UPDATES

സയന്‍സ്/ടെക്നോളജി

ഇന്റര്‍നെറ്റ് അടിമത്തം; മനോരോഗമോ?

Avatar

കെയ്റ്റിലിന്‍ ദേവേ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇത് നിങ്ങള്‍ക്ക് ഒരു പക്ഷെ പരിചിതമായ ഒരു അവസ്ഥയായിരിക്കും.

നിങ്ങള്‍ ജോലിസ്ഥലത്ത് നിങ്ങളുടെ കാബിനില്‍ എത്തി. നിങ്ങള്‍ സ്ഥിരം ചെയ്യുന്നത് പോലെ മെയില്‍ പരിശോധിച്ചു. കുറച്ചു ഫോമുകള്‍ ഒക്കെ നോക്കി. അപ്പോഴാണ് നിങ്ങളുടെ ഒരു അടുത്ത സുഹൃത്ത് ജിചാറ്റില്‍ ഒരു പട്ടിക്കുട്ടിയുടെ രസകരമായ ഒരു വീഡിയോ അയക്കുന്നത്.

ഇനി ഒരഞ്ചു മിനിറ്റ് ഫേസ്ബുക്കും ഒന്ന് നോക്കി ബന്ധുവിന്റെ കല്യാണ ക്ഷണക്കത്ത് വച്ച് അമ്മ അയച്ച മെയിലും നോക്കിയിട്ട് ബാക്കി ഓഫീസ് പണിയിലേക്ക് വരാം എന്ന് നിങ്ങള്‍ തീരുമാനിക്കുന്നു. പക്ഷെ ഫേസ്ബുക്കില്‍ ആരോ നമ്മുടെ ഇഷ്ട ഗായകനെ കുറിച്ച് എന്തോ എഴുതിയിരിക്കുന്നു. അപ്പോഴാണ് അവരുടെ വെബ്‌സൈറ്റില്‍ ഒന്ന് പോയി നോക്കണം എന്നാഗ്രഹം തോന്നിയത്. ഉടന്‍ നമ്മള്‍ അടുത്ത ടാബില്‍ അവരുടെ വെബ്‌സൈറ്റ് തുറന്നു. തിരിച്ചു വന്നു ജോലിയില്‍ ശ്രദ്ധ ഊന്നിയതേ ഉള്ളൂ; അതാ ഇന്‍സ്റ്റാഗ്രാമില്‍ ഒരു നോട്ടിഫിക്കേഷന്‍ വന്നു.

ഇന്റര്‍നെറ്റില്‍ നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന നൂറായിരം കാര്യങ്ങള്‍ ഉണ്ട് എന്നത് പുതിയ വാര്‍ത്തയൊന്നും അല്ല. നമ്മുടെ ആധുനിക ജീവിതത്തിന്റെ ഒരു സമ്മാനമാണ് ഇത്തരത്തില്‍ ചിതറിയ ഒരു തലച്ചോര്‍. ഇത് നമുക്ക് ഫേസ്ബുക്കിനെ പോലെ തന്നെ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് താനും. ഈയിടെ നടന്ന ഒരു ക്ലാസ്സില്‍, ചിക്കാഗോ യൂണിവേര്‍സിറ്റിയിലെ മനശാസ്ത്രജ്ഞന്‍ മിഷല്‍ പീട്രസ് പ്രകോപനപരമായ ഒരു ചിന്ത മുന്നോട്ടുവച്ചു: ഒരു ഇന്റര്‍നെറ്റ് കേന്ദ്രീകൃത സമൂഹത്തിന്റെ ലക്ഷണങ്ങള്‍ക്കപ്പുറം, കൃത്യമായ ഇടപെടല്‍ ആവശ്യമുള്ള. ‘രോഗം എന്ന് വിളിക്കാവുന്ന ഒന്നായി മാറുന്ന, ADHD എന്ന ഒരു അവസ്ഥയാകാം ഇത്.’

സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റ് എന്ന സാങ്കേതിക വിദ്യയും ADHDക്ക് നേരിട്ട് കാരണമാകുന്നു എന്ന് ഇതിനര്‍ത്ഥം ഇല്ലെന്നു പീട്രസ് പറഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റ് ചില ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണം ആകുന്നുണ്ട്. നമ്മുടെ ശ്രദ്ധയെ സ്വാധീനിക്കുന്ന, പലതരം പ്രശ്നങ്ങള്‍ക്ക് ഇത് വഴിവയ്ക്കുന്നു.

Attention Deficit Hyperactivtiy Disorder അല്ലെങ്കില്‍ ADHD (ഒന്നിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ) എന്ന ഈ അവസ്ഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനശ്ശാസ്ത്രത്തിലെ ഏറ്റവും ശക്തിയുള്ള ‘പിശാചാണ്’.

ഈ പ്രശ്‌നം അനുഭവിക്കുന്ന കുട്ടികളുടെ (പത്തില്‍ ഒരാള്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകും എന്നാണ് കണക്ക്) മാതാപിതാക്കള്‍ക്ക് ഈ അവസ്ഥ ഭീകരമാണ്. അക്രമ സ്വഭാവം, അക്ഷമ, ഒരിടത്തും അടങ്ങിയിരിക്കാന്‍ സാധിക്കാത്ത അവസ്ഥ, പെട്ടന്ന് വികാരഭരിതരാവുക, എല്ലാം എളുപ്പത്തില്‍ മടുക്കുക എന്നെ പ്രശ്‌നങ്ങളെ എല്ലാം ദിനംപ്രതി കൈകാര്യം ചെയ്യേണ്ടി വരുന്നത് അത്ര എളുപ്പം അല്ല. ഈ പ്രശ്‌നം അനുഭവിക്കുന്ന മുതിര്‍ന്നവര്‍ ആകട്ടെ നേരെ തിരിച്ചായിരിക്കും പെരുമാറുക. അവര്‍ സാമ്പ്രദായിക രീതിയില്‍ നോക്കിയാല്‍ ഒട്ടുംതന്നെ ‘ഊര്‍ജ്ജസ്വലര്‍’ അല്ല. എന്നാല്‍ അവരും മടുപ്പനുഭവിക്കുന്നവരും, ശ്രദ്ധയൂന്നാന്‍ കഷ്ടപ്പെടുന്നവരും ആയിരിക്കും. അതോടൊപ്പം അവരെ നിയന്ത്രിക്കാനും ഏറെ പണിപ്പെടേണ്ടി വരും. ഒരു ജോലി ചെയ്യുന്നതിനിടെ, ഒരു ലേഖനം വായിക്കുന്നതിനിടെ ഒരു പത്തുവട്ടം അവര്‍ അതില്‍ നിന്നും വ്യതിചലിക്കും.

‘എന്നും പുതുമ ആഗ്രഹിക്കുന്ന ആളുകള്‍ ആണ് ഇവര്‍,’ പീട്രസ് പറഞ്ഞു. ഒരേസമയം 150 ടാബുകളും ഒരു കയ്യില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണും…. ഇതാണ് അവരുടെ സ്ഥിരം ശൈലി.

എന്തൊക്കെ പറഞ്ഞാലും, ഇന്റര്‍നെറ്റ് നമുക്ക് ചില സ്വാതന്ത്ര്യങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ട്. പെട്ടന്നുള്ള സംതൃപ്തി ആണ് അതിലൊന്ന്. അതോടൊപ്പം വ്യത്യസ്തമായ, അവസാനമില്ലാത്ത ആസ്വാദ്യകരമായ ഒരു കൂട്ടം വിനോദാനുഭവവും അത് പ്രദാനം ചെയ്യുന്നു. ആദ്യ അഞ്ച് സെക്കന്റിനുള്ളില്‍ ഒരു കാര്യം നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍; (അത്ര കുറഞ്ഞ സമയം മതി എന്ന് ശാസ്ത്രം പറയുന്നു) അതൊഴിവാക്കി മറ്റൊന്ന് തിരഞ്ഞെടുക്കാന്‍ നമുക്ക് അവസരം ഉണ്ട്.

ADHD ക്ക് കാരണമാകുന്ന എല്ലാ കാര്യങ്ങളും ഉത്തേജിപ്പിക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് എന്നും ഓര്‍ക്കണം. 

കൂടിയ തോതില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നത്തിന്റെ ലക്ഷണവും, ADHDയുടെ ലക്ഷണങ്ങളും തമ്മില്‍ എന്തെങ്കിലും സാമ്യം ഉണ്ടോ എന്നതാണ് ചോദ്യം. ഗവേഷകരുടെ അഭിപ്രായത്തില്‍ ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ വരുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് മാത്രം ആണ് ADHD. അതായത്, ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗിക്കുന്ന ഭൂരിപക്ഷത്തിനും ADHDയും ഉണ്ടാകാന്‍ ഉള്ള സാധ്യത ഏറെ കൂടുതല്‍ ആണ്. 

ADHD എന്നത് ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കണക്കുകളോട് ഏറെ സാമ്യം വച്ച് പുലര്‍ത്തുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ തോത് വര്‍ധിച്ചതിനു സമാന്തരമായി ADHD അനുഭവിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു. 2003ല്‍ ഇത് 7.8 ശതമാനം ആയിരുന്നുവെങ്കില്‍ 2011ല്‍ അത് 11 ശതമാനം ആയിത്തീര്‍ന്നു . 

ഒരു കാര്യത്തിനു നമ്മള്‍ കൊടുക്കുന്ന ശ്രദ്ധ, അത് ചെയ്യുന്നതില്‍ നമ്മള്‍ കാണിക്കുന്ന അച്ചടക്കം എന്നിവ ഓരോ വ്യക്തിയുടെയും സ്വഭാവമനുസരിച്ചായിരിക്കും എന്നാണു നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ പീട്രസ് കരുതുന്നത് അങ്ങനെ അല്ല. നമ്മുടെ തലച്ചോര്‍ ഇപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. നമ്മള്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന രീതിയുമായി ഈ മാറ്റം ഏറെ ബന്ധപ്പെട്ടിരിക്കുന്നു. 

‘പക്ഷെ ഈ മാറ്റങ്ങള്‍ എങ്ങോട്ടാണ് നമ്മെ നയിക്കുന്നത് എന്നത് ഏറെ പ്രധാനം ആണ്’ എന്ന് അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പെരുമാറ്റ വ്യതിയാനങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ADHDയെ കുറിച്ച് ഒരുപാട് എഴുതുകയും ചെയ്തിട്ടുള്ള പീറ്റര്‍ കില്ലെന്‍ പറയുന്നു.

കുട്ടികള്‍ വീഡിയോ ഗെയിമിന് അടിമപ്പെടുന്നതിലും അതില്‍ നിന്ന് ADHD ഉണ്ടാകുന്നതിലും എല്ലാ മാതാപിതാക്കളും ആശങ്ക പ്രകടിപ്പിക്കാറുണ്ട്. ഇതാണ് കില്ലെന്‍ ഉദാഹരണമായി പറയുന്നത്. ശ്രദ്ധാവ്യതിചലനം അനുഭവിക്കുന്ന കുട്ടികള്‍ വീഡിയോ ഗെയിം കൂടുതല്‍ കളിക്കുന്നവര്‍ കൂടിയാണ് എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഗെയിം കളി ആണോ അവര്‍ക്ക് ADHD സമ്മാനിക്കുന്നത്? അതോ ഇത് കുട്ടികളെ അലസരും മടിയന്മാരും, ഏകാന്ത ജീവികളും ആക്കുക എന്ന സാമൂഹിക പ്രശ്‌നം മാത്രമായി നില്‍ക്കുകയാണോ? ADHD ഉള്ള കുട്ടികളില്‍ വീഡിയോ ഗെയിം അടിമത്വം പ്രശ്ങ്ങളെ വഷളാക്കിയേക്കാം. ഇത് തന്നെ ആണ് ഇന്റര്‍നെറ്റ് ഉപയോഗത്തിലും സംഭവിക്കുന്നത്. ADHD ഉള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗിക്കുന്നത് ഒരു പ്രശ്‌നം ആയേക്കാം. എന്നാല്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം മൂലം ADHD ഉണ്ടാകും എന്ന നിഗമനം എത്രമാത്രം ശരിയാണ്? ഇതിനു തെളിവുകള്‍ ഇല്ല തന്നെ.

ADHD എന്ന അവസ്ഥക്ക് പിന്നില്‍ പല ജനിതക കാരണങ്ങളുമുണ്ട്. അത് ഒരു കമ്പ്യൂട്ടര്‍ ഉപയോഗവുമായി മാത്രം ബന്ധപ്പെട്ടതല്ല. ഇതിനെ കുറിച്ച് കൃത്യമായി നിഗമനത്തിലെത്താന്‍ വേണ്ടത്ര പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് പീട്രസും പറയുന്നു. ( മനശാസ്ത്രത്തില്‍ ഒരു നിഗമനം എന്നത് വളരെ പ്രധാനമാണ്. കാരണം അതില്‍ ഉള്‍പ്പെടുന്ന രോഗികള്‍ എല്ലാവരും ഒരേപോലെ പ്രതികരിക്കുന്നവര്‍ ആയിരിക്കണം എന്നില്ല. അതോടൊപ്പം പല ലക്ഷണങ്ങളും തികച്ചും യാദൃശ്ചികവും ആകാം എന്ന് കാര്‍ടിഫ് യൂണിവേഴ്‌സിറ്റിയില്‍ മനശാസ്ത്ര അധ്യാപികയായ അനിത ഥാപ്പര്‍ പറയുന്നു ).

ശ്രദ്ധാവ്യതിചലനം ഉള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗം ഗുണം ചെയ്യും എന്ന് തെളിയിക്കുന്ന പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തില്‍ പ്രശ്‌നം ഉള്ളവര്‍ക്ക് തങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്ന ഒരു പരിശീലനം മൂലം അവരുടെ പ്രശ്‌നങ്ങള്‍ വളരെ അധികം കുറഞ്ഞു എന്ന് കഴിഞ്ഞ ജൂണില്‍ ഒരു സ്വീഡിഷ് ഗവേഷണ സംഘം പറഞ്ഞു. ഒരുപക്ഷെ അവര്‍ ഓണ്‍ലൈന്‍ ആയിട്ടല്ല ഇത് ചെയ്തതെങ്കില്‍ അവര്‍ക്ക് ഇത്ര വേഗം പുരോഗതി കൈവരിക്കാന്‍ ആകുമായിരുന്നില്ല എന്നും അവര്‍ ഓര്‍മ്മിക്കുന്നു.

ADHDയും ഇന്റര്‍നെറ്റ് ഉപയോഗവും, ശ്രദ്ധാ വ്യതിചലനവും തമ്മില്‍ ഉള്ള ബന്ധം എന്ത് തന്നെയും ആയി കൊള്ളട്ടെ. പക്ഷെ ഈ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ കൃത്യമായ ഒരു പദ്ധതി നടപ്പിലാക്കുക തന്നെ വേണ്ടി വരും എന്ന് പീട്രസ് പറയുന്നു. യോഗയും ധ്യാനവും ഇതിനെതിരെ പൊരുതാന്‍ നമ്മെ സഹായിക്കും എന്ന് പലരും പറയാറുണ്ട്. കാര്യങ്ങളെ വിശദീകരിച്ചു ഭാവനാപരമായി കുറിച്ചിടുക, ചെറിയ ഭാഗങ്ങള്‍ ആയി കാര്യത്തെ ഓര്‍മിക്കുക എന്നിവ നമ്മുടെ ശ്രദ്ധയെ പിടിച്ചു നിര്‍ത്താന്‍ ഉപകാരമാകും. ഇത്തരം പരിശീലനങ്ങള്‍ ഓണ്‍ലൈനിലും ചെയ്യാം. സോഷ്യല്‍ മീഡിയയും പുതിയ സാങ്കേതിക വിദ്യകളും എന്തെല്ലാം ദൂഷ്യം ചെയ്യും എന്ന തിരിച്ചറിവാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു. അവ നമ്മില്‍ ഏതൊക്കെ തരത്തില്‍ പ്രവര്‍ത്തിക്കും എന്നറിഞ്ഞാല്‍ അവയെ കരുതലോടെ ഉപയോഗിക്കാനും അവയുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍