UPDATES

സിനിമ

എസ് കുമാറിന്റെ മകനെന്ന പരിഗണനയൊന്നും ലാലേട്ടൻ തന്നിട്ടില്ല; ഛായാഗ്രാഹകന്‍ കുഞ്ഞുണ്ണി സംസാരിക്കുന്നു

വാസ്തവത്തിൽ അത് ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു അനുഭവമാണ്‌. അച്ഛന്റെ കൂടെ അസിസ്റ്റ് ചെയുക എന്നത്

അനു ചന്ദ്ര

അനു ചന്ദ്ര

പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലെത്തി ചുരുങ്ങിയ കാലത്തിൽ ഇൻഡസ്ട്രിയിൽ വ്യക്തിമുദ്ര പതിപ്പിച്ച മക്കൾ വളരെ ചുരുക്കമാണ്. അതിലൊരാളാണ് പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ് കുമാര്‍. ബിജിത് ബാല സംവിധാനം ചെയ്ത ‘നെല്ലിക്ക’യെന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി വന്ന കുഞ്ഞുണ്ണിയുടെ ഏറ്റവും പുതിയ റിലീസ് ‘ഒരായിരം കിനാക്കളാൽ’ ആയിരുന്നു. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് കുഞ്ഞുണ്ണി സംസാരിക്കുന്നു.

സിനിമയിൽ നിലനിൽക്കുമ്പോൾ തന്നെ ഓരോ സിനിമകൾക്കിടയിലും ഒരു താങ്കൾ എടുക്കുന്ന ഒരു ഗ്യാപ്പ് ഉണ്ട്. മനപ്പൂർവ്വം സംഭവിക്കുന്നതാണോ ഈ ഗ്യാപ്പ്?

ലോഹം കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം കഴിഞ്ഞാണ് ഞാൻ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന സിനിമയിൽ ഛായാഗ്രഹണം ചെയ്യുന്നത്. അതിന്റെ സംവിധായകൻ ഋഷി എന്റെ അടുത്ത സുഹൃത്താണ്. അതിനു ശേഷം ഒരു വർഷം കഴിഞ്ഞ് ഒരു തെലുങ്ക്‌ പടം ചെയ്തു. പിന്നെ ഒരു കന്നഡ പടം ചെയ്തു. അതെല്ലാം കഴിഞ്ഞിട്ടാണ് ‘ഒരായിരം കിനാക്കളാൽ’ സിനിമയിൽ എത്തുന്നത്. ഈ ഗ്യാപ്പ് എന്നു പറഞ്ഞാൽ വാസ്തവത്തിൽ നമുക്ക് വലിയ സുഹൃത്തുക്കൾ ഒന്നും സിനിമയിൽ ഇല്ലാത്തത് കൊണ്ട് അങ്ങനെ സംഭവിച്ചു പോകുന്നതാണ്.

എസ്‌ കുമാർ എന്ന ഛായാഗ്രാഹകനെ മലയാളസിനിമാ പ്രേക്ഷകർക്ക് സുപരിചിതമാണ്. ഒരു അച്ഛൻ എന്ന നിലയിലും കലാകാരൻ എന്ന നിലയിലും അദ്ദേഹം താങ്കളിൽ എത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്?

അച്ഛൻ എന്ന വ്യക്തിയാണ് ജീവിതത്തിൽ മൊത്തത്തിൽ എന്നെ സ്വാധീനിച്ചിട്ടുള്ളത്. അച്ഛന്റെ സിനിമാ ജീവിതവും, കലാ പ്രവർത്തനങ്ങളും, സൗഹൃദ കൂട്ടായ്മകളുമെല്ലാം നന്നേ ചെറുപ്പത്തിലേ കണ്ടു വളർന്ന ആളാണ് ഞാൻ. അങ്ങനെ തന്നെയാണ് സിനിമറ്റൊഗ്രാഫിയോട് താല്പര്യം തോന്നിത്തുടങ്ങുന്നതും. ആ നിലയ്ക്ക് അച്ഛൻ തന്നെയാണ് ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. ജീവിതത്തിലായാലും കരിയറിലായാലും. ഞാൻ അച്ഛനെ തന്നെയാണ് ഛായാഗ്രഹണത്തിൽ അസിസ്റ്റ് ചെയ്തിട്ടുള്ളത്. ആദ്യമായി അസിസ്റ്റ് ചെയ്തത് ഒരു ഹിന്ദി പടത്തിൽ ആയിരുന്നു. മലയാളത്തിൽ ബോഡിഗാർഡ് എന്ന സിനിമയിൽ ആണ് അച്ഛനോടൊപ്പം ആദ്യമായി അസിസ്റ്റ് ചെയ്തത്.

അച്ഛന്റെ അസിസ്റ്റന്റ് ആയി മകൻ വർക്ക് ചെയ്ത കാലത്തെ ആ അനുഭവങ്ങളെ കുറിച്ച് ഒന്ന് പറയാമോ?

വാസ്തവത്തിൽ അത് ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു അനുഭവമാണ്‌. അച്ഛന്റെ കൂടെ അസിസ്റ്റ് ചെയുക എന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമായിരുന്നു. പക്ഷെ അതങ്ങനെ സംഭവിച്ചു. ചെന്നൈയിൽ പി സി ശ്രീറാം സാറിനൊപ്പം ആയിരുന്നു തുടക്കം. കുറച്ച് ദിവസം അസിസ്റ്റ് ചെയ്തു പിന്നെ അത് കഴിഞ്ഞു നാട്ടിൽ വന്നു. അങ്ങനെ അച്ഛൻ പറഞ്ഞതനുസരിച്ചു അച്ഛന്റെ കൂടെ വർക്ക് ചെയ്തു തുടങ്ങി. സത്യം പറഞ്ഞാൽ മനസ്സില്ലാ മനസ്സോടെയാണ് തുടങ്ങിയത്. പിന്നീടാണ് മനസിലായത് വളരെ നല്ല ഒരു ഓപ്ഷൻ ആയിരുന്നു അതെന്ന്. വളരെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. വളരെ ജെനുവിൻ ആയ രീതിയിൽ തന്നെ വർക്ക് പഠിപ്പിച്ചു. വളരെ നല്ല സംവിധായകർക്കൊപ്പം വർക്ക് ചെയ്ത് പഠിച്ചു. വലിയൊരു ഭാഗ്യം തന്നെയായാണ് ഞാനിപ്പോ അതിനെയൊക്കെ കാണുന്നത്

കുട്ടിക്കാലത്ത് അച്ഛനോടൊപ്പമുള്ള ലൊക്കേഷൻ ഓർമകൾ?

എന്റെ ചെറുപ്പത്തിൽ അച്ഛനെ അങ്ങനെ വീട്ടിൽ കിട്ടാറെ ഇല്ലായിരുന്നു. എപ്പോഴും വർക്കുകളുമായി തിരക്കിലായിരുന്നു. വെക്കേഷൻ വരുമ്പോഴോ ചെറിയ ഗ്യാപ്പ് വരുമ്പോഴോ എന്നെ ലൊക്കേഷനിലേക്ക് ആരെയെങ്കിലും വിട്ട് വിളിപ്പിക്കും. പണ്ട് വെള്ളാനകളുടെ നാട് സിനിമ നടക്കുമ്പോൾ ഒക്കെ അങ്ങനെ കോഴിക്കോട് കൊണ്ട് പോയതൊക്കെ ഞാൻ ഓർക്കുന്നുണ്ട്. അന്ന് ഞാൻ നന്നെ ചെറുതായിരുന്നു. അന്ന് മഹാറാണി ഹോട്ടലിൽ ആയിരുന്നു താമസിച്ചത്. വർഷങ്ങൾക്ക് ശേഷം മഹാറാണി ഹോട്ടലിൽ നെല്ലിക്ക സിനിമയിൽ സ്വതന്ത്ര ഛായാഗ്രഹകനായപ്പോൾ താമസിക്കാനായി ചെന്നു. അപ്പോഴാണ് ചെറുപ്പത്തിൽ ഞാൻ അവിടെ താമസിച്ച കാര്യം ഓർമയിൽ വന്നത്. കിലുക്കം സിനിമ എടുക്കുന്ന സമയത്ത്‌ ഞാൻ ഒരു മാസം ഊട്ടിയിൽ ഉണ്ടായിരുന്നു. അങ്ങനെ കുറെ ലൊക്കേഷനുകളിൽ പോയിട്ടുണ്ട്

കിലുക്കം സിനിമ ഷൂട്ടിംഗ് കാലത്ത് ലോക്കേഷനിൽ ഓടിനടന്ന ഒരു കൊച്ചുകുട്ടി പിന്നീട് വർഷങ്ങൾക്കിപ്പുറം മോഹൻലാലിന്റെ ലോഹം സിനിമയുടെ ഛായാഗ്രാഹകൻ ആകുന്നു. എന്ത് പറയുന്നു?

അച്ഛന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ലാലേട്ടൻ. പണ്ടൊക്കെ കുട്ടിക്കാലം മുതൽക്ക് സ്ഥിരമായി കണ്ടു കൊണ്ടിരുന്ന ഒരു വ്യക്‌തി ആയിരുന്നു ലാലേട്ടൻ. പിന്നീട് ഒരു ഗ്യാപ്പ് വന്നു. അതിനു ശേഷമാണ് ലോഹം ചെയ്യുന്നത്. വർഷങ്ങളുടെ ഗ്യാപ്പ് ഉണ്ടായിരുന്നു കൂടിക്കാഴ്ചക്ക്. പിന്നെ തീർച്ചയായും പ്രൊഫഷണലി ഞാൻ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് എന്ന നിലക്ക് അദ്ദേഹത്തെ അങ്ങനെ തന്നെയായിരുന്നു കാണാൻ പറ്റുക. അദ്ദേഹം എല്ലാവരുടെ അടുത്തും ഒരുപോലെയാണ് ലൊക്കേഷനിൽ. എസ് കുമാറിന്റെ മകൻ എന്ന പ്രത്യേക പരിഗണന ഒന്നും ലാലേട്ടൻ എനിക്ക് തന്നിട്ടില്ല.

സിനിമയിലെ കാലഘട്ടങ്ങളുടെ വ്യത്യാസം. സാങ്കേതികതയുടെ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ?

തീർച്ചയായും. അച്ഛന്റെ കൂടെ കുഞ്ഞിലെ ലൊക്കേഷനിൽ പോയ കാലവും, ഞാൻ സിനിമ പഠിക്കാൻ ആഗ്രഹിച്ച കാലവും, സിനിമയിൽ വന്നിറങ്ങിയ കാലവുമെല്ലാം സാങ്കേതികപരമായി ഒരുപാട് വ്യത്യസ്തമാണ്. പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ ആയ ഒരു ലോകത്തല്ല ലാൻഡ് ചെയ്തത്.

വീട്ടിലെ സിനിമാ ചർച്ചകൾ?

സത്യം പറഞ്ഞാൽ സിനിമാ ചർച്ചകൾ കുറവാണ് വീട്ടിനകത്ത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിത്തന്നെയായിരുന്നോ സിനിമാപഠനം?

അല്ല. ഞാൻ ഡിഗ്രി മാസ്സ് കമ്യൂണിക്കേഷൻ ചെയ്തു. അത് കഴിഞ്ഞു ബാംഗ്ലൂരിൽ പിജി ചെയ്തു. സിനിമാറ്റോഗ്രാഫി പഠിച്ചിട്ടില്ല.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍