UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൂപ്പര്‍ എഡിറ്റര്‍ ചമയുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍

Avatar

ലിയോനിഡ് ബെര്‍ഡിഷ്കി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

 ഇന്റര്‍നെറ്റിലൂടെ  പണമിടപാടുകള്‍ സാധ്യമാക്കുന്ന അമേരിക്കന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനമാണ് പെപാല്‍.  കിഴക്കന്‍ ഉക്രൈനില്‍ റക്ഷ്യ നടത്തുന്ന ഇടപെടലുകള്‍ വ്യക്തമാക്കുന്നൊരു റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കുക എന്ന.ഉദ്ദേശത്തോടെ ഈ സൈറ്റുപയോഗിച്ച് അതിനുള്ള പണം സമാഹരിച്ചു വരുകയായിരുന്നു ചില റക്ഷ്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍. എന്നാല്‍ ഈയടുത്ത് കമ്പനി ഇവരുടെ അകൗണ്ട്  ബ്ലോക്ക് ചെയ്തു. തങ്ങളുടെ സംവിധാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനായോ അല്ലെങ്കില്‍ റഷ്യക്കെതിരായോ ഉപയോഗിക്കാനുള്ളതല്ലെന്നതാണ് കമ്പനി ഉന്നയിക്കുന്ന ന്യായവാദം. തങ്ങളുടെ ചുമതലകള്‍ എങ്ങനെ ഭംഗിയായി നിര്‍വ്വഹിക്കണമെന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന അപക്വമായ തീരുമാനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.

അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി പേപാലിന്റേയും അവകാശവാദം. ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനികളില്‍ അവയുടെ ബിസിനസ് എക്‌സിക്ക്യൂട്ടീവുമാരാണ് തങ്ങളുടെ സൈറ്റുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വിഷയങ്ങള്‍ സംമ്പന്ധിച്ച് തീരുമാനമെടുക്കുന്നത്. പരമ്പരാഗത മാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെ ജോലിയാണ് ഇവര്‍ നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നതെന്നു പറയാം. എന്നാല്‍ ഒരു പ്രഫഷണല്‍ മാധ്യമത്തിന്റെ സ്വഭാവ സവിശേഷകളല്ല ഇത്തരം സംവിധാനങ്ങള്‍ക്കുള്ളതെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ള ആളുകളുടെ ആശയങ്ങളും, ഉത്പ്പന്നങ്ങളും പണവുമൊക്കെ കൈമാറ്റം ചെയ്യാനും പ്രചരിപ്പിക്കുവാനുമുള്ള  ഇടനിലക്കാര്‍ അല്ലെങ്കില്‍ അവയുടെ ഒഴുക്കിനെ സഹായിക്കാനുള്ള കുഴലുകള്‍ മാത്രമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍. അതിലൂടെ ഒഴുകുന്ന വിഷയങ്ങളില്‍ വിലയിരുത്തലുകള്‍ നടത്താന്‍ സൈറ്റുകള്‍ക്കുള്ള അധികാരം എന്നത് ജല വിതരണ കമ്പനികള്‍ക്ക് വിതരണം നിര്‍ത്തി വയ്ക്കാന്‍ കഴിയുമെന്നു പറയുന്നതു പോലെ പരിമിതവും ബാലിശവുമായിരിക്കും.

അമേരിക്കക്കു പുറത്ത് തങ്ങളുടെ സൈറ്റുകള്‍ എത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്നു നോക്കിയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനികള്‍ തങ്ങളുടെ ആഭ്യന്തര നയങ്ങള്‍ തീരുമാനിക്കുന്നത്.  തങ്ങളുടെ നയപരിപാടികള്‍ ഉപഭോക്താക്കളുമായി ചര്‍ച്ച ചെയ്യുന്ന അവരുടെ ചോദ്യങ്ങള്‍ക്ക് സ്ഥാപകന്‍ സുക്കന്‍ബര്‍ഗ് മറുപടി നല്‍കുമെന്ന തരത്തിലുള്ളൊരു ഉദ്യമം ഫേസ്ബുക്ക് തുടങ്ങിയിരുന്നു  അതിലേക്ക് തിരഞ്ഞെടുത്തതില്‍ ഇസ്രയേലിലുള്ളൊരു ഉക്രൈന്‍ വംശജന്‍ ഉന്നയിച്ചൊരു ചോദ്യത്തിന് 45000 ലൈക്കുകളാണ് ലഭിച്ചത്, ഈ സെക്ഷനിലെ ചോദ്യങ്ങള്‍ക്ക് ലഭിച്ച ലൈക്കുകളില്‍ ഏറ്റവും കൂടുതല്‍. റക്ഷ്യയെ വിമര്‍ശിക്കുന്ന പ്രമുഖ ഉക്രൈന്‍ ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ എടുത്തു മാറ്റുന്നതും, പഴയ സോവിയറ്റ് യൂണിയന്‍ പ്രദേശത്തു നിന്നുള്ള പോസ്റ്റുകള്‍ കുറഞ്ഞു പോകുന്നതും എന്തുകൊണ്ടെന്നതായിരുന്നു ചോദ്യം. വിദ്വേഷ പ്രചാരണം സംബന്ധിച്ച തങ്ങളുടെ നയങ്ങള്‍ക്ക് എതിരായതു കൊണ്ടാണ് ചില ഉക്രൈന്‍ പോസ്റ്റുകള്‍ മാറ്റേണ്ടി വന്നതെന്നായിരുന്നു സുക്കന്‍ബര്‍ഗിന്റെ മറുപടി. റഷ്യയില്‍ തങ്ങള്‍ക്ക് ഓഫീസില്ലെന്നും, അവരുടെ ഭാഷ സംസാരിക്കാനും, അതിലുള്ള കമന്റുകള്‍ വിലയിരുത്താനും കഴിയുന്നൊരു സംഘത്തെ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

”ഡല്‍ബനില്‍ ഞങ്ങളുടെ യൂറോപ്യന്‍ ആസ്ഥാനം പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെ വിവിധ ഭാഷകളില്‍ പ്രഗല്‍ഭരായ ധാരാളം പേര്‍ അവിടെ പ്രവര്‍ത്തിക്കുന്നു. അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ പോസ്റ്റുകള്‍ വിലയിരുത്തുന്നു. അത് എന്തായാലും തുടരുക തന്നെ ചെയ്യും”. സുക്കന്‍ബര്‍ഗ് വ്യക്തമാക്കി.

നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളില്‍ ചിലത് താന്‍ സ്വയം വിലയിരുത്തിയതാണെന്നും അവ നീക്കം ചെയ്യാനായുള്ള തീരുമാനത്തില്‍ താനും പങ്കാളിയായിരുന്നുവെന്നും സുക്കന്‍ബര്‍ഗ് അറിയിച്ചു. ”എന്നാല്‍ ഒരു സംഭവത്തില്‍ മാത്രം ചെറിയൊരു പിഴവ് പറ്റി. വിദ്വേഷം ഉണ്ടാക്കിനിടയുള്ളതു കൊണ്ട് മാറ്റിയൊരു പോസ്‌ററിനു പക്ഷേ കാരണമായി  പറഞ്ഞത് അതില്‍ നഗ്നതയുടെ അംശം കൂടുതലാണെന്നായിരുന്നു. സോഫ്റ്റുവയര്‍ തകരാറു കൊണ്ട് സംഭവിച്ചതാണത്.” കമ്പനി മേധാവി കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്ക് ജീവനക്കാര്‍ പറയുന്നതൊന്നും പക്ഷേ ഉക്രൈനികള്‍ വിശ്വസിക്കുന്നില്ല, ഏതു പ്രശ്‌നത്തിനും പോഗ്രാം ചെയ്തു വച്ച ഒരേ ന്യായം ആവര്‍ത്തിക്കുന്ന സോഫ്റ്റുവയറിനേയും. പ്രശ്‌നം ഫേസ്ബുക്ക് ഓഫീസിലുള്ള റക്ഷ്യക്കാരെല്ലാം വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത ആരാധകര്‍ ആയിപ്പോയതിന്റേതാണെന്നു അവര്‍ കരുതുന്നു. റഷ്യനിലും ഉക്രൈന്‍ ഭാഷകളിലുള്ള പോസ്റ്റുകള്‍ സുക്കന്‍ബര്‍ഗിനെങ്ങനെ സ്വയം വിലയിരുത്താന്‍ സാധിക്കുമെന്നതാണവരുടെ മറ്റൊരു സംശയം. ഫേസ്ബുക്ക് നല്‍കുന്ന ദുര്‍ബലമായ തര്‍ജ്ജമയെ ആശ്രയിച്ചാണോ അതെന്നും അവര്‍ ചോദിക്കുന്നു. 

ഫേസ്ബുക്കില്‍ അകൗണ്ടുള്ള അംഗങ്ങള്‍ തന്നെയാണ് അവരുടെ വിപണന വസ്തുക്കള്‍. അവരെ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ പരസ്യക്കമ്പനികളുമായി പങ്കു വയ്ക്കുന്നു. പകരമായി അംഗങ്ങള്‍ക്ക് തങ്ങളുടെ വികാര വിചാരങ്ങള്‍ ലോകത്തെ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ കഴിയുമെന്നതാണ് കമ്പനി പറയുന്ന അവകാശവാദം. എന്നാല്‍ തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നു തോന്നിയാല്‍ അവരെ ബ്ലോക്ക് ചെയ്യാന്‍ അവര്‍ക്കാവും ചുരുക്കത്തില്‍ ഫേസ്ബുക്ക് പലപ്പോഴും  കോടതിയും വിധികര്‍ത്താവുമൊക്കെ ആവുന്നുണ്ടെന്നര്‍ത്ഥം. അവരുടെ  തീരുമാനം ചിലപ്പോള്‍ ചില തത്പര ഗ്രൂപ്പുകളുടെ ഹിതങ്ങളുടേയും അഹിതങ്ങളുടേയും കൂടി അടിസ്ഥാനത്തിലാവാറുണ്ടെന്നതാണ് മറ്റൊരു വസ്തുത. റക്ഷ്യക്കനുകൂലമായി ഇന്റര്‍നെറ്റില്‍ കൂലിക്ക് പ്രചാരവേല നടത്തുന്ന വിഭാഗമാണ് ക്രിമിലെന്‍ ട്രോള്‍സ്. പല സന്ദേശങ്ങളും പിന്‍വലിക്കാനായി വ്യാപകമായി ഇവര്‍ നല്‍കുന്ന അഭ്യര്‍ത്ഥനകളെ (ടേക്ക്ഡൗണ്‍ റിക്യസ്റ്റ്) ഫേസ്ബുക്ക് പലപ്പോഴും അംഗീകരിച്ചിട്ടുണ്ട്. 

ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളുടെ സന്ദേശങ്ങള്‍ വ്യാപകമായി നീക്കം ചെയ്തു തുടങ്ങിയ കഴിഞ്ഞ ഡിസംബറില്‍ ട്വിറ്ററിനും, തിരഞ്ഞു പിടിച്ചു നടത്തുന്ന  സെന്‍സറിങ്ങിന്റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. അന്ന് ഗാര്‍ഡിയന്‍ പത്രത്തിലെ സ്‌പെഷല്‍ പ്രോജക്റ്റ് എഡിറ്ററായ ജെയിംസ് ബെല്‍ ഇപ്രകാരം എഴുതിയിരുന്നു. ”ഇന്റര്‍നെറ്റില്‍ പ്രചരിക്കപ്പെടുന്ന വിവരങ്ങള്‍ കൂടുതല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകണമെന്ന് അഭിപ്രായമുള്ളവരായിരിക്കാം നിങ്ങള്‍. എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനികള്‍ സെന്‍സറിംഗ്  നടപ്പാക്കുന്നതില്‍ വലിയൊരു അപകടമുണ്ട്. ഇപ്പോള്‍ ജനാധിപത്യ മാനദണ്ഢമനുസരിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന വിവരങ്ങളപ്പോള്‍ എതാനും ചില കുത്തക ഇന്റര്‍നെറ്റ് കമ്പനികളുടെ ആലോചനയോ സ്ഥിരതയോ ഇല്ലാത്ത ഏകപക്ഷീയ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ലഭ്യമാകുന്നത്”. 

സ്വന്തം നയപരിപാടിക്ക് പുറമേ ഗവണ്‍മെന്റുകളോ, ചില അധികാര കേന്ദ്രങ്ങളോ കൊണ്ടുവരുന്ന നിയമങ്ങളും  പലപ്പോഴും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കമ്പനികളെ സെന്‍സറിംഗ് നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഗൂഗിള്‍ അടക്കമുള്ള സേര്‍ച്ച് എഞ്ചിനുകളോടും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനികളോടും തങ്ങള്‍ നടപ്പാക്കുന്ന റൈറ്റ് ടു ഫോര്‍ഗോട്ടേണ്‍ (മറക്കാനുള്ള അവകാശം) നിയമം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിഷ്‌കര്‍ഷിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍, ഇതനുസരിച്ച് വ്യക്തികളുടെ സ്വകാര്യതയേയും പുരോഗതിയേയും ബാധിച്ചേക്കാവുന്ന അവരെ സം.ബന്ധിച്ച പഴയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യേണ്ടതായി വരും. ”കമ്പനി ഒരിക്കലും ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളെ നിര്‍മ്പന്ധിക്കുകയാണ്.” ഗൂഗിളിന്റെ ആഗോള നയങ്ങള്‍ തീരുമാനിക്കുന്ന സമിതിയിലെ അംഗമായ പീറ്റര്‍ ഫ്‌ളെയിച്ചര്‍ ഇതേക്കുറിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ഇങ്ങനെ എഴുതിയിരുന്നു.

വിവാദമായേക്കാവുന്ന വിവരങ്ങള്‍ നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥനകള്‍ ആദ്യം പരിഗണിക്കുന്നത് അഭിഭാഷകരും, നിയമജ്ഞരും സാങ്കേതിക വിദഗ്ധരും അടങ്ങിയ ഒരു സമിതിയാണ്- വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ ലേഖനത്തില്‍ പറയുന്നു. പ്രശ്‌നം വളരെ ഗൗരവമുള്ളതാണെങ്കില്‍ തീരുമാനമെടുക്കാനായി ഗൂഗിള്‍ മാനേജര്‍മാരുടെ പാനലിനു സമര്‍പ്പിക്കും. ചര്‍ച്ചകള്‍ നടത്തി അവര്‍ തീരുമാനത്തിലെത്തുന്നത് ചിലപ്പോള്‍ വോട്ടിംഗിലൂടെപോലുമായിരിക്കും അവിടേയും ഏതെങ്കിലും മാനദണ്ഡമുപയോഗിച്ച് തിരഞ്ഞെടുത്ത വ്യക്തികളൊന്നുമല്ല വിഷയത്തില്‍ തീരുമാനമെടുക്കുന്നത്. ഉദാഹരണത്തിന് ഒരാള്‍ ലൈംഗിക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനെ സംബന്ധിച്ച പഴയൊരു റിപ്പോര്‍ട്ട്. ജനങ്ങളുടെ ജീവിത്തെ പല തരത്തില്‍ ബാധിക്കാന്‍ ഇടയുള്ളോരു റിപ്പോര്‍ട്ടാണത്. അത് ഗൂഗിള്‍ സൈറ്റുകളില്‍ നിന്നു മാറ്റണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ആ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ട അറിവോ അര്‍ഹതയോ ഇല്ലാത്തവരാണ്. 

ഒരു പത്രത്തിന്റെ എഡിറ്റര്‍ ഒരു വാര്‍ത്ത തന്റെ പത്രത്തില്‍ നിന്നും പുറന്തള്ളുന്നതിനേക്കാള്‍ ഗുരുതരമായ പ്രത്യഘാതമാണ് അത് സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നും അപ്രത്യക്ഷമാവുന്നതിലൂടെ സംഭവിക്കുന്നത്. ഒരു പത്രാധിപര്‍ ഒരു വാര്‍ത്ത അവഗണിച്ചാല്‍ അത് മറ്റൊരു പത്രത്തില്‍ ഇടം പിടിക്കാനുള്ള സാധ്യത ഉണ്ട്.  അതു വഴി ആളുകളതറിയാനും പക്ഷെ വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും സെര്‍ച്ച് എഞ്ചിന്‍ ഗ്രൂപ്പുകളുമൊക്കെ ഇന്റര്‍നെറ്റ്‌ലോകം കൈയാളുന്ന കുത്തകകളാണെന്നു തന്നെ പറയാം. അവര്‍ ഒരു സംഗതി തിരസ്‌ക്കരിച്ചാല്‍ അതിനു പിന്നെ ഇന്റര്‍നെറ്റ് ലോകത്ത് നിലനില്‍ക്കാന്‍ സാധിക്കില്ല.

പെപാലിനെ പോലെ പണമിടപാടു നടത്താനുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വരെ ജഡ്ജി ചമയാന്‍ തുടങ്ങിയിരിക്കുന്നതാണ് ഏറ്റവും പുതിയ സ്ഥിതി വിശേഷം. അതില്‍ അകൗണ്ട് തുടങ്ങിയിരിക്കുന്ന ചിലര്‍ക്ക് രാഷ്രീയ ഉദ്ദേശങ്ങളുണ്ടെന്നു അവര്‍ വിധിക്കുന്നു. റക്ഷ്യയുമായുള്ള ബന്ധം മോശമാക്കാനിടയാക്കുമെന്ന ഭയത്തില്‍ അവരത് ബ്ലോക്ക് ചെയ്യുന്നു. 

വിദ്വേഷ പ്രചാരണമാണെങ്കിലും, ആര്‍ക്കെങ്കിലും അപമാനമോ, മാനഹാനിയോ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണെങ്കിലും അനധികൃത പണമിടപാണെങ്കിലും അതിനെയൊക്കെ നേരിടാന്‍ പര്യാപ്തമായ നിയമങ്ങളും കോടതികളും ഇവിടെയുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ മാധ്യമമാക്കി ആളുകള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും അത്തരം എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്കത് ചെയ്തവര്‍ക്കെതിരെ നേരിട്ടു തന്നെ കോടതിയെ സമീപിക്കാവുന്നതാണ്. അത് പക്ഷേ കീബോഡിലെ ചില ബട്ടണുകളില്‍ തട്ടി ഗൂഗിളിനെ കൊണ്ട് വിഷയം എടുത്തു മാറ്റാന്‍ ആവശ്യപ്പെടുന്നതു പോലെ അത്ര എളുപ്പമല്ല എന്നതു ശരി തന്നെ. പക്ഷേ ഒരു ജനാധിപത്യ ക്രമത്തില്‍ ഏകപക്ഷീയമായി  ചിലര്‍ക്ക് അഭിപ്രായം പറയാനുള്ള വേദി ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. ആ അഭിപ്രായത്തോടുള്ള എതിര്‍പ്പ് പറഞ്ഞു ബോധിപ്പിക്കുകയാണ് വേണ്ടത്. അതിന് അത്തരം ആശയങ്ങളുള്ള സൈറ്റുകള്‍ പ്രചരിപ്പിക്കുന്നവരുമായി നേരിട്ടു സംവദിക്കാം, ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാം, ഫേസ്ബുക്കിലെ റക്ഷ്യന്‍ വിരുദ്ധ പരാമര്‍ശങ്ങളില്‍ പരാതിയുള്ളവര്‍ക്കും പേപാല്‍ അകൗണ്ടുകളില്‍ സംശയമുള്ളവര്‍ക്കും ഇത്തരം മാര്‍ഗങ്ങളിലൂടെ ശാശ്വത പരിഹാരം ലഭിക്കും. ഇത്രയും ഗൗരവമുള്ള പരാതികള്‍ കോടതികള്‍ക്ക് ഒരിക്കലും കേള്‍ക്കാതിരിക്കാനാവില്ല.  

ഇന്റര്‍നെറ്റ് കമ്പനികളുടെ പ്രഥമ ദൗത്യം ജനങ്ങള്‍ക്ക് വിവിധങ്ങളായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നതാണ്. തങ്ങളുടെ ഈ ദൗത്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ അവര്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാവുക എന്നതു  മാത്രമാണ് അവര്‍ക്ക് തര്‍ക്കങ്ങളില്‍ മദ്ധ്യസ്ഥത വഹിക്കുന്നതില്‍ നിന്നും വിധി പറയുന്നതില്‍ നിന്നും മാറി, അല്ലെങ്കില്‍ അത്തരത്തില്‍ നിര്‍ബന്ധിക്കപ്പെടാതെ നേരായി പ്രവര്‍ത്തിക്കാനുള്ള ഏക വഴി.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍