UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്ത് അസഹിഷ്ണുത പടരുമ്പോള്‍ മോദി ടൂറിലാണ്

Avatar

സീതാറാം യെച്ചൂരി

രാജ്യത്ത് അതിവേഗം പടരുന്ന വര്‍ഗീയതയടക്കമുള്ള  കടുത്ത അസഹിഷ്ണുതകളെ നിസാരവത്കരിക്കുന്നതിന് പുതിയ സിദ്ധാന്തങ്ങളുണ്ടാക്കുന്ന തിരക്കിലാണ് മോദി സര്‍ക്കാരിന്റെ പേനയുന്തുകാര്‍. മാധ്യമ കുത്തകകള്‍, പ്രത്യേകിച്ചും ഇലക്ട്രോണിക് മാധ്യമങ്ങള്‍, അവരാ പഴകിത്തേഞ്ഞ സിദ്ധാന്തവും പൊക്കിപ്പിടിച്ചുവരികയാണ്. രാജ്യത്തു ഭീഷണമായി വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്ക് അരികുപറ്റിയ ഒരു ചെറുകൂട്ടം മാത്രമാണ് ഉത്തരവാദികളെന്നും, പ്രധാന കളിക്കാര്‍ക്ക് ഇതിലൊന്നും പങ്കില്ലെന്നും അവര്‍ ആവര്‍ത്തിക്കുന്നു. ഈ ചെറുകൂട്ടങ്ങളെ നിയന്ത്രിക്കേണ്ടത് നിയമപാലന സംവിധാനമാണെന്നും പറയുന്നുണ്ടവര്‍. അതുകൊണ്ട് ആര്‍ എസ് എസും,ബി ജെ പി-യും ഉത്തരവാദികളല്ലെന്നും! വെറുപ്പും അസഹിഷ്ണുതയും, അക്രമവും പ്രോത്സാഹിപ്പിക്കുന്ന അക്രമികളുടെ കൂട്ടത്തില്‍ നിന്നും ‘കേന്ദ്ര’ത്തെ ഒഴിവാക്കാനുള്ള തത്രപ്പാടിലാണവര്‍.  

‘കേന്ദ്രവും’‘അരികും’ തമ്മിലുള്ള വ്യത്യാസം വെറും പൊള്ളയായ കഥയാണ്. ഇന്ത്യയെന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ, രൂക്ഷമായ അസഹിഷ്ണുത നിറഞ്ഞ ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കാനുള്ള തങ്ങളുടെ സൈദ്ധാന്തിക പദ്ധതിയില്‍ ആര്‍ എസ് എസ് കുത്തിവെക്കുന്ന അതേ അസഹിഷ്ണുതയുടെ സിദ്ധാന്തമാണ് ഇതും. കേന്ദ്രവും അരികും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറയുന്നതു, ആര്‍ എസ് എസിന്റെ ഒരു രാഷ്ട്രീയ ശാഖ മാത്രമായാണ് ബി ജെ പി ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമായിരിക്കെ ആര്‍ എസ് എസിനെയും ബി ജെ പിയെയും വേര്‍തിരിക്കുന്ന പോലെയാണ്. ആര്‍ എസ് എസിന്റെ വക്താവ് റാഞ്ചിയില്‍ ഈയിടെ നടന്ന അവരുടെ അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ വിളിച്ചുകൂവിയത് വര്‍ഗീയ അസഹിഷ്ണുത പടരുകയാണെന്ന ആരോപണം ആര്‍ എസ് എസിനെതിരെ നിരന്തരം ഉന്നയിക്കുന്നതാണെന്നും പക്ഷേ അവയെല്ലാം അടിസ്ഥാനമില്ലാത്തവയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നുമാണ്. ചില ശക്തികളുടെ ഗൂഡാലോചനയുടെ ഫലമായി ആര്‍ എസ് എസിനെ നിരന്തരം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണെന്നും അവര്‍ അവകാശപ്പെടുന്നു.

ഇന്ത്യയില്‍ നടന്ന നിരവധി വര്‍ഗീയ കലാപങ്ങള്‍ അന്വേഷിച്ച ഉന്നതരായ ന്യായാധിപന്‍മാരുടെ റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ പലപ്പോഴായി നാം കണ്ടിട്ടുണ്ട്. 1992-93-ലെ മുംബൈ കലാപവും അതിനെത്തുടര്‍ന്നുള്ള സ്ഫോടനങ്ങളും (ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍) അടക്കമുള്ള സ്വതന്ത്ര ഇന്ത്യയിലെ കലാപങ്ങളുടെ അന്വേഷണ റിപ്പോര്‍ടുകളിലെല്ലാം ഈ കലാപങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് ഉത്തരവാദികളായി ആര്‍ എസ് എസിനെ കണ്ടെത്തിയിട്ടുണ്ട്. ചരിത്രവുമായി ബന്ധമുള്ള കാര്യങ്ങളൊന്നും ആര്‍ എസ് എസ്/ബി ജെ പിക്ക് പഥ്യമല്ല, സുഖകരവുമല്ല. അതുകൊണ്ടാണ് അവര്‍ ചരിത്രം വളച്ചൊടിച്ച് വീണ്ടുമെഴുതുന്നത്.

തീവ്രവാദ ഹിന്ദുത്വ പരിശീലനം നല്‍കുന്നതില്‍ ആര്‍ എസ് എസിന്റെ ശേഷിക്ക് നീണ്ട ചരിത്രമുണ്ട്. വി ഡി സവര്‍ക്കറാണ് ‘ഹിന്ദുത്വ’ എന്ന പദം ഉപയോഗിച്ചെടുത്തത്. അതിനു ഹിന്ദുമതാചാരങ്ങളുമായി ഒരു ബന്ധവുമില്ലെന്നും സവര്‍ക്കര്‍ പറഞ്ഞിരുന്നു. ഹിന്ദുത്വം ഒരു രാഷ്ട്രീയ പദ്ധതിയാണ്. ‘സകല രാഷ്ട്രീയത്തെയും ഹിന്ദുവത്കരിക്കുക, ഹിന്ദുരാജ്യത്തെ സൈനികവത്കരിക്കുക’എന്ന മുദ്രാവാക്യവും അയാള്‍ നല്കി. ഇതില്‍നിന്നും ലഭിച്ച പ്രചോദനവുമായി ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിന്റെ ആചാര്യന്‍ ഡോക്ടര്‍ ബി എസ് മൂഞ്ചേ ഇറ്റലിയില്‍ പോയി ഫാസിസ്റ്റ് ഏകാധിപതി മുസോളിനിയെ കണ്ടു. 1931, മാര്‍ച്ച് 31-നായിരുന്നു ആ കൂടിക്കാഴ്ച്ച. ഇറ്റലിയന്‍ ഫാസിസം അതിന്റെ യുവാക്കളെ (സ്റ്റോം ട്രൂപ്പേഴ്സ് എന്നു വായിക്കണം) സൈനികമായി പരിശീലിപ്പിക്കുന്ന രീതിയോടുള്ള തന്റെ ആരാധനയും അഭിനിവേശവും മാര്‍ച്ച് 20-നെഴുതിയ ഡയറിക്കുറിപ്പില്‍  അയാള്‍ മറച്ചുവെക്കുന്നില്ല. തിരിച്ചെത്തിയ മൂഞ്ചേ 1935-ല്‍ നാസികില്‍ കേന്ദ്ര ഹിന്ദു സൈനിക വിദ്യാഭ്യാസ സംഘം (Central Hindu Military Education Society) സ്ഥാപിച്ചു. 1937-ല്‍ സ്ഥാപിക്കപ്പെട്ട ഭോന്‍സാല സൈനിക സ്കൂളിന്റെ മുന്‍ഗാമിയായിരുന്നു ഇത്. ഈ സൈനിക സ്കൂളിനെ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അന്വേഷണങ്ങള്‍ ഭീകരവാദത്തിന്റെ സംശയപ്പട്ടികയില്‍ പെടുത്തിയിരുന്നു. ആര്‍ എസ് എസ് ഗുരു ഗോള്‍വാര്‍ക്കര്‍, ഹിറ്റ്ലറുടെ ജൂത വംശഹത്യയില്‍ ആവേശം കൊള്ളുന്നു;“ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിക്കാനും ഗുണം ചെയ്യുന്നതുമായ ഒന്നാണ് അത്” എന്നാണ് ഗോള്‍വാര്‍ക്കര്‍ പറയുന്നു. “പൊതുവായി പറഞ്ഞാല്‍, ദുഷ്ടശക്തികള്‍ക്ക് (അഹിന്ദുക്കള്‍ എന്ന് വായിക്കാം) യുക്തിയുടെയും മധുര ഭാഷണത്തിന്റെയും ഭാഷ മനസിലാകില്ല എന്നത് ഒരു സാമാന്യാനുഭവമാണ്. അവരെ ബലം പ്രയോഗിച്ച് നിയന്ത്രിക്കണം,” എന്നും ഗോള്‍വാര്‍ക്കാര്‍ പറയുന്നു.

ഇത്തരം ആളുകള്‍ പിടിയിലാകുമ്പോള്‍ അല്ലെങ്കില്‍ അവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍ അവരുമായി ഒരു ബന്ധവുമില്ലെന്നാവര്‍ത്തിച്ച് ഒഴിയുകയാണ് ആര്‍ എസ് എസിന്റെ പതിവ്. ഉദാഹരണത്തിന് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന സമയത്ത് നാഥുറാം ഗോഡ്സേക്ക് ആര്‍ എസ് എസുമായി ബന്ധമില്ലായിരുന്നു എന്നാണ് അവര്‍ എല്ലായ്പ്പോഴും അവകാശപ്പെടുന്നത്-എന്നാല്‍ അയാളുടെ സഹോദരന്‍ തന്നെ ഇക്കാര്യത്തെ ശക്തിയായി എതിര്‍ത്തിട്ടുണ്ട്. നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ ഒരു അഭിമുഖത്തില്‍ പറയുന്നു,“എല്ലാ സഹോദരന്മാരും ആര്‍ എസ് എസിലായിരുന്നു. നാഥുറാം, ദത്താത്രേയ, ഞാന്‍, ഗോവിന്ദ്. ഞങ്ങളുടെ വീട്ടിലേക്കാളേറെ ആര്‍ എസ് എസിലാണ് ഞങ്ങള്‍ വളര്‍ന്നത്. അത് ഞങ്ങള്‍ക്ക് ഒരു കുടുംബം പോലെയായിരുന്നു. നാഥുറാം ആര്‍ എസ് എസില്‍ ബൌധിക് കാര്യവാഹ് ആയി. ഒരു പ്രസ്താവനയില്‍ താന്‍ ആര്‍ എസ് എസ് വിട്ടു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഗോള്‍വാര്‍ക്കറും ആര്‍ എസ് എസും ഗാന്ധിവധത്തിന് ശേഷം ഏറെ കുഴപ്പത്തിലായിരുന്നു എന്നാണ് ഇതിന് കാരണമായി പറഞ്ഞത്. പക്ഷേ അദ്ദേഹം ആര്‍ എസ് എസ് വിട്ടിരുന്നില്ല.” (ഫ്രണ്ട് ലൈന്‍ ജനുവരി 28, 1994)ഇവിടെ പ്രധാന കാര്യം ഒരാള്‍ നിലവില്‍ അംഗമല്ല എന്നതിനാല്‍ അയാള്‍ ‘അരികില്‍’ നില്‍ക്കുന്ന ഒരു ചെറുഘടകമാകുന്ന സാങ്കേതികതയല്ല നാം ചര്‍ച്ച ചെയ്യേണ്ടത് എന്നാണ്. ഇത്തരം അക്രമാസക്തമായ വിദ്വേഷം ഊട്ടിവളര്‍ത്തുന്ന ആര്‍ എസ് എസിന്റെയും അവരുടെ പോഷക സംഘടനകളുടേയും വിഷലിപ്തമായ പ്രചാരണങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്.

സംഝൌത എക്സ്പ്രസ് തീവണ്ടി സ്ഫോടനം(ഫെബ്രുവരി 2007), ഹൈദരാബാദ് മെക്ക മസ്ജിദ് സ്ഫോടനങ്ങള്‍ (മെയ് 2007), അജ്മീര്‍ ദര്‍ഗ സ്ഫോടനങ്ങള്‍ (ഒക്ടോബര്‍ 2007) എന്നിവയിലെ പ്രധാന പ്രതിയും മാലേഗാവിലെ ഇരട്ട ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്നയാളുമായ, ഹിന്ദുത്വ ഭീകരവാദ ശൃംഖലയിലെ പ്രധാന കണ്ണി അസീമാനന്ദയെ കുറിച്ച് ഈയടുത്ത്  കാരവാന്‍ മാസികയില്‍ ഒരു ലേഖനം വന്നിരുന്നു. അതില്‍ പറയുന്നു,“അയാളുടെ ഭീകരാക്രമണങ്ങള്‍ക്കെല്ലാം ആര്‍ എസ് എസ് ഉന്നത നേതൃത്വത്തിന്റെ അനുമതിയുണ്ടായിരുന്നു-അന്ന് സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ മേധാവി മോഹന്‍ ഭാഗവത് വരെ.” ഭാഗവത് അസീമാനന്ദയോട് ഇങ്ങനെ പറഞ്ഞു എന്നാണ് ആരോപണം,“അത് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. പക്ഷേ നിങ്ങളത് സംഘവുമായി ബന്ധിപ്പിക്കരുത്.”  അസീമാനന്ദയുടെ കൂട്ടാളികളെക്കുറിച്ചും ഇതില്‍ വിശദമാക്കുന്നു. കൂട്ടുചേര്‍ന്നവരും ബോംബ് വെച്ചവരടക്കമുള്ളവരുമായി ഗൂഡാലോചനയിലെ വിവിധ ഘടകങ്ങളെ ബന്ധിപ്പിച്ച ആര്‍ എസ് എസിന്റെ സുനില്‍ ജോഷി ദുരൂഹ സാഹചര്യങ്ങളില്‍ ഡിസംബര്‍ 2007-ല്‍ കൊല്ലപ്പെട്ടു.

അങ്ങനെയാണ് വസ്തുതകള്‍. അപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ യാത്രകളിലും, പ്രവാസി ഇന്ത്യക്കാരുടെ ആഘോഷ യോഗങ്ങളിലും, വിദേശ നേതാക്കന്മാരെ ഇന്ത്യയില്‍ സ്വീകരിക്കുന്നതിലും ഭാവി വിദേശയാത്രകള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലുമാണ്. മോദി സര്‍ക്കാര്‍ ഇന്ത്യയെ ഒരു ചടങ്ങില്‍ നിന്നും മറ്റൊരു ചടങ്ങിലേക്കാണ് നയിക്കുന്നത്. ‘കുറച്ചു സര്‍ക്കാര്‍, കൂടുതല്‍ ഭരണനിര്‍വഹണം’ എന്ന വാഗ്ദാനം വായുവിലലിഞ്ഞു. വര്‍ഗീയ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനുള്ള സംരക്ഷണം, എല്ലാ അര്‍ത്ഥത്തിലും സര്‍ക്കാരും ആള്‍ക്കൂട്ടവും തമ്മിലുള്ള അന്തരം ഇല്ലാതാക്കിയിരിക്കുന്നു.

ഇത്തരം അക്രമങ്ങളുടെ സൂത്രധാരന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതില്‍ നിന്നും ഇത്തരം വിഭജന രാഷ്ട്രീയത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വ്യക്തമാണ്. ഭരണഘടനയെ ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും വിദ്വേഷ പ്രസംഗങ്ങളും  നടത്തുന്ന ബി ജെ പി എം പിമാര്‍ക്കും സ്വന്തം മന്ത്രിസഭാംഗങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പൊതുജനാഭിപ്രായത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് പാര്‍ലമെന്റില്‍ മോദിയോട് ആവശ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ ഒരുറപ്പ് നല്‍കാനെങ്കിലും മോദിയോട് ആവശ്യപ്പെട്ടു. ഇതുവരെയും നടപടി മാത്രമല്ല, അത്തരത്തിലുള്ള ഉറപ്പുപോലും ഉണ്ടായിട്ടില്ല. രാജ്യത്തെ നിയമവാഴ്ച്ച ഉയര്‍ത്തിപ്പിടിക്കേണ്ട സര്‍ക്കാരും ആള്‍ക്കൂട്ടവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാകുന്നു എന്നല്ലെങ്കില്‍ പിന്നെന്താണ് ഇത് തെളിയിക്കുന്നത്.

മോദി വീണ്ടും ചില വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് നാമറിയുന്നത്-നവംബര്‍ 25-നകം കുറഞ്ഞത് നാലെണ്ണമെങ്കിലും. ഇത് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനെത്തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നവംബറിലെ മൂന്നാമത്തെ തിങ്കളാഴ്ച്ച-16, 2015-നാണ് സാധാരണ ഗതിയില്‍ ശീതകാല സമ്മേളനം തുടങ്ങുന്നത്. 

മോദി മുഖ്യമന്ത്രിയായിരുന്ന അവസാന അഞ്ചുവര്‍ഷവും ഗുജറാത്ത് നിയമസഭ ഓരോ വര്‍ഷവും ശരാശരി 31 ദിവസങ്ങളാണ് സമ്മേളിച്ചത്. ഇതേ കാലയളവില്‍ ലോക്സഭാ ഓരോ വര്‍ഷവും ശരാശരി 66 ദിവസം യോഗം ചേര്‍ന്നു. ഓരോ വര്‍ഷവും ഇരുസഭകളും ശരാശരി 100 ദിവസം സമ്മേളിക്കണമെന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ഇടതു കക്ഷികള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പൊതുയോഗങ്ങളിലെ ആക്രോശമല്ലാതെ പ്രധാനമന്ത്രിയുടെ പാര്‍ലമെന്‍ററി ഇടപെടലുകള്‍ തീരെ കുറവാണ്. ഗുജറാത്ത് സോഷ്യല്‍ മീഡിയ വാച്ച് പറയുന്നതനുസരിച്ച് ഒരു നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി മോദി ശരാശരി മൂന്നുതവണയിലേറെ സംസാരിച്ചിട്ടില്ല. അതില്‍ രണ്ടുതവണയും ‘അനുശോചന പ്രമേയങ്ങള്‍’ അവതരിപ്പിക്കാനായിരുന്നു. അതാണവരുടെ ജനാധിപത്യ രീതി. നാം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഭാവിയിലേക്കാണോ തുറിച്ചുനോക്കുന്നത്?

ഇന്ത്യയിലെ യുക്തിസഹമായി ചിന്തിക്കുന്ന പൌരന്മാരുടെ പ്രതിഷേധത്തിന് നേര്‍ക്ക് മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ തികഞ്ഞ അവജ്ഞയാണ് പ്രകടിപ്പിക്കുന്നത്. രാജ്യത്തു വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രമുഖരായ സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കള്‍ തങ്ങളുടെ പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ട് തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ എഴുത്തുകാരും, ചലച്ചിത്ര പ്രവര്‍ത്തകരും, ചരിത്രകാരന്മാരും, ശാസ്ത്രജ്ഞരുമെല്ലാം ഏറ്റെടുത്ത വലിയ പ്രതിഷേധമായി മാറിയിരിക്കുന്നു.

ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ പ്രതിരോധിച്ചുകൊണ്ടുള്ള അസാധാരണമായ പ്രതിഷേധ പ്രകടനത്തിലും നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയുടെ സാംസ്കാരിക മൂല്യങ്ങളെ ആഘോഷിക്കുന്നതിലും ഈ പ്രമുഖ വ്യക്തിത്വങ്ങള്‍ അനന്യമായ നിശ്ചയദാര്‍ഡ്യമാണ് കാണിച്ചത്. ഇതേ മൂല്യങ്ങള്‍ക്കായി പോരാടാനുള്ള മറ്റ് ഇന്ത്യക്കാരുടെ ആവേശത്തെയും, നമ്മുടെ മതേതര ജനാധിപത്യ അടിത്തറയെ സംരക്ഷിക്കാനുള്ള ഉള്ളുറപ്പിനെയും ഇത്തരം നടപടികള്‍ ശക്തിപ്പെടുത്തുന്നു.

മന്ത്രിസഭാംഗങ്ങള്‍,‘രാഷ്ട്രീയ പ്രചോദിതമായ’ ഈ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് ഇടതുകക്ഷികള്‍ക്ക് മേല്‍ ആക്രമണം നടത്തിയതില്‍ അത്ഭുതമില്ല. ആര്‍ ബി ഐ ഗവര്‍ണര്‍, നാരായണ മൂര്‍ത്തിയെയും കിരണ്‍ മജൂംദാറെയും പോലുള്ള കോര്‍പ്പറേറ്റുകള്‍, ജയന്ത് നാര്‍ലിക്കാരെയും ഭാര്‍ഗവയെയും പോലുള്ള ശാസ്ത്രജ്ഞര്‍, റോമിലാ ഥാപ്പറെ പോലുള്ള ചരിത്ര പണ്ഡിതര്‍, കൃഷ്ണ സോബ്ത്തിയെ പോലുള്ള സാഹിത്യകാരന്‍മാര്‍, അങ്ങനെ സ്വന്തം മേഖലകളില്‍ മികവ് തെളിയിച്ച നൂറുകണക്കിനാളുകള്‍ തങ്ങളുടെ കൂട്ടത്തിലുള്ളതില്‍ ഇടതുപക്ഷത്തിന് അഭിമാനമുണ്ട്. മാധ്യമ വാര്‍ത്തകളനുസരിച്ച് ധനമന്ത്രി പറയുന്നതു,“പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നവര്‍ മറ്റ് വഴികളിലൂടെ രാഷ്ട്രീയം കളിക്കുകയാണ്,” എന്നാണ്. ഇടതുപക്ഷത്തിനുള്ള ഇടം കുറഞ്ഞതുകൊണ്ടാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഇത് അപകടകരമായൊരു ഫാസിസ്റ്റ് പ്രവണതയാണ്-വിമാതാഭിപ്രായങ്ങളെ രാഷ്ട്രീയ നിറം നല്കി തള്ളിക്കളഞ്ഞുകൊണ്ട് ജനാധിപത്യത്തെ ശുഷ്കമാക്കുക എന്നത്.

നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിലെ തികഞ്ഞ പിടിപ്പുകേടില്‍ നിന്നും ജനങ്ങളുടെ ദുരിതത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ധനമന്ത്രി ഇത് പറയുന്നത്. പരിപ്പിന്റെ വില കുതിച്ചുകയറുകയാണ്. ഭൂരിപക്ഷം ഇന്ത്യക്കാരുടെയും നിത്യാഹാരമായ പരിപ്പും റൊട്ടിയും അവര്‍ക്ക് താങ്ങാനാവുന്നില്ല. കര്‍ഷക ആത്മഹത്യകള്‍ ഏറിവരുന്നു. വ്യാവസായിക വളര്‍ച്ചയെക്കുറിച്ചുള്ള മായാധാരണകള്‍ പോലും എളുപ്പം മാഞ്ഞുപോയിരിക്കുന്നു. തൊഴിലില്ലായ്മ കൂടുന്നു. മൂഡിയെ പോലുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ വിമര്‍ശനം ഉന്നയിക്കുന്നു. അച്ഛെ ദിന്‍ തന്നെ…

ഈ പ്രതിഷേധങ്ങള്‍ കൊണ്ടൊന്നും കുലുങ്ങാതെ ‘മത അസന്തുലിതാവസ്ഥ’ ശരിയാക്കാന്‍ ഒരു പുതിയ പ്രചാരണം തുടങ്ങുകയാണ് ആര്‍ എസ് എസ്. പുതിയ ജനസംഖ്യ കണക്കെടുപ്പില്‍ മുസ്ലീങ്ങളുടെ വളര്‍ച്ച നിരക്ക് ഹിന്ദുക്കളുടേതിനാക്കാള്‍ കൂടുതലാണെന്ന് അവര്‍ പറയുന്നു. അതുകൊണ്ടു ‘ഹിന്ദുക്കള്‍ അപകടത്തില്‍’ എന്ന പ്രചാരണവുമായാണ് അവര്‍ ഇറങ്ങിയിരിക്കുന്നത്. ഹിന്ദു ജനസംഖ്യ ഇതേ രീതിയില്‍ നിശ്ചലമായി നിന്നാല്‍ പോലും മുസ്ലീങ്ങള്‍ ജനസംഖ്യയില്‍ ഹിന്ദുക്കളെ മറികടക്കണമെങ്കില്‍ ഒരു നൂറ്റാണ്ടിലേറെ കാലം വേണം. എന്നാല്‍ ഹിന്ദുക്കള്‍ ഇതേ രീതിയില്‍ വര്‍ധിക്കുകയാണെങ്കില്‍ (അതിനാണ് സാധ്യതയും) ഒരു ന്യൂനപക്ഷ വിഭാഗത്തിനും ജനസംഖ്യയില്‍ അവര്‍ക്കൊപ്പമെത്താന്‍ ആകില്ല. എന്നിട്ടും സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കാനാണ് ആര്‍ എസ് എസ് രാജ്യത്തെങ്ങും പ്രചരണം നടത്തുന്നത്. ഇത് പൌരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഇല്ലാതിരുന്ന അടിയന്തരാവസ്ഥക്കാലത്ത് നിര്‍ബന്ധപൂര്‍വം നടത്തിയ വന്ധ്യംകരണ ഭീകരതയിലേക്ക് നീങ്ങാം.

ഇതൊക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ്യം. ഇന്നുകാണുന്ന ഇന്ത്യയെ സംരക്ഷിക്കണമെങ്കില്‍ ഇന്ത്യയെ തീര്‍ത്തും മാറ്റാനുള്ള ഈ സൈദ്ധാന്തിക ശ്രമങ്ങളെ രാഷ്ട്രീയമായി പരാജയപ്പെടുത്തേണ്ടതുണ്ട്.

(സി പി ഐ എം ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍