UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാശ്രയ കരാര്‍; ഗവണ്‍മെന്റിനെ പൂര്‍ണ്ണ വിശ്വാസം-എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍/അഭിമുഖം

Avatar

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ വിഷയത്തില്‍ എസ്എഫ്ഐയുടെ നിലപാടുകളെ കുറിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ അഴിമുഖം പ്രതിനിധി നിതിന്‍ അംബുജനുമായി സംസാരിക്കുന്നു.

നിതിന്‍സ്വാശ്രയ പ്രശ്നം എക്കാലത്തും സജീവ ചര്‍ച്ചകള്‍കും വിവാദങ്ങള്‍ക്കും ഇട നല്‍കിയിട്ടുണ്ട്. ശാശ്വതമായ പരിഹാരം ഇപ്പോഴും അകലെയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. എസ്.എഫ്.ഐ ഈ പ്രശ്നത്തെ എങ്ങനെയാണ് നേരിടുന്നത്. എന്ത് പരിഹാര മാര്‍ഗമാണ് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്?

വിജിന്‍: എ.കെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായ കാലഘട്ടത്തിലാണ് സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുന്നത്. ഒരു ഗവണ്മെന്റ് കോളേജ് സമം രണ്ട് സ്വാശ്രയ കോളേജ് എന്ന നിലയില്‍. അന്ന് മുതല്‍ എസ്.എഫ്.ഐ ശക്തമായ സമരത്തിലായിരുന്നു. ആ ഘട്ടത്തില്‍ ഉള്‍പ്പടെ എസ്.എഫ്.ഐ പറഞ്ഞതാണ്‌ ഇത്തരത്തില്‍ സ്വാശ്രയ കോളേജ് ആരംഭിച്ചാല്‍ അത് വിദ്യാഭ്യാസ കച്ചവടത്തിന് വഴി ഒരുക്കും എന്ന്. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ സ്വാശ്രയ കോളേജ് കേരളത്തില്‍ ആരംഭിച്ചത് യു.ഡി.എഫാണ്. 50:50 എന്ന് പറയുന്ന നയവും അവരുടേതാണ്. ഞങ്ങളുടെ നയമല്ല അത്. എപ്പോഴെല്ലാം കേരളത്തില്‍ യു.ഡി.എഫ് ഭരിച്ചിട്ടുണ്ടോ അതിന്‍റെ ചരിത്രമെടുത്ത് നോക്കിയാല്‍ അപ്പോഴെല്ലാം സ്വാശ്രയ മേഖലയില്‍ വലിയ കൊള്ളയാണ് നടന്നുകൊണ്ടിരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷകാലം കേരളത്തിലെ സ്വാശ്രയ മേഖലയില്‍ വലിയ കൊള്ളയാണ് നടന്നിട്ടുള്ളത്. ആ അഞ്ചു വര്‍ഷവും ഞങ്ങള്‍ സമരം നടത്തിയതാണ്. ഇന്നും ശക്തമായ നിലപാട് സ്വാശ്രയ വിഷയത്തില്‍ ഞങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കോടിക്കണക്കിന് രൂപയുടെ തലവരി പണമാണ് മാനേജ്മെന്‍റുകള്‍ വാങ്ങിയത്. സര്‍ക്കാരുമായി രഹസ്യധാരണയുടെ പുറത്താണ് ഇതെല്ലാം നടന്നത്. കഴിഞ്ഞ വര്‍ഷം 2000 റാങ്ക് കിട്ടിയ കുട്ടിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. ലക്ഷങ്ങളും കോടികളും കൊടുത്തു കൊണ്ട് 20,000 റാങ്ക് കിട്ടിയ കുട്ടി പ്രവേശനം നേടിയ നിലയുണ്ടായി. ഇതിനെതിരെ ഈ ഗവണ്മെന്റ് മെറിറ്റ്‌ പ്രകാരം നേരിട്ട് പ്രവേശനം നടത്താന്‍ തീരുമാനിച്ചു. സ്വാശ്രയ മേഖലയില്‍ ഇപ്പോഴുള്ള കേരളത്തിലെ സാഹചര്യത്തിന് മെറിറ്റും സാമൂഹ്യ നീതിയും സംരക്ഷിച്ചു കൊണ്ട് പോകണം എന്നുള്ളതാണ് എസ്.എഫ്.ഐ.യുടെ നിലപാട്. ഫീസ് ഏകീകരണമായി ബന്ധപെട്ട വിഷയം വന്നപ്പോള്‍ എസ്.എഫ്.ഐ തന്നെ അതിനെ ശക്തമായി എതിര്‍ത്തതാണ്. പക്ഷെ മെറിറ്റ്‌ പാലിക്കാന്‍ ഈ ഗവണ്മെന്റ് മുന്നോട്ട് വന്നപ്പോള്‍ അതിനു കൂട്ടുനില്‍ക്കാത്ത നിലപാടാണ്‌ മാനേജ്മെന്‍റ് സ്വീകരിച്ചത്. മാനേജ്മെന്‍റ് കോടതിയെ സമീപിക്കുന നിലയുണ്ടായി. വിധി അവര്‍ക്ക് അനുകൂലമായി വന്നു. ആ ഘട്ടത്തില്‍ കേരളത്തില്‍ മെറിറ്റ്‌ സീറ്റ്‌ നഷ്ടപ്പെടും എന്ന സ്ഥിതി വരികയുണ്ടായി. കൃത്യമായ ചര്‍ച്ച നടത്തി മെറിറ്റ്‌ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 700ലധികം സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സാധിച്ചു. അത് സ്വാഗതാര്‍ഹമായ കാര്യമാണ്.

നിതിന്‍: മുഴുവന്‍ സീറ്റും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ എസ്.എഫ്.ഐ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കോടതി അതിനെ തടഞ്ഞപ്പോള്‍ അതിന് അപ്പീല്‍ പോകാഞ്ഞതും മൌനം പാലിച്ചതും എന്തുകൊണ്ടാണ്?

വിജിന്‍: ഒരു ഘട്ടത്തിലും ഞങ്ങള്‍ മൌനം പാലിച്ചില്ല. വിധി ഖേദകരമായിരുന്നു എന്ന് മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഞങ്ങള്‍ പറഞ്ഞതാണ്‌. പക്ഷെ അവടെ ഉണ്ടായിട്ടുള്ള പ്രശ്നം സെപ്റ്റംബര്‍ 30നകം പ്രവേശനം പൂര്‍ത്തീകരിക്കണം എന്ന ബഹുമാനപ്പെട്ട സുപ്രീം കോടതി തീരുമാനമായിരുന്നു. വീണ്ടും തുടര്‍ കേസുമായി പോയാല്‍ ആകെ കുഴഞ്ഞുമറിയുന്ന ഒരു സാഹചര്യം വരും. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കേണ്ട കടമ ഞങ്ങള്‍ക്ക് കൂടി ഉള്ള സാഹചര്യത്തിലാണ് ആ വിധിയോടുള്ള വിയോജിപ്പോട് കൂടി സര്‍ക്കാര്‍ തീരുമാനത്തിന്റെ ഒപ്പം നിന്നത്.

നിതിന്‍: കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി 400ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കുറഞ്ഞ ഫീസായ 25,000 രൂപയ്ക്ക് പ്രവേശനം നേടാന്‍ സാധിക്കും. എങ്കിലും ഫീസ് വര്‍ധനവ് ഇടതു സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കാത്തതല്ലേ?

വിജിന്‍: അതിന്‍റെ സാഹചര്യവും കൂടെ പരിശോധിക്കേണ്ടതുണ്ട്. ഈ ഗവണ്മെന്റ് ആദ്യം ഒരു മികച്ച നിലപാട് എടുത്തു. എല്ലാ സീറ്റിലും സര്‍ക്കാര്‍ തന്നെ മെറിറ്റ്‌ പ്രകാരം പ്രവേശനം നടത്തുമെന്ന് പറഞ്ഞ ഘട്ടത്തിലാണ് മാനേജ്മെന്‍റുകള്‍ അതിനു തയ്യാറാവാതെ കോടതിയെ സമീപിച്ചത്. അപ്പോഴാണ് സര്‍ക്കാരിന്റെ തീരുമാനത്തെ സ്റ്റേ ചെയ്തുകൊണ്ട് കോടതിയുടെ വിധി വന്നത്. മുഴുവന്‍ സീറ്റിലും മാനേജ്മെന്‍റുകള്‍ക്ക് പ്രവേശനം നടത്താം എന്ന സാഹചര്യത്തിലേക്ക് പോയാല്‍ മാനേജ്മെന്‍റുകള്‍ തോന്നുന്ന രീതിയില്‍ പ്രവേശനം നടത്തുന്ന നിലയുണ്ടാകും. സര്‍ക്കാരിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥ വരും. ജെയിംസ്‌ കമ്മിറ്റിക്ക് ഇടപെടാം എന്നു പറയുന്നുണ്ടെങ്കില്‍ പോലും കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയത് നമുക്ക്  കാണാന്‍ സാധിക്കും. ആ സാഹചര്യത്തിലാണ് മാനേജ്മെന്‍റുകളുമായി ഗവണ്മെന്റ് കരാറില്‍ എത്തുന്നത്. കരാറില്‍ എത്തിയതുകൊണ്ടാണ് ഇത്രയും  മെറിറ്റ്‌ സീറ്റുകള്‍ കൃത്യമായി ചെറിയ ഫീസില്‍ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 25,000 ഫീസില്‍ പഠിക്കാന്‍ സാധിക്കുന്നു എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ഫീസ്‌ ഇളവില്‍ കേരളത്തില്‍ പഠിക്കാന്‍ സാധിക്കുന്നു. കഴിഞ്ഞ വര്‍ഷം 5 കോളേജുകള്‍ ഗവണ്‍മെന്റുമായി ധാരണപോലും ഉണ്ടാക്കിയിട്ടില്ല, അവരെ ഉള്‍പ്പെടെ ധാരണയില്‍ എത്തിക്കാന്‍ സാധിക്കുന്നു. അത്തരം സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിക്കൊണ്ട് വേണം ഈ വര്‍ഷത്തെ സ്വാശ്രയ കരാറിനെ പരിശോധിക്കേണ്ടത്.



നിതിന്‍
: തലവരി പണം കര്‍ശനമായി തടയുമെന്നും ജെയിംസ്‌ കമ്മിറ്റിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സര്‍ക്കാര്‍ പറയുന്നു. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വ്യക്തമാക്കി. എന്നാല്‍ പലയിടങ്ങളിലും 20 ലക്ഷത്തില്‍പരം തലവരിപണം വാങ്ങുന്നതായി വിവരങ്ങള്‍ വരുന്നു. ഏജന്റുമാര്‍ കരിയര്‍ ഗൈഡന്‍സ് കേന്ദ്രങ്ങളെന്ന വ്യാജേന പ്രവര്‍ത്തിക്കുന്നതായും വാര്‍ത്തകള്‍ ഉണ്ട്. സര്‍ക്കാരും വിദ്യാര്‍ത്ഥി സംഘടനകളും ഇടപെടേണ്ട സമയം അതിക്രമിച്ചില്ലേ?

വിജിന്‍: തീര്‍ച്ചയായും. ഈ വിഷയത്തില്‍ എസ്.എഫ്.ഐ ഇടപെട്ടുകഴിഞ്ഞു. എസ്.എഫ്.ഐ ഇത്തരം കോളേജുകളിലേക്ക് മാര്‍ച്ച്‌ നടത്തുകയുണ്ടായി. ഇവിടെ കഴിഞ്ഞ വര്‍ഷങ്ങളിലെ കാര്യം നേരത്തെ സൂചിപ്പിച്ചതാണ്. കോടികള്‍ തലവരി പണം വാങ്ങിക്കുന്നത് തുടരാന്‍ ശക്തമായ ശ്രമത്തിലാണ് മാനേജ്‌മെന്റ്‌. എന്നാല്‍ അതിന് കടിഞ്ഞാണിടാന്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ കേരളത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഉണ്ണികൃഷ്ണന്‍ കേസിലും, ടി.എം.എ പൈ കേസിലും തലവരി പണം വാങ്ങി പ്രവേശനം നടത്തരുത് എന്ന് സുപ്രീം കോടതി കൃത്യമായി പറയുന്നുണ്ട്. അത് നഗ്നമായി ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരികേണ്ടതായിട്ടുണ്ട്. 

നിതിന്‍: സ്വാശ്രയ മെഡിക്കല്‍ കോഴ്സുകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. സര്‍ക്കാര്‍ മാനേജ്മെന്‍റുകളുമായി ഉണ്ടാക്കിയ കരാര്‍ ഭാവിയില്‍ ഉപകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറയുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാറിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചതായി തോന്നുന്നുണ്ടോ?

വിജിന്‍: ഈ ഗവണ്മെന്റ് എടുത്ത നിലപാടില്‍ നല്ല വിശ്വാസം തന്നെയാണ് ഉള്ളത്. ഏകീകൃത അലോട്ട്മെന്റ്റ് സംവിധാനവും മെറിറ്റും പാലിച്ചു കൊണ്ട് മുന്നോട്ട് പോകാന്‍ വേണ്ടി സര്‍ക്കാര്‍ ശക്തമായി വരുമ്പോള്‍ ജനങ്ങളെ കണക്കിലെടുത്ത് കൊണ്ട് തന്നെയാണ് സര്‍ക്കാര്‍ നീങ്ങുന്നത് എന്നതില്‍ യാതൊരു സംശയവും ഇല്ല. 

നിതിന്‍: 20 കോളേജുകള്‍  സര്‍ക്കാരുമായി കരാറുണ്ടാക്കി എന്നതൊഴിച്ചാല്‍ ഇടത് സര്‍ക്കാര്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് ഏറെയൊന്നും മുന്നോട്ട് പൊയിട്ടില്ല. വിവാദം കൊഴുക്കുകയും ഫീസ്‌ വര്‍ദ്ധിപ്പികുകയും ചെയ്തു. സര്‍ക്കാരിന് തെറ്റ് പറ്റിയെന്നു എസ്.എഫ്.ഐ. കരുതുന്നുണ്ടോ?

വിജിന്‍: ഈ വിഷയത്തില്‍ സര്‍ക്കാരിനു തെറ്റ് പറ്റിയെന്ന അഭിപ്രായമൊന്നും എസ്.എഫ്.ഐക്ക് ഇല്ല. ഏകീകൃത ഫീസ്‌ കൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ അതിനെ ശക്തമായി എതിര്‍ത്തതാണ്‌. സര്‍ക്കാര്‍ ഇപ്പോള്‍ ശരിയായ പാതയിലാണ്. കഴിഞ്ഞ വര്‍ഷം 12 കോളേജുകളുമായിട്ടാണ് കരാറില്‍ ഏര്‍പ്പെടാന്‍ സാധിച്ചത്. ഈ പ്രാവിശ്യം സീറ്റിന്റെ എണ്ണം കൂടി, കരാറില്‍ ഏര്‍പ്പെട്ട മാനേജ്മെന്റിന്റെ എണ്ണവും വര്‍ധിച്ചു. ഇനിയും ഇതില്‍ മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്.  ഈ വര്‍ഷം എന്നല്ല വരും വര്‍ഷങ്ങളില്‍ ഇതില്‍ കൂടുതല്‍ മുന്നോട്ട് പോകണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

നിതിന്‍:  ജെയിംസ്‌ കമ്മിറ്റിയെ എങ്ങന്നെ വിലയിരുത്തുന്നു? 

വിജിന്‍: വളരെ ഗൌരവത്തോടെയാണ് ജെയിംസ്‌ കമ്മിറ്റിയെ കാണുന്നത്. ശക്തമായ രീതിയില്‍ ഇടപെടുന്നുണ്ട്. പ്രവേശനം സുതാര്യമാക്കി കൊണ്ടുള്ള ഇടപെടല്‍ ജെയിംസ്‌ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്. അത് ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല.

നിതിന്‍സ്വാശ്രയ പ്രശ്നവുമായി ബന്ധപെട്ട് എ.ഐ.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സര്‍കാരിന്റെ ഈ സ്വാശ്രയ നിലപാടിനെ ഇടത് വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് എഫ് എതിര്‍ക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്?

വിജിന്‍: എ.ഐ.എസ്.എഫ്. എന്തുകൊണ്ട് അത്തരത്തില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയെന്ന് മറുപടി പറയേണ്ടത് അതിന്‍റെ നേതാക്കന്മാരാണ്. എസ്.എഫ്.ഐ.യെ സംബന്ധിച്ചിടത്തോളം ആദ്യഘട്ടത്തില്‍ ഫീസ്‌ ഏകീകരണത്തോട് ഞങ്ങള്‍ എതിര്‍പ്പ് അറിയിച്ചു. പിന്നെ, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സീറ്റുകളിലെല്ലാം തോന്നുന്നത് പോലെ പ്രവേശനം നടത്താനുള്ള അനുമതി കിട്ടി. മെറിറ്റ്‌ സീറ്റ്‌ പോലും നഷ്ടപ്പെടും എന്നുള്ള ഘട്ടത്തിലാണ് കോളേജുകളുമായി ചര്‍ച്ച നടത്തുകയും 1250 മെറിറ്റ്‌ സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഈ സര്‍ക്കാര്‍ നടത്തുകയും ചെയ്തത്. ആ സാഹചര്യത്തിലാണ് എസ് എഫ് ഐ അതിനെ സ്വാഗതം ചെയ്തത്.

നിതിന്‍: യൂത്ത് കോണ്‍ഗ്രസ്സ് സമരത്തോടും മഷി വിവാദത്തോട് എങ്ങനെ പ്രതികരിക്കുന്നു?

വിജിന്‍: പരിഹാസ്യമായ സമരമായിട്ടാണ് എസ്.എഫ്.ഐ അതിനെ കാണുന്നത്. ഞങ്ങള്‍ നിരവധി സമരങ്ങള്‍ ചെയ്തിട്ടുണ്ട്. തെരുവില്‍ അതിഭീകരമായി വേട്ടയാടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സമരത്തിന്റെ ഭഗമായി ഞങ്ങളുടെ പല പ്രവര്‍ത്തകരും ഇപ്പോഴും ചികിത്സയിലാണ്. മഷിക്കുപ്പിയുമായി പോകുന്ന യൂത്ത് കോണ്‍ഗ്രസ്‌ പ്രഹസനമാണ്. പൊറാട്ടുനാടകമായിട്ട് മാത്രമേ ജനങ്ങള്‍ അതിനെ കാണുകയുള്ളൂ.

(തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ് നിതിന്‍ അംബുജന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍