UPDATES

വായന/സംസ്കാരം

ദൈവങ്ങൾ ബലാത്സംഗം ചെയ്യുമോ? സംഘപരിവാർ ആക്രമണം നേരിടുന്ന ചിത്രകാരി ദുർഗ്ഗ മാലതിയുമായി അഭിമുഖം

വിശ്വാസങ്ങളെയോ വിശ്വാസികളെയോ ചോദ്യം ചെയ്യാൻ ശ്രമിച്ചിട്ടില്ല, ഉദ്ദേശിച്ചിട്ടുമില്ല. ഞാൻ ഉന്നയിച്ചത് ക്ഷേത്രത്തിനകത്തു വെച്ച് ഒരു മുസ്ലിം പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്ന വിഷയമാണ്.

ഇറ്റാലിയൻ നവോത്ഥാനകാല ചിത്രകാരി സോഫോണിസ്ബ ആംഗ്വിസോള 1550ൽ വരച്ച ഒരു സെൽഫ് പോർട്രെയ്റ്റ് അക്കാലത്ത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഗുരുവായ ബെർണാര്‍ഡിനോ കാംപി, ആംഗ്വിസോളയെ വരയ്ക്കുന്നതായാണ് ഈ സെൽഫ് പോർട്രെയ്റ്റിന്റെ ചിത്രീകരണം. ഒറ്റനോട്ടത്തിൽ, സാധാരണ ആസ്വാദകന്റെ കാഴ്ചയിൽ, ആണധികാരത്തിന് കീഴ്പ്പെടുന്ന ചിത്രകാരിയെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക. സ്ത്രീയെ പുരുഷൻ വരയ്ക്കുന്നു എന്ന രീതിയിൽ. എന്നാൽ ഗൂഢമായ ഒന്ന് ചിത്രത്തിൽ ഒളിപ്പിച്ചു വെച്ചിരുന്നു ആംഗ്വിസോള. കാംപി വരയ്ക്കുന്നത് ആംഗ്വിസോളയുടെ വസ്ത്രത്തിലെ അലുക്കുകളാണ്. അന്നുമിന്നും സമ്പന്നരായ ചിത്രമെഴുത്തുകാർ തങ്ങളുടെ അസിസ്റ്റന്റുമാരെ വെച്ച് ചെയ്യിക്കുന്ന പണി! അന്നത്തെ പുരുഷാധിപത്യ സമൂഹത്തെ അതിമാരകമായ ധ്വനികളോടെ ചോദ്യം ചെയ്യുകയായിരുന്നു ആംഗ്വിസോള.

ആംഗ്വിസോളയുടെ സെൽഫ് പോർട്രെയ്റ്റ്

അന്ന് യാഥാസ്ഥിതിക ബുദ്ധിജീവി സമൂഹത്തിന്റെ കലാപമാണ് ആംഗ്വിസോളയ്ക്കെതിരെ ഉയർന്നത്. ‘മരണമുള്ള ദൈവ’ങ്ങളായാണ് ആൺ പെയിന്റർമാർ അക്കാലത്ത് പരിഗണിക്കപ്പെട്ടിരുന്നതെന്നോർക്കണം.

‘മരണമുള്ള ദൈവ’ങ്ങളുടെ കാലം അസ്തമിച്ചിട്ടില്ലാത്ത നാടാണ് നമ്മുടേത്. താരതമ്യം ചെയ്യാൻ മെനക്കെട്ടാൽ നമ്മുടെ നവോത്ഥാനങ്ങൾ പരിമിതികളോടെയാണ് പെരുമാറിയതെന്നു പോലും പറയാം. പെണ്ണുങ്ങൾ വരയ്ക്കുമ്പോൾ അതിൽ സമൂഹം കണ്ടെത്തുന്ന ‘പരിമിതി’കളിൽ നമ്മുടെ നവോത്ഥാനത്തിന്റെ പരിമിതി തന്നെയാണ് പ്രതിഫലിക്കുന്നതെന്നും പറയേണ്ടിവരും. ഈ ആണധികാര യാഥാസ്ഥിതികതയ്ക്കൊപ്പം തീവ്രദേശീയതയുടെ ഉദ്ധരിച്ച ലിംഗങ്ങൾ കൂടി സംവാദത്തിനെത്തിയാലോ? അതാണ് ദുർഗ്ഗ മാലതി എന്ന ചിത്രകാരി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

മനുഷ്യലിംഗങ്ങൾ ദേവപദവി അവകാശപ്പെടുകയും അതിന്റെ വയലന്‍സിനെ ദൈവികമായി ചിത്രീകരിക്കുകയും ചെയ്യുന്ന അതിഭീകരമായ അവസ്ഥയെക്കുറിച്ചാണ് ദുർഗ്ഗ മാലതിക്ക് പറയാനുള്ളത്. താൻ വരച്ച മനുഷ്യലിംഗത്തെ ദൈവലിംഗമാണെന്ന് ആരോപിക്കുകയും ശേഷമതിനെ ദൈവനിന്ദയായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന കൂട്ടരെക്കുറിച്ച് ചിത്രകാരി ഭയപ്പെടുന്നു. ദുർഗ്ഗ മാലതിയുമായി സന്ദീപ് കരിയന്‍ നടത്തിയ അഭിമുഖം വായിക്കാം:

ദുർഗ്ഗ മാലതി ദൈവത്തെ അപമാനിച്ചുവോ?

ലിംഗം കൊണ്ട് ചിന്തിക്കുന്ന മനുഷ്യരെക്കുറിച്ചാണ് ഞാൻ വരച്ച ചിത്രം പറയുന്നത്. അത് വളരെ വ്യക്തമായി ചിത്രത്തിൽ എഴുതുകയും ചെയ്തിരുന്നു. ജനനം കൊണ്ട് ഞാനുമൊരു ഹിന്ദുവാണ്. ദൈവങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ബലാൽസംഗം വരില്ലല്ലോ. പിഞ്ചുകുഞ്ഞിനെ ബലാൽസംഗം ചെയ്യുന്നവർ ദൈവങ്ങളാണെന്നും അവർ ചെയ്തത് ദൈവികമാണെന്നും സ്വയം അവകാശപ്പെടുന്നത് പരിഹാസ്യമല്ലേ? ഞാൻ ലിംഗം കൊണ്ട് ചിന്തിക്കുന്നവർ എന്നു വിളിച്ചത് അവരെയാണ്. അവർക്ക് ദൈവമുണ്ടെന്ന് കരുതുന്നത് അബദ്ധമാണ്. ദൈവമുണ്ടെന്ന് കരുതുകയും ദൈവഭയം ശീലിക്കുകയും ചെയ്തവർക്ക് ക്ഷേത്രത്തിനുള്ളിൽ വെച്ച് ബലാൽസംഗം ചെയ്യാൻ കഴിയുമോ?

യുദ്ധകാലത്ത് ആധിപത്യം സ്ഥാപിക്കാൻ സ്ത്രീകളെയും കുട്ടികളെയും ബലാൽസംഗം ചെയ്യുന്നത് സാധാരണമാണ്. ലിംഗം ഒരു ആധിപത്യ ഉപാധിയായി മാറിയ യുദ്ധകാലത്താണോ നമ്മൾ?

ലിംഗത്തെ ഒരു രാഷ്ട്രീയ-വർഗീയ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കുന്നതാണ് ആസിഫ സംഭവത്തിൽ കണ്ടത്. ഞാൻ തന്നെയും വെർബൽ റെയ്പ്പിനാണ് സോഷ്യൽ മീഡിയയിൽ ഇരയായിക്കൊണ്ടിരിക്കുന്നത്. സ്ത്രീയെ റെയ്പ്പ് കൊണ്ട് തളർത്താമെന്ന് ചിന്തിക്കുന്നവർ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. ലിംഗം കൊണ്ട് ചിന്തിക്കുന്നവർ എന്ന് ഞാനവരെ വിളിച്ചതും ഇതുകൊണ്ടൊക്കെ തന്നെയാണ്.

വിശ്വാസത്തിനും വിശ്വാസികൾക്കും മുകളിൽ തങ്ങൾക്ക് പ്രത്യേക അവകാശമുണ്ടെന്ന് സ്ഥാപിച്ചെടുക്കുകയും അതുവഴി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കകയും ചെയ്യുകയാണോ അവർ?

യഥാർത്ഥ വിശ്വാസികൾ ഇവരുടെ പ്രചാരണങ്ങളെ വിലയ്ക്കെടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഫെയ്ക്ക് പ്രൊഫൈലുകളിൽ നിന്നാണ് തെറിവിളികളും മറ്റും വരുന്നത്. ഇവർക്കൊക്കെ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കരുതാനാകില്ല. എങ്കിലും കുറച്ചുപേരെയെങ്കിലും ഇതൊക്കെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ എന്ന ഭീതി എനിക്കുണ്ട്. നൂറുപേർ നുണ പറയുകയും പത്തുപേർ മാത്രം സത്യം പറയുകയും ചെയ്യുമ്പോൾ ചിലരെങ്കിലും സ്വാധീനിക്കപ്പെടുമോ എന്ന ഭീതി.

തുടർച്ചയായ ഒരു പ്രതിരോധം ശക്തിപ്പെടേണ്ടതുണ്ട് എന്നാണോ പറഞ്ഞുവരുന്നത്?

അതെ. മതം നോക്കിയല്ല നമ്മളാരും ആസിഫയുടെ വിഷയത്തിൽ പ്രതികരിച്ചത്. എന്നാൽ നമ്മുടെ പ്രതികരണങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വർഗീകരിക്കാന്‍ സംഘപരിവാർ ശ്രമിക്കുന്നു. ഇതാണ് എന്നെ സുഡാപ്പി എന്ന് വിളിച്ചും പാകിസ്താനിലേക്ക് പോകൂ എന്നാവശ്യപ്പെട്ടും അവർ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് പറയാൻ പാടില്ല എന്നവർ തീട്ടൂരമിറക്കുന്നു. അത് വർഗീയതയാണത്രേ! മുസ്ലിങ്ങളായ എന്റെ സഹപ്രവർത്തകർ എന്നെ ഈ വിഷയത്തിൽ പിന്തുണച്ചപ്പോൾ ‘ഞങ്ങളുടെ മതത്തിൽ നിങ്ങൾക്കെന്താ കാര്യ’മെന്നാണ് സംഘപരിവാറുകാർ ചോദിക്കുന്നത്. ഇത് കേൾക്കുമ്പോൾ സ്വാഭാവികമായും മുസ്ലിം സമുദായത്തിൽ പെട്ടയാൾക്ക് ഭീതി ഉണ്ടായെന്നിരിക്കും. ഇങ്ങനെ എല്ലാവരെയും നിശ്ശബ്ദരാക്കാനാണ് അവരുടെ ശ്രമം.

ലിംഗം കൊണ്ടു ചിന്തിക്കുന്നവരുടെ ഭീഷണിക്ക് മുന്നില്‍ പേടിക്കില്ല; ദുര്‍ഗ മാലതി

ഭക്തിയിൽ വയലന്‍സ് കലർത്താനാണ് ശ്രമമെന്ന് ഈ ആക്രമണങ്ങൾക്ക് വിധേയമായപ്പോൾ തോന്നിയിരുന്നോ?

വിശ്വാസങ്ങളെയോ വിശ്വാസികളെയോ ചോദ്യം ചെയ്യാൻ ശ്രമിച്ചിട്ടില്ല, ഉദ്ദേശിച്ചിട്ടുമില്ല. ഞാൻ ഉന്നയിച്ചത് ക്ഷേത്രത്തിനകത്തു വെച്ച് ഒരു മുസ്ലിം പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്ന വിഷയമാണ്. അതിലേക്ക് ദൈവത്തെയും ഭക്തിയെയും കൊണ്ടുവന്നിടുന്നതിനോട് എനിക്ക് താൽപര്യമില്ല. ദൈവവിശ്വാസികളായിരുന്നെങ്കിൽ ക്ഷേത്രത്തിനകത്തു വെച്ച് അവർക്കത് ചെയ്യാൻ എങ്ങനെ സാധിക്കും? ദൈവത്തിനു മുന്നിൽ വെച്ച് മയക്കുമരുന്ന് കൊടുത്ത് കുട്ടിയെ പീഡിപ്പിക്കാൻ എങ്ങനെ സാധിക്കും? ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുകയും അതിനു ശേഷം ദൈവത്തെ കൂട്ടുപിടിച്ച് അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന സംഘപരിവാർ അജണ്ടയെയാണ് നമ്മൾ തുറന്നു കാട്ടേണ്ടത്. ആ പെൺകുട്ടിയെ പീഡിപ്പിച്ചവർക്കാർക്കും ദൈവത്തില്‍ ഒരു വിശ്വാസവുമില്ല. ദൈവം ഇതെല്ലാം കാണുമെന്ന ചിന്തപോലും അവർക്കില്ല. അതാണ് ഞാൻ എന്റെ ചിത്രത്തിലൂടെ പറയാനുദ്ദേശിച്ചത്. ഇത് മനസ്സിലാകാതെ പോയത് ബലാൽസംഗം ചെയ്തവർക്കും അവരെ പിന്തുണച്ചവർക്കും മാത്രമാണ്.

ത്രിശൂലം എന്ന ബിംബത്തിലാണ് അവർ പിടികൂടിയത്.

ലിംഗത്തെ അവർ ആയുധമാക്കുന്ന എന്നു തന്നെയാണ് ഞാനാ ചിത്രത്തിലൂടെ പറഞ്ഞത്. പക്ഷെ, സ്ത്രീ ഒരു ലിംഗം വരച്ചു എന്നത് നമ്മുടെ സമൂഹത്തിലെ പല പുരോഗമനകാരികൾക്കു പോലും ദഹിച്ചിട്ടില്ല. വീട്ടിനു പുറത്ത് പുരോഗമനകാരികളും വീട്ടിനകത്ത് അരനൂറ്റാണ്ട് മുമ്പത്തെ ജീവിതം ജീവിക്കുകയും ചെയ്യുന്ന ആളുകൾ എന്നെ വാക്കുകൾ കൊണ്ട് ആക്രമിച്ചവരുടെ കൂട്ടത്തിൽ കൂടുന്നത് ഞാൻ കണ്ടു. വലിയ ‘നന്മയിൽ നാരായണന്‍’മാരായാണ് ഇവർ പ്രത്യക്ഷപ്പെടുക. ‘ലിംഗമൊക്കെ വരച്ചോ ഇവൾ’ എന്നതാണ് ഇത്തരക്കരുടെ മനോഭാവം. ഞാനൊരു വലിയ അള്‍ട്രാ പുരോഗമനകാരിയൊന്നുമല്ല. ചെറിയ അമ്പലങ്ങളിലൊക്കെ പോയിരിക്കാൻ ഇഷ്ടമാണ്. ശാന്തമായ അന്തരീക്ഷത്തിൽ അവിടെ ലഭിക്കുന്ന പൊസിറ്റീവ് എനർജി എന്നെ ആകർഷിക്കാറുമുണ്ട്.

എംഎഫ് ഹുസ്സൈന്‍ എന്ന ലോകവിഖ്യാതനായ ചിത്രകാരന് രാജ്യം വിട്ടുപോയി കുവൈത്തിൽ താമസമാക്കേണ്ടിവന്ന സാഹചര്യം ഓർമയുണ്ടാകുമല്ലോ. അന്ന് ഭരിക്കുന്നവര്‍ കാര്യമായ പിന്തുണ അദ്ദേഹത്തിന് നൽകിയില്ല. സമൂഹത്തിൽ നിന്നുള്ള പ്രതിഷേധങ്ങൾ ഒട്ടും ശക്തമല്ലായിരുന്നു. ഇപ്പോൾ ഹുസ്സൈൻ അനുഭവിച്ച പീഡനം നമ്മുടെ വീട്ടുപടിക്കലെത്തിയിരിക്കുന്നു.

എംഎഫ് ഹുസ്സൈന് വളരെ ചുരുക്കം പേരിൽ നിന്നു മാത്രമാണ് പിന്തുണ കിട്ടിയത്. കുറച്ച് ഇടതുപക്ഷക്കാരും ലിബറൽ മനോഭാവമുള്ളവരും മാത്രം അന്ന് പ്രതികരിച്ചു. എന്നാലിന്ന് സമൂഹം ഈ വിഷയത്തിൽ കുറെക്കൂടി ബോധമുള്ളവരായി മാറിയിട്ടുണ്ട്. സാധാരണക്കാർ പോലും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതൊരു ഫാക്ടാണ്. ഫേസ്ബുക്കിൽ അവർ പ്രതികരിക്കുന്നൊന്നുമുണ്ടാകില്ല. എന്നാൽ കാര്യം തിരിച്ചറിഞ്ഞവരാണ് അവർ. എംഎഫ് ഹുസ്സൈന്റെ കാലത്തെ അപേക്ഷിച്ച് പിന്തുണയ്ക്കുന്നവർ കൂടുതൽ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണെന്റെ തോന്നൽ. എന്നെ തെറിവിളിച്ചവരൊക്കെ ഒളിച്ചിരുന്നാണ് ചെയ്തത്. അത്രയ്ക്കൊക്കെ അവർക്ക് തട്ടിയിട്ടുണ്ടെങ്കിൽ നേരിട്ടു വന്ന് പറയാത്തതെന്ത്? ഞാനിനി ഇങ്ങനെത്തന്നെ പോകാനാണ് ഉദ്ദേശിക്കുന്നത്. ആരെയും പ്രകോപിപ്പിക്കാനൊന്നും എനിക്കുദ്ദേശ്യമില്ല. പറയാനുള്ളത് പറയും. ഇതിൽ നിന്നൊക്കെ എന്നെപ്പോലുള്ള സാധാരണമായ ജീവിത പശ്ചാത്തലമുളളവർക്ക് നഷ്ടം മാത്രമാണുള്ളത് എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്.

ചിത്രരചനയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഫാന്റസികളിൽ മുഴുകാൻ എനിക്ക് താൽപര്യമില്ല എന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ. ചിത്രകല പഠിച്ച ഒരാളുടെ കണ്ണിലൂടെ നോക്കിയാൽ എന്റെ ചിത്രങ്ങളിൽ പിഴവുകളായിരിക്കാം കൂടുതൽ. ഞാൻ കല പഠിച്ചിട്ടില്ല. അതെക്കുറിച്ച് വേവലാതിപ്പെടാൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും ആലോചനയുള്ളതും യഥാർത്ഥ ജീവിതത്തോട് തൊട്ടുനിൽക്കാന്‍ സാധിക്കുന്നതുമായ വരകളായിരിക്കണം എന്റേത് എന്ന ആലോചനയാണ് എനിക്കുള്ളത്. നേരത്തെയും എനിക്കെതിരെ ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. നോട്ടുനിരോധനകാലത്ത് ഞാൻ വരച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ എനിക്ക് തെറിവിളികൾ മെസ്സേജായാണ് എത്തിയത്. അന്നെനിക്ക് ഇൻബോക്സ് സെറ്റിങ്സ് മാറ്റി ഫ്രണ്ട്സല്ലാത്തവരെ തടയേണ്ടി വന്നു.

ഹിന്ദു ലീഗൽ സെൽ എന്നോ മറ്റോ പേരുള്ള ഒരു കൂട്ടർ ദുർഗ്ഗയ്ക്കെതിരെ അലഹബാദ് കോടതിയിൽ ഹരജി നൽകിയതായി ചിലയിടത്തൊക്കെ കണ്ടു.

വരട്ടെ, കാണാം.

ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം; ‘എനിക്ക്‌ നീതി കിട്ടിയില്ലെങ്കിൽ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും’

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍