UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്രധർമ്മത്തെ എങ്ങനെ കാറ്റിൽപ്പറത്താം; ഇന്റേണ്‍ഷിപ്പിലൂടെ നിങ്ങള്‍ക്ക് പഠിക്കാം

Avatar

അനന്‍ജന സി. 

പഠനത്തിന്റെ ഭാഗമായി ഒരു ഇന്റേണ്‍ഷിപ്പ്ചെയ്യേണ്ടി വന്നതിനാൽ മാത്രമാണ് ഒരു പ്രമുഖ പത്രസ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. ഇന്‍റേണീസ് ആയതിനാൽ വെറും എഴാംകിട കൂലിക്കാർ എന്ന സമീപനമായിരുന്നു ഏകദേശം എല്ലാ ഏമാന്മാർക്കും അവിടെ. സർട്ടിഫിക്കറ്റും കൊണ്ട് ചെന്നേ മതിയാവുകയുള്ളൂ എന്നതിനാൽ കിട്ടിയ കച്ചിത്തുരുമ്പ് കളയാതെ പിടിച്ചു നിൽക്കുകയേ എനിക്കും എൻറെ കൂടെ ചേർന്ന മറ്റു വിദ്യാർഥികൾക്കും പറ്റുമായിരുന്നുള്ളു. ചെയ്യുന്ന കോഴ്സ് മാസ് മീഡിയ ആന്റ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആയതിനാൽ, കോളേജ് അധികൃതർക്കും വർക്ക്‌ എക്സ്പീരിയൻസ്/ ഇന്റേണ്‍ഷിപ്പ് സർട്ടിഫിക്കറ് നിർബന്ധം.

പല  പ്രമുഖ പത്ര ഓഫീസുകളും ചാനലുകളും കയറി ഇറങ്ങിയതിനു ശേഷം മാത്രമാണ് ഈ പറഞ്ഞ സ്ഥാപനത്തിൽ അവസരം ലഭിച്ചത്. ചെയ്യുന്ന കോഴ്സ് തങ്ങളുടെ സ്ഥാപനങ്ങളിലെ ജോലിയുമായി വളരെ ബന്ധപ്പെട്ടതാണെന്ന് അറിഞ്ഞിട്ടു പോലും ഒട്ടുമിക്ക സ്ഥാപനങ്ങളും ഞങ്ങൾക്ക് നേരെ കൈമലർത്തുകയായിരുന്നു. ഒരുവിധം കയറിപ്പറ്റിയപ്പോൾ പിടിച്ചു നില്ക്കാനുള്ള സാഹസങ്ങൾ ആയിരുന്നു ഞങ്ങളെ എതിരേറ്റത്. എല്ലാം കഴിഞ്ഞു ഒരുവിധം മറുകരപറ്റി എന്നോർക്കെയാണ്, ദേ അടുത്ത അടി! “ഞങ്ങളുടെ സ്ഥാപനത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിന്റെ ഭാഗമായി പത്രത്തിന്റെ വാർഷിക വരിക്കാരാവണം. ഒരു കൊല്ലത്തേയ്ക്കെങ്കിലും. ഇത്രയെങ്കിലും നിങ്ങൾ ചെയ്യണം.” ഏകദേശം രൂപ 2500 /- ഇനിയും കൊടുക്കണം എന്ന് ചുരുക്കം. നിർബന്ധ ഇന്റേണ്‍ഷിപ്പ്  ആയിരുന്നതിനാൽ വരവും, പോക്കും, തീനും, കുടിയും, വാർത്ത‍ ശേഖരണവും ഒക്കെ ചേർത്ത് രൂപ 3000/- ഇതിനകം തന്നെ ഞങ്ങൾ ‘പത്ര-ധർമ- സംസ്ഥാപനായ’ ക്ഷേത്രത്തിൽ നിക്ഷേപിച്ചു കഴിഞ്ഞിരുന്നു. അതിനു പുറമേ മികവുറ്റ അവസരം ഞങ്ങൾക്കു മുൻപിൽ വെച്ച് നീട്ടിയതിനായി ഒരു സ്നേഹസമ്മാനം കൂടി. ആരോ പറഞ്ഞ പോലെ , പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി കൂടിയായി. ആവുന്ന വിധത്തിൽ തിരിച്ചു ഞങ്ങളും കെഞ്ചി. അപ്പോൾ കിട്ടിയ മറുപടി ബൌണ്ടറിയും കടന്നു യഥാർത്ഥത്തിൽ സിക്സർ അടിച്ചു. “നിങ്ങൾ ജോലി ചെയ്ത കാലയളവിൽ ‘യൂട്ടിലൈസ്ചെയ്ത ഫെസിലിറ്റിക്ക്’ക്ക് പകരം എന്ന് കരുതിയാൽ മതി. ഇനി വീട്ടിൽ ആർക്കും പത്രം വേണ്ടെങ്കിൽ, വേറെ ആർക്കെങ്കിലും ഗിഫ്റ്റ് ചെയ്യാമല്ലോ!” അവസാനം ഒരു ഭീഷണിയും; “വരിക്കാരാകാതെ സർട്ടിഫിക്കറ്റ് കിട്ടില്ല”. പോരെ പൂരം?

ഞങ്ങളുടെ ഇൻ- ചാർജജും കയ്യൊഴിഞ്ഞു. മാനേജ്‌മന്റ്‌ ഇഷ്യൂ ആണത്രേ. സർക്കുലേഷനുമായിട്ട് ബ്യുറോവിനു ഒരു ബന്ധവും ഇല്ല. ഈ പറഞ്ഞ കാലയളവിൽ ഞങ്ങൾ ‘യൂട്ടിലൈസ് ‘ ചെയ്തത് ഒരു പക്ഷെ ഓണ്‍ലൈൻ മലയാളം -ഇംഗ്ലീഷ് നിഘണ്ടു മാത്രമായിരിക്കും. ഇരുന്നിരുന്ന കസേര പോലും “മോളെ ഒന്ന് എഴുന്നേല്‍ക്കൂ, ഇതെന്റെ കസേര ആണെ”ന്നും പറഞ്ഞു വലിച്ചു കൊണ്ടുപോയ അനുഭവവും ഈ ഇന്റേണ്‍ഷിപ്പ് എക്സ്പീരിയൻസ് സമ്മാനിച്ചിരുന്നു.

അങ്ങനെ മൂന്നാഴ്ചത്തെ ഇന്റേണ്‍ഷിപ്പ് കാലാവധിയിൽ പത്ര മാധ്യമ ശൃംഖല പത്രധർമ്മത്തെ കാറ്റിൽ പറത്തുന്നത് എങ്ങനെ എന്ന് ഞങ്ങൾ പഠിച്ചു. ആദ്യ പാഠം; അവസാനത്തേതും.

പത്രത്തിൽ ഞങ്ങളുടെ പേര് ഒരു ചെലവും ചെയ്യാതെ വരുമല്ലോ എന്ന് കരുതിയല്ല പ്രിയപ്പെട്ട പ്രമുഖന്മാരെ, ഞങ്ങളെല്ലാം  ജേര്‍ണലിസത്തിനു കച്ചകെട്ടി ഇറങ്ങിയത്‌. അറിയാതെ ചെറുപ്പത്തിൽ തന്നെ അത്യാവശ്യം വായനശീലം പാവം അച്ഛനമ്മമാർ വളർത്തിയെടുത്തു. വായനയ്ക്കൊപ്പം മെല്ലെ ചിന്തിക്കാനും, ശ്രദ്ധിക്കാനും തുടങ്ങിയപ്പോൾ പ്രതികരണ  ശേഷിക്കും ഊർജ്ജം. പിന്നെ കേട്ടു ശീലിച്ച പേരുകളും അടിയറവു വെയ്ക്കാൻ വയ്യാത്ത ആദർശങ്ങളും. നീതിക്കും ന്യായത്തിനും, സത്യം ‘വെളിച്ചത്തു കൊണ്ടുവരാൻ’ വേണ്ടി എന്ന അബദ്ധ ധാരണകളോടെ ഇറങ്ങിപ്പോയതാണ്. ക്ഷമിക്കണം, ഒരബദ്ധം പറ്റിപ്പോയി. ഇനിയിതാവർത്തിക്കില്ല! 

കൂടെ, ‘സ്ഥിരമാക്കപെട്ട’ ചേച്ചിമാരും ചേട്ടന്മാരും ചായക്കിടയിൽ സർക്കുലേഷൻ കൂട്ടാൻ വേണ്ടി മാർക്കറ്റിംഗ് തന്ത്രങ്ങൾക്ക് വഴങ്ങി പലപ്പോഴായും ഇഷ്ടമില്ലാത്ത പാപ്പരാസി പണിക്കു നിർബന്ധിതരാവുന്നതിനെ കുറിച്ച് പറഞ്ഞതും ഇവിടെ ചേർത്തു കൊള്ളട്ടെ. ദൃശ്യ -മാധ്യമങ്ങൾ ഒട്ടുമിക്കതും 3G യുഗത്തിൽ ഓണ്‍ലൈൻ ആയതിനാൽ അച്ചടി മാധ്യമങ്ങൾ നില്നില്പ്പിനായി പോരാടുകയാണ്. സര്‍ക്കുലേഷൻ കൂട്ടാൻ വേണ്ടി ആയതിനാൽ വാർത്തകൾ ചുരുങ്ങിയും ചുരുക്കിയും പരസ്യങ്ങൾ കൂട്ടിയും കമ്പനി മാനേജ്‌മന്റ്‌ ചില്ലറ തന്ത്രങ്ങൾ ഒന്നുമല്ല പയറ്റുന്നത്. വാർത്ത‍ അറിയേണ്ടവർ അത് മുൻപേ അറിഞ്ഞു കൊള്ളുമല്ലോ, അല്ലെങ്കിൽ അറിഞ്ഞിരിക്കുമല്ലോ എന്ന സമീപനത്തോടെയാണ് മിക്ക പത്രങ്ങളും വാർത്ത‍ അച്ചടിക്കുന്നത്. ചുരുക്കി പറഞ്ഞാൽ കോളത്തിൽ വാക്കുകൾ തികയ്ക്കാനായി പുല്ലും വൈയ്ക്കോലും കുത്തി തിരുകി, പൊന്നും പൊട്ടും അണിയിച്ചു ആനയിച്ചാണ് വാർത്തകളെ വായനക്കാരുടെ മുൻപിൽ എത്തിക്കുന്നത്. പത്രം കണ്ടാൽ ആളുകൾക്ക് വാങ്ങിച്ചു വായിക്കാൻ തോന്നണം; അത്ര മാത്രം. വാർത്തയ്ക്കോ അതിന്റെ മൌലികതയ്ക്കോ, ആധികാരികതയ്ക്കോ ഒന്നും പ്രസക്തിയില്ല. വേണ്ടത് വായനക്കാരെ മാത്രം. വാർഷിക കണക്കിൽ ഏരിയ ഡെസ്കിൽ മുൻ‌തൂക്കം  കാണിക്കാൻ, കമ്പനിക്ക്‌ സ്വസ്ഥമായി ഉറങ്ങാൻ,” ആവു! തത്കാലത്തേക്ക് അടച്ചു പൂട്ടേണ്ടി വരില്ല.”

കാലാകാലങ്ങൾ കൊണ്ടു സ്വാംശീകരിച്ചെടുത്ത നമ്മുടെ മാധ്യമ മേഖല, അവയ്ക്കുണ്ടെന്ന് നാം കരുതുന്ന മാധ്യമധര്‍മം, വളർന്നു വരുന്ന കച്ചവട കേന്ദ്രിതമായ വാണിജ്യ കുത്തകകളുടെ സ്വകാര്യ താല്പര്യങ്ങൾക്കായി തുടച്ചു മാറ്റപ്പെടുന്നത് അത്യന്തം ഖേദകരവും  ഉത്കണ്ഠയുളവാക്കുന്നതുമാണ്. മാറുന്ന സ്വകാര്യ താല്പര്യങ്ങൾക്കും ധനലബ്ദിക്കും വേണ്ടി മാത്രമായി എന്തൊക്കെ മാറിമറയുന്നത് കാണേണ്ടി വരും എന്നത് ഇനിയും ചിന്തിക്കാതെ വയ്യ. ഇവിടെയും അത്ഭുതപ്പെടുത്തുന്നത് എന്തെന്നാൽ പത്രമുടമയ്ക്ക് മുതൽ വാർത്ത‍ ലേഖകന് വരെ ഈ കാര്യങ്ങൾ ഒക്കെ അറിയാം. എന്നിരുന്നാലും ഒരു അദൃശ്യ ശക്തിക്ക് മുൻപിൽ എന്ന പോലെ ഇവരെല്ലാം ആരെയൊക്കൊയോ എന്തിനെയൊക്കെയോ ഭയന്ന് പാവക്കൂത്ത് ആടുകയാണോ എന്ന്  തോന്നിപ്പോവുന്നു.

 

അഴിമുഖം പ്രസിദ്ധീകരിച്ച അനന്‍ജന സിയുടെ മറ്റൊരു ലേഖനം

നില്‍പ്പ് സമരം: ഒത്തുതീര്‍പ്പാക്കുമ്പോഴും ബാക്കിയാകുന്ന ചോദ്യങ്ങള്‍

*Views are Personal

(പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് അനന്‍ജന. കോഴിക്കോട് സ്വദേശി)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍