണം എന്ന് വിശേഷിപ്പിക്കാന്‍ തയ്യാറാകാത്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ചിരിക്കുന്ന ചര്‍ച്ച. ഇരകള്‍ മുസ്ലീങ്ങള്‍ ആയതുകൊണ്ടാണോ ഇത് സംഭവിക്കുന്നത് എന്ന ചോദ്യമുയരുന്നുണ്ട്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ ഇന്നലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പുകളെ ഭീകരാക്രമണം എന്നാണ് വിശേഷിപ്പിച്ചത്. വളരെ ആസൂത്രിതമായ ഭീകരാക്രമണം എന്ന് ജസീന്‍ഡ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ഇതിനെ ഭീകരാക്രമണം എന്ന് തന്നെയാണ് വിശേഷിപ്പിച്ചത്. വലതുപക്ഷ ഭീകരാക്രമണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓസ്‌ട്രേലിയന്‍ പൗരനായ ബ്രെന്‍ഡന്‍ ടെറന്റ് ആണ് പ്രധാന കൊലയാളി എന്നാണ് സംശയിക്കുന്നത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തലയില്‍ കാമറ വച്ച് ഫേസ്ബുക്ക് ലൈവ് ചെയ്താണ് ഇയാള്‍ കൊല നടത്തിയത്. ‘New Zealand Mosques attacks’ എന്നെല്ലാമാണ് ബിബിസി പറഞ്ഞിരുന്നത്.

ബിബിസിയുടെ ഈ മനോഭാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. മുന്‍ ബിബിസി എഡിറ്റര്‍ റിഫാത് ജാവൈദ് ട്വീറ്റ് ചെയ്തത് ബിബിസിയുടെ ഇത്തരം പക്ഷപാതപരമായ സമീപനങ്ങളില്‍ നിരാശയുണ്ട് എന്നാണ്. ന്യൂസിലാന്റിന്റേയും ഓസ്‌ട്രേലിയയുടേയും പ്രധാനമന്ത്രിമാര്‍ ഭീകരാക്രമണം എന്നാണ് പറഞ്ഞത്. എന്നാല്‍ നിങ്ങളുടെ ചാനല്‍, ഓണ്‍ലൈന്‍ എഡിറ്റര്‍മാര്‍ക്ക് ഇത് പള്ളി ആക്രമണം മാത്രമാണ്. ഇത് ലജ്ജാകരമാണ് – റിഫാത് ജാവേദ് പറയുന്നു. 2017ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപമുണ്ടായ ആക്രമണത്തെ ബിബിസി ഭീകരാക്രമണം എന്ന് തന്നെയാണ് വിളിച്ചിരുന്നത് എന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ സിറാജ് ഡാറ്റൂ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍