എന്‍.ഡി.എ പറഞ്ഞിട്ടുള്ള രീതിയിലുള്ള കാര്യങ്ങളൊന്നും നടന്നിട്ടില്ല. പരിഹാരം ഉണ്ടാക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്; മുത്തങ്ങ സമരത്തിന്റെ 15-ആം വാര്‍ഷികത്തില്‍ സി.കെ ജാനു സംസാരിക്കുന്നു
കേരളത്തിലെ ആദിവാസികള്‍ നടത്തിയ ഏറ്റവും വലിയ ഭൂപ്രക്ഷോഭമായിരുന്നു 15 വര്‍ഷം മുമ്പ് മുത്തങ്ങയില്‍ നടന്നത്. ആദിവാസികൾക്ക് സ്വന്തമായി സ്ഥലവും സഹായവും നൽകണമെന്നാവശ്യപ്പെട്ട് സി.കെ ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിലുള്ള ഗോത്രമഹാസഭ സെക്രട്ടേറിയേറ്റിനു മുന്നിൽ 48 ദിവസം കുടിൽ കെട്ടി സമരം ചെയ്തു. തുടർന്ന് എ.കെ ആന്റണി സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം സമരം അവസാനിപ്പിച്ചു. ആദിവാസികൾക്ക് കൃഷി ചെയ്യാനായി 5 ഏക്കർ ഭൂമിവീതം നൽകാമെന്നായിരുന്നു കരാർ. എന്നാൽ കൃഷിഭൂമി നൽകുന്നതിൽ സർക്കാർ വീഴ്ചവരുത്തിയതോടെ ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ആദിവാസികൾ മുത്തങ്ങ വനം കയ്യേറി കുടില്‍ കെട്ടി താമസമാരംഭിച്ചു. ഇവരെ ഒഴിപ്പിക്കാനായി 2013-ല്‍ പോലീസ് നടത്തിയ ശ്രമത്തില്‍ ജോഗി എന്ന ആദിവാസിയും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. കേരള ചരിത്രത്തിലെ രൂക്ഷിതമായ സമരങ്ങളിലൊന്നായിരുന്നു അത്. പോലീസിന്റെ അടികൊണ്ട് വീര്‍ത്ത ജാനുവിന്റെ മുഖം കേരളത്തിലെ ആദിവാസി വിഭാഗത്തിന്റെ നേര്‍ക്കാഴ്ചയായി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോത്രമഹാസഭ പിളര്‍ന്നു; ജാനുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ചേര്‍ന്നു. വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും ഇന്നുമായി നടക്കുന്ന മുത്തങ്ങ ദിനാചരണവും വെവ്വേറെയാണ്. ഈ സമയത്ത് ഗോത്രമഹാസഭയെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും സി.കെ ജാനു സംസാരിക്കുന്നു.
പതിനഞ്ച് കൊല്ലം കഴിഞ്ഞിരിക്കുന്നു. മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തിന്റെ നേട്ടകോട്ടങ്ങള്‍ വിലയിരുത്താമോ?
മുത്തങ്ങ സമരം നടന്നിട്ട് 15 വര്‍ഷം കഴിയുന്നു. മുത്തങ്ങ സമരം നടന്നതിന്റെ ഭാഗമായിട്ട് ഒരു പാട് മാറ്റം കേരളത്തിലും വയനാട്ടിലും ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ ഭൂരഹിതരായിരുന്ന നിരവധി കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി മാറിയിട്ടുണ്ട്. മുത്തങ്ങ സമരത്തെ തുടര്‍ന്ന് ആദ്യത്തെ ഭൂമി വിതരണം 73 പ്ലാന്റേഷന്‍ പാമ്പ്ര കൃഷിത്തോട്ടത്തിലാണ്. അവിടെ ഭൂരഹിതരായിരുന്ന മുന്നൂറ് കുടുംബാംഗങ്ങളാണ് ഭൂമിയുടെ ഉടമകളാവുന്നത്. അതിന് ശേഷം സുഗന്ധഗിരി. പിന്നെ ഡയറി പ്രോജക്ട്. അതിനിടയില്‍ കുറച്ച് പ്രിയദര്‍ശിനിയുടെ ഭൂമി. ഇപ്പോള്‍ 15-ആം വര്‍ഷമായപ്പോഴാണ് സമരത്തില്‍ പങ്കെടുത്ത കുറച്ച് പേര്‍ക്ക് ഭൂമി കിട്ടിയത്. ഇത്രയും കാലം നിരന്തരമായ സമരരംഗത്ത് നിന്ന് ആളുകള്‍ മാറിയിട്ടില്ല. സമരത്തില്‍ സജീവമായി നിന്നു. അതിന്റെ ഭാഗമായിട്ട് ഇപ്പോള്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 283 കുടുംബങ്ങള്‍ക്ക് ഭൂമി കിട്ടിയിട്ടുണ്ട്. നമ്മളന്ന് മുത്തങ്ങയില്‍ കയറിയ കുടുംബങ്ങള്‍ എന്ന രീതിയില്‍ 637 കുടുംബങ്ങളുടെ ലിസ്റ്റ് ആണ് കൊടുത്തത്. അതില്‍ 283 കുടുംബങ്ങള്‍ക്കാണ് ഭൂമി കിട്ടിയിട്ടുള്ളത്. ബാക്കിയുള്ളയാളുകളെ രണ്ടാം ഘട്ടമായിട്ട് പരിഗണിക്കും എന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്.
കേരളത്തില്‍ തുടര്‍ന്നുണ്ടായ ഭൂസമരങ്ങള്‍ക്ക് ആദിവാസി വിഷയത്തെ കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുവാന്‍ മുത്തങ്ങ സമരം കൊണ്ട് സാധിച്ചുവെന്ന് പറയാന്‍ സാധിക്കുമോ?
മുത്തങ്ങ പ്രചോദനമായത് ആദിവാസികള്‍ക്ക് മാത്രമല്ല. ഇപ്പോള്‍ കേരളത്തില്‍ ഭൂമിയുണ്ട്. ഭൂമിയില്‍ സമരം ചെയ്താലേ കിട്ടുകയുള്ളൂ എന്നൊരു സന്ദേശം മുത്തങ്ങ സമരം ആളുകള്‍ക്ക് നല്ല രീതിയില്‍ കൊടുക്കുന്നുണ്ട്. അപ്പോള്‍ അതുവരെ ഭൂമിയില്‍ തൊടരുതെന്ന്, അതൊക്കെ നമ്മുടേതല്ല, നമ്മളൊക്കെ ഇപ്പോഴും റോഡ്, തോട്, പുറമ്പോക്ക്, അരസെന്റ്, ഒരു സെന്റ്, അഞ്ചു സെന്റ് കൂടി വന്നാല്‍ അങ്ങനെയുള്ള കോളനികളില്‍ മാത്രം നില്‍ക്കേണ്ട ആളുകളാണ് എന്ന ഒരു അടിമത്ത മനോഭാവത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലുള്ള ഭൂമി കേരളീയര്‍ക്കാണ് എന്നുള്ള ഒരു മനോഭാവം വരുന്നുണ്ട്. അപ്പോള്‍ അതിനോടൊപ്പം തന്നെ കേരളത്തില്‍ ഞങ്ങളാദ്യം സമരരംഗത്തേക്ക് വരുന്ന സമയത്ത് കേരളത്തിലുള്ള ഭൂരഹിതരായിട്ടുള്ള ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ല എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അഞ്ച് സെന്റ്, രണ്ടരസെന്റ് ഒക്കെ നിങ്ങള്‍ക്ക് തരാം, അതിന്റെ അപ്പുറത്തേക്ക് തരാന്‍ പറ്റില്ല എന്ന് പറഞ്ഞു. പക്ഷെ ഈ സമരത്തിന്റെ ഫലമായി പിന്നേട് ഭൂമിയുമായി ബന്ധപ്പെട്ട് നിരവധി സര്‍വേ കമ്മീഷനുകള്‍ ഒക്കെ വന്നിട്ട് പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി ഓരോ എസ്‌റ്റേറ്റിന്റേയും മറ്റുള്ള സ്വകാര്യ വ്യക്തികളുടേയും ഒക്കെ കൈവശമുണ്ടെന്ന് കണ്ടെത്തുന്ന ഒരു സ്ഥിതി വന്നിട്ടുണ്ട്. ഇതൊക്കെ ശരിക്കും ഭൂരഹിതരായ ആളുകള്‍ക്ക് കൊടുക്കാവുന്ന ഭൂമിയാണ് എന്നുള്ള നിലയിലേക്ക് ഇത് ശരിക്കും കൊണ്ടെത്തിച്ചിട്ടുണ്ട്.
എന്തായാലും ഇപ്പോള്‍ ആദിവാസി – ദളിത് അല്ലാത്ത ആളുകള്‍ പോലും ഭൂമിയിലേക്ക് കേറിയുള്ള സമരത്തിലേക്ക് പ്രചോദനമായിട്ടുണ്ട് മുത്തങ്ങ സമരം. മുത്തങ്ങ സമരം കേരളത്തിലെ വലിയ വിജയം ഉണ്ടായ സമരമാണ്. ആദിവാസികളുടെയിടയിലും നാനാവിധ മനുഷ്യരുടെ ഇടയിലും ഈ സമരത്തിന് വലിയ ഇംപാക്ട് ഉണ്ടാക്കാനായി. സമരം ചെയ്യാന്‍ മനുഷ്യര്‍ക്ക് ധൈര്യമുണ്ടാക്കിക്കൊടുക്കുന്നത് പോലും മുത്തങ്ങ സമരമാണ്. അതിന് ശേഷമാണ് ഏതെങ്കിലും പൊളിറ്റിക്കല്‍ പാര്‍ട്ടിയുടേതല്ലാതെ ചെറുതും വലുതുമായ സമരങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നത്. അതിന് മുമ്പുണ്ടായ സമരങ്ങളിലൊക്കെ പാര്‍ട്ടിക്കാര് വന്ന് വിളിച്ചുകൊണ്ട് പോവുക, കൊടികുത്തുക, മുദ്രാവാക്യം വിളിക്കുക, തിരിച്ചുവരിക എന്ന തരത്തിലായിരുന്നു. അതിന്റെ അപ്പുറത്തേക്ക് ഒരു പാര്‍ട്ടിയുടെ പിന്തുണയില്ലാതെ നമുക്ക് സമരം ചെയ്യാന്‍ പറ്റും എന്ന് കാണിക്കുന്നതില്‍ ഈ മുത്തങ്ങ സമരം നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓരോ മേഖലയിലും അങ്ങനെയുള്ള ഒരുപാട് സമരങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഭൂമിക്ക് വേണ്ടി മാത്രമല്ല അത്. മത്സ്യത്തൊഴിലാളി മേഖലയില്‍ പോലും ശക്തമായി സമരം ചെയ്താലേ എന്തെങ്കിലും നടക്കൂ എന്ന വിശ്വാസമുണ്ട്. അവരെയൊക്കെ സമരം ചെയ്യുന്നതിലേക്ക് കൊണ്ടുവരുന്നത് മുത്തങ്ങ സമരത്തിന്റെ മെസ്സേജ് ആണ്. എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ മൂന്നാറില്‍ നടക്കുന്ന പെമ്പിളൈ ഒരുമൈ സമരം പോലും അങ്ങനെയാണ്. പാര്‍ട്ടിക്കതീതമായി ഒരു സമരം ചെയ്യാന്‍ നമുക്ക് കഴിയും എന്നുള്ള രീതിയിലേക്ക് അവര്‍ക്ക് പ്രചോദനം ആയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഓരോരുത്തരേയും കാണാന്‍ പോകുമ്പോള്‍ നിങ്ങളുടെ സമരം കണ്ടിട്ടാണ് ഞങ്ങളിങ്ങനെയൊരു സമരത്തിന് തയ്യാറെടുപ്പ് നടത്തിയതെന്ന് പലയാളുകളും എന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ സമരം കണ്ടിട്ടാണ്, നിങ്ങളുടെ ഓരോ കാര്യം കണ്ടിട്ടാണ് കൂട്ടമായിട്ടൊരു സംരംഭത്തിനിറങ്ങാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ടായതെന്ന് എന്നോട് പല സ്ഥലങ്ങളിലുമുള്ളയാളുകള്‍ പറയാറുണ്ട്.
മുത്തങ്ങ സമരം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ ഏത് വിധത്തിലാണ് ബാധിച്ചത്?
മുത്തങ്ങ സമരം ഇവിടെയുള്ള പൊളിറ്റിക്കല്‍ പാര്‍ട്ടികളെക്കൊണ്ട് നിലപാടെടുപ്പിച്ചിട്ടുണ്ട്. ഇതുവരെ ആദിവാസികളെയൊന്നും പരിഗണിക്കേണ്ട ആവശ്യമില്ല എന്നുള്ളതായിരുന്നു. കര്‍ഷകത്തൊഴിലാളികളുടെ കീഴിലും, ജാഥാത്തൊഴിലാളികളായും, വോട്ടുകുത്തികളും, പോസ്റ്ററൊട്ടിക്കുന്ന ആളുകള്‍ എന്നതിനപ്പുറത്തേക്ക് ആദിവാസികളെ പരിഗണിച്ചിരുന്നതേയില്ല. പക്ഷെ മുത്തങ്ങ സമരം നടത്തിയപ്പോള്‍ ഈയാളുകള്‍ ഒന്നടങ്കം ഭൂരാഹിത്യ പ്രശ്‌നത്തിന്റെ നീറുന്ന തീച്ചൂളയില്‍ നില്‍ക്കുന്നവരാണെന്ന കാര്യം പുറത്തേക്കെത്തിച്ചു. അത് പ്രശ്‌നവല്‍ക്കരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നുകില്‍ ഞങ്ങള്‍ മരിക്കും അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഭൂമി കിട്ടണം എന്നുള്ള നിലപാടിലേക്ക് മുഴുവന്‍ ആളുകളും നിലപാടെടുത്തു. ഈ നിലപാടെടുത്ത് സമരങ്ങളിലേക്ക് അണിനിരക്കാന്‍ തുടങ്ങിയതോടെ പാര്‍ട്ടികളൊക്കെ അങ്കലാപ്പിലായി. ഇത്തരം സമരങ്ങളിലേക്ക് ആളുകളെയിറക്കിയില്ലെങ്കില്‍ മുഴുവന്‍ ആളുകളും വിട്ടുപോവുമെന്ന് പേടിച്ച് പല പാര്‍ട്ടിക്കാര്‍ക്കും ഭൂസമരം ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് മാത്രമല്ല, കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഭൂസമരം പൊളിറ്റിക്കലായിയിട്ട് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ അവരുടെ ഇതുവരെയുണ്ടായിരുന്ന ഒരു പൊളിറ്റിക്കല്‍ നടത്തിപ്പ് മാറ്റം വരാന്‍ മുത്തങ്ങ സമരം ഇടയാക്കിയിട്ടുണ്ട്.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ അത്തരത്തിലുള്ള ഏറ്റെടുക്കലുകള്‍ ആദിവാസി സമരങ്ങളെ ദുര്‍ബലപ്പെടുത്തുകയല്ലേ ചെയ്തത്?
ദുര്‍ബലപ്പെടുത്തുന്നതാണ്. പക്ഷേ എന്നാലും അത്തരമൊരു നിലപാടിലേക്ക് അവര്‍ക്ക് മാറേണ്ടി വന്നല്ലോ. ഇപ്പോള്‍ എവിടെ മൈക്ക് കെട്ടി പ്രസംഗിച്ചാലും ആദിവാസി ഭൂപ്രശ്‌നം പറയാതെ അവര്‍ക്ക് പോവാന്‍ പറ്റാത്ത സ്ഥിതി വന്നു. അതുവരെ ആദിവാസികളെക്കുറിച്ചോ ഭൂമിയെക്കുറിച്ചോ ഒരു വാക്ക് മിണ്ടിയിരുന്നില്ല. ആദിവാസികള്‍ക്ക് അഞ്ച് സെന്റ്, ഒരു സെന്റ്, അരസെന്റ് മാത്രം മതി, കോളനി മാത്രം മതി, അതിനപ്പുറത്തേക്ക് ആദിവാസികള്‍ പോകരുത് എന്നൊക്കെ കര്‍ശനമായി വിചാരിച്ചിരുന്ന ആളുകള്‍ക്ക് അതിന്റെയപ്പുറത്തേക്ക് പോകണം എന്ന് പറയേണ്ടി വന്നു; പൊളിറ്റിക്കലായിട്ട്.
രാഷ്ട്രീയപാര്‍ട്ടികളുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ ആദിവാസി പ്രക്ഷോഭങ്ങള്‍ ഇല്ലാതാവുകയല്ലേ ശരിക്കും ഉണ്ടായത്?
ഇല്ല. ഞാന്‍ പറയുന്നത് ആ മുന്നേറ്റത്തിനെ ഒന്നും ഇല്ലാണ്ടാക്കാന്‍ പറ്റില്ല. ഇപ്പോള്‍ മുസ്ലീം ലീഗ് ആദിവാസി സംഘടന ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുണ്ട്. സിപിഐ, സിപിഎം, ബിജെപി എല്ലാവരും ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോ ഒരു ആദിവാസി സമുദായ സംഘം എന്നുള്ള നിലയില്‍ പാര്‍ട്ടിയുടെ കീഴില്‍ നില്‍ക്കുന്ന ഒരു നിലപാടെടുത്തു. അവരുടെ പൊളിറ്റിക്കല്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടല്ലേ അവര്‍ എടുത്തത്. അതുവരെ ആദിവാസി കര്‍ഷകത്തൊഴിലാളികളായി നിന്നാല്‍ മതി, ജാഥാതൊഴിലാളികളായാല്‍ മതി, വോട്ടുകുത്തിയാല്‍ മതി എന്നു പറഞ്ഞിട്ട് ഇപ്പോള്‍ ഒരു സംഘടനയുണ്ടാക്കി. ആദിവാസികളെ കൂടെ നിര്‍ത്തേണ്ടി വരുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ആ ഒരവസ്ഥ ഗോത്രമഹാസഭയുടെ വലിയ വിജയമാണ്. ഗോത്രമഹാസഭയുടെ ഈ സമരം കൊണ്ടുണ്ടായ ഒരു സംവിധാനമാണത്. രാഷ്ട്രീയപാര്‍ട്ടികളും ഭൂമിയില്‍ കയറിയപ്പോള്‍ ആദിവാസികളായവര്‍ക്ക് ഭൂമി കിട്ടി. അവര്‍ക്കൊരു നല്ല ജീവിതം ഉണ്ടാവട്ടേയെന്ന് വിചാരിച്ചിട്ടല്ല അവരത് ചെയ്തത്. അത് നന്നായിട്ടറിയാം. ഈ ആളുകളെ പിടിച്ച് നിര്‍ത്തണമെങ്കില്‍ അവര്‍ക്കത് ചെയ്യേണ്ടതായി വന്നു. അത്തരമൊരു സാഹചര്യത്തിലേക്ക് അവരെ എത്തിക്കേണ്ടി വന്നു എന്നത് വലിയകാര്യം തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് വലിയ ഒരു ചലഞ്ചിങ് ആയ അവസ്ഥയായിരുന്നു അത്. അതുവരെ നമ്മുടെ ആവശ്യത്തിന് വിളിച്ചാല്‍ മതി, അവരങ്ങനെ നിന്നോട്ടെ എന്ന് വിചാരിച്ചിടത്ത് ഇനി അത്ര ലാഘവത്തോടെ കാണാന്‍ പറ്റില്ല എന്ന ചിന്തയിലേക്ക് അവരെ എത്തിക്കുകയായിരുന്നു. പക്ഷെ വീണ്ടും ആദിവാസികളെ ഭിന്നിപ്പിക്കാനും ഈ സമരത്തെ തകര്‍ക്കാനും ഒക്കെ തന്നെയാണ് അവര്‍ അത്തരമൊരു സംവിധാനത്തിലേക്ക് വന്നത്. പക്ഷെ എന്നാലും അവര്‍ അത്തരമൊരു നിലപാടെടുത്തല്ലോ.
എല്ലാ ഭാഗത്തുനിന്നുമുള്ള ഈ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ത്രാണി ആദിവാസി സമൂഹത്തിനുണ്ടെന്ന് കരുതാമോ?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലെയുള്ള ഒരു പാര്‍ട്ടി ജാതിയില്ല, മതമില്ല, ദൈവമില്ല, അമ്പലമില്ല, പള്ളിയില്ല എന്നു പറഞ്ഞിട്ട് ആദിവാസികളുടെ സംഘടനയുണ്ടാക്കി കൂടെ നിര്‍ത്തുമ്പോള്‍ അവരുടെ പൊളിറ്റിക്കല്‍ മാനിഫെസ്റ്റോ തന്നെയല്ലേ തകര്‍ത്തത്. ആ സംവിധാനത്തില്‍ ശരിക്കും ജാതിപരമായിട്ട് ആളുകളെ സംഘടിപ്പിച്ച് നിര്‍ത്താന്‍ പാടില്ലല്ലോ. തൊഴിലാളി – മുതലാളി; ഈ രണ്ട് വ്യവസ്ഥകള്‍ മാത്രമല്ലേ അതിനകത്തുള്ളൂ. അപ്പോള്‍ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ തന്നെ തകര്‍ക്കുന്ന രീതിയിലുള്ള ഒരു ഇടപെടല്‍ അവര്‍ക്ക് നടത്തേണ്ടി വന്നില്ലേ? ഇപ്പോള്‍ അവര് ഈ ആളുകളെ തകര്‍ത്ത്, ഭിന്നിപ്പിച്ച് നിര്‍ത്തിയാലും ഇവര്‍ ഒരുമിക്കും. അക്കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. ഇന്നല്ലെങ്കില്‍ നാളെ ആ മാറ്റം കേരളത്തിലുണ്ടാവും; താമസിയാതെ തന്നെ. എന്റെയൊക്കെ ചെറിയ പ്രായത്തില്‍ പുറമെ നിന്നൊരാള്‍ വെള്ള ഷര്‍ട്ടും മുണ്ടും അല്ലെങ്കില്‍ പാന്റ്‌സും ഷര്‍ട്ടുമിട്ട് വന്നാല്‍ ഞങ്ങള്‍ പേടിച്ച് രാത്രിയാകും വരെ കാട്ടില്‍ കയറി ഒളിച്ചിരിക്കും. ഞങ്ങളുടെ കുടിലില്‍ നിന്ന് അയാള്‍ പോയില്ലെങ്കില്‍ രാത്രിയിലും ഞങ്ങള്‍ കാട്ടില്‍ നില്‍ക്കും. പുറത്തേക്ക് വരില്ല. പക്ഷേ അതില്‍ നിന്ന് എത്രയോ വ്യത്യാസം വന്നില്ലേ. ഇത്തരം ആളുകളുടെ ഇടയില്‍ നടക്കുന്ന മാനസിക പരിവര്‍ത്തനത്തിന്റെ തുടക്കമാണത് ശരിക്കും. ഈ പരിവര്‍ത്തനം നിരന്തരമായി നടന്നുകൊണ്ടിരിക്കുകയാണ്. അത് ഇല്ലായ്മ ചെയ്ത് പോയിട്ടില്ല. അപ്പോള്‍ വീണ്ടും അത്തരമൊരു സംവിധാനത്തിലേക്ക്, ആളുകള്‍ ഒരുമിക്കുന്ന തലത്തിലേക്ക് വരും. ഭൂരിഭാഗം ആളുകളും അങ്ങനെ ചിന്തിക്കുന്ന തലത്തിലേക്ക് വന്നിട്ടുണ്ട്. പക്ഷെ എല്ലാവരേയും കുറേശെ കുറേശെ വീതംവച്ച് മാറ്റിയിട്ടുണ്ട്. ഇവരെ ഒരു പടിയുംകൂടി വഞ്ചിക്കുകയാണ് അവരൊക്കെ ചെയ്യുന്നത്. ചൂഷണം ചെയ്യുകയാണെന്ന് ആളുകള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷെ ആ തിരിച്ചറിവുള്ളപ്പോഴും മറ്റു ചിലതുണ്ട്. നിത്യം കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവര്‍ക്ക് ഇന്ന് കൂലിപ്പണിക്ക് പോയില്ലെങ്കില്‍ അവരുടെ വീട്ടില്‍ ഭക്ഷണമുണ്ടാവില്ല. അപ്പോള്‍ ആ പണിക്ക് പോകുന്ന ആളുകള്‍, ഈ പാര്‍ട്ടിയുടെ തമ്പുരാക്കന്‍മാരുടെ ആളുകള്‍ ആണ് ഇവിടെ മൊത്തം ഉള്ളവര്‍. അവരുടെ അടുത്ത് പണിക്ക് പോവുന്നവര്‍ തിരിച്ച് ചിന്തിച്ച്, നാളെ പണി കിട്ടാതായാല്‍ കുടുംബം പട്ടിണിയാവുമെന്ന് പേടിച്ചിട്ടാണ് അങ്ങനെ വരാതെ നിന്ന് പോവുന്നത്. ചരിത്രവും സംഭവങ്ങളും ചൂഷണവും ഇവര് ഉപയോഗിക്കുന്നതാണെന്നുമൊക്കെ എല്ലാവരും തിരിച്ചറിയുന്നുണ്ട്. പക്ഷെ അവരുടെ ജീവിത സാഹചര്യത്തില്‍ പെട്ടെന്ന് ഒരു നിലപാടിലേക്ക് വരാന്‍ അവര്‍ക്ക് പറ്റില്ല.
എന്നാല്‍ മുത്തങ്ങ സമരത്തിന് എല്ലാ രാഷ്ട്രീയകക്ഷികളും തത്വത്തില്‍ എതിരായിരുന്നല്ലോ? സമരത്തിന് തീവ്രവാദ-നക്‌സലൈറ്റ് മുഖം ആരോപിക്കുവാനെല്ലാം അവര്‍ പരസ്പരം മത്സരിച്ചിരുന്നില്ലേ?
അതെ. മുത്തങ്ങ സമരം നടക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വളരെ ശക്തമായ എതിര്‍പ്പായിരുന്നു. അതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ലാതില്ല. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുമുള്ളയാളുകള്‍ മുത്തങ്ങ സമരത്തിനകത്തും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോവുന്നതിന് വേണ്ടി ശക്തമായിട്ട് സമരത്തിനെ എതിര്‍ത്തിരുന്നു. ഈ സമരത്തിന് വലിയതോതില്‍ ഭീകരത സൃഷ്ടിക്കുക, ഭീകരമുഖം കൊടുക്കുക, അതിലൂടെ ആക്രമിക്കുക ഇതൊക്കെ ആസൂത്രിതമായിട്ട് ഇവര്‍ പടിപടിയായി ചെയ്തുകൊണ്ടിരുന്നു. അങ്ങനെ അവസാനം നക്‌സലേറ്റ് ബന്ധം, പീപ്പിള്‍സ് വാര്‍ഗ്രൂപ്പ് ബന്ധം, എല്‍ടിടിഇ ബന്ധം അങ്ങനെ ഏതൊക്കെ തീവ്രവാദ സംഘടനയുണ്ടോ അതിനോടൊക്കെ ബന്ധമുണ്ടെന്ന് ആരോപിച്ചു.
അന്ന് ജാനുവിനെതിരെ മതപരിവര്‍ത്തന ആരോപണവുമുണ്ടായിരുന്നല്ലോ? മുത്തങ്ങ സമരത്തെ അന്ന് നിലവിലുണ്ടായിരുന്ന പ്രതിപക്ഷം രാഷ്ട്രീയമായി മുതലെടുത്തു എന്ന് പറയാന്‍ കഴിയുമോ?
അതെ, മതപരിവര്‍ത്തന ആരോപണവും ഉണ്ടായിരുന്നു. എന്നിട്ട് എന്റെ കയ്യില്‍ നിന്നൊക്കെ ബൈബിള്‍ കിട്ടി, കൊന്ത കിട്ടി എന്നൊക്കെ പറഞ്ഞിട്ടുള്ള പ്രചരണമായിരുന്നു. എന്തൊക്കെ പ്രചരണം അവിടെ നടത്തി? എന്തൊക്കെക്കൊണ്ട് ഈ സമരത്തെ ഇല്ലായ്മ ചെയ്യാന്‍ പറ്റുമോ ആ രീതിയിലുള്ള മുഴുവന്‍ ആക്രമണവും ആ സമരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പക്ഷെ ആ സമയത്തൊക്കെ അവര് കൊണ്ടുവന്ന മുഴുവന്‍ പ്രചരണങ്ങളേയും വളരെ ഈസിയായിട്ട് ആദിവാസികള്‍ അതിജീവിച്ചിട്ടുണ്ട്. അവര്‍ ഉദ്ദേശിച്ച പോലെ ഈ സമരത്തെ കൊണ്ടുപോവാന്‍ അവര്‍ക്ക് പറ്റിയിട്ടില്ല. അവസാനം അവിടെ എത്രയോ ആളുകള്‍ കൊല്ലപ്പെട്ടു. അപ്പോള്‍ നമ്മുടെ പ്രതിപക്ഷ നേതാവായിരുന്ന ബഹുമാനപ്പെട്ട അച്യുതാനന്ദന്‍ സര്‍ അവിടെ വന്നു പറഞ്ഞത്, കുറേ പേരെ കൊന്ന് പഞ്ചസാരയിട്ട് അവരെയൊക്കെ ദഹിപ്പിച്ചു എന്നുള്ള രീതിയിലേക്ക് പോലും പത്രമാധ്യമങ്ങളില്‍ ഭയങ്കരമായ പ്രചരണങ്ങള്‍ വന്നിരുന്നു. പക്ഷെ അവിടെ സത്യത്തില്‍ അന്ന് കൊല്ലപ്പെട്ടത് ജോഗി അണ്ണനും ഒരു പോലീസുകാരനുമായിരുന്നു. പിന്നെ ഒരു പിഞ്ചുകുഞ്ഞ് മരണപ്പെട്ടിട്ടുണ്ട്. മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞ്. പിന്നെ അതിന് ശേഷം പോലീസിന്റെ പീഡനത്തില്‍ ഒരുപാട് പേര്‍ മരണപ്പെട്ടിട്ടുണ്ട്. രക്തസാക്ഷിയായി ജീവിക്കുന്നയാളുകള്‍ ഇപ്പോഴും മുത്തങ്ങയില്‍ ബാക്കിയുണ്ട്. പല സ്ഥലത്തും ജീവിച്ചിരിപ്പുണ്ട്. ഇങ്ങനെയൊക്കെ ഈ സമരത്തിനെ എല്ലാവിധത്തിലും ആക്രമിച്ചിട്ട് അവസാനം അവരുടെ പാര്‍ട്ടി ജയിക്കാന്‍ വേണ്ടി മുത്തങ്ങയുടെ സി.ഡി ഓരോ കോളനിയിലും കൊണ്ടുപോയിക്കാണിച്ച് മുഴുവന്‍ ആളുകളേയും അനുകൂലമായിട്ട് വോട്ട് ചെയ്യിപ്പിക്കുന്ന ഒരു സമീപനം സ്വീകരിച്ചിട്ടുണ്ട്.
ഞാന്‍ ജയിലിലുണ്ടായിരുന്നപ്പോള്‍ ഒന്നരമാസത്തോളം ഞങ്ങളെ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ല. വന്നാലും ആ പരിസരത്തേക്കടുപ്പിക്കാതെ ആളുകളെ തിരിച്ചുവിട്ടിരുന്നു. ഒന്നരമാസത്തിന് ശേഷമാണ് സന്ദര്‍ശകരെ കാണാന്‍ അനുവദിച്ചത്. അവിടെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വന്നിരുന്നു. നിങ്ങളുടെ മുഴുവന്‍ കേസുകളും ഞങ്ങളേറ്റെടുക്കാം എന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്തു സഹായമാണോ ഞങ്ങളെക്കൊണ്ട് വേണ്ടത് അത് മുഴുവന്‍ തരാം എന്നും പറഞ്ഞിരുന്നു. അന്ന് ഗീതാനന്ദന്‍ മാഷും ഞാനും ജയിലിലുണ്ടായിരുന്നു. ഞങ്ങളെ രണ്ട്‌പേരേയും വിളിച്ചാണ് പ്രതിപക്ഷനേതാവ് സംസാരിച്ചത്. എന്തെങ്കിലും പിന്തുണയും സഹായവുമൊക്കെ ഞങ്ങള്‍ക്ക് തരുമായിരിക്കും എന്നുള്ള ഒരു തോന്നല്‍ അദ്ദേഹം അവിടെ വന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. പിറ്റേദിവസം മാധ്യമങ്ങളില്‍ ഇതൊക്കെ വലിയവാര്‍ത്തയായാണ് വന്നുകൊണ്ടിരുന്നത്. ഇവരെല്ലാം മുത്തങ്ങയുടെ സി.ഡി അടക്കം കാണിച്ച് വോട്ട് പിടിച്ച് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കയറിയപ്പോള്‍, യുഡിഎഫ് സര്‍ക്കാര്‍ ഞങ്ങളുടെ പേരില്‍ ചാര്‍ജ് ചെയ്യാതെ പോയ മൂന്ന് കേസും കൂടി ഞങ്ങളുടെ പേരില്‍ ചാര്‍ജ് ചെയ്ത് വീണ്ടും ഞങ്ങളെ ജയിലിലാക്കുന്ന പണിയാണ് ശരിക്കും പ്രതിപക്ഷനേതാവടക്കം ചെയ്തത്. അല്ലാതെ ഞങ്ങള്‍ക്കനുകൂലമായ യാതൊന്നും ചെയ്തില്ല. ഭയങ്കരമായിട്ടുള്ള പൊളിറ്റിക്കല്‍ വിവേചനം ആണ് കാണിച്ചത്.
ഭൂമിയില്‍ കയറിയ നിരവധി ആദിവാസികളുടെ പേരില്‍ അന്ന് കേസുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ആദിവാസികള്‍ മൊത്തം ഗോത്രസഭയിലേക്ക് പോകും എന്ന് പേടിച്ച് അത് പിടിച്ചു നിര്‍ത്താന്‍ ഇവര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവരുടെയെല്ലാം കേസ് എഴുതിത്തള്ളി. മുത്തങ്ങ സമരത്തിനകത്ത് പങ്കെടുത്ത ഗോത്രമഹാസഭയുടെ പേരിലുണ്ടായിരുന്നയാളുകളുടെ മാത്രം കേസ് എഴുതിത്തള്ളിയില്ല. എന്നുമാത്രമല്ല, കൂടുതല്‍ കേസുകളില്‍ കുടുക്കുകയും ചെയ്തു. ഇതില്‍ പെടാതെയിരുന്ന ആളുകളെപ്പോലും പെടുത്തുന്ന സമീപനവും അവര്‍ സ്വീകരിച്ചു. ഇപ്പോള്‍ പതിനഞ്ചാമത്തെ വര്‍ഷം. ഇപ്പോഴും ഞങ്ങളുടെ കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്നവിടെയുണ്ടായ പോലീസ് ക്രൈം മുഴുവനായും സിബിഐ ഏറ്റെടുത്തിരുന്നു. പതിനഞ്ച് വര്‍ഷമായിട്ടും സിബിഐ പൂര്‍ണ അര്‍ഥത്തിലുള്ള ഒരന്വേഷണം നടത്തുകയും, അതിനനുസരിച്ച് കേസിന്റെ ചാര്‍ജ് ഷീറ്റിടുകയോ ഒന്നും ഉണ്ടായിട്ടില്ല. ഇവിടുത്തെ പോലീസുകാരെന്താണോ ചെയ്തുകൊടുത്തത് അതിന്റെ ബാക്കി ഫോളോ-അപ് മാത്രമേ ഇവര് ചെയ്തിട്ടുള്ളൂ. അല്ലാതെ അവരുടെ വേറെ ഒരന്വേഷണമോ ഒന്നും നടത്തിയിരുന്നില്ല.
ജോഗിയുടെ മരണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ നിയമപോരാട്ടത്തിന് എന്താണ് സംഭവിച്ചത്?
ജോഗിയുടെ മരണം സംബന്ധിച്ച് നമ്മള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടു കൊണ്ട്. ഞങ്ങള്‍ അഞ്ചുവര്‍ഷം ഹൈക്കോടതിയില്‍ കേസ് നടത്തിയിട്ട് അവസാനം കോടതി വിധി പറയാന്‍ ഒന്നരവര്‍ഷത്തോളം നീട്ടിവച്ചു. അവസാനം കോടതി പറയുന്നത് നിങ്ങള്‍ക്ക് ഇതിന് വേറെ ഏജന്‍സികളെ സമീപിക്കാം എന്നാണ്. അല്ലാതെ അതില്‍ ജോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആളുകളെ നിയമപരമായ നടപടികളിലേക്ക് കൊണ്ടുവരുന്ന യാതൊരു കാര്യങ്ങളും ഉള്‍പ്പെട്ടിട്ടില്ല. അന്ന് ഒരു പിഞ്ചുകുഞ്ഞ് വളരെ ഭീകരമായി മര്‍ദ്ദിക്കപ്പെടുകയും ആശുപത്രിയില്‍ എത്രയോ ദിവസം കഴിയുകയും ചെയ്തു. മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞവരുണ്ട്. മൂന്ന് മാസംവരെ കിടന്നവരുണ്ട്. എന്നിട്ടും അത് ചെയ്തവരില്‍ ഒരാളുടെ പേരില്‍ പോലും കേസെടുത്തിട്ടില്ല. അത് ചെയ്തത് പൂര്‍ണമായും പോലീസുകാരും ഫോറസ്റ്റ്കാരുമായിരുന്നു.
മുത്തങ്ങയിലെ വെടിവപ്പിന് ശേഷം ഗോത്രമഹാസഭയുടെ ശക്തി ചോര്‍ന്ന് പോയിട്ടുണ്ടോ?
ഇല്ല. ഗോത്രമഹാസഭയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഗോത്രമഹാസഭ ഇതെല്ലാം കഴിഞ്ഞപ്പോഴും വളരെ ശക്തമാവുകയാണ് ചെയ്തത്. അന്ന് ഭീകരമായി മര്‍ദ്ദിക്കുമ്പോള്‍, ചെറിയകുട്ടിയുടെ വരെ തലയടിച്ച് പൊട്ടിക്കുമ്പോള്‍ പോലീസ് പറഞ്ഞത് ഇവനൊക്കെ വിഷമാണ്, ഇവനെയൊക്കെ ഇപ്പോള്‍ തന്നെ തീര്‍ക്കണം, അല്ലെങ്കില്‍ വരും നാളുകളില്‍ ഇത് വലിയ വിപത്താകും എന്നാണ്. അങ്ങനെ പറഞ്ഞുകൊണ്ട് പോലും ചിലരടിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞ് അടിച്ചിട്ട് പോലും ഒരു നടപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ സാധാരണ ഒരു സമരം ചെയ്യുമ്പോള്‍ തന്നെ പോലീസും ബാക്കിയുള്ളയാളുകളും ആ സമരത്തിലുള്ള ആളുകള്‍ക്കെതിരെ വരികയും നടപടികള്‍ സ്വീകരിക്കുകായും ചെയ്യുന്നത്. ആദിവാസികള്‍ മാത്രം സമരം ചെയ്തപ്പോള്‍ കേരളത്തില്‍ ഒരു വ്യത്യസ്തമായ സംഭവമുണ്ടായി. മുത്തങ്ങയില്‍ ആദിവാസികള്‍ സമരം നടത്തിയപ്പോള്‍ കേരളത്തിലെ മുഴുവന്‍ ആദിവാസി കോളനികളിലും പോലീസ് കയറി. എല്ലാവരും സമരം നടത്തുന്ന സ്ഥലമാണ് കേരളം. സമരക്കാരേയും ആ സമരത്തില്‍ പങ്കെടുത്തയാളുകളെയും ചുറ്റിപ്പറ്റി നടപടിയെടുക്കുകയും അവരെ ജയിലിലാക്കി കേസെടുക്കുകയും ചെയ്യാറാണ്. ആദിവാസി സമരം നടത്തിയപ്പോള്‍ കേരളത്തിലെ മുഴുവന്‍ ആദിവാസിക്കോളനികളിലും പോലീസുകാര്‍ അരാജകത്വം സൃഷ്ടിച്ചു. അതിലൂടെ നമുക്ക് മനസ്സിലാക്കാവുന്നത് വംശീയമായിട്ട് ആദിവാസികളെ ഇല്ലായ്മ ചെയ്യുക തന്നെയാണ് ഇതിന്റെയെല്ലാം ഉദ്ദേശം എന്നത് തന്നെയാണ്. വളരെ കൃത്യമായിട്ട്, വംശീയമായിട്ട് ആദിവാസികളെ കേരളത്തില്‍ നിന്ന് തുടച്ചുനീക്കുക, അതുവഴി ആദിവാസികള്‍ ഒരിക്കലും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനോ, അവരുടെ അവകാശങ്ങളെക്കുറിച്ച് പറയാനോ അതിന് വേണ്ടി സമരം ചെയ്യാനോ വരരുത് എന്ന ഒരു താക്കീത് നല്‍കുകയായിരുന്നു. കേരളത്തിലെ ജനാധിപത്യബോധമുള്ള ഒരാള്‍ പോലും അതിനെ എതിര്‍ത്തില്ല എന്നതാണ് ഒരു വലിയ പ്രശ്‌നം. വേറെ എവിടെയെങ്കിലും പോലീസ് പോയാല്‍ ആ സെക്കന്‍ഡില്‍ എത്രയാളുകളാണ് അതിനെ എതിര്‍ത്ത് രംഗത്ത് വരുന്നത്. പോലീസ് പോയത് എന്തിനോ, ഏതിനോ എന്ന് പോലുമറിയില്ലെങ്കിലും പോലീസ് പോയി എന്നറിഞ്ഞാല്‍ അതിന്റെ പേരില്‍ പ്രതികരിക്കുന്ന ആളുകളില്‍ ഒരാള്‍ പോലും കേരളത്തില്‍ മുഴുവന്‍ ആദിവാസി കോളനികളിലും പോലീസ് ഇത്തരമൊരു അതിക്രമം നടത്തിയിട്ടും പ്രതികരിച്ചില്ല. അതാണ് കേരളത്തിലെ അവസ്ഥ. അത് ആദിവാസികളോടുള്ള അവഗണന തന്നെയാണ് എന്ന് വളരെ കൃത്യമായി പറയാന്‍ കഴിയും.
വയനാട്ടിലെ ആദിവാസി സമൂഹം മാവോയിസ്റ്റുകളുടേത് പോലുള്ള തീവ്ര നിലപാടുകളിലേക്ക് ചായുന്നുണ്ടോ?
ഇല്ല. ഞാന്‍ പറയുന്നത് ഗോത്രമഹാസഭയുള്ളതുകൊണ്ട് മാത്രമാണ് ഈ ആളുകള്‍ അത്തരം പാളയങ്ങളില്‍ പോയിപ്പെടാത്തത്. കാരണം ഓരോ ഊരുകളിലും നടക്കുന്ന പ്രശ്‌നത്തില്‍ ഗോത്രമഹാസഭ നേരിട്ട് പോവുകയും ഇടപെടുകയും അവിടെ വേണ്ട കാര്യങ്ങള്‍ എന്താണോ അത്തരം കാര്യങ്ങള്‍ക്ക് വേണ്ടി അവരെ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ഒരു ചെറിയ രീതിയിലെങ്കിലും അവര്‍ക്ക് പ്രയോജനമാവുന്ന തരത്തില്‍ ഗോത്രമഹാസഭ ചെയ്തുകൊടുക്കുന്നത് കൊണ്ടാണ് അവര്‍ പോകാതിരിക്കുന്നത്. അല്ലെങ്കില്‍ ഈ കേരളത്തില്‍ മുഴുവനാളുകളും വല്ല തീവ്രവാദികളും ആയിപ്പോകും. മാവോയിസ്റ്റിന്റെ കൂടെയോ അല്ലാത്തവരുടെ കൂടെയോ ഒക്കെ പോകുമായിരുന്നു. കാരണം ഒരു നിവൃത്തിയുമില്ലാതാകുമ്പോള്‍ ആളുകള്‍ക്കെന്തെങ്കിലും ചെയ്തല്ലേ പറ്റൂ. ഇപ്പോള്‍ ഗോത്രമഹാസഭയുള്ളതുകൊണ്ട് ശരിക്കും പറഞ്ഞാല്‍ കേരളത്തില്‍ ഇത്രയധികം തണ്ടര്‍ബോള്‍ട്ടിനെ കൊണ്ടുവന്ന് കോടിക്കണക്കിന് രൂപ കൊള്ളയടിക്കേണ്ട ആവശ്യമൊന്നും ഇവിടെയില്ല. ഗോത്രസഭയെ ശക്തിപ്പെടുത്താനുള്ള ഒരു കൈത്താങ്ങാണ് ശരിക്കും ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും തരേണ്ടത്. അത് തന്നാല്‍ത്തന്നെ ഇവിടുത്തെ ഈ തീവ്രവാദം പോലുള്ള സംവിധാനങ്ങള്‍ ഉണ്ടാവില്ല. ഇപ്പോള്‍ അതില്ലാതിരിക്കുന്നതും ഗോത്രമഹാസഭയുടെ ഇടപെടല്‍ കൊണ്ടുതന്നെയാണ്. ഗോത്രമഹാസഭ നിര്‍ജ്ജീവമായി പോവുകയാണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഉയര്‍ന്നു വരില്ല എന്ന് പറയാന്‍ പറ്റില്ല.
ഗോത്ര മഹാസഭയുടെ ഇന്നത്തെ അവസ്ഥയെന്താണ്?
ഗോത്രമഹാസഭയില്‍ ചോര്‍ച്ചയൊന്നുമുണ്ടായിട്ടില്ല. അന്നുണ്ടായ അതേപോലെ തന്നെയാണ് ഇന്നും ഗോത്രമഹാസഭ. ഇന്ന് കുറച്ചുകൂടി ശക്തിയാര്‍ജ്ജിക്കുകയാണ് ചെയ്തിട്ടുള്ളത്. ഗോത്രമഹാസഭയുടെ ഓവറോള്‍ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന ഗീതാനന്ദന്‍ മാഷ് ഇതിനകത്തുനിന്ന് പോയിട്ടുണ്ട്. ഞങ്ങള്‍ ചില രാഷ്ട്രീയ നിലപാടെടുത്തത് മാഷിന് യോജിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അത് സംഭവിച്ചത്. അതിനപ്പുറത്തേക്ക് ഗോത്രമഹാസഭയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ ഗോത്രമഹാസഭ തന്നെ ഒരു പൊളിറ്റിക്കല്‍ ലൈനിലേക്ക് മാറണമെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാര്‍ വിചാരിച്ചതിനപ്പുറത്തേക്കാണ് ഗോത്രമഹാസഭ പോയ്‌ക്കൊണ്ടിരിക്കുന്നത് എന്നുള്ളതാണ് എന്റെ വിലയിരുത്തല്‍. കാരണം അവരൊക്കെ വിചാരിച്ചത് എപ്പോഴും ഒരു സമുദായ സംഘടനയുണ്ടാക്കി അവിടെ സമരവും കേസും കൂട്ടവുമൊക്കെയായി ഒതുങ്ങിപ്പോവുമെന്നാണ്. അതിനകത്ത് ഈ ആളുകളെ ഒതുക്കിയൊതുക്കി നിര്‍ത്തി, അവരുടെ പൊളിറ്റിക്കല്‍ ആയ അവകാശത്തിലേക്ക് അവര്‍ കടന്നുവരാതിരിക്കാന്‍ അവിടെ വലിയ ചൈനാവന്‍മതില്‍ പോലൊന്ന് കെട്ടി അകറ്റി നിര്‍ത്തിയിട്ടുണ്ട്. ആ മതിലൊക്കെ എന്തായാലും പൊളിഞ്ഞിട്ടുണ്ട് എന്നാണ് കഴിഞ്ഞനാളുകളിലെ എന്റെ വിലയിരുത്തല്‍. ഇവിടെ ആളുകള്‍ ഇപ്പോള്‍ വളരെ സജീവമായിട്ടാണുള്ളത്. ഇടതുപക്ഷമോ, വലതുപക്ഷമോ, ബിജെപിയോ അല്ലെങ്കില്‍ ലീഗോ- ഇവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്കും ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുണ്ടാക്കാന്‍ പറ്റും. ഞങ്ങള്‍ക്കും അതിന്റേതായിട്ടുള്ള നേട്ടം ഉണ്ടാക്കാന്‍ പറ്റും എന്നുള്ള വലിയ തിരിച്ചറിവിലേക്ക് ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇത് ആളുകളുടെ ഇടയിലുണ്ടാവുന്ന ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. ഇനി അത്തരം സംവിധാനത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ആളുകള്‍ വരികയേയുള്ളൂ. ഇനി അതില്‍ നിന്ന് പുറകോട്ട് പോവാന്‍ ആളുകള്‍ക്ക് പറ്റില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ ഒക്കെ ഭയപ്പെട്ട ഒന്ന് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇവര് ഭാവിയില്‍ ഇങ്ങനെയൊക്കെയായിപ്പോയാല്‍ ഞങ്ങളുടെ സ്‌പേസ് കുറയുമല്ലോ, പോകുമല്ലോ എന്നവര് ഭയപ്പെട്ടിരുന്നില്ലേ. അത് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭയങ്കരമായിട്ടുള്ള വെപ്രാളവും വേവലാതിയും ബേജാറുമാണ് അവര്‍ക്കിപ്പോള്‍ ഉള്ളത്. അതിന്റേതായ ഓരോ സ്ഥലങ്ങളിലും പോകുമ്പോള്‍ അത് ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ട്.
ജാനുവിന്റെ എന്‍ഡിഎ പ്രവേശനം ഒരുപാട് എതിര്‍പ്പുകള്‍ വരുത്തിവച്ചല്ലോ? ഈ നീക്കം ഗോത്രമഹാസഭയെ ദുര്‍ബലപ്പെടുത്തിയോ?
എന്റെ അഭിപ്രായത്തില്‍ തുടക്കത്തില്‍ അങ്ങനെയുള്ള ചര്‍ച്ച സജീവമായിട്ട് വന്നെങ്കിലും ഇപ്പോള്‍ ആ ചര്‍ച്ച വല്ലാതെ മാറിയിട്ടുണ്ട്. എനിക്ക് നേരിട്ട് അങ്ങനെ കുറേ അനുഭവങ്ങളുണ്ട്. തുടക്കത്തില്‍ നമ്മള്‍ എന്‍ഡിഎ-ബിജെപിയുടെ കൂടെപ്പോയി, ബിജെപിയുടെ കൂടെ പോവരുത്, സംഘപരിവാറിന്റെ കൂടെപ്പോവരുത്, അവര്‍ ഇവിടുത്തെ ഏറ്റവും താഴെത്തട്ടിലുള്ള ആളുകള്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ എതിരായിട്ടുള്ള ഗ്രൂപ്പുകളാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഭയങ്കരമായ പ്രചരണം ഉണ്ടായിരുന്നു. പക്ഷെ നമ്മള്‍ക്കെപ്പോഴും വളരെ കൃത്യമായ നിലപാടുണ്ടായിരുന്നു. ശരിക്കും ഒരു പെളിറ്റിക്കല്‍ പാര്‍ട്ടിയില്‍ പോയി ചേരുകയല്ല ചെയ്തത്. സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കി ഒരു മുന്നണിയുടെ സഖ്യത്തിനകത്ത് നില്‍ക്കുകയാണ് ചെയ്തത്. അങ്ങനെയൊരു സഖ്യത്തിന് പോയപ്പോള്‍ എന്റെ സുഹൃത്തുക്കളില്‍ പലരും എതിര്‍ത്തിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. ഞാനവരോടൊക്കെ ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ശരി ഞങ്ങള്‍ എന്‍ഡിഎയുടെ മുന്നണി സഖ്യത്തിനകത്ത് പോവുന്നില്ല. നിങ്ങള്‍ക്ക് എല്ലാവരും അത്തരം കാര്യങ്ങള്‍ക്ക് എതിര്‍പ്പാണ്. എന്നാല്‍ ഞങ്ങള്‍ ഇങ്ങനെയൊരു മുന്നണി സഖ്യത്തിനകത്ത് കടന്നുവരാത്തതുകൊണ്ടാണ് കേരളത്തിലെ പട്ടികജാതിക്കാരന്റേയും പട്ടികവര്‍ഗക്കാരന്റേയും പ്രശ്‌നം നൂറ്റാണ്ടുകള്‍ ആയിട്ടും കേരളത്തിലെ ഒരു രാഷ്ട്രീയ അജണ്ടയായി വരാത്തത്. ബാക്കിയുള്ള എല്ലായാളുകള്‍ക്കും രാഷ്ട്രീയ അജണ്ട വന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് മാത്രം അതുണ്ടായിട്ടില്ല. അത് വരണമെങ്കില്‍ ഞങ്ങളൊരു മുന്നണി സഖ്യത്തിനകത്ത് നിന്നാലേ പറ്റൂ എന്നാണ് ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ അങ്ങനെ ഒരു മുന്നണി സഖ്യത്തിനകത്ത് നില്‍ക്കാന്‍ നിലവില്‍ ഇവിടെയുണ്ടായിരുന്ന ഇടതുപക്ഷവും വലതുപക്ഷവും ഞങ്ങളെ ആ രീതിയില്‍ മനുഷ്യരായിട്ടു പോലും പരിഗണിക്കുന്നില്ല. അങ്ങനെ അവര് സ്വീകരിക്കുന്നില്ല. പിന്നെ അങ്ങനെ ഒരു സാധ്യത വന്നത് എന്‍ഡിഎ പോലുള്ള ഒരു മൂന്നാം മുന്നണി സംവിധാനത്തിനകത്താണ്. അപ്പോള്‍ ആ സംവിധാനം സ്വീകരിക്കുന്നതിനകത്ത് നിങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കില്ല. ബദലായി ഞങ്ങളെ ഒരു സഖ്യത്തിനകത്ത് കൊണ്ടു വരാന്‍ നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ പറ്റും? അത് ചോദിച്ചപ്പോള്‍ ആര്‍ക്കും മറുപടിയില്ല. ഇന്ന കാര്യത്തിനാല്‍ നിങ്ങള്‍ പോകരുത് എന്ന് പറയുമ്പോള്‍, എവിടെ പോകണം എന്ന് പറയാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടല്ലോ. എവിടെ പോകണമെന്ന് പറയില്ല. പോകരുത്, പോകരുത് എന്ന് പറയും. ഇത് ചെയ്യുന്നതിന് ഒരു ന്യായമില്ലല്ലോ.
സി കെ ജാനുവിനെ ഫാസിസ്റ്റ് ആക്കുന്നതാണ് യഥാര്‍ത്ഥ ഫാസിസം- ജോയി മാത്യു/അഭിമുഖം
ആദിവാസി മുന്നേറ്റത്തെ ബിജെപിയുടെ പാളയത്തില്‍ കൊണ്ടെത്തിച്ചെന്ന ആക്ഷേപത്തെക്കുറിച്ച്?
ഇല്ല. ഇപ്പോള്‍ എന്റെ അഭിപ്രായത്തില്‍ ഈ മൂന്നാം മുന്നണി പോലെയുള്ള എന്‍ഡിഎ സഖ്യത്തിനകത്തേക്ക് ഞങ്ങളെ കൊണ്ടെത്തിച്ചത് ഇവിടുത്തെ ഇടതും വലതും മുന്നണികളാണ്. അവരതിന് മറുപടി പറയണമെന്നാണ് ഞാന്‍ പറയുന്നത്. ഞാനല്ല പറയേണ്ടത്. കാരണം ഈ നൂറ്റാണ്ടുകളായിട്ട് ഈ ആളുകള്‍ മൊത്തം ഇവരുടെ കൂടെയാണ് നിന്നിരുന്നത്. അവര്‍ ആ രീതിയില്‍ ഒരു പരിഗണന തന്ന് ഒരു സഖ്യമുണ്ടായിരുന്നെങ്കില്‍ ഈ ആളുകള്‍ പോവുകയില്ലായിരുന്നല്ലോ.
എന്‍ഡിഎ ബന്ധത്തിന്റെ ഇപ്പോഴത്തെ അവസ്ഥ?
അവര് പറഞ്ഞിട്ടുള്ള രീതിയിലുള്ള കാര്യങ്ങളൊന്നും നടന്നിട്ടില്ല. അവര് പറഞ്ഞ് കാര്യങ്ങളൊക്കെ നടത്തേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. ഇതുവരെ അതിലേക്ക് പോയിട്ടില്ല. ഇക്കാര്യം നമ്മള്‍ അവരുമായി കണ്ട് സംസാരിച്ചപ്പോള്‍ എത്രയും പെട്ടെന്ന് അത്തരം കാര്യങ്ങളില്‍ ഒരു പരിഹാരം ഉണ്ടാവും എന്നൊക്കെയാണ് പറഞ്ഞത്.
മുത്തങ്ങ സമര കാലത്ത് ഞങ്ങളെ പോലീസിന് പിടിച്ചുകൊടുത്തവരുടെ കൂട്ടത്തില്‍ ബിജെപിയും; സി കെ ജാനു/അഭിമുഖം
‘ചെകുത്താന്റെ കയ്യില്‍ നിന്നാണെങ്കിലും സഹായം സ്വീകരിക്കും’; സി കെ ജാനു നിലപാട് വ്യക്തമാക്കുന്നു