UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇങ്ങനെ പോയാല്‍ മോദിയുടെ ആഗോള യാത്രകളുടെ ഫലം വട്ടപൂജ്യമാകും

പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാനുള്ള എഴുത്തുകാരുടേയും അക്കാദമിക് വിദഗ്ധരുടേയും ആക്ടിവിസ്റ്റുകളുടേയും സിനിമാ പ്രവര്‍ത്തകരുടേയും കൂട്ടായ തീരുമാനത്തെ മോദി വിരോധം തലക്കുപിടിച്ചവരുടെ പ്രത്യയശാസ്ത്രപരമായ അസഹിഷ്ണുത എന്നോ മറ്റുമാര്‍ഗങ്ങളിലൂടെയുള്ള രാഷ്ട്രീയമെന്നോ വിശേഷിപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും മാതൃസംഘടനയായ ആര്‍എസ്എസിനും തള്ളിക്കളയാം. എന്നാല്‍ ഈ പ്രതിഷേധങ്ങളുടെ ഗതി ഇപ്പോള്‍ മാറിവരികയാണ്. സര്‍ക്കാരിനെ ഏറ്റവുമധികം വേദനപ്പിക്കുന്നിടത്തു തന്നെയാണ് അത് കുത്തുന്നത്. അത് സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ പ്രഹരമേല്‍പ്പിക്കുന്നു.

മുന്‍നിര കോര്‍പറേറ്റ് മേലാളന്‍മാരെല്ലാം സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് ഏറെ കഷ്ടം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ത്വരിതപ്പെടുത്തുന്നതിലെ കഴിവുകേടിനെ അല്ല ഇവര്‍ വിമര്‍ശിക്കുന്നത്. ഭൂരിപക്ഷാധിപത്യവാദികളായ സംഘങ്ങള്‍ക്കു മുമ്പില്‍ നിന്ദ്യമായി വഴങ്ങിക്കൊടുക്കുന്ന സര്‍ക്കാരിന്റെ രീതിയെയാണ് ഇവര്‍ എതിര്‍ക്കുന്നത്. ഇന്ത്യന്‍ സമൂഹം എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സഹിഷ്ണുത പുലര്‍ത്തുന്നവരുമാണെന്ന് ഉറപ്പുവരുത്താനുള്ള ഭരണകൂടത്തിന്റെ വിമുഖതയില്‍ ആശങ്കപ്പെടുന്നവരെല്ലാം ചിലര്‍ വാദിക്കുന്നതു പോലെ കോണ്‍ഗ്രസുകാരല്ല. ആര്‍ എസ് എസ് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ ഈ പ്രതിഷേധങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരായ ഒരു ആസൂത്രിത ഗൂഢാലോനയുമല്ല.

ഒറ്റപ്പെട്ടതെന്നു പറഞ്ഞ് നേരത്തെ തള്ളിക്കളയാമായിരുന്ന അപര്യാപ്തവും മന്ദഗതിയിലുമായ സാമ്പത്തിക പരിഷ്‌കാരങ്ങളെ ചൊല്ലിയുള്ള പരാതികള്‍ ഇപ്പോള്‍ വിമര്‍ശനങ്ങളുടെ കാതലായി മാറിയിരിക്കുന്നു. മോദി ഭരണത്തിലേറിയത് പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്ത വ്യവസായ പ്രമുഖര്‍ ഇപ്പോള്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിലും പലിശനിരക്കുകള്‍ കുറക്കുന്നതിലും ഏറ്റവും പ്രാധാന്യമുള്ള ഉല്‍പ്പാദന മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിച്ച് യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാരിന്റെ മെല്ലെപോക്കിനെ കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു.

പ്രതിപക്ഷവുമായി ഒരു രാഷ്ട്രീയ അഭിപ്രായ ഐക്യം ഉണ്ടാക്കാതെ 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യാന്‍ ശ്രമിച്ചു സര്‍ക്കാര്‍ പരാജയപ്പെടുക കൂടി ചെയ്തതോടെ 2015-ലെ ആദ്യ എട്ടു മാസങ്ങളില്‍ വ്യവസായികള്‍ക്കിടയില്‍ നിരാശ വര്‍ധിച്ചു. ഈ മോഹഭംഗം പതിയെ കടുത്ത പരാതികളായി മാറുകയാണുണ്ടായത്. മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുന്ന ചില മന്ത്രിമാരും എംപിമാരുമുള്‍പ്പെടെയുള്ളവരെ ബിജെപിക്കാരെ എന്തു കൊണ്ട് മോദി നിശബ്ദരാക്കിയില്ല? ദാദ്രി സംഭവത്തെ അപലപിക്കാന്‍ അതു പരോക്ഷമായിട്ടു പോലും എന്തു കൊണ്ട് വൈകി? തുടങ്ങിയ ചോദ്യങ്ങളാണ് ഭരണത്തില്‍ ആരു വന്നാലും സാഷ്ടാംഗം നമിച്ചു ശീലമുള്ള മുതലാളിത്ത വക്താക്കള്‍ പോലും ഉന്നയിക്കുന്നത്.

രാജ്യതന്ത്രജ്ഞന്‍, സര്‍ക്കാരിന്റെ തലവന്‍ എന്നീ നിലകളിലുള്ള തന്റെ ചുമതലകള്‍ രാജ്യധര്‍മ്മത്തിലധിഷ്ഠിതമായി (2002-ല്‍ ഗുജറാത്ത് വംശഹത്യാ കാലത്ത് മോദിയെ തന്റെ ഉത്തരവാദിത്തങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ മുന്‍ ബിജെപി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ഉപയോഗിച്ചത് രാജ്യധര്‍മ്മം എന്ന വാക്കായിരുന്നു) നടപ്പിലാക്കാനുള്ള പ്രധാമന്ത്രിയുടെ പ്രത്യക്ഷമായ വിമുഖത ചില ബിജെപി അനുഭാവികള്‍ക്കു പോലും അസ്വസ്ഥതയുണ്ടാക്കും വിധം രാജ്യത്തെ രാഷ്ട്രീയന്തരീക്ഷം മോശമാക്കിയിരിക്കുന്നു. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് പോലും അനുകൂലമായ അന്തരീക്ഷമല്ല ഇപ്പോഴുള്ളതെന്ന് അവര്‍ തുറന്നു പറയുന്നു.

വ്യവസായ സമൂഹത്തെ സംബന്ധിച്ചിടത്തോളം നല്ല ദിനങ്ങള്‍ ഇനിയും വന്നിട്ടില്ലെന്നും അടിസ്ഥാനപരമായി കാര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും എച്ച്ഡിഎഫ്‌സി തലവന്‍ ദീപക് പരേഖ് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. എതാനും മാസങ്ങള്‍ക്കു ശേഷം മോദി സര്‍ക്കാരിനെ പ്രശംസിച്ച അദ്ദേഹം നേരത്തെ പറഞ്ഞത് പിന്‍വലിക്കുകയും ചെയ്തു. വാഗ്ദാനങ്ങള്‍ നിവറേറ്റുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന് അതിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്നാണ് ഏപ്രിലില്‍ മറ്റൊരു വ്യവസായ പ്രമുഖനായ ഹരിഷ് മാരിവാല പറഞ്ഞത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഗോമാംസ ഉപഭോഗം നിരോധിക്കുകയും മറാത്തി സിനിമാ പ്രദര്‍ശനം നിര്‍ബന്ധമാക്കുകയും ചെയ്തപ്പോള്‍ ബര്‍ഷ് ഗോയങ്കയും അതൃപ്തി അറിയിച്ചിരുന്നു.

മുന്‍ രാജ്യസഭാ എംപിയും ബജാജ് ഗ്രൂപ്പ് തലവനുമായ രാഹുല്‍ ബജാജ് ഓഗസ്റ്റില്‍ പറഞ്ഞത് ഇങ്ങനെ: ‘അഴിമതി ഇപ്പോഴും വ്യാപകമായി നിലനില്‍ക്കുന്നുണ്ടെന്ന് എല്ലാ വ്യവസായികളും സമ്മതിക്കും. എല്ലാവരും പണം ആവശ്യപ്പെടുന്നു. എന്നാല്‍ ആരും തുറന്നു പറയാന്‍ തയാറല്ല. മേയ് 27-ന് (2014) അദ്ദേഹം (മോദി) ചക്രവര്‍ത്തിയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ സര്‍ക്കാരിനെ കുറിച്ചും എല്ലാവരും പറയുന്നത് നോക്കൂ…’

പാര്‍ട്ടി അണികളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ ആഗോളതലത്തിലും ആഭ്യന്തര തലത്തിലും വിശ്വാസ്യത അപകടത്തിലാകുമെന്നാണ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയായ മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസസിന്റെ സഹസ്ഥാപനമായ മൂഡീസ് അനലിറ്റിക്‌സ് ഒക്ടോബര്‍ 30-ന് മോദിയോട് ആവശ്യപ്പെട്ടത്. വിവധ ബിജെപി നേതാക്കളുടെ വിവാദപരമായ പ്രസ്താവനകളും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രകോപിപ്പിച്ചതും സര്‍ക്കാരിന് സഹായകമായിട്ടില്ലെന്നും വംശീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും മൂഡീസ് കൂട്ടിച്ചേര്‍ക്കുന്നു. സാമ്പത്തിക നയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിമാറുന്നതോടെ രാജ്യസഭയില്‍ സര്‍ക്കാരിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.

സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ കാര്യമായ ഭയം കടന്നുകൂടിയിട്ടുണ്ടെന്ന് തൊട്ടടുത്ത ദിവസമാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി പറഞ്ഞത്. താനൊരു രാഷ്ട്രീയ വ്യക്തിത്വമല്ലെന്ന് വ്യക്തമാക്കികൊണ്ടാണ് അദ്ദേഹം ഇതു പറഞ്ഞത്. അതിരുകടന്ന രാഷ്ട്രീയ ശരികള്‍ പുരോഗതിയെ ശ്വാസം മുട്ടിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും പ്രതികരിച്ചു. കൂടുതല്‍ സഹിഷ്ണുതയും വ്യത്യസ്ത വീക്ഷണങ്ങളോടുള്ള ബഹുമാനവും ചോദ്യങ്ങളുന്നയിക്കാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വ്യക്തിയെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ പേരെടുത്തു പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം എല്ലാവര്‍ക്കും മനസ്സിലായി.

ഇതെല്ലാം പറയുന്ന കോര്‍പറേറ്റ് മേലാളന്‍മാര്‍ മോദിയേയും ധനമന്ത്രി അരുണ്‍ ജെറ്റ്‌ലിയേയും പിന്നെ കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗത്തേയും പോലെ സ്വകാര്യ മൂലധന മുതലാളിത്തത്തിന്റെ ഗുണങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരാണെന്ന കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. എന്നിരുന്നാലും ഇതേ ആളുകള്‍ ബിജെപിയുടേയും ആര്‍എസ്എസിന്റേയും അസഹിഷ്ണുതാപരമായ, ന്യൂനപക്ഷ വിരുദ്ധ സാമൂഹിക-സാംസ്‌കാരിക അജണ്ടയില്‍ അസ്വസ്ഥതയുള്ളവരുമാണ്.

ഈ അജണ്ടയെ ഒരിക്കലും പിന്തുണക്കാത്ത നമ്മില്‍ ഏറെ പേര്‍ക്കും ഇത്രവേഗം മോദിയുടെ മധുവിധു കാലം തീര്‍ന്നതില്‍ അല്‍പ്പം ആശ്ചര്യമുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പു ഫലത്തെ മാറ്റി നിര്‍ത്തിയാലും ഇന്ത്യന്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ഭീതി വളരുന്നുണ്ട്. തീവ്ര ഹിന്ദു സംഘങ്ങളെ അവരുടെ വിദ്വേഷ പ്രസംഗങ്ങളും അതിക്രമ നടപടികളുമായി തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യവും സര്‍ക്കാര്‍ മറന്നെന്നും വരാം. അങ്ങനെ വന്നാല്‍ മോദിയുടെ ആഗോള യാത്രകളുടെ ഫലം ഒരു വട്ട പൂജ്യമായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍