UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശ്ചിമഘട്ടം വിമോചിത മേഖലയാവും: വരവര റാവു

Avatar

വരവര റാവു/പി അനീബ്

ജനങ്ങളെ ആയുധമണിയിക്കുന്നവനാണു വിപ്ലവകവിയെങ്കില്‍ അതിലൊരാളാണ് വരവര റാവു. 1970ല്‍ ആന്ധ്രപ്രദേശില്‍ രൂപീകരിച്ച വിപ്ലവ രചയിതല സംഘത്തിന്റെ (വിരാസം) സ്ഥാപക നേതാക്കളിലൊരാള്‍. കവിതകളെ ഭയന്ന ഭരണകൂടം അദ്ദേഹത്തെ വേട്ടയാടി. 1973-75 കാലത്തും അടിയന്തരാവസ്ഥയിലും ജയിലിലടച്ചു. 1986ല്‍ പുറത്തുവന്ന ഭവിഷ്യത്ത് ചിത്രപടം എന്ന കവിതാ സമാഹാരം എന്‍ ടി രാമറാവു സര്‍ക്കാര്‍ നിരോധിച്ചു. ഭവിഷ്യത്ത് ചിത്രപടം പിന്നീട് മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനു നേരെയുള്ള കൊലപാതക ശ്രമങ്ങളും വധഭീഷണിയും വര്‍ധിച്ചതോടെ 2002-2004 കാലയളവില്‍ ആന്ധ്രപ്രദേശ് വിട്ടു മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ താമസിച്ചു. 2004ല്‍ സി.പി.ഐ (എം.എല്‍) പീപ്പിള്‍സ് വാറുമായും സി.പി.ഐ (എം.എല്‍) ജനശക്തിയുമായും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നടത്തിയ സമാധാനചര്‍ച്ചയില്‍ വരവര റാവു പങ്കെടുത്തു. സമാധാന ചര്‍ച്ച അലസിയതോടെ എട്ടു കേസുകളിലായി ഏഴുമാസം ജയിലില്‍ അടച്ചു. 39 വര്‍ഷത്തിനുള്ളില്‍ 30തിലധികം കേസുകളിലായി ഏഴു വര്‍ഷമാണ് അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടിവന്നത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 19ന് ഒഡേസാ സത്യന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കോഴിക്കോടെത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ വിപ്ലവ പ്രവര്‍ത്തനം, ഫാസിസം, ന്യൂനപക്ഷ അടിച്ചമര്‍ത്തലും പ്രതിരോധവും, പശ്ചിമഘട്ടത്തിലെ വിപ്ലവപ്രവര്‍ത്തനം, രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങളും സമരങ്ങളും ജനവിരുദ്ധ നിയമങ്ങളും, ഫാസിസ്റ്റ് വിരുദ്ധ മുന്നണി, ജനകീയ പ്രവര്‍ത്തനത്തില്‍ സാങ്കേതിക വിദ്യയുടെ പങ്ക് തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്. തയാറാക്കിയത് പി അനീബ്. 

ചോദ്യം: സംഘപരിവാര സംഘടനയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഫാസിസ്റ്റുകള്‍ അധികാരത്തിലേറിയെന്ന ആശങ്ക വിവിധ കോണുകളില്‍ പങ്കുവക്കപ്പെട്ടിരുന്നു.  കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ സര്‍ക്കാര്‍ വിപ്ലവ പ്രസ്ഥാനത്തിനു മുന്നിലുയര്‍ത്തുന്ന വെല്ലുവിളികളും സാധ്യതകളും എന്താണ്?

വരവര റാവു: 1984 മുതല്‍ നേരിട്ടും അല്ലാതെയും നടപ്പാക്കി വരുന്ന നയങ്ങളുടെ ഉച്ചാവസ്ഥയായി മാത്രമേ പുതിയ സംഭവ വികാസങ്ങളെ കാണാനാവൂ. ഇക്കാര്യത്തില്‍ ചരിത്രപരമായ വിശദീകരണം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. 1947ലെ അധികാര കൈമാറ്റത്തിന് ശേഷം മിശ്ര സമ്പദ്‌വ്യവസ്ഥയാണ് ജവഹര്‍ലാല്‍ നെഹ്‌റു കൊണ്ടുവന്നത്. സോവിയറ്റ് യൂണിയന്റെ സഹായത്തോടെയുള്ള പൊതുമേഖലയും യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെയുള്ള സ്വകാര്യമേഖലയും. ഇത് രാജ്യത്ത് നിലനില്‍ക്കുന്ന ഫ്യൂഡല്‍, മുതലാളിത്ത, സാമ്രാജ്യത്വ ദല്ലാള്‍ താല്‍പര്യങ്ങളെ വേണ്ടവിധം സംരക്ഷിച്ചുനിര്‍ത്തി. അതിനാലാണ് 1947ന് ശേഷവും ഇന്ത്യന്‍ഭരണകൂടത്തിന്റെ അടിസ്ഥാനസ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാവാതിരുന്നത്. കാര്‍ഷികമേഖലയിലെയും ഭൂവിതരണത്തിലെയും എല്ലാ പരീക്ഷണങ്ങളും പരാജയപ്പെട്ടുവെന്നു വ്യക്തമാക്കുന്നതായിരുന്നു 1967ല്‍ പശ്ചിമബംഗാളിലെ നക്‌സല്‍ബാരിയില്‍ നടന്ന സമരം. ഈ സമരം ജനങ്ങള്‍ക്കു മുന്നില്‍ ബദല്‍ നയങ്ങള്‍ തന്നെ മുന്നോട്ടുവച്ചു. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം തെലങ്കാന സായുധസമര കാലത്ത് തന്നെ ഉയര്‍ന്നിരുന്നെങ്കിലും നക്‌സല്‍ബാരിയിലും മറ്റുമാണ് അതിന്റെ തുടര്‍ ചലനങ്ങള്‍ പിന്നീട് പ്രത്യക്ഷപ്പെടുന്നത്. വയനാട്, ശ്രീകാകുളം, ലക്ഷ്മിപൂര്‍-ഖേരി, ബീര്‍ബം, ദെബ്ര-ഗോപിബല്ലവ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിന്റെ അലയൊലികള്‍ കേള്‍ക്കാനാകും. ഭൂമി പിടിച്ചെടുക്കല്‍, സായുധ സമരം തുടങ്ങിയവയായിരുന്നു സമരമാര്‍ഗങ്ങള്‍.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സമയം മുതല്‍ തന്നെ, വനഭൂമി, ധാതുസമ്പത്ത്, വനസമ്പത്ത് തുടങ്ങിയവ ലക്ഷ്യമിട്ട് മൂലധനം വനമേഖലയിലേക്ക് കടന്നു തുടങ്ങിയിരുന്നു. മൂലധന താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്ര-പ്രാദേശിക സര്‍ക്കാരുകള്‍ നിയമങ്ങള്‍ രൂപീകരിച്ചു. സ്വാഭാവികമായും ഇതിനെതിരെ ആദിവാസികള്‍ സമരം ചെയ്തു. ബിര്‍സാ മുണ്ട, സിദ്ധു മുര്‍മു തുടങ്ങിയവര്‍ ഈ സമരങ്ങളിലൂടെ ഉയര്‍ന്നുവന്നവരാണ്. എന്നാല്‍, നക്‌സല്‍ബാരി സമരസമയത്ത് ഇതില്‍ മാറ്റമുണ്ടായി. ആദിവാസി പ്രസ്ഥാനത്തെ നയിച്ചത് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകളാണ്.

ശങ്കരന്റെ ഇന്ത്യയും ഇന്ത്യന്‍ വിപണിയും
1956ലെ നികിതാ ക്രൂഷ്‌ചേവിന്റെ നടപടികളോടെ തന്നെ സോഷ്യലിസ്റ്റ് വ്യവസ്ഥകളുടെ അപചയം തുടങ്ങി. 1984ഓടെ അതു പൂര്‍ണമായി. 1990കളില്‍ സോവിയറ്റ് യൂനിയനും കിഴക്കന്‍ യൂറോപ്യന്‍ സംവിധാനങ്ങളും തകര്‍ന്നു. തുടര്‍ന്ന് ലോകം താല്‍ക്കാലികമായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കീഴില്‍ വന്നു. ഒരു ഏകലോക ക്രമം.

1980കളില്‍ തന്നെ ടെക്‌നോക്രാറ്റുകളുടെ രാഷ്ട്രീയ പ്രവേശനം ആരംഭിച്ചിരുന്നു. യാതൊരു മുന്‍പരിചയവുമില്ലാത്തവര്‍ രാഷ്ട്രീയരംഗത്തും അധികാരത്തിലുമെത്തി. അമേരിക്കയില്‍ റീഗനും ഇന്ത്യയില്‍ രാജീവ് ഗാന്ധിയും ഈ വിഭാഗത്തിന്റെ പ്രതിനിധികളാണ്. 1984ല്‍ തന്നെയാണ് ആഗോളവല്‍ക്കരണത്തിന് തിരശീല ഉയരുന്നത്. ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ട ഭോപ്പാല്‍ വാതക ദുരന്തം, 3000ത്തിലധികം പേര്‍ കൊല്ലപ്പെട്ട സിഖ് വംശഹത്യ എന്നിവയും ഇക്കാലത്തുണ്ടായി.

‘ഹിന്ദ് കരേഗാ ഹിന്ദുരാജ്’ എന്നായിരുന്നു രാജീവ്ഗാന്ധിയുടെ മുദ്രാവാക്യം. അതായത് ഹിന്ദുത്വ തന്നെ. ഇക്കാലത്താണ് ഹിന്ദുത്വവാദികളുടെ ആവശ്യം പരിഗണിച്ച് ബാബരിമസ്ജിദ് തുറന്നു കൊടുക്കുന്നത്. 1991ലാണ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ നയങ്ങള്‍ ഔദ്യോഗികമായി നടപ്പാക്കി തുടങ്ങുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ബോംബൈ, സൂറത്ത് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപമുണ്ടായി. 2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ മുസ്‌ലീം വംശഹത്യ നടന്നു. ഇന്ത്യയില്‍ സാമ്രാജ്യത്വം എപ്പോഴും ഹിന്ദുത്വയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ കാല അനുഭവങ്ങള്‍ വ്യക്തമാക്കും.

ലോകബാങ്കിന്റെ മുന്‍ ഗവര്‍ണറായ ഡോ. മന്‍മോഹന്‍ സിങ് ധനമന്ത്രിയായും പ്രധാനമന്ത്രിയായും ഭരണത്തില്‍ എത്തി. 1947ന് മുന്നുള്ള ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം മികച്ചതായിരുന്നുവെന്നു വരെ അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ലോകബാങ്ക് ആഗ്രഹിച്ചത്ര വേഗത്തില്‍ വനമേഖലയിലും പുറത്തും സാമ്രാജ്യത്വ നയങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനെക്കൊണ്ടായില്ല. അതിനാലാണ് നരേന്ദ്ര മോദിയെ കൊണ്ടുവരുന്നത്. ഇപ്പോള്‍ ഹിന്ദുത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും മികച്ച രസകൂട്ടാണ് രാജ്യത്തുള്ളത്. രാജീവ്ഗാന്ധിയുടെ കാലത്ത് നടപ്പാക്കി തുടങ്ങിയ നയങ്ങള്‍ നരേന്ദ്ര മോദിയുടെ കാലത്ത് ശരിയായ നിറത്തില്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

സാമ്രാജ്യത്വ താല്‍പര്യം സംരക്ഷിക്കാന്‍ ഹിന്ദുത്വയെയും അദ്വൈത വേദാന്തത്തെയും ഒരുമിച്ചാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. അദ്വൈതം പ്രകാരം Aatma is Akhand,  അതുപ്രകാരം ഇന്ത്യയെന്നാല്‍ Akhand Bharat. ഇന്ത്യന്‍ മാര്‍ക്കറ്റ് മോണോപോളിയും അഖണ്ട ഭാരതം മോണോപോളി മാര്‍ക്കറ്റിന് ഇണങ്ങുന്നതുമാണ്. ശങ്കരന്റെ Aatma cant be divided എന്ന സിദ്ധാന്തം ഇന്ത്യയെ വിഭജിക്കാന്‍ കഴിയില്ലെന്നാണ് വ്യാഖ്യാനിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ വിപണിയേയും വിഭജിക്കാനാവില്ല! ഇത്തരമൊരു തത്വശാസ്ത്രം സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ഇണങ്ങുന്നതാണ്.

ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെ 1930കളിലെ ഹിറ്റ്‌ലറുടെ ജര്‍മനിയുമായി താരതമ്യം ചെയ്യാവുന്നതാണ്. ജര്‍മന്‍കാര്‍ ആര്യന്‍മാരാണ്, ആര്യന്‍മാര്‍ ലോകം ഭരിക്കും, ആര്യരക്തം ശുദ്ധരക്തം തുടങ്ങിയ സിദ്ധാന്തങ്ങള്‍ നാസികള്‍ പ്രചരിപ്പിച്ചു. ദേശീയതയും ദേശീയ സോഷ്യലിസവും വരെ അവര്‍ ഉയര്‍ത്തി. നയപരിപാടികള്‍ നടപ്പാക്കുന്നതിന് പാര്‍ലമെന്റ് തടസമായപ്പോള്‍ അതിന് തീയിട്ട് ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റുകളുടെ തലയില്‍ വച്ചു. പിന്നീട് പാര്‍ലമെന്റ് തന്നെ ഇല്ലാതാക്കി ഫാസിസം നടപ്പാക്കി. ഇന്ത്യയിലെ അവസ്ഥ നോക്കുക. അദ്ദേഹം എല്ലായ്‌പ്പോഴും വിദേശത്താണുള്ളത്. നാട്ടില്‍ ഉണ്ടായാല്‍ പോലും പാര്‍ലമെന്റിനെ അഭിമുഖീകരിക്കുന്നില്ല.

മാവോയിസ്റ്റ് പ്രസ്ഥാനം ലോകത്തിന് മാതൃക
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി. അവസാനം യു.പി.എ തയ്യാറാക്കിയ നിയമം മതിയെന്നു എന്‍.ഡി.എ തീരുമാനിക്കുകയായിരുന്നു. യു.പി.എ കാലത്തെ നിയമം പുതിയതില്‍ നിന്ന് ഒട്ടും മെച്ചപ്പെട്ടതല്ലെന്നതാണ് രസകരം.

സ്വന്തം ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ പറയുന്നത്. ഇത് അങ്ങേയറ്റം അപകടകരമായ ഒരു പ്രവണതയാണ്. ഭൂമി ഏറ്റെടുക്കല്‍ എന്ന പേരില്‍ ഭൂമി കൊള്ളയാണ് യഥാര്‍ഥ ലക്ഷ്യം. ദണ്ഡകാരണ്യ, പശ്ചിമഘട്ടം, ജാര്‍ഖണ്ട്, ബീഹാര്‍, ജംഗള്‍മഹാല്‍ തുടങ്ങിയ പ്രദേശങ്ങളിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തെയാണ് സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. മൂലധന കേന്ദ്രീകരണം അവിടെയായതിനാല്‍ സ്വാഭാവികമായും അവിടത്തെ ആദിവാസി, വനമേഖലകളിലാണ് പ്രധാനമായും പ്രസ്ഥാനത്തിന്റെയും കേന്ദ്രീകരണവുമുള്ളത്. അടിസ്ഥാന വര്‍ഗമായ ആദിവാസികള്‍ വനത്തിനകത്തുണ്ട്. ജലം, വനം, ഭൂമി (ജല്‍, ജംഗിള്‍, ജമീന്‍) എന്നിവയുടെ പരമ്പരാഗതവും രാഷ്ട്രീയവുമായ അവകാശം ആദിവാസികള്‍ക്കാണുള്ളത്. അവര്‍ക്ക് ആത്മാഭിമാനത്തോടെയും അന്തസോടെയും ജീവിക്കണം. ഇതിന് വേണ്ടി 500 വര്‍ഷമായി അവര്‍ പോരാടുകയാണ്.

ക്രിസ്റ്റഫര്‍ കൊളമ്പസിന്റെയും വാസ്‌ഗോഡ ഗാമയുടെ കാലം മുതല്‍ അവര്‍ പോരാടി കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ അവര്‍ ഇപ്പോള്‍ പോരാടുന്നത് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വശാസ്ത്രത്തിലും കാഴ്ച്ചപ്പാടിലുമാണ്. അമേരിക്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആദിവാസി പ്രസ്ഥാനങ്ങള്‍ മഹത്തായ പോരാട്ടങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാനായില്ല. അവര്‍ കീഴടങ്ങിയെന്നല്ല. പക്ഷെ മ്യൂസിയം പീസ് പോലെ ആയി. എന്നാല്‍, ഇന്ത്യയിലെ ആദിവാസികളെ നയിക്കുന്നത് ഒരു വലിയ പ്രത്യയശാസ്ത്രമാണ്. അതിനാല്‍ അവര്‍ വിജയിക്കും. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനം അതുല്യവും ലോകത്തിന് മാതൃകയുമാണ്.

പശ്ചിമഘട്ട മേഖലയില്‍ വിഹരിച്ചിരുന്ന വീരപ്പന്‍ കൊല്ലപ്പെട്ട കാലത്ത് ഒരിക്കല്‍ ഞാന്‍ കേരളത്തില്‍ വന്നിരുന്നു. വീരപ്പനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. തമിഴ്‌നാട്, കര്‍ണാടക, കേരള സര്‍ക്കാരുകള്‍ ഏതെങ്കിലുമൊരു വിധത്തില്‍ വീരപ്പനെ പ്രോല്‍സാഹിപ്പിക്കാറുണ്ടായിരുന്നുവെന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, സാമ്രാജ്യത്വം എന്ന രാജാവ് പശ്ചിമഘട്ട പ്രദേശത്ത് താല്‍പര്യം പ്രകടിപ്പിച്ച് എത്തിയതോടെ വീരപ്പനെ ഇല്ലാതാക്കുകയായിരുന്നു എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. സമാനമായ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ കെനിയന്‍ എഴുത്തുകാരനായ ഗൂഗി വാന്‍ തിയോംഗോയോടും ചോദിച്ചിട്ടുണ്ട്. ഈദി അമീന്‍, സദ്ദാം ഹുസൈന്‍, ഗദ്ദാഫി എന്നിവരെ കുറിച്ചുള്ള അഭിപ്രായമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയേണ്ടിയിരുന്നത്. അന്താരാഷ്ട്ര ധന മൗലികവാദത്തേക്കാള്‍ (International Monitory Fundamentalism) അപകടകരമായി മറ്റൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു സഖാവ് രൂപേഷ് അടക്കമുള്ളവരുടെ അറസ്റ്റ് വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. പ്രത്യേകിച്ച് കേന്ദ്ര സമിതി അംഗമായ കെ മുരളിയുടെ അറസ്റ്റ്. പക്ഷെ പാര്‍ടി ഇത് മറികടക്കും. പശ്ചിമഘട്ടം താവള പ്രദേശം (Base Area) ആയി മാറും. ഇന്ത്യയില്‍ നിരവധി താവളപ്രദേശമുണ്ടാവും. ദണ്ഡകാരണ്യ, സാരന്ദ്ര, ജാര്‍ഖണ്ട്, ജംഗള്‍ മഹാല്‍ എന്നിങ്ങനെ. ദണ്ഡകാരണ്യയില്‍ മിലിഷ്യ സജീവമാണ്. പശ്ചിമഘട്ടത്തില്‍ മൂന്നു ശ്രമങ്ങളാണ് വിപ്ലവപ്രസ്ഥാനം നടത്തിയത്. സഖാവ് സാകേത് രാജന്റെ കാലത്ത് കര്‍ണാടകയില്‍ നിന്ന് ശ്രമം നടന്നു. ഇപ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ ഒരുമിച്ചു നടക്കുകയാണ്. പശ്ചിമഘട്ടം ഒരു ദിവസം വിമോചിത മേഖലയായി മാറുക തന്നെ ചെയ്യും.

മുസ്ലിംവിരുദ്ധതയുടെ രാഷ്ട്രീയസാമ്പത്തികശാസ്ത്രം

ചോദ്യം: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധത വളരെ പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുള്ളവരാണ്. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലീംകള്‍ കൂടുതലായി അടിച്ചമര്‍ത്തപ്പെടുന്നു. കേരളത്തില്‍ പാതയോരങ്ങളിലെ ഭൂമി ഒരു ന്യൂനപക്ഷ വിഭാഗവും മലയോര മേഖലകളിലെ ഭൂമി മറ്റൊരു ന്യൂനപക്ഷ വിഭാഗവും കൈയടക്കിയതായി ബി.ജെ.പി കേരള ഘടകത്തിന്റെ പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്. വിവിധ വ്യാപാര മേഖലകളില്‍ ന്യൂനപക്ഷങ്ങളുടെ ഉടമസ്ഥാവകാശം കൂടുതലാണെന്നും പ്രമേയം പറയുന്നു. കേരളത്തില്‍ ബി.ജെ.പി വളരുന്നു. കൂടാതെ പിന്നാക്ക വിഭാഗമായ ഈഴവരുടെ (ഒ.ബി.സി) സംഘടനയായ എസ്.എന്‍.ഡി.പി, ദലിതുകളുടെ സംഘടനയായ കെ.പി.എം.എസ് എന്നിവയുമായി സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നു. അടിസ്ഥാന വിഭാഗങ്ങളുടെ സംഘടനകളും നേതാക്കളും ഇത്തരത്തില്‍ ബി.ജെ.പിയുമായി ഐക്യപ്പെടുന്നത് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കും?

വരവര റാവു: രാജ്യത്തെ ജനാധ്യപത്യ പ്രസ്ഥാനങ്ങളെ വിപ്ലവ പ്രസ്ഥാനം മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. 1) വിപ്ലവ പ്രസ്ഥാനം. 2) കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍. 3) ചിപ്‌കോ, നര്‍മദ, സൈലന്റ് വാലി പോലുള്ള പ്രസ്ഥാനങ്ങള്‍. ദേശീയ വിമോചന പ്രസ്ഥാനങ്ങളില്‍ ചിലത് ദല്ലാള്‍ സ്വഭാവമുള്ള കേന്ദ്രസര്‍ക്കാരുമായി സന്ധിയില്‍ ഒപ്പുവച്ചു. കശ്മീരില്‍ ചില സംഘടനകള്‍ സായുധസമരം അവസാനിപ്പിച്ചു. അടുത്തിടെ നാഗാലാന്‍ഡില്‍ ചില സംഘടനകളും സര്‍ക്കാരുമായി സന്ധിയില്‍ ഒപ്പുവച്ചു. പക്ഷെ, ഇത് എല്ലാകാലവും തുടരില്ല. മറ്റേതെങ്കിലും പ്രസ്ഥാനങ്ങള്‍ സമരം തുടരും. മറുവശം നോക്കിയാല്‍ കാണുക, അടിച്ചമര്‍ത്തപ്പെട്ട ദലിതുകളെയും മുസ്‌ലീംകളെയുമാണ്. 1947നു ശേഷം മുസ്‌ലീംകളെ രണ്ടാം തരം പൗരന്‍മാരായാണ് കണക്കാക്കുന്നത്. 1991ന് ശേഷം ഇത് രൂക്ഷമായി. 2002ല്‍ ഗുജറാത്തില്‍ ഏതാനും ദിവസങ്ങള്‍ക്കകം ആയിരക്കണക്കിന് മുസ്‌ലീംകളെ കൊന്നപ്പോള്‍ 2013ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ആക്രമണം 6-7 മാസങ്ങള്‍ തുടര്‍ന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം, ബീഫ് നിരോധനം തുടങ്ങിയ നടന്നു കൊണ്ടിരിക്കുന്നു.

വംശഹത്യക്കു ശേഷം ഗുജറാത്തിലെ എട്ടു ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഭൂവുടമസ്ഥതയിലും വ്യാപാര ഉടമസസ്ഥതയിലും കേരളത്തെ പോലെയായിരുന്നു കലാപ പൂര്‍വ്വ ഗുജറാത്തും. ഗുജറാത്തിലെ പ്രത്യേകിച്ച്, അഹമദാബാദ്- ആനന്ദ് പ്രദേശത്തെ ഹോട്ടലുകളിലധികവും മുസ്‌ലീംകളുടെതായിരുന്നു. മറ്റു വ്യാപാര മേഖലകളിലും മുസ്ലീം സ്ഥാപനങ്ങള്‍ ധാരാളമുണ്ടായിരുന്നു. ഇത് തകര്‍ക്കാതെ കുത്തക മൂലധനത്തിന് രംഗത്തെത്താനാവില്ല. കൂടാതെ റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യവും ഉണ്ടായിരുന്നു. അഹമ്മദാബാദ്-അമൃത്‌സര്‍ ഹൈവേയിലാണ് ഭൂമിക്കു വലിയ വിലയുള്ള നരോദാ പാട്യ പ്രദേശം. ഒരു പ്രദേശത്ത് ഫാക്ടറികളും മറുവശത്ത് ദരിദ്ര മുസ്ലീംകളുടെ താമസസ്ഥലവും. ഈ ഭൂമിയില്‍ പ്രവാസികളായ സമ്പന്നര്‍ നോട്ടമിട്ടിരുന്നു. വംശഹത്യകാലത്ത് ഈ പ്രദേശത്ത് വ്യാപകമായ ആക്രമണങ്ങള്‍ നടന്നു. നിരവധി മുസ്‌ലീംകളെ കൊന്നുതള്ളി ഫാസിസ്റ്റുകള്‍ ഭൂമി സ്വന്തമാക്കി. മായാ കോഡ്‌നാനിയാണ് ഈ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുസ്‌ലീം വിരുദ്ധ അജണ്ട നാഗരികതയേയോ മതത്തേയോ അടിസ്ഥാനമാക്കിയുള്ളതല്ല. പൊളിറ്റിക്കല്‍ ഇക്കണോമിയാണ് അതിന്റെ അടിത്തറ. ഇസ്‌ലാം മതവിശ്വാസികള്‍ ഏറെയുള്ള ഇറാന്‍, ഇറാഖ്, സിറിയ, തുടങ്ങിയ പ്രദേശങ്ങളിലാണ് എണ്ണയുള്ളത്. ഈ എണ്ണയുമായി ബന്ധപ്പെട്ട സാമ്രാജ്വത്വ രാഷ്ട്രീയ സാമ്പത്തികവ്യവസ്ഥയാണ് നിര്‍ണായകം. ഈ രാഷ്ട്രീയസാമ്പത്തിക വ്യവസ്ഥ തന്നെയാണ് മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നത്. അഫ്ഗാന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അഫ്ഘാനിസ്ഥാന്‍ ധാതുവിഭവങ്ങളാല്‍ സമ്പന്നമാണ്. ആദിവാസി മുസ്ലീങ്ങളായ താലിബാന്‍ മൂലധനത്തിന്റെ കടന്നുകയറ്റമടക്കം എന്തിനെയും നേരിടാന്‍ തയ്യാറാണ്. ഈ പ്രദേശങ്ങളിലെ രാഷ്ട്രീയത്തെ ഈ രീതിയില്‍ നോക്കിക്കാണണം.

ഇനി ആരൊക്കെയാണ് കേരളത്തിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും? ഹിന്ദുമതത്തിലെ ഘടനാപരമായ അതിക്രമവും തൊട്ടുകൂടായ്മയും മറ്റും മൂലം മതം മാറിയ ദലിതുകളും അടിച്ചമര്‍ത്തപ്പെട്ടവരുമാണ് അവര്‍. സ്വാഭാവികമായി തന്നെ ഭൂമിയുടെയും വിഭവങ്ങളുടെ അവകാശം അവര്‍ക്കുണ്ട്. മതത്തിന്റെ പേരില്‍ വികാരം ഉയര്‍ത്താന്‍ എളുപ്പമായതിനാലാണ് സംഘപരിവാരം ഇത്തരം പ്രചരണം നടത്തുന്നത്. ഇതിനു പുറകില്‍ പൊളിറ്റിക്കല്‍ ഇക്കണോമിയുണ്ട്. മതം, മതം മാത്രമാണെങ്കില്‍ കുഴപ്പമില്ല. മതത്തിന് പിറകില്‍ സ്ഥാപിത താല്‍പര്യമോ മൂലധനതാല്‍പര്യമോ ഉണ്ടെങ്കില്‍ അത് വര്‍ഗീയതയാണ്.

ഫാസിസ്റ്റു വിരുദ്ധ ഐക്യമുന്നണി
1857ല്‍ ഇന്ത്യയില്‍ ജനാധിപത്യ വിപ്ലവം തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല. പുത്തന്‍ ജനാധിപത്യ വിപ്ലവത്തിലൂടെയാണ് അത് പൂര്‍ത്തീകരിക്കപ്പെടുകയെന്നാണ് മാവോയിസ്റ്റ് പാര്‍ടി പറയുന്നത്. കര്‍ഷകരുടെ മക്കള്‍ യൂനിഫോമിട്ടു പോരാടിയെന്ന് 1857ലെ സമരത്തെ കുറിച്ച് കാള്‍ മാര്‍ക്‌സ് എഴുതിയിട്ടുണ്ട്. തുടര്‍ന്നാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യമായി മതത്തിന് വര്‍ഗീയചുവ നല്‍കാന്‍ ശ്രമിക്കുന്നത്. നരേന്ദ്ര മോദിയുടെ കാലത്ത് ഇത് ഫാസിസ്റ്റ് തലത്തില്‍ എത്തിയെന്നു മാത്രം. നിലവിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യത്തിന് 1930ലെ സാഹചര്യവുമായി സാമ്യമുണ്ടെന്നു അഭിഭാഷകനും ചരിത്രകാരനുമായ എ ജി നൂറാനിയും എഴുതുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി, സ്‌പെയിനിലെ ആഭ്യന്തര യുദ്ധം, ഹിറ്റ്‌ലറുടെ ഉദയം, ഫാസിസത്തിന്റെ വളര്‍ച്ച, ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തില്‍ ജനാധിപത്യശക്തികളുടെ വിജയം എന്നിവയൊക്കെയാണ് അന്ന് നടന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഫാസിസ്റ്റുകള്‍ ശക്തരാണ്. മറ്റൊരു രീതിയില്‍ ഈ സാഹചര്യത്തെ വായിക്കാം. ദലിത്, മുസ്‌ലീം, ആദിവാസി, കര്‍ഷക, തൊഴിലാളി വര്‍ഗഐക്യം കെട്ടിപ്പടുത്ത് യുദ്ധം നടത്താവുന്ന സമയമാണിത്. ഈ ഐക്യമുന്നണിക്കു നേതൃത്വം നല്‍കേണ്ടത് തൊഴിലാളി വര്‍ഗമായ മാവോയിസ്റ്റ് പാര്‍ടിയാണ്.

ഭരണഘടനയെന്ന ദൈവം
അതേസമയം, രണ്ടു പ്രശ്‌നങ്ങള്‍ നേരിടാനുണ്ട്. മതവിരുദ്ധരാണെന്നു പറഞ്ഞു, മുസ്ലീം മതനേതൃത്വം മുസ്ലീങ്ങളെ വിപ്ലവ പ്രസ്ഥാനത്തില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നു. ഭരണഘടന തയ്യാറാക്കിയത് ഡോ.ബി ആര്‍ അംബേദ്കര്‍ ആയതിനാല്‍ ദലിതുകളിലെ വിദ്യാസമ്പന്നരായ വിഭാഗം, ദലിതുകള്‍ വിപ്ലവ പ്രസ്ഥാനത്തിലേക്ക് പോവുന്നതിനെ എതിര്‍ക്കുന്നു.

ഭരണഘടന ചിലര്‍ക്ക് ദൈവത്തെ പോലെയാണ്. ഭരണഘടനയില്‍ ആമുഖം, നിര്‍ദേശക തത്വങ്ങള്‍, മൗലികാവകാശങ്ങള്‍ എന്നിവയുണ്ട്. ഇവയെ വേര്‍തിരിച്ചു കാണാനാവില്ല. ആമുഖവും നിര്‍ദേശകതത്വങ്ങളും നടപ്പാക്കുന്നത് നല്ലതാണ്. എന്നാല്‍, ദലിത് ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം ഭരണഘടനയെന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യമാണ്. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്നു അവര്‍ പ്രചരിപ്പിക്കുന്നു. ഒ ബി സിയായ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതും മറ്റാരൊക്കെയോ ഉന്നതപദവികളിലെത്തിയതും ഇന്ത്യന്‍ ജനാധിപത്യ വിപ്ലവമാണെന്നു ചിലര്‍ പറയുന്നു. ഈ അധികാരത്തിലെത്തിയവര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നാണ് പരിശോധിക്കേണ്ടത്.

1947ലെ അധികാര കൈമാറ്റത്തിന് ശേഷം ഇന്ത്യയില്‍ ദേശീയ ബൂര്‍ഷ്വാസിയെ കാണാനേയില്ല. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ദാദാബായി നവറോജിയായിരുന്നു കോണ്‍ഗ്രസിലെ അവസാന ദേശീയ ബൂര്‍ഷ്വാസി. ദേശീയ ബൂര്‍ഷ്വാസിയാവമായിരുന്നു ടാറ്റ, ബിര്‍ള എന്നിവര്‍ അധികാര കൈമാറ്റത്തിന് ശേഷം വന്‍കിട ദല്ലാളായി മാറുകയായിരുന്നു. ദേശീയ വിമോചന സമരം നടത്തിയിരുന്ന പ്രസ്ഥാനമാണ് അസം ഗണ പരിഷത്ത്. എണ്ണ, മുള, ചായ, കാപ്പി എന്നിവയില്‍ നിന്നുള്ള വരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നതിനെതിരെ വലിയ സമരങ്ങള്‍ നടത്തി. സമരത്തിന്റെ ഭാഗമായി എണ്ണ പൈപ്പ് മുറിക്കുക വരെ ചെയ്തു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം എന്‍.ഡി.എയില്‍ ചേര്‍ന്നു. ഇങ്ങനെ തന്നെയാണ് നിരവധി സംഘടനകള്‍ക്കു സംഭവിച്ചത്. പഞ്ചാബിലെ അകാലിദള്‍, എ.ഐ.ഡി.എം.കെ, തെലങ്കാനയിലെ കെ സി ചന്ദ്രശേഖര്‍ റാവു തുടങ്ങി നിരവധി ഉദാഹരണങ്ങള്‍. ദലിത് സംരഭകത്വം ഉയര്‍ന്നുവരണമെന്നാണ് ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡു പറയുന്നത്. മുതലാളിയായാല്‍ ദലിതന്‍ അടുത്ത ദിവസം ദല്ലാളാവും. ഗ്രാമീണ മേഖലയിലെ ദരിദ്ര ജനങ്ങള്‍ പ്രത്യേകിച്ച് ദലിതുകള്‍ വിപ്ലവ പ്രസ്ഥാനത്തിനൊപ്പമാണ്. അവരെ പ്രസ്ഥാനത്തില്‍ നിന്നു അകറ്റാന്‍ ദലിത് നേതാക്കള്‍ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്നാണ് അവരുടെ പ്രചരണം.

വനമേഖലകള്‍ക്കു പുറത്തുള്ള സമതല പ്രദേശങ്ങളില്‍ ദലിതുകളും മുസ്ലീങ്ങളുമുണ്ട്. ഇവര്‍ ഐക്യമുന്നണിയിലേക്ക് വരുന്നുണ്ട്. ദലിതുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അടിച്ചമര്‍ത്തലുകളും മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കലും മാവോയിസ്റ്റ് പാര്‍ടി അഭിസംബോധന ചെയ്യണം. ദലിതുകളില്ലാതെ വിപ്ലവം വിജയിക്കില്ലെന്നാണ് ആനന്ദ് തെല്‍തുംദെ എഴുതിയിരിക്കുന്നത്. വിപ്ലവപ്രസ്ഥാനമില്ലാതെ ദലിതുകളും വിജയിക്കില്ല. തൊട്ടുകൂടായ്മയും ദലിതുകളുടെ ഭൂപ്രശ്‌നവും വിപ്ലവ പ്രസ്ഥാനത്തിലൂടെയല്ലാതെ പരിഹരിക്കപ്പെടില്ല. ദലിതുകള്‍ മുഖ്യശക്തിയാവാതെ വിപ്ലവ പ്രസ്ഥാനവും വിപ്ലവവും വിജയിക്കില്ല. തൊഴിലാളി വര്‍ഗം, കര്‍ഷകര്‍ എന്നിവരാണ് വിപ്ലവത്തിന്റെ മുന്‍നിരയിലുണ്ടാവേണ്ടത്. ഭൂരിഹത കര്‍ഷകരില്‍ വലിയൊരു ഭാഗം ദലിതരാണ്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു.

വിപ്ലവകാരികളെ തടവറയില്‍ മരിക്കാന്‍ വിടരുത്
ചോദ്യം: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിനെതിരെ (യു.എ.പി.എ) വലിയ പ്രസ്ഥാനമുള്ള സംസ്ഥാനമാണ് കേരളം. മാവോയിസ്റ്റ് പാര്‍ടിയുടെ കേന്ദ്രസമിതി അംഗം കെ മുരളിയെയും ഇസ്മായിലിനെയും മഹാരാഷ്ട്രയില്‍ അണ്ഡാസെല്ലില്‍ അടച്ചിരിക്കുന്നു. രൂപേഷിനും മറ്റുള്ളവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമവും (എന്‍.എസ്.എ) ചുമത്തിയിരിക്കുന്നു. കേരളത്തിലെ നിരവധി ആര്‍.ഡി.എഫ് നേതാക്കള്‍ ജയിലിലാണ്. ഭീകരവാദ കേസുകളിലെ പ്രതികളെ പ്രത്യേക ജയിലുകളില്‍ പാര്‍പ്പിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നു. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ചെയ്യാനാവുക?

വരവര റാവു:  മുസ്ലീങ്ങളെയാണ് കേരളത്തില്‍ ഇതു വരെ കൂടുതലായും അടിച്ചമര്‍ത്തികൊണ്ടിരുന്നത്. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ക്ക് നേരെയും അതിക്രമം ആരംഭിച്ചിരിക്കുന്നു. പണ്ടു എ കെ ഗോപാലനെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം പിടികൂടിയത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. മിസ, ടാഡ, പോട്ട തുടങ്ങിയ നിയമങ്ങള്‍ക്കെതിരെയും വലിയ പ്രതിഷേധമുണ്ടായി. എന്നാല്‍, യു.എ.പി.എക്കെതിരെ കേരളമൊഴിച്ചുള്ള പ്രദേശങ്ങളില്‍ വലിയ പ്രതിഷേധമുണ്ടാവുന്നില്ല. ബ്രിട്ടീഷുകാര്‍ കൈമാറിയ ഇന്ത്യന്‍ ശിക്ഷാ നിയമവും (ഐ.പി.സി) ക്രിമിനല്‍ നടപടി ചട്ടങ്ങളും (സി.ആര്‍.പി.സി) സിവില്‍ പ്രൊസീഡര്‍ കോഡുമാണ് ജഡ്ജിമാരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍. ക്രിമിനല്‍ നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നതായതിനാല്‍ യു.എ.പി.എയെ ഐ.പി.സിയുടെയും സി.ആര്‍.പി.സിയുടെയും ഭാഗമായാണ് നിയമജ്ഞരും ജഡ്ജിമാരും കാണുന്നത്. എന്നാല്‍, ടാഡ, പോട്ട, മിസ എന്നിവയെ ഈ മൂന്നില്‍ നിന്നും വ്യത്യസ്ഥമായി കാണുന്നതിനാല്‍ പ്രതിഷേധം എളുപ്പമുണ്ടായി. ഭരണകൂടം ബുദ്ധിപൂര്‍വ്വമായാണ് ക്രിമിനല്‍ നിയമഭേദഗതിയിലൂടെ യു.എ.പി.എ കൊണ്ടുവന്നത്.

ഏറ്റവും അപകടകരമായ നിയമങ്ങളിലൊന്നാണ് എന്‍.എസ്.എ. മാവോയിസ്റ്റ് പാര്‍ടിയുടെ എല്ലാ കേന്ദ്രസമിതി അംഗങ്ങള്‍ക്കെതിരെയും എന്‍.എസ്.എ ചുമത്തിയിട്ടുണ്ട്. നിരന്തരമായി നടന്ന സമരങ്ങളുടെ ഫലമായി ആന്ധ്രപ്രദേശിലെ ജയിലുകളില്‍ ചില പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, വടക്കേ ഇന്ത്യയിലെ ജയിലുകളിലെ സ്ഥിതി അതീവ പരിതാപകരമാണ്. രാഷ്ട്രീയതടവുകാരുടെ അവകാശ സംരക്ഷണത്തിനായി വലിയ പ്രസ്ഥാനമുണ്ടായിരുന്ന ബംഗാളിലെ ജയിലുകളിലെ സ്ഥിതിയും മോശമാണ്. മാവോയിസ്റ്റ് പാര്‍ടിയുടെ 20 കേന്ദ്രസമിതി അംഗങ്ങളാണ് ഇപ്പോള്‍ വിവിധ ജയിലുകളില്‍ കഴിയുന്നത്. വലിയ പ്രസ്ഥാനങ്ങളിലൂടെയേ രാഷ്ട്രീയതടവുകാരുടെയും മറ്റുള്ളവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനാവു.

 

ജയിലില്‍ കഴിയുന്നവര്‍ക്ക് ആകെ ചെയ്യാനാവുക നിരാഹാര സമരമാണ്. പക്ഷെ വിപ്ലവകാരികളെ മരിക്കാന്‍ വിടരുത്. അവരുടെ ജീവന്‍ അമൂല്യമാണ്. വിഷയത്തില്‍ വിപ്ലവപ്രസ്ഥാനത്തേക്കാള്‍ ജനാധിപത്യശക്തികളാണ് ഇടപെടേണ്ടത്. സെപ്റ്റംബര്‍ 13, ജതീന്ദ്രദാസിന്റെ ജയിലിലെ രക്തസാക്ഷിത്വ ദിനം രാഷ്ട്രീയ തടവുകാരുടെ അവകാശ സംരക്ഷണ ദിനമായി ആചരിക്കുന്നുണ്ട്. 1994-95 കാലയളവില്‍ ആന്ധ്രപ്രദേശില്‍ മൂന്നുമാസക്കാലം ജയിലിനകത്തും പുറത്തുമായി സമരം നടന്നു. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സാധാരണ ജീവപര്യന്തം തടവുകാരെ വിട്ടയക്കുക, ജയിലനകത്തെ പ്രശ്‌നങ്ങള്‍, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജയിലില്‍ കിടക്കുന്ന രാഷ്ട്രീയ തടവുകാരുടെ ബന്ധുക്കളും സാധാരണതടവുകാരുടെ ബന്ധുക്കളും പുറത്തു ഐക്യപ്പെടുകയും ചെയ്തു.

 

ചോദ്യം: ഇന്നത്തെ ഭരണകൂട അടിച്ചമര്‍ത്തലിനെ ചിലര്‍ നിശബ്ദ അടിയന്തിരാവസ്ഥയെന്നു വിളിക്കുന്നു.

 

വരവര റാവു: 1975ല്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയില്‍ മധ്യവര്‍ഗമടക്കം സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പീഡിപ്പിക്കപ്പെട്ടു. നിരവധി പേര്‍ കൊല്ലപ്പെട്ടു. 150000ലധികം പേര്‍ ജയിലില്‍ അടക്കപ്പെട്ടു. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി,മുതല്‍ നക്‌സലൈറ്റുകള്‍ വരെ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. പ്രത്യേകം തിരഞ്ഞെടുത്ത സാമൂഹിക വിഭാഗങ്ങളാണ് അടിച്ചമര്‍ത്തല്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. വിപ്ലവപ്രസ്ഥാനവും അതിന്റെ പിന്തുണക്കുന്ന ജനവിഭാഗങ്ങളും പിന്തുണക്കുന്ന മധ്യവര്‍ഗ ബുദ്ധിജീവികളുമാണ് പ്രധാനമായും അടിച്ചമര്‍ത്തപ്പെടുന്നത്. ദലിത്, ആദിവാസി വിഭാഗങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുന്നത്. പിന്നെ മുസ്‌ലീംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളും. സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങള്‍ മൂലം മധ്യവര്‍ഗം തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍, ഭരണകൂടത്തിന്റെ നേരിട്ടുള്ള അടിച്ചമര്‍ത്തല്‍ അവര്‍ക്ക് നേരെ തിരിഞ്ഞിട്ടില്ല. അതിനാല്‍ സാമാന്യ മധ്യവര്‍ഗത്തിന് അടിച്ചമര്‍ത്തലിനെ കുറിച്ച് അറിയാനാവുന്നില്ല.

 

ചോദ്യം: ജനകീയ പ്രവര്‍ത്തനത്തില്‍ സാങ്കേതികവിദ്യകളുടെ പങ്ക് ?

 

വരവര റാവു: അടിസ്ഥാനവര്‍ഗങ്ങളായ ആദിവാസികള്‍ക്കും ദലിതുകള്‍ക്കുമെല്ലാം സാങ്കേതിക വിദ്യകള്‍ അപ്രാപ്യമാണ്. ഉന്നത സാങ്കേതിക വിദ്യകളെ നേരിടാന്‍ ജനങ്ങളുടെ സാങ്കേതിക വിദ്യയാണ് (ജലീുഹല െഠലരവിീഹീഴ്യ) ഉപയോഗിക്കേണ്ടത്. സാങ്കേതിക വിദ്യകളിലെ പ്രാവീണ്യം കൊണ്ട് വിപ്ലവം ജയിക്കാനാവില്ല. എന്നാല്‍, ജനങ്ങളുടെ സാങ്കേതിക വിദ്യയിലെ നൈപുണ്യം കൊണ്ട് വിപ്ലവം ജയിക്കാം. ജനങ്ങളുടെ സാങ്കേതിക വിദ്യയെന്നാല്‍ ജനകീയ സംസ്‌കാരം, മിലിഷ്യ തുടങ്ങിയവയാണ്. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടി വരും. എ.കെ 47 തോക്കുപയോഗിക്കേണ്ടി വരും. മിസൈല്‍ ഉപയോഗിക്കേണ്ടി വരും. പക്ഷെ ഇത് ശത്രുവിനെ നേരിടുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതല്ല. ഏറ്റവും അത്യാവശ്യം അടിത്തട്ടിലുള്ള ശക്തമായ ബഹുജന അടിത്തറയാണ്. അതാണ് ജനങ്ങളുടെ സാങ്കേതിക വിദ്യ.

ലോകത്തെമ്പാടും വിപ്ലവപ്രസ്ഥാനങ്ങള്‍ കലയിലും സാഹിത്യത്തിലും വലിയ സംഭാവനകള്‍ ചെയ്തു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷന്‍ജി നിരവധി കവിതകള്‍ എഴുതിയിരുന്നു. ഇവയെല്ലാം വിവിധ ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദണ്ഡകാരണ്യയില്‍ നിന്ന് നിരവധി കഥകളും കവിതകളും വരുന്നു. പശ്ചിമഘട്ട മേഖലയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ചും നിരവധി കഥകളും കവിതകളും നോവലുകളുമുണ്ടാവുന്നു. തുളു, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ എഴുതുന്ന പശ്ചിമഘട്ട കവിതകള്‍ ആന്ധ്രപ്രദേശില്‍ പരിഭാഷപ്പെടുത്തി 2-3 വോളിയം ഇറക്കിയിട്ടുണ്ട്.

 

ചോദ്യം: മാവോയിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ആദിവാസികള്‍ ഭരണകൂടത്തിനും പ്രസ്ഥാനത്തിനും ഇടയില്‍ പെടുന്നു എന്നു ആരോപണത്തെ കുറിച്ച്?

 

ഉത്തരം:  ഇറ്റാലിയന്‍ അധിനിവേശത്തിനെതിരെ സമരം നടത്തിയ ഒമര്‍ മുഖ്താര്‍ ഇത്തരം ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞിട്ടുണ്ട്.”അവര്‍ പറയട്ടെ”എന്നായിരുന്നു ഒമറിന്റെ മറുപടി. ആദിവാസികളല്ല ഇത്തരം പ്രചരണം അഴിച്ചുവിടുന്നത്. കോര്‍പറേറ്റ് മാധ്യമങ്ങളുടെ പ്രചരണം മധ്യവര്‍ഗം വിശ്വസിക്കുകയാണുണ്ടാവുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍