UPDATES

ഇന്ത്യ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇതര സംസ്ഥാന തൊഴില്‍ കുടിയേറ്റം കുറയുന്നു

2013-14 സാമ്പത്തികവര്‍ഷത്തില്‍ 9.4 ദശലക്ഷം തൊഴിലാളികളാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടി പോയതെങ്കില്‍ 2014-15ല്‍ അത് 9.1 ദശലക്ഷമായും 2015-16ല്‍ 8.4 ദശലക്ഷമായും കുറഞ്ഞതായി സാമ്പത്തിക സര്‍വെ പറയുന്നു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടാവുന്ന ഇടിവ് മൂലം ഇതരസംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുത്തനെ കുറയുന്നതായി ഇന്നലെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2013-14 സാമ്പത്തികവര്‍ഷത്തില്‍ 9.4 ദശലക്ഷം തൊഴിലാളികളാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടി പോയതെങ്കില്‍ 2014-15ല്‍ അത് 9.1 ദശലക്ഷമായും 2015-16ല്‍ 8.4 ദശലക്ഷമായും കുറഞ്ഞതായി സാമ്പത്തിക സര്‍വെ പറയുന്നു. ഇന്ത്യന്‍ റെയില്‍വേയില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കണക്കിലെടുത്താണ് കുടിയേറ്റത്തിലെ കുറവ് വ്യക്തമാക്കിയിരിക്കുന്നത്.

1991-2001 കാലഘട്ടത്തില്‍ ശരാശരി 2.4 ശതമാനം പേരാണ് ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടി പോയതെങ്കില്‍ അടുത്ത ദശാബ്ദത്തില്‍ അത് 4.5 ശതമാനമായി വര്‍ദ്ധിച്ചതായി സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ കുടിയേറുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായതായും രേഖപ്പെടുത്തപ്പെടുന്നു. സ്ത്രീ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 7.5 ശതമാനം കണ്ട് വര്‍ദ്ധനയുണ്ടായതായാണ് രേഖകള്‍ പറയുന്നത്. അന്താരാഷ്ട്ര തലത്തില്‍ തൊഴിലാളി കുടിയേറ്റങ്ങള്‍ വര്‍ദ്ധിച്ചത് മൂലം ആഭ്യന്തര കമ്പോളത്തിലേക്ക് ഏകദേശം 1.5 ലക്ഷം കോടി രൂപ ഒഴികിയെത്തിയതും അന്തര്‍സംസ്ഥാന കുടിയേറ്റത്തിന് കാരണമായി. വിദേശത്ത് നിന്നും പണം ലഭിക്കുന്ന കുടുംബങ്ങളുടെ മുപ്പത് ശതമാനം ഉപഭോഗവും ഈ പണത്തിലൂടെയായിരുന്നു.

താരതമ്യേന പിന്നാക്ക സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍, അസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് അധികവും ഇതരസംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം നടന്നത്. താരതമ്യേന തൊഴില്‍ ലഭ്യത കൂടിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലേക്കാണ് കുടിയേറ്റങ്ങള്‍ കൂടുതലായും നടന്നത്. കുടിയേറിയ സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന ഉയര്‍ന്ന കൂലി വലിയൊരു ആകര്‍ഷണമായിരുന്നു. ഇത് സ്വന്തം സംസ്ഥാനങ്ങളിലെ വരുമാനവും ഉപഭോഗവും വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പിന്നാക്ക സംസ്ഥാനങ്ങളിലെ ദാരിദ്ര്യം നിയന്ത്രിക്കുന്നതില്‍ ഒരു പരിധിവരെ ഇത്തരം കുടിയേറ്റങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

വസ്ത്രനിര്‍മ്മാണവും ഉല്‍പാദനമേഖലയും മുതല്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ചെറുകിട വ്യാപാരം, സുരക്ഷ തുടങ്ങിയ നിരവധി തൊഴിലുകളില്‍ ഇവരുടെ സേവനം ലഭ്യമായിരുന്നു. വരുമാനം കുറയുന്നതും നോട്ട് നിരോധനം മൂലം പണത്തിന്റെ ലഭ്യതയില്‍ ഉണ്ടായ കുറവും മൂലം ഇതര സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍ ഇനിയും കുറയാനുള്ള സാധ്യതകളാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ തന്നെ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലെ സാമ്പത്തികനില കൂടുതല്‍ ഗുരുതരമാക്കാന്‍ ഈ സ്ഥിതി കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍