UPDATES

സിനിമ

അഭിമുഖം/ലാൽജോസ്: 24 സിനിമകളുമായി മലയാള സിനിമയുടെ ഉമ്മറത്തുണ്ട് ഈ സംവിധായകൻ

ഒരു ഫാമിലി മ്യൂസിക്കൽ എന്റർറ്റൈനെർ ആണ്‌ തട്ടുംപുറത്ത് അച്യുതൻ.

മലയാളി പ്രേക്ഷർക്കിടയിൽ നല്ല സിനിമകളുടെ വക്താവ്‌ എന്ന നിലയിൽ പച്ചകുത്തപ്പെട്ട പേരാണ്‌ ലാൽജോസ്‌. നാട്ടുംപുറങ്ങളുടെ നിഷ്കളങ്കതയും വൻനഗരങ്ങളുടെ മെട്രോ ജീവിതവും എല്ലാം സ്‌ക്രീനിൽ ഒരുപോലെ മികവോടെ ദൃശ്യവൽക്കരിക്കുന്ന സംവിധായകൻ.മറവത്തൂർ കനവും, മീശമാധവനും, ക്ലാസ്സ്മേറ്റ്സും പോലുളള വാണിജ്യ സിനിമകൾക്കൊപ്പം അച്ഛനുറങ്ങാത്ത വീടും, അയാളും ഞാനും തമ്മിലും പോലുളള കലാപരമായ സിനിമകളും പ്രേക്ഷകർക്ക്‌ സ്വീകാര്യമാക്കുന്ന ലാൽജോസിന്റെ ഏറ്റവും പുതിയ ചിത്രമാണ്‌ തട്ടുംപുറത്ത് അച്യുതൻ. കുഞ്ചാക്കോ ബോബൻ നായകവേഷത്തിൽ എത്തുന്ന തട്ടുംപുറത്ത്‌ അച്യുതന്റെ വിശേഷങ്ങളും തന്റെ വിജയപരാജയങ്ങളെയും കുറിച്ച് മനസ്സ്‌ തുറക്കുകയാണ് അദ്ദേഹം.

എന്താണ്‌ തട്ടുംപുറത്ത് അച്യുതൻ ?

തട്ടുംപുറത്ത് അച്യുതൻ ചേലപ്പുറം എന്ന ഗ്രാമപ്രദേശത്തിൽ നടക്കുന്ന കഥയാണ്‌.ആ ഗ്രാമത്തിലുള്ള കൃഷ്ണന്റെ അമ്പലത്തെ ചുറ്റിപറ്റി ആണ്‌ ഈ കഥ,അച്യുതൻ ആണ്‌ ഇതിലെ പ്രധാന കഥാപാത്രം,അച്യുതൻ അവിടെയുള്ള ഒരു പച്ചക്കറി ഹോൾസെയിൽ മാർക്കറ്റിലെ അക്കൗണ്ടന്റ് ആണ്, ഗ്രാമത്തിലെ എല്ലാവർക്കും സഹായി ആയിട്ടുള്ള,എല്ലാവർക്കും സ്വീകാര്യനായ ഒരു സത്യസന്ധനായ ചെറുപ്പക്കാരൻ.

എഞ്ചിനിയറിംഗ് കഴിഞ്ഞു നിൽക്കുന്ന ജയലക്ഷ്മി എന്ന നായിക കഥാപാത്രത്തെ പുതുമുഖം ശ്രാവണ ആണ്‌ അവതരിപ്പിക്കുന്നത്‌,അവർ ഗ്രാമത്തിലെ അതിർത്തി പ്രദേശത്തുള്ള ഒരു നമ്പൂതിരി ഇല്ലത്തെ പെൺകുട്ടി ആണ്‌,ചാക്കോച്ചന്റെ അച്ഛൻ ആയി അഭിനയിക്കുന്നത് നെടുമുടി വേണു ആണ്‌,മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയരാഘവൻ ആണ്‌,കൂടതെ ഹരീഷ് കണാരൻ,കലാഭവൻ ഷാജോൺ ഉൾപ്പടെ കുറേ മികച്ച അഭിനേതാക്കളും ഉണ്ട്‌.

എൽസമ്മ എന്ന ആൺകുട്ടിക്കും,പുള്ളിപുലികളും ആട്ടിൻകുട്ടിക്കും ശേഷം വീണ്ടും സിന്ധുരാജുമായിട്ടും ചാക്കോച്ചനുമായിട്ടും ഒന്നിക്കുമ്പോൾ കഴിഞ്ഞ സിനിമകളിൽ നിന്ന്‌ അച്യുതന് എത്രത്തോളം വ്യത്യാസം ഉണ്ട്‌ ?

അച്യുതൻ ആ ജോണറിൽ തന്നെ പെടുത്താവുന്ന സിനിമയാണ്.ഇതിലെ ചെറിയ ഒരു വ്യത്യാസം അച്യുതനിൽ കുറച്ച് ഫാന്റസി എലമെന്റ്സ് ഉണ്ട്,കുറച്ചൂടി മ്യൂസിക്കൽ ആണ്.ഒരു ഫാമിലി മ്യൂസിക്കൽ എന്റർറ്റൈനെർ ആണ്‌ തട്ടുംപുറത്ത് അച്യുതൻ.

സുഡാനി ഫ്രം നൈജീരിയയും , മഹേഷിന്റെ പ്രതികാരവും ഒക്കെ വീണ്ടും നാട്ടിൻപുറങ്ങളിലേക്കും അവിടത്തെ ജീവിതങ്ങളിലേക്കും നമ്മളെ കൊണ്ട്‌ പോയ സിനിമകൾ ആണ്‌. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താങ്കളും അവിടത്തെ കഥ പറയാൻ വരുമ്പോൾ ഈ സിനിമകളുടെ വിജയവും കഥപറച്ചിലും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് ?

മഹേഷിന്റെ പ്രതികാരവും സുഡാനിയും ഒക്കെ എനിക്ക് വളരെ ഇഷ്ടപെട്ട സിനിമകളാണ്,പക്ഷെ അച്യുതൻ കുറച്ചുകൂടി കൊമേർഷ്യൽ ആംഗിളിൽ നിന്ന്‌ പറയുന്ന സിനിമയാണ്,പാട്ടുകളും തമാശയും പിന്നെ ഫോട്ടോഗ്രാഫിക്കൽ ആയിട്ടുള്ള കുറച്ചു എലമെന്റ്സും ഒക്കെ ഉള്ള കളർഫുൾ ആയിട്ടുള്ള ഒരു കഥ പറച്ചിൽ ഉള്ള സിനിമയാണ്.

കാവ്യ മാധവൻ,സംവൃത സുനിൽ,അനുശ്രീ , മീരാനന്ദൻ എന്നിവർക്ക് ശേഷം പുതിയ ഒരു നായികയെ കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ്.ശ്രാവണയെ പറ്റി എന്താണ്‌ പറയാനുള്ളത്‌ ?

നായിക മാത്രമല്ല,ഈ സിനിമയിൽ നായികാനായകൻ എന്ന പ്രോഗ്രാമിൽ നിന്ന്‌ സെലെക്റ്റ് ചെയ്ത എട്ടോളം കലാകാരന്മാരും കലാകാരികളും തുടക്കം കുറിച്ചിട്ടുണ്ട്.ശ്രാവണ സംവിധായകരായിരുന്ന അനിൽ-ബാബു കൂട്ടുകെട്ടിലെ ബാബു പിഷാരടിയുടെ മകളാണ്. ശ്രാവണയെ എനിക്ക്‌ ചെറിയ കുട്ടി ആയിരുന്നപ്പോഴേ അറിയാം ,പിന്നീട്‌ രണ്ട്‌ വർഷം മുൻപുള്ള അവരുടെ പിഷാരടി സമാജത്തിന്റെ ഒരു പരിപാടി ഉൽഘാടനം ചെയ്യാൻ എന്നെ ക്ഷണിച്ചപ്പോൾ അവിടെ വച്ചാണ് ശ്രാവണയെ പിന്നെയും കാണുന്നത് അപ്പോ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുകയായിരുന്നു.പിന്നീട്‌ ഈ സിനിമയുടെ ആലോചന വന്നപ്പോ ഞാൻ ഫോട്ടോസ് അയക്കാൻ പറഞ്ഞു,ഫോട്ടോസ് കണ്ട്‌ സിന്ധുരാജിനും നിർമ്മാതാവിനും ഒക്കെ സമ്മതമായി അങ്ങനെ ഞങ്ങൾ അവരെ പോയി കണ്ട്‌ കഥയൊക്കെ പറഞ്ഞ് കൺവിൻസ് ചെയ്യിച്ചാണ് ഈ സിനിമയിലേക്ക് കൊണ്ടുവരുന്നത്.

നായികാനായകൻ പോലൊരു ഷോയിലൂടെ മിനിസ്‌ക്രീനിലും സാന്നിധ്യം അറിയിച്ചു, എങ്ങനുണ്ടായിരുന്നു ആ ഒരു എക്സ്പീരിയൻസ് ?

അത്‌ വളരെ നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു നമുക്ക്‌ ഒരുപാട്‌ പുതിയ ഐഡിയാസ് കിട്ടുകയും ഒരുപാട്‌ പുതിയ കലാകാരന്മാരെ പരിചയപ്പെടാനും ഒക്കെ കഴിഞ്ഞു.അതിൽ നിന്നുളള പലരും ഈ സിനിമയിൽ ഉണ്ട്‌,നായികാനായകനിലെ എല്ലാ പാട്ടുകൾക്കും ഡാൻസ് കൊറിയോഗ്രാഫി ചെയ്ത് സതീഷൻ ഇതിലൊരു പാട്ടിന്‌ കോറിയോഗ്രാഫ് ചെയ്തിട്ടുണ്ട്.പിന്നെ അതിൽ ഒരു ഗസ്റ്റ് ആയി വന്ന മാർട്ടിൻ മട്ടാഞ്ചേരി എന്ന്‌ പറയുന്ന ആൾ ഒരു വേഷത്തിൽ ഉണ്ട്‌, കൂടാതെ ആ പ്രോഗ്രാമിൽ ഉണ്ടായിരുന്ന വെങ്കിടേഷ്, വിശ്വ തേജസ് മാളവിക,റോഷൻ,ഉല്ലാസ്,ആൻ,മീനാക്ഷി,ആമിന തുടങ്ങിയവർ എല്ലാവരും ഈ സിനിമയിലൂടെ തുടക്കം കുറിച്ചിട്ടുണ്ട്‌.

വെളിപാടിന്റെ പുസ്തകം വലിയ പ്രതീക്ഷയോടെ വന്ന ചിത്രമായിരുന്നു,ലാലേട്ടനുമായി ആദ്യമായ് ഒന്നിച്ചപ്പോ ലഭിക്കേണ്ട ഒരു വലിയ വിജയം നഷ്ടമായതിൽ വിഷമം ഉണ്ടോ ?

തീർച്ചയായും വിഷമം ഉണ്ട്‌.ചില സിനിമകൾ പ്രെസന്റ് ചെയ്യുന്നതിൽ ഉണ്ടാവുന്ന വ്യത്യാസം കൊണ്ട്‌ സംഭവിക്കുന്നതാണ്‌ അങ്ങനൊക്കെ.അമിതമായ ഹൈപ്പ് ഒക്കെ ഉണ്ടായതാണ് പ്രശ്നമായത്.ആ സിനിമ ശരിക്കും ഒരു സോഫ്റ്റ് സിനിമ എന്ന രീതിയിൽ പ്രെസന്റ് ചെയ്യപ്പെടേണ്ടതായിരുന്നു.ഒരു സോഫ്റ്റ് സിനിമ പ്രതീക്ഷിച്ചു ആൾക്കാർ വരികയും അതിൽ അവർ പ്രതീക്ഷിക്കാത്ത ആക്ഷനും കാര്യങ്ങളും ഒക്കെ കാണുമ്പോൾ അതിൽ കൂടുതൽ മതിപ്പ് ഉണ്ടാകുകയും ചെയ്യുമായിരുന്നു,പക്ഷേ അത്‌ പ്രെസന്റ് ചെയ്യപ്പെട്ടത് ഒരു ആക്ഷൻ സിനിമ എന്നുള്ള ഒരു മൂഡിലായിരുന്നു,അത് പ്രതീക്ഷിച്ചു തീയേറ്ററിൽ വന്നവരെ ആ സിനിമ നിരാശപ്പെടുത്തി.

പരാജയങ്ങൾ എത്രത്തോളം താങ്കളെ ബാധിക്കാറുണ്ട് ?

പരാജയങ്ങൾ എല്ലാ സംവിധായകരെയും ബാധിക്കും,മെന്റലി അതിൽ നിന്ന്‌ പുറത്ത് വരാൻ കുറച്ചു സമയം എടുക്കും കാരണം പ്രതീക്ഷയോടെ ചെയ്ത ഒരു സിനിമ ഉദ്ദേശിച്ച പോലെ ഏൽക്കാതെ വരുമ്പോൾ ഏതൊരാൾക്കും വിഷമം ഉണ്ടാക്കും.

തിരക്കുകൾക്കിടയിലും കറുത്ത ജൂതൻ പോലുളള സിനിമകൾ തീയേറ്ററിൽ എത്തിക്കാൻ താങ്കൾ മുന്നോട്ട് വന്നിരുന്നു.കലാമൂല്യമുള്ള സിനിമകൾക്ക് നമമുടെ തീയേറ്ററുകളിൽ ഇടം ലഭിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ടോ ?

ഞാൻ അടക്കമുള്ള ആളുകൾ ചെയ്ത സിനിമകൾക്ക്‌ വിതരണക്കാരെ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്‌.നമ്മൾ പ്ലാൻ ചെയ്ത കഥകൾ ഒരുപാട്‌ അങ്ങനെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്‌.അപ്പോൾ അതിന്‌ പരിഹാരം എന്ന നിലയിലാണ് എൽ ജെ ഫിലിംസ് എന്ന കമ്പനി തന്നെ തുടങ്ങിയത്‌.

ഡയമണ്ട് നെക്‌ലേസിന് മുൻപ്‌ ഫഹദിനെ വച്ച് ഫഹദിന്റെ തിരിച്ചു വരവാകേണ്ടിയിരുന്ന ഒരു സിനിമയാണ്‌ ആദ്യം പ്ലാൻ ചെയ്‌തിരുന്നത്‌,പക്ഷേ ആ സിനിമയ്ക്ക് ഒരു നിർമ്മാതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല അങ്ങനെ ആ സിനിമ നടന്നില്ല,ആ നിരാശയിൽ നിന്നാണ്‌ ഡയമണ്ട് നെക്‌ലേസ് എന്ന്‌ പറയുന്ന സിനിമ ഉണ്ടായത്.അതിന്റെ ഒരു കാസ്റ്റിംഗ് ഒക്കെ നടക്കുന്ന സമയത്താണ് ഞങ്ങൾ തന്നെ പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചത്,ഞാൻ മാത്രമല്ല എന്നോടൊപ്പം ഒരു ഏഴോളം സുഹൃത്തുക്കൾ കൂടി ചേർന്നാണ് ആദ്യം ആ കമ്പനി തുടങ്ങിയത്‌,ഇപ്പോ അതിൽ നാല്‌ പേരെ ഉളളൂ.

ആ കമ്പനി തുടങ്ങാൻ തന്നെ കാരണം ഇതുപോലെ തീയേറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ടുള്ള പുതിയ ആളുകളുടെ സിനിമകൾ പ്രൊമോട്ട് ചെയുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്‌.അതിൽ ഞങ്ങൾ മാറ്റം വരുത്തിയിട്ടൊന്നുമില്ല,ഇതുവരെ ഞങ്ങൾ വലിയ താരങ്ങളുടെ സിനിമ ഒന്നും ചെയ്തിട്ടുമില്ല.തട്ടത്തിൻ മറയത്തും നേരവും 1983യും ഒക്കെ ചെയ്യുമ്പോൾ നിവിൻ പോളി ഒരു താരമായിരുന്നില്ല,അതൊക്കെ വിജയങ്ങൾ നേടിയ സിനിമകൾ ആയിരുന്നു.തുടർന്നും കിസ്മത്ത്,ഈട,ഓട്ടോർഷാ പോലുളള ചെറിയ സംരംഭങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചിട്ടേ ഉളളൂ.പൈസ തിരിച്ചു കിട്ടുമോ എന്ന്‌ ഭയമുള്ള സിനിമകൾ ചെയ്യാൻ ആളുകൾക്ക് പേടിയുണ്ടാവും,അങ്ങനെ ഭയമില്ലാതെ സിനിമകൾ ചെയ്യാൻ വേണ്ടി തുടങ്ങിയ കമ്പനി ആണ് എൽ ജെ ഫിലിംസ്.

നമ്മുടെ മലയാള സിനിമ ഇന്ന് ലോകശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ്,ചെറിയ ചിലവിൽ ലോകോത്തരമായ മികച്ച സിനിമകൾ നമമുടെ ഇൻഡസ്ട്രിയിൽ നിന്നും വരുന്നു,കഴിഞ്ഞ മുപ്പത്‌ വർഷമായി മലയാള സിനിമയിലുള്ള ആളെന്ന നിലയിൽ എന്ത്‌ തോന്നുന്നു ഈ നേട്ടത്തിനെ കുറിച്ച് ?

മലയാള സിനിമ എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു,ഇന്ത്യൻ സിനിമയിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു ഇൻഡസ്ട്രി ആയിരുന്നു നമ്മുടേത്‌.എല്ലാകാലത്തും ലോക സിനിമയിലെ ഇന്ത്യൻ മുഖം മലയാള സിനിമയുടേതായിരുന്നു.അരവിന്ദന്റെ കാലത്തും അടൂർ ഗോപാലകൃഷ്ണന്റെ കാലത്തും പിന്നീട്‌ കെ ജി ജോർജിന്റെയും മോഹന്റെയും ഭരതന്റെയും പത്മരാജന്റെയും ഒക്കെ കാലഘട്ടങ്ങളിൽ മലയാള സിനിമ ലോകനിലവാരത്തിൽ തന്നെ ഉണ്ടായിരുന്നവയാണ്,പിന്നീട്‌ ഇടക്കാലത്ത് അതിൽ ചെറിയ ഒരു മാറ്റമുണ്ടായി,ഇപ്പോ വീണ്ടും പുതിയ ചെറുപ്പക്കാർ,ലിജോ ജോസ്‌ പല്ലിശ്ശേരിയേയും ദിലീഷ്‌ പോത്തനെയും പോലെയുള്ള ആളുകൾ ലോകത്തിന്റെയും ഭാരതത്തിന്റെയും മുഴുവൻ ശ്രദ്ധ അവരുടെ സിനിമകളിലൂടെ മലയാളത്തിലേക്ക്‌ കൊണ്ടുവരുന്നു,അത് വളരെ നല്ല കാര്യം ആയിട്ടാണ് എനിക്ക് തോന്നുന്നത്.

മലയാള സിനിമ ഫിലിമിൽ ആയിരുന്നപോഴും ഇന്ന്‌ ഈ ഡിജിറ്റൽ യുഗത്തിലും ഒക്കെ കൃത്യമായി സിനിമ ചെയ്യുന്ന ആളാണ്‌ താങ്കൾ.ടെക്നോളജിയുടെ ഈ ഒരു വളർച്ച എത്രത്തോളം താങ്കളെയും നമമുടെ സിനിമകളെയും സ്വാധീനിച്ചിട്ടുണ്ട്‌ ?

ഫിലിമിൽ ഷൂട്ട് ചെയ്യുമ്പോൾ ഓരോ ഷോട്ട് എടുക്കുമ്പോഴും കൃത്യമായി കണക്കുകൂട്ടി, ഓരോ ഷോട്ടിനും എത്ര ദൈർഘ്യം വേണം എന്നുള്ളതെല്ലാം മുൻകൂട്ടി തീരുമാനിച്ച ശേഷമായിരുന്നു ഷൂട്ട് ചെയ്‌തിരുന്നത്‌.ആ തീരുമാനം എടുക്കാൻ കഴിയുന്ന ആളുകൾക്കാണ് സിനിമ ചെയ്യാൻ കഴിഞ്ഞിരുന്നത്.ഡിജിറ്റൽ ആയപ്പോൾ എത്രവേണമെങ്കിലും ഷൂട്ട് ചെയ്യാമെന്ന അവസ്ഥയായി. മറ്റേത്‌ എട്ടോ പത്തോ റിഹേഴ്‌സലുകൾക്ക്‌ ശേഷം പെർഫെക്റ്റ് ആയതിന് ശേഷമാണ്‌ ഒരു ഷോട്ട് എടുത്തിരുന്നത്.

ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ഒരു എഡിറ്റിംഗ് ഡയറക്ടർ ചെയ്‌തതിന്‌ ശേഷം ഓരോ ഷോട്ടിന്റെയും ലെങ്ങ്ത് ഓക്കേ ഫൈനലൈസ് ചെയ്തിട്ടാണ് സിനിമകൾ ചെയ്തുകൊണ്ടിരുന്നത്,പക്ഷേ ഇന്ന്‌ അങ്ങനല്ല,മൾട്ടീക്യാം ഉപയോഗിച്ചാണ് ഇപ്പോ ഷൂട്ട് ചെയ്യുന്നത്‌,അങ്ങനെ ചെയ്യുമ്പോൾ എല്ലാ ഷോട്ടുകളും അതായത്‌ ക്ലോസും സജ്ജഷനും മിഡ് ഷോട്ടും വൈഡ് ഷോട്ടും എല്ലാം ഒരേസമയം ഷൂട്ട് ചെയ്യാൻ പറ്റും.പക്ഷേ അങ്ങനെ ആയപ്പോൾ ജോലി കൂടിയത്‌ എഡിറ്റേഴ്സിനാണ്,അവർക്ക്‌ എഡിറ്റിംഗ് ടേബിളിൽ നിന്ന്‌ ആവശ്യം ഉള്ളത്‌ ചൂസ് ചെയ്യേണ്ട ഒരു അവസ്ഥ വന്നു.

സിനിമയുടെ ടെക്നോളജിയെ പറ്റി അധികം ഒന്നും അറിയാത്ത,വേണ്ട പരിശീലനം ലഭിക്കാത്തവർക്കും സിനിമ ചെയ്യാൻ പറ്റുമെന്ന അവസ്ഥ വന്നു,അത് ചില കേസുകളിൽ നല്ലതാണ് കാരണം അവർക്ക്‌ പറയാൻ ഒരു കഥ ഉണ്ടാവും,ആ കഥ നല്ലതാണേൽ ടെക്നോളജി ഒരു വലിയ പ്രശ്നമല്ല.ഒരു നല്ല ക്യാമറാമാനും,അസോസിയേറ്റ് ഡയറക്ടറും ഒക്കെ ഉണ്ടെങ്കിൽ അവർക്കത് ചെയ്ത് എടുക്കാൻ പറ്റും,അതിന്റെ ഗുണവും ദോഷവും ഇന്ന്‌ സിനിമയിൽ ഉണ്ട്‌.എന്നെ സംബന്ധിച്ച് ഞാൻ തുടങ്ങിയത്‌ പഴയകാലത്തായത് കൊണ്ട്‌ എനിക്ക് അന്നത്തെ കാലത്തെ ഫിലിം മേക്കിങ്ങിന്റെ മെറിറ്റും ഇന്നത്തെ കാലത്തെ ഫിലിം മേക്കിങ്ങിന്റെ മെറിറ്റും സംയോജിപ്പിക്കാൻ കഴിയുന്നുണ്ടെന്നാണ്‌ ഞാൻ കരുതുന്നത്.

ഇപ്പോൾ ഒരു സിനിമ അതികഠിനമായ കുപ്രചരണങ്ങളിലൂടെ തകർക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്,ഇത്തരം കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളെ പറ്റി എന്താണ്‌ ഒരു ഫിലിംമേക്കർ എന്ന നിലയിൽ താങ്കൾക്ക് പറയാനുള്ളത്‌ ?

ഇത്‌ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. എന്നൊക്കെ നമ്മൾ അമിത പ്രതീക്ഷ ഉള്ളൊരു സിനിമ അല്ലെങ്കിൽ അങ്ങനത്തെ വലിയ കാസ്റ്റിംഗുള്ള ഒരു സിനിമ ചെയ്തിട്ടുണ്ടോ,അന്നൊക്കെ ഇത്‌ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്‌. ഉദാഹരണത്തിന് ഞങ്ങൾ പട്ടാളത്തിന്റെ ആദ്യ പോസ്റ്റർ ഇറക്കിയപ്പോ അതിൽ ഉദ്ദേശിച്ചിരുന്നത് ഹ്യൂമർ ആയിരുന്നു,മമ്മൂക്ക തലകീഴായി കിടക്കുന്ന ഒരു പടമായിരുന്നു അതിൽ,അതിനെ പറ്റി ഞാനായിട്ട് കൂടുതൽ ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല പക്ഷെ ആ പോസ്റ്ററിൽ നിന്ന്‌ സൈന്യം,നായർസാബ് പോലുള്ള ഒരു മിലിട്ടറി ഫിലിം ആണെന്ന്‌ തെറ്റിദ്ധരിച്ചിട്ട് തീയേറ്ററിൽ വന്ന ആളുകൾക്ക്‌ അതൊരു ഫൺ ഫിലിം ആണെന്ന്‌ തിരിച്ചറിഞ്ഞപ്പോ ഉണ്ടായ ഒരു ഷോക്ക് ഉണ്ട്‌,അതിന്‌ അന്ന് വളരെ ഭീകരമായിട്ടാണ് മമ്മൂട്ടി ഫാൻസ്‌ പ്രതികരിച്ചത്.

രസികൻ ചെയ്തപ്പോഴും പ്രതീക്ഷിച്ചത്‌ പോലെ വന്നില്ലാന്ന്‌ പറഞ്ഞ് അന്ന് ആക്രമിക്കപ്പെട്ടിട്ടുണ്ട്.ഇതിൽ നിന്നൊക്കേ ഞാൻ മനസിലാക്കിയത് എന്താണ്‌ സിനിമയിൽ ഉള്ളതെന്നതിനെ പറ്റി വ്യക്‌തമായി പ്രേക്ഷകർക്ക്‌ ഒരു ഐഡിയ കൊടുക്കണം.തെറ്റായിട്ടൊരു ഇൻഫർമേഷൻ കൊടുത്ത് പടം ഇറക്കി കഴിഞ്ഞാൽ അതിന്റെ റിയാക്ഷൻസ്‌ ഭയങ്കരമായിരിക്കും.

രസികൻ എന്ന സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്നു താങ്കൾ പലപ്പോഴായി പറഞ്ഞ് കേട്ടിട്ടുണ്ട്‌,എന്താണ്‌ രസികന് സംഭവിച്ചത് ?

രസികൻ ചെയ്യേണ്ടിയിരുന്നില്ല എന്നല്ല തോന്നിയത്,അങ്ങനെ അല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നാണ് തോന്നിയത്‌.മീശാമാധവൻ കഴിഞ്ഞ് ചേകവൻ എന്ന്‌ പറയുന്ന ഒരു സിനിമ ചെയ്യാൻ ഞങ്ങൾ പ്ലാൻ ചെയ്‌തിരുന്നു.രണ്ട്‌ നായകകഥാപാത്രങ്ങളുള്ള പുതിയ ആളുകളെ വച്ചിട്ട്‌ ചെയ്യാനിരുന്ന ഒരു സിനിമ,അതിന്റെ പൂജയുടെ ദിവസം  ക്യാൻസൽ ചെയ്യപ്പെട്ടു.  അതിന്റെ നിർമ്മാതാവ് പിന്മാറി,വിതരണക്കാർ പിന്മാറി അങ്ങനെ ഇരിക്കയാണ് പട്ടാളം എന്ന സിനിമ ഉണ്ടാവുന്നത്.പട്ടാളം പരാജയപ്പെട്ടപ്പോൾ അതിന്റെ നിർമ്മാതാക്കളെ സഹായിക്കാനായിട്ടായിരുന്നു രസികൻ എന്ന സിനിമ പ്ലാൻ ചെയ്തത്,ആ സിനിമയ്ക്ക് ദിലിപ് ഡേറ്റ് തന്നപ്പോ പെട്ടെന്ന് ഞാൻ പ്രിപ്പയേർഡ് ആയിരുന്നില്ല.

ചേകവൻ എന്ന സിനിമയുടെ കഥ ദിലീപിന് അറിയാമായിരുന്നു,ആ സിനിമയിലെ ഒരു കഥാപാത്രത്തെ എടുത്തിട്ട് പുതിയ ഒരു സിനിമ ചെയ്യാമെന്ന്‌ ദിലിപ് ആവിശ്യപെട്ടപ്പോൾ ആണ്‌ രസികൻ ഉണ്ടായത്‌.മൂന്ന്‌ മാസം കൊണ്ട് ആ സിനിമ തുടങ്ങേണ്ടി വന്നു,അപ്പോൾ അതിലുണ്ടായ ഒരു പാളിച്ച അതിന്റെ കഥപറച്ചിലിൽ ഉണ്ടായി.അന്ന് കുറച്ച്കൂടി സമയം എടുത്ത് ആ സിനിമ ചെയ്തിരുന്നേൽ അന്നുണ്ടായ ദുർവിധി ആ സിനിമയ്ക്ക് ഉണ്ടാവില്ലായിരുന്നു എന്ന്‌ തോന്നിയിട്ടുണ്ട്.

ഇപ്പോൾ നടനായി കുറേയധികം സിനിമകളിൽ തിളങ്ങി,എന്നാണ്‌ സ്വന്തം സിനിമയിൽ ഒരു വേഷം അവതരിപ്പിക്കുക ?

അങ്ങനെ ഒരിക്കലും ഉണ്ടാവില്ല,അതിന് സാധ്യതയും ഇല്ല.ഒന്നാമതേ അഭിനയം എനിക്ക്‌ പറ്റിയ പണിയല്ല,എന്റെ രൂപത്തിന് ചേരുന്ന ചില കഥാപാത്രങ്ങൾ വരുമ്പോൾ ചിലർ വിളിക്കുന്നന്നെ ഉളളൂ.എന്നിലെ നടനെ ഞാൻ വിശ്വസിക്കുന്നില്ല,മറ്റൊരാൾക്ക് വിശ്വാസമുണ്ടാവും പക്ഷേ ഞാൻ വിശ്വസിക്കാൻ തുടങ്ങിയിട്ടില്ല.

കഴിഞ്ഞ ഇരുപത്‌ വർഷത്തെ സംവിധായക ജീവിതത്തെ എങ്ങനെ നോക്കികാണുന്നു ?

ഞാൻ ഇരുപത്‌ വർഷം നിലനിന്നു എന്നുള്ളതാണ്‌ ഏറ്റവും വലിയ കാര്യം.എനിക്ക്‌ ഈ ഇരുപതാമത്തെ വർഷവും ഒരു സിനിമ ചെയ്യാൻ കഴിയുന്നുണ്ട് എന്നതാണ് സന്തോഷം.തുടർന്നും നിലനിൽക്കണം എന്നാണ്‌ ആഗ്രഹം,എന്നാലേ നമുക്ക് ഇഷ്ടമുള്ള എന്തേലും സിനിമയിൽ ചെയ്യാൻ കഴിയൂ.നിലനിൽക്കാൻ കഴിഞ്ഞതിന്‌ പ്രേക്ഷകർക്ക് നന്ദി.

അടുത്ത സിനിമയെ പറ്റി ?

അടുത്തത് ബിജു മേനോൻ നായകനാകുന്ന ഒരു സിനിമയാണ്‌,അത് എന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ആണ്‌.ഒത്തിരി പ്രത്യേകതകൾ ഉള്ളൊരു വിഷയം ആണ്‌ കൈകാര്യം ചെയ്യുന്നത് വലിയ പ്രതീക്ഷകളോടെ ആണ്‌ അതിനെ കാണുന്നത്‌.വാണിജ്യപരമായും കലാപരമായും ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമ ആക്കണമെന്നാണ് ആഗ്രഹിക്കുന്നത്.തിരകഥ എഴുതുന്നത്‌ പ്രജീഷ് എന്നൊരു പുതുമുഖം ആണ്‌.ഉടനെ ഷൂട്ടിംഗ് ആരംഭിക്കും.

അഭിമുഖം/രഞ്ജിത് ശങ്കര്‍: രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും വരുമ്പോള്‍ ജോൺ ഡോൺ ബോസ്കോ മാറിയോ?

 

നവ്നീത് എസ് കെ

നവ്നീത് എസ് കെ

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, തിരുവനന്തപുരം സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍