UPDATES

പിണറായി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് രാജ്; ജനം ഇനി നോക്കുകുത്തി, കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കും

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന നിയമഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്; അതില്‍ പ്രധാനമാണ് അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന നിയമം- അന്വേഷണ പരമ്പര തുടരുന്നു-ഭാഗം 2

ഇപ്പോള്‍ നിയമസഭ ചേരുന്ന സമയമല്ല. അതിനാല്‍ തന്നെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ഓര്‍ഡിനന്‍സ് വഴി നിയമമാക്കാം. എന്നാല്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവച്ച് ഒരു ഓര്‍ഡിനന്‍സ് കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഏഴ് നിയമങ്ങളാണ് ഒരു ഓര്‍ഡിനന്‍സ് വഴി അന്ന് ഭേദഗതി ചെയ്തത്. പഞ്ചായത്ത് രാജ് ആക്ട്, ചുമട്ടുതൊഴിലാളി നിയമം, നഗരപാലികാ നിയമ, ഭൂജല നിയമം, സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആക്ട് തുടങ്ങി ഏഴ് നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തു. ഇതില്‍ നാല് നിയമങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇത് ചെയ്യുന്നത് ഒരു ഇടത് സര്‍ക്കാരും. ആ ഓര്‍ഡിനന്‍സിന്റെ അടിയന്തിര പ്രാധാന്യം എന്തായിരുന്നു? 

‘കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്’ – കഴിഞ്ഞ ഒക്ടോബര്‍ ഇരുപതിന് കേരളസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ്. എന്നാല്‍ ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് ഇറങ്ങിയ കാര്യം കേരളത്തിലെ പ്രതിപക്ഷം പോയിട്ട് ഭരണപക്ഷത്തുള്ളവരില്‍ പോലും പലരും അറിഞ്ഞില്ല. ആരെയും അറിയിക്കാതെ രഹസ്യമായി അടിയന്തിര പ്രാധാന്യത്തോടെ ഇറക്കാന്‍ മാത്രം ആ ഓര്‍ഡിനന്‍സില്‍ എന്താണുള്ളത്?

അധികാരഘടനയേയും, അടിസ്ഥാന വര്‍ഗത്തിനായി നിര്‍മ്മിച്ച നിയമങ്ങളേയും ഭരണഘടനയെ തന്നെയും അട്ടിമറിക്കുന്ന നിയമഭേദഗതികളാണ് ഈ ഒറ്റ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നതുകൊണ്ടാവണം അങ്ങനെ സംഭവിച്ചത്. ലോകബാങ്ക് വികസിപ്പിച്ചെടുത്ത ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങില്‍ മുന്‍നിരയിലേക്കെത്താനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ് ഓര്‍ഡിനന്‍സ് ഉണ്ടായിരിക്കുന്നത്. 189 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ 134-ാം സ്ഥാനത്താണ്. റാങ്കിങ്ങില്‍ മുന്നേറാനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച 231 ഇന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വിമുഖത പ്രകടിപ്പിച്ച് നില്‍ക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. 10 സംസ്ഥാനങ്ങളില്‍ കേന്ദ്രാവിഷ്‌കൃത പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ തൊണ്ണൂറ് ശതമാനത്തിലേറെ നടപ്പാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായങ്ങള്‍ക്ക് സുഗമമായ വഴിയൊരുക്കി നല്‍കാന്‍ നിയമങ്ങളില്‍ ഇളവ് വരുത്തുകയേ മാര്‍ഗമുള്ളൂ എന്ന് മനസ്സിലാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍, നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ വിവാദമായേക്കാവുന്ന പല നിയമഭേദഗതികളും ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കുകയായിരുന്നു.

നരേന്ദ്ര മോദി അധികാരത്തിലെത്തിയ ഉടന്‍ ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മ്മാണം നടത്തുന്നതിനെ കടുത്ത വിമര്‍ശനങ്ങളുമായി നേരിട്ട ഇടതുപക്ഷമാണ് ഇതേ സമീപനത്തിലൂടെ ഏഴ് നിയമങ്ങളെ ഭേദഗതിചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിയ നിയമഭേദഗതികള്‍ കേരളത്തെ, ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കെ.ആര്‍ ധന്യ നടത്തിയ അന്വേഷണപരമ്പരയുടെ രണ്ടാംഭാഗം.

ഇടതുസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ജനാധിപത്യത്തെ അട്ടിമറിക്കുന്നോ? അന്വേഷണം

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ നോക്കുകുത്തികളാക്കി അധികാരം ഉദ്യോഗസ്ഥരിലേക്ക് കൈമാറുകയായിരുന്നു ഈ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍. വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് അനുവദിക്കുന്നതിന്റെ മറവില്‍ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം വെട്ടിച്ചുരുക്കുന്നതാണ് ‘കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്’. ഇതുവരെ പ്രാദേശിക ഭരണസമിതി അഥവാ ജനങ്ങള്‍ക്കുണ്ടായിരുന്ന അധികാരത്തെ കവര്‍ന്നെടുത്തുകൊണ്ടാണ് പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്.വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ നിന്ന് എടുത്തുമാറ്റി ആ അധികാരം അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നല്‍കുന്നതാണ് നിയമഭേദഗതി.

ഇനി വ്യവസായ,വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് സെക്രട്ടറിമാരുടേയോ അല്ലെങ്കില്‍ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ അധികാരപരിധിയിലുള്‍പ്പെടും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി ഇക്കാര്യത്തില്‍ ഇടപെടാനുള്ള അവകാശമോ അധികാരമോ ഉണ്ടായിരിക്കില്ല. അനുമതി ലഭിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ക്രമക്കേടുകളുണ്ടെങ്കില്‍ സെക്രട്ടറിക്ക് അത് പഞ്ചായത്ത് ഭരണസമിതിയേയോ നഗരസഭാ കൗണ്‍സിലിനേയോ അറിയിക്കാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മാത്രം പ്രസ്തുത വ്യവസായ/വാണിജ്യ സ്ഥാപനം തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.

തദ്ദേശ ഭരണസമിതികള്‍ സമയബന്ധിതമായി തീരുമാനമെടുക്കാതിരിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഈ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ ഈ കാലതാമസം പ്രതിസന്ധിയുണ്ടാക്കുമെന്നതിനാല്‍ അതിന് ഇടനല്‍കാതെ തീരുമാനമെടുക്കാന്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ അത് അപേക്ഷ സ്വീകരിച്ചു എന്ന തെളിയിക്കുന്ന റസീറ്റ് അപേക്ഷകന് സെക്രട്ടറി നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന സമയത്ത് തന്നെ വേണ്ടത്ര രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കിയിട്ടുണ്ടോ എന്ന് കാര്യം പരിശോധിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ അപേക്ഷകന് അഞ്ച് ദിവസത്തെ സമയമനുവദിക്കണമെന്നുമാണ് സെക്രട്ടറിമാര്‍ക്കുള്ള നിര്‍ദ്ദേശം. അപേക്ഷ സമര്‍പ്പിച്ച് പതിനഞ്ച് ദിവസത്തിനകം സെക്രട്ടറിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കാമെന്നും 30 ദിവസത്തിനകം പ്രവര്‍ത്തനാനുമതി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഈ സര്‍ക്കാര്‍ ഭേദഗതി പരിശോധിക്കുമ്പോള്‍ തന്നെ, ഇതിനിടെ സര്‍ക്കാര്‍ നടപ്പാക്കിയ, നടപ്പാക്കാനുദ്ദേശിക്കുന്ന പല നിയമഭേദഗതികളിലും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ടെന്ന് കാണാം. മദ്യവില്‍പ്പന ശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ് 2017 ജൂലൈ 31വരെയുള്ള അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ സാധൂകരിച്ചുകൊണ്ട് ഓര്‍ഡിനന്‍സിറക്കാനുള്ള മന്ത്രിസഭാ അനുമതി. ഇതിലും കെട്ടിടനിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട പരിശോധനള്‍ നടത്തുന്നതിനും തീരുമാനമെടുക്കുന്നതിനും പ്രാദേശിക സമിതികളെ ഒഴിവാക്കി പകരം സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ആ അധികാരം നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിച്ചിരിക്കുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല എന്ന തീരുമാനമാണ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ നിയമങ്ങളെല്ലാം പ്രാബല്യത്തില്‍ വന്നാല്‍ അധികാരങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ട് കേവലം പദ്ധതി തുക ചെലവഴിക്കാനുള്ള സംവിധാനങ്ങള്‍ മാത്രമായി തദ്ദേശസ്ഥാപനങ്ങള്‍ മാറ്റപ്പെടും.

അധികാരം ഉദ്യോഗസ്ഥരിലേക്ക് മാത്രമെത്തുമ്പോള്‍

ഏറെ ക്രമക്കേടിന്റെ ചരിത്രം അവകാശപ്പെടാവുന്ന ഉദ്യോഗസ്ഥരാവും ഇനി കാര്യങ്ങള്‍ തീരുമാനിക്കുക. സിആര്‍ഇസെഡ് നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവുമുള്‍പ്പെടെയുള്ളവ കാറ്റില്‍ പറത്തി വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ചട്ടവിരുദ്ധമായി അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്കെതിരെ നിലനില്‍ക്കെയാണ് ഇവരെത്തന്നെ ഇത്തരം കാര്യങ്ങളില്‍ അധികാരമേല്‍പ്പിച്ചുകൊണ്ട് ഭരണപരിഷ്‌ക്കാരം ഇടതുസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്ന് നിഗമനത്തിലല്ല എത്തിച്ചേരുന്നത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അവകാശങ്ങളും അധികാരങ്ങളും നിലനില്‍ക്കുമ്പോഴും, നിരവധി നിയമങ്ങള്‍ ഉണ്ടായിരിക്കുമ്പോഴും പല പദ്ധതികളിലും വ്യവസ്ഥകള്‍ മറികടന്നുകൊണ്ട് തദ്ദേശസ്ഥാപന സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥര്‍ ചട്ടലംഘനം നടത്തിവരുന്നത് പതിവ് കാഴ്ചയാണ്. അങ്ങനെയിരിക്കെ ജനകീയ പങ്കാളിത്തമുള്ള പ്രാദേശിക സമിതികളെയും തദ്ദേശ ഭരണസമിതികളെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ അഴിമതിയുടെ വലിയ വാതിലാണ് നിയമഭേദഗതി വഴി തുറക്കുക എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തോമസ് ചാണ്ടിയുടെയും പി.വി അന്‍വര്‍ എംഎല്‍എയുടേയും വിവിധ ക്രമക്കേടുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനങ്ങളെപ്പോലും മറികടന്നുകൊണ്ട് കൂട്ടു നിന്നത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണെന്നത് പുറത്തുവന്നിട്ടുള്ള വിവരമാണ്. ഇവ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന നിരവധി അഴിമതിക്കഥകള്‍ ദിവസേന പുറത്തുവരുന്നുണ്ട്. പഞ്ചായത്ത് ഭരണ സമിതികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം നീതിയുക്തമായിരിക്കണമെന്നില്ല. എന്നിരുന്നാലും ജനകീയ പങ്കാളിത്തം ഉള്ളതിനാല്‍ ജനവിരുദ്ധ തീരുമാനങ്ങള്‍ എടുക്കുക എന്നത് ജനകീയ സഭയ്ക്ക് അത്ര എളുപ്പമല്ല കാര്യമല്ല. ഏത് സയമത്തും സ്ഥലം മാറ്റം ലഭിച്ച് പോകാവുന്ന ഒരു ഉദ്യോഗസ്ഥനേക്കാള്‍ ഉത്തരവാദിത്തത്തോടെയും കരുതലോടെയും ഒരു പ്രദേശത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രാദേശിക ഭരണസമിതി പെരുമാറുമെന്നതില്‍ സംശയമില്ല. ജനവിരുദ്ധ തീരുമാനങ്ങളെടുക്കുക തദ്ദേശ ഭരണസമിതിയെ സംബന്ധിച്ചിടത്തോളം പ്രായോഗികവുമല്ല. എന്നാല്‍ ഉദ്യോഗസ്ഥരിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുമ്പോള്‍ തീരുമാനങ്ങള്‍ ജനകീയമാവാനിടയില്ലെന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആക്ഷേപം. കാലതാമസമൊഴിവാക്കാനാണെങ്കില്‍, തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ക്കശമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി അത് പാലിക്കപ്പെടാനുള്ള നിയമവ്യവസ്ഥകളായിരുന്നു സര്‍ക്കാര്‍ കൊണ്ടുവരേണ്ടിയിരുന്നത്.

സിഎംപി നേതാവും പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗവുമായിരുന്ന സി.പി ജോണ്‍ പറയുന്നു: “ഒന്ന്, യഥാര്‍ഥത്തില്‍ സെക്രട്ടറിമാര്‍ വികേന്ദ്രീകരണത്തിന്റെ പോരായ്മയായി നില്‍ക്കുകയാണ്. സെക്രട്ടറിമാര്‍ ഇപ്പോഴും സ്‌റ്റേറ്റിന്റെ കീഴിലാണ്. അവര്‍ സ്‌റ്റേറ്റിനാല്‍ നിയമിക്കപ്പെടുകയും സ്ഥലംമാറ്റപ്പെടുകയും ചെയ്യുകയാണ്. ഡ്യുവല്‍ കണ്‍ട്രോളാണ് അവര്‍ക്ക് മുകളില്‍ ഇപ്പോഴുള്ളത്. അത് കുറയ്ക്കണമെന്നതാണ് വികേന്ദ്രീകരണ വാദികളുടെ ആവശ്യം. ജില്ലാപഞ്ചായത്ത് സെക്രട്ടറിമാരെ ജില്ലാ പഞ്ചായത്ത് പി.എസ്.സിയിലൂടെ നിയമിക്കുകയാണെങ്കില്‍ അവര്‍ സ്ഥലം മാറിപ്പോവുന്ന വിഷയം വരില്ല. അതിന് പകരം ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ചെത്തുന്നവരായിരിക്കും സെക്രട്ടറിമാര്‍. ഏതെങ്കിലും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നവരൊക്കെയായിരിക്കും പഞ്ചായത്തുകളില്‍ സെക്രട്ടറിയായി വരിക. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്തെങ്കിലും തോന്ന്യവാസം ചെയ്താല്‍ അയാള്‍ക്ക് അവിടെ നിന്ന് സ്ഥലം മാറിപ്പോവാം. പിന്നെ മറ്റുള്ളവര്‍ അതിന് പിന്നില്‍ തൂങ്ങി ഹൈക്കോടതിയിലും മറ്റും പോവേണ്ടി വരും. സെക്രട്ടറിമാര്‍ അവരുടെ അധികാരമുപയോഗിച്ച് നടത്തുന്ന കടന്നുകയറ്റങ്ങളൊന്നും ഏതെങ്കിലും ഒരു വ്യക്തിയെ നേരിട്ട് ബാധിക്കുന്നതാവണമെന്നില്ല. സമൂഹ്യപ്രവര്‍ത്തകരാണ് പലപ്പോഴും കേസുകള്‍ കൊടുത്ത് അത്തരം വിഷയങ്ങളില്‍ ഇടപെടുന്നത്. കേരളത്തില്‍ ഭരണകക്ഷി തന്നെ ഗ്രീന്‍ ട്രിബ്യൂണലില്‍ പോവുന്ന ഗതിയാണ്. ചാണ്ടിയുടേയും അന്‍വറിന്റേയും കേസുകളെടുത്താല്‍ അതില്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് പങ്കുണ്ടെന്ന് കാണാം. അത് അവരുടെ കുഴപ്പമാവണമെന്നില്ല. ജനകീയ സഭകളെപ്പോലും ഹൈജാക്ക് ചെയ്യുന്ന കാലത്ത് സെക്രട്ടറിമാരെ ഹൈജാക്ക് ചെയ്യാന്‍ എന്ത് ബുദ്ധിമുട്ടാണുള്ളത്?”

വികേന്ദ്രീകരണത്തിനായി വാദിച്ചവര്‍ തന്നെ അതിന് ശവക്കുഴി തോണ്ടുമ്പോള്‍

തൊണ്ണൂറുകളുടെ പകുതിയോടെ അധികാര വികേന്ദ്രീകരണം എന്ന ആശയം കൊണ്ടുവരികയും, അതിനെ ഇഎംഎസിന്റെ സ്വപ്‌നമായി പോലും വാഴ്ത്തുകയും ചെയ്തിട്ടുള്ളവരാണ് ഇടതുപക്ഷം. ജനകീയാസൂത്രണം എന്ന ബൃഹത് പദ്ധതിയിലൂടെ 1996ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഈ ആശയം നടപ്പാക്കി. തദ്ദേശസ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരുകളാക്കി മാറ്റി. അധികാര വികേന്ദ്രീകരണത്തിനായി അതിശക്തമായി വാദിക്കുകയും നിലപാടെടുക്കുകയും ചെയ്ത ഇടതുപക്ഷമാണ് ഇപ്പോള്‍ ഈ നിയമഭേദഗതികള്‍ വഴി വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിന് വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരുന്നവരാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. പുതിയ ജനാധിപത്യ പരീക്ഷണത്തെ ജനങ്ങള്‍ക്ക് പഠിപ്പിച്ചതും പരിശീലനം നല്‍കിയതും അവരാണ്. എന്നാല്‍ പരിഷത്ത് പ്രവര്‍ത്തകര്‍ പോലും പ്രത്യക്ഷത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഏത് പ്രസംഗവേദിയിലും ജനകീയാസൂത്രണത്തെക്കുറിച്ചും വികേന്ദ്രീകരണത്തെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചിരുന്ന തോമസ് ഐസക്കും ഇക്കാര്യത്തില്‍ എന്തെങ്കിലും മിണ്ടിയിട്ടില്ല. സി.പി ജോണ്‍ തുടരുന്നു: “ഡീസെന്‍ട്രലൈസ് (വികേന്ദ്രീകരണം) ചെയ്തിട്ടുള്ള സംവിധാനത്തെ റീസെന്‍ട്രലൈസ് (പുന:കേന്ദ്രീകരണം) ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തങ്ങള്‍ കൂടുതല്‍ വികേന്ദ്രീകരണത്തിനായി വാദിക്കുന്നവരാണെന്നാണ് ഇടതുപക്ഷക്കാര്‍ പറഞ്ഞിരുന്നത്. പക്ഷെ ഇപ്പോള്‍ വളരെ മോശം കാര്യമാണ് അവര്‍ ചെയ്യുന്നത്.”

തദ്ദേശ സ്ഥാപനങ്ങളെന്നാല്‍ പ്രാദേശിക സര്‍ക്കാരുകളാണ്. പഞ്ചായത്തുകളുടേയും നഗരസഭയുടേയും അധികാരത്തില്‍ കൈവയ്ക്കുകയെന്നാല്‍ പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങളെ തുരങ്കം വയ്ക്കുകയാണ്. ഗ്രാമസഭ തീരുമാനിച്ചാല്‍ അതിനെ മറികടക്കാന്‍ സര്‍ക്കാരിന് പോലും അധികാരമില്ല എന്ന അവസ്ഥയില്‍ നിന്ന് ഗ്രാമസഭയ്ക്ക് തീരുമാനമെടുക്കാനുള്ള അധികാരമില്ല എന്നതിലേക്കെത്തുന്നു കാര്യങ്ങള്‍. അധികാര വികേന്ദ്രീകരണത്തെയും പ്രാദേശിക ഭരണ സ്ഥാപനങ്ങളെയും സുസ്ഥിരതയിലേക്കെത്തിച്ച സുപ്രധാന ഘടകം അന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ വിപുലമായ അധികാരങ്ങളും വികസന ചുമതലകളുമായിരുന്നു. എന്നാല്‍ അതിനെ അപകടപ്പെടുത്തുന്ന തരത്തിലാണ് നിയമഭേദഗതി വരുന്നത്. കേന്ദ്രീകൃത ജനാധിപത്യം എന്ന ലെനിനിസ്റ്റ് – സ്റ്റാലിനിസ്റ്റ് സംഘടനാ ശൈലിയിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ മാറ്റുകയാണ് ചെയ്യുന്നത്. ജനാധിപത്യത്തിന്റെ താഴെത്തട്ടിലുള്ള ആവിഷ്‌കാരമായ പഞ്ചായത്ത് രാജിന്റെ കഥ കഴിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം.

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

പിണറായി വിജയന്റെ ഓര്‍ഡിനന്‍സ് രാജ്
“കരയുന്നതിനൊപ്പം കരയുന്ന ഭരണാധികാരിയെയാണ് വേണ്ടത്” എന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് പകരം അധികാരം പിടിച്ചെടക്കുകയും അത് പ്രയോഗിക്കുകയും ചെയ്യുന്ന സര്‍ക്കാരും ഭരണാധികാരികളുമാണ് നമ്മുടെ മുന്നിലുള്ളത്. ഓര്‍ഡിനന്‍സ് വഴി നിയമം നടപ്പാക്കി ജനങ്ങളുടെ അധികാരത്തെ എടുത്തുമാറ്റുന്ന പിണറായി സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ അധികാര കേന്ദ്രീകരണം എന്ന ആശയമാണ് നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണോ സംസ്ഥാന സര്‍ക്കാരുകളുടെ, അഥവാ ഫെഡറല്‍ സംവിധാനത്തില്‍ ലഭ്യമാവുന്ന അധികാരങ്ങളെ നിര്‍വീര്യമാക്കുന്നത് അതിന് സമാനമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളുടെ അധികാരത്തെ കയ്യടക്കുന്നത്.

സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി. മാത്യുവിന്റെ വാക്കുകള്‍: “ജനകീയാസൂത്രണത്തിന്റെ സമയം മുതല്‍ അവര്‍ വളരെ ശക്തമായിട്ട് പറഞ്ഞിരുന്ന ഒരു കാര്യം വികേന്ദ്രീകരണത്തെക്കുറിച്ചാണ്. അന്നുമുതല്‍ സര്‍ക്കാരിന്റെ അടിസ്ഥാന കാര്യമെന്ന നിലയില്‍ പഠനകോണ്‍ഗ്രസുകളിലുള്‍പ്പെടെ പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്. എന്നുമാത്രമല്ല, പ്ലാന്‍ഫണ്ടിന്റെ നാല്‍പ്പത് ശതമാനത്തോളം വിനിയോഗിക്കാനുള്ള അവകാശം തദ്ദേശഭരണ വകുപ്പുകള്‍ക്ക് നല്‍കുകയും ചെയ്തും. വിദഗ്ദ്ധ സമിതികള്‍ തിരഞ്ഞെടുക്കപ്പെട്ട സമിതികളുടെ അധികാരം തടസ്സപ്പെടുത്തുന്നുണ്ടോ എന്നത് സംബന്ധിച്ചായിരുന്നു കേരളത്തില്‍ തര്‍ക്കമുണ്ടായിരുന്നത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വികേന്ദ്രീകരണ സംവിധാനത്തെ അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് നോക്കിയാല്‍, എല്ലായിടത്തും അധികാര കേന്ദ്രീകരണം ഉണ്ടെന്ന് കാണാം. ഇതിനെ ഞാന്‍ കാണുന്നത് കുറച്ചുകൂടെ വ്യത്യസ്തമായിട്ടാണ്.

നമ്മള്‍ ഫാസിസം എപ്പോഴും ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചുവരുന്ന ഒരു പദമാണ്. ഫാസിസം പലപ്പോഴും തലപൊക്കുന്നത് കാപിറ്റലിസത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ നിന്നാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതോറിറ്റേറിയന്‍ ആയ സ്വഭാവം പല രാജ്യങ്ങളിലും, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് രാജ്യങ്ങളിലെല്ലാം ഉണ്ടായിട്ടുണ്ട്. ഫാസിസത്തിന്റെ പ്രത്യേകത, ഇതാണ് സ്വാഭാവികം എന്ന രീതിയില്‍ നമ്മളെക്കൂടി അതിന് വിധേയരാക്കിക്കൊടുക്കുന്ന രീതിയാണ്. അവര്‍ ഒന്നുകില്‍ ദേശീയത പറയും, അല്ലെങ്കില്‍ ഹിറ്റ്‌ലര്‍ ഒക്കെ പറഞ്ഞത് പോലെ ആര്യന്‍മാരുടെ സുപ്രീമസിയെക്കുറിച്ചുപറയും, അല്ലെങ്കില്‍ ഹിന്ദുയിസം പറയുക തുടങ്ങിയ കാര്യങ്ങളിലൂടെ നമ്മളുടെ കൂടി പ്രൈഡ് ഉയര്‍ത്തി വിധേയപ്പെടുത്തുന്നതാണത്.

ഓരോ കാര്യങ്ങളായി പരിശോധിച്ചാല്‍, ധനകാര്യ വകുപ്പിന് മറ്റെല്ലാ വകുപ്പിനും മുകളില്‍ അധികാരം വരിക, അതുകഴിഞ്ഞ് പ്ലാനിങ് കമ്മീഷനുകള്‍ പോയി, റയില്‍വേ ബജറ്റ് ഇല്ലാതായി- ഒരു അധികാര കേന്ദ്രീകരണമാണ് അവിടെ സംഭവിച്ചത്. ഇന്ത്യ നിര്‍മ്മിക്കപ്പെട്ടത് ഭരണഘടനയിലൂടെയാണ്. അപ്പോള്‍ അതിന്റെ നിര്‍മ്മാണത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുക എന്ന് പറയുന്നതാണ് യഥാര്‍ഥത്തില്‍ ദേശവിരുദ്ധത എന്ന് പറയാവുന്നത്. ഭരണഘടനയുടെ അന്തസ്സത്ത എന്ന് പറയുന്നത് തന്നെ യൂണിയന്‍ ലിസ്റ്റും, സ്റ്റേറ്റ് ലിസ്റ്റും, കണ്‍കറന്റ് ലിസ്റ്റും മാത്രമേയുള്ളൂ എന്നതാണ്. അവിടെയാണ് ജിഎസ്ടി വന്നപ്പോള്‍ ജിഎസ്ടി കൗണ്‍സില്‍ എന്നു പറയുന്ന മറ്റൊരു കോണ്‍സ്റ്റിറ്റ്യൂഷണല്‍ ബോഡി കൊണ്ടുവന്ന് അവരോധിക്കപ്പെട്ടത്.

യഥാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടായിരുന്ന അധികാരങ്ങള്‍ ഇല്ലാതാവുകയാണ് ചെയ്തത്. കഴിഞ്ഞ ബജറ്റില്‍ മന്ത്രി ഐസക് ഫാറ്റ് ടാക്‌സ് ഏര്‍പ്പെടുത്തി. എന്നുപറഞ്ഞാല്‍, അതില്‍ സര്‍ക്കാരിന്റെ ഒരു നയമുണ്ട്. നിങ്ങള്‍ ഫാസ്റ്റ് ഫുഡിന് കൂടുതല്‍ പണം ചെലവഴിക്കുക, മറ്റ് ഭക്ഷണത്തിന് കുറക്കുക, അല്ലെങ്കില്‍ മദ്യത്തിന് കൂടുതല്‍ ടാക്‌സ് ഏര്‍പ്പെടുത്തുക തുടങ്ങി സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ ഒരു നയം അല്ലെങ്കില്‍ ഭരണം നടപ്പാക്കാന്‍ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്തിന് ഭരണഘടന നല്‍കിയ അവകാശമാണ് അത്. അത് അടിയറവ് വച്ചു. അവിടെ ഒരു അധികാര കേന്ദ്രീകരണം സംഭവിച്ചു. ആകെ കാര്യങ്ങള്‍ പരിശോധിച്ചാല്‍, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ അടിയറവ് വയ്ക്കുന്ന കരാറുകളില്‍ രാജ്യം ഏര്‍പ്പെടുകയും, നമുക്ക് മറ്റ് വഴികളില്ലാത്തതിനാല്‍ ആ കരാറുകളില്‍ ഒപ്പിട്ടേ പറ്റൂ എന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ നമ്മളോട് പറയുകയും ചെയ്യുന്നു. അതിന് ശേഷം ഇനി നിങ്ങള്‍ക്ക് ഇതിന്‍മേലൊന്നും അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയുന്നു. പ്ലാനിങ്ങിനധികാരമില്ല, റയില്‍വേ ബജറ്റില്ല, നിങ്ങള്‍ക്ക് ടാക്‌സ് നിശ്ചിക്കാനോ ഒന്നും ഒരവകാശവും നിങ്ങള്‍ക്കില്ല എന്ന് അറിയിക്കുന്നു. അതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിങ്ങള്‍ക്ക് ഇത്തരം അധികാരങ്ങളൊന്നുമില്ല എന്നുപറയുന്നു. അക്കൂട്ടത്തിലാണ് ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് അടക്കമുള്ള കാര്യങ്ങള്‍ വരുന്നത്.

ഇതില്‍ ഒരു ഹൈറാര്‍ക്കി ഉണ്ടെന്ന കാര്യമാണ് പറഞ്ഞുവന്നത്. എല്ലാ കളികളും ഒരുപോലെയാണ്. എല്ലായിടത്തും അധികാര കേന്ദ്രീകരണമാണ് നടക്കുന്നത്. പക്ഷെ അന്തിമമായി അധികാരം നഷ്ടപ്പെടുന്നവര്‍ പൗരന്‍മാരാണ് എന്നതാണ് വാസ്തവം. പൗരനോ പൗരയ്‌ക്കോ ഉണ്ടായിരുന്ന, നമ്മള്‍ ഗ്രാമസഭകളിലൂടെയൊക്കെ വിഭാവനം ചെയ്തിരുന്ന ഭരണത്തിലുള്ള പങ്കാളിത്തവും, ദൈനംദിന തിരഞ്ഞെടുപ്പുകളിലുള്ള അവകാശവും കവര്‍ന്നെടുക്കുന്ന തരത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ അവകാശങ്ങള്‍ എന്ന് പറയുമ്പോള്‍ നമ്മളുടേതും കൂടിയാണ്. അത് അടിയറവ് വച്ചതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ അതേ പ്രവൃത്തിയിലൂടെ തദ്ദേശസ്ഥാപനങ്ങളുടെ അവകാശങ്ങളെ കയ്യിലെടുത്തുവയ്ക്കുകയാണ്. അക്കൂട്ടത്തില്‍ വരുന്നതാണ് മദ്യശാലകള്‍ വേണമെന്ന് തീരുമാനിക്കുനുള്ള അവകാശവും, ക്വാറികള്‍ വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശവും, അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുക്കാനുള്ള അധികാരം തുടങ്ങി എന്തെല്ലാമാണോ നല്‍കിയിരുന്നത് അതെല്ലാം തിരിച്ചെടുക്കുന്ന നടപടി. അധികാര വികേന്ദ്രീകരണത്തിന്റെ സമയത്ത് ‘എംപവറിങ് ദി പബ്ലിക്’ എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇവരിപ്പോള്‍ ‘യു ഷുഡ് നോട് ബീ എംപവേഡ്’ എന്നാണ് പരോക്ഷമായി പറയുന്നത്. ഇതിനോടൊപ്പമാണ് ആധാര്‍ പോലുള്ള നിരീക്ഷണസംവിധാനങ്ങളും കൊണ്ടുവന്നിരിക്കുന്നത്.

വ്യവസായം പ്രോത്സാഹിപ്പിക്കുക തുടങ്ങി പല പേരുകളിലാണ് അധികാരത്തിന്റെ കൈകടത്തല്‍ വരുന്നതെങ്കിലും ഇത് അധികാരകേന്ദ്രീകരണത്തിന്റെ വിശാലമായ ഒരു ഡിസൈനാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയോ വ്യക്തിയോ ആവട്ടെ, ഈ അധികാരം പങ്കുവയ്ക്കുന്ന കാര്യത്തില്‍ യാതൊരു വ്യത്യാസവുമില്ല എന്നുള്ളതാണ്. അതുകൊണ്ട് ആരും അത് ചോദ്യം ചെയ്യാനും ഉണ്ടാവില്ല. ആര് അധികാരത്തില്‍ കയറിയാലും, മുമ്പേ ആരോ തയ്യാറാക്കി വച്ചിട്ടുള്ള ഒരു ചട്ടക്കൂടിനകത്തേക്കാണ് അവര്‍ പ്രവേശിക്കുന്നത്. അതുകൊണ്ടാണ് വികസനത്തിന്റെ കാര്യത്തില്‍ പിണറായിയുടേയും ഉമ്മന്‍ചാണ്ടിയുടേയും വാക്കുകള്‍ ഒരേപോലെയാവുന്നത്.”

ഏതായാലും അധികാരം ജനങ്ങളിലേക്കെന്ന് പറഞ്ഞ് നടന്നവര്‍ തന്നെ അത് തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്താലും ആത്യന്തികമായി വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ അനുമതി നല്‍കേണ്ടത് സെക്രട്ടറിയാണെന്ന മുടന്തന്‍ ന്യായം പറഞ്ഞുകൊണ്ടാണ് ഓര്‍ഡിനന്‍സ് അനുകൂലികള്‍ പ്രതികരിക്കുന്നത്. എന്നാല്‍ മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നത് അതത് വകുപ്പ് സെക്രട്ടറിമാരോ, ചീഫ് സെക്രട്ടറി വഴിയോ ആണ്. അക്കാരണം കൊണ്ട് മന്ത്രിസഭയ്ക്ക് ഇക്കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ഇല്ലാതാവുമോ എന്ന മറുചോദ്യമാണ് ഇതിനെതിരായി സാമൂഹ്യനിരീക്ഷകര്‍ ഉന്നയിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളെ ഓരോന്നോരോന്നായി തിരിച്ചെടുക്കുന്ന സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ മുന്നോട്ട് വയ്ക്കാനുണ്ട്. കില എന്ന സ്ഥാപനം ഇനിയെന്തിനാണ്? കേവലം ഫണ്ട് ചെലവഴിക്കാന്‍ മാത്രമെന്തിനാണ് ഒരു ത്രിതലപഞ്ചായത്ത് സംവിധാനം? പദ്ധതിയാസൂത്രണമാണോ ഇനി പഞ്ചായത്തുകളില്‍ നടക്കുക? അതോ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കലോ? ഞങ്ങളുടെ നാട്ടില്‍ ഈ വികസനം വേണ്ട എന്ന് അതിരപ്പള്ളി പഞ്ചായത്തിനും, ഗെയില്‍ പൈപ്പ് ലൈനും ദേശീയപാതയും ജനവാസകേന്ദ്രങ്ങളിലൂടെയും നെല്‍വയലുകളിലൂടെയും വേണ്ട എന്നും അതത് പഞ്ചായത്തുകള്‍ക്ക് തീരുമാനിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പഞ്ചായത്തുകളുടെ പ്രസക്തിയെന്താണ്? ഒരു കള്ള് ഷാപ്പ് പോലും വേണമെന്നോ വേണ്ടെന്നോ പറയാന്‍ കഴിയാത്ത ഒരു പഞ്ചായത്ത് സംവിധാനത്തിന് വേണ്ടി എന്തിനാണ് സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നത്? ഉത്തരം നല്‍കേണ്ടത് സര്‍ക്കാരാണ്. ഓര്‍ഡിനന്‍സിലൂടെയല്ല, ജനങ്ങളോട് നേരിട്ട്.

ഒരു ജനതയ്ക്ക് അവശേഷിച്ചിരുന്ന വെള്ളം മുഴുവന്‍ ഊറ്റിയെടുത്ത കൊക്ക കോള കമ്പനിക്കെതിരെയുണ്ടായ ജനകീയ സമരം കേരളവും ഇടത് സര്‍ക്കാരും മറന്നിരിക്കില്ല. ജനങ്ങളോടൊപ്പം ശക്തമായി നിന്ന് കോള കമ്പനിക്കെതിരെ അവസാനം വരെ പോരാടിയ പെരുമാട്ടി പഞ്ചായത്തിന്റെ നിലപാട് കോള കമ്പനിയുടെ പണാധികാരത്തെവരെ നിര്‍വീര്യമാക്കുന്നതായിരുന്നു. പഞ്ചായത്ത് രാജ് നിയമത്തിന്റെ ജനകീയ പ്രയോഗമായിരുന്നു അത്. പഞ്ചായത്തുകളുടെ അധികാരങ്ങള്‍ തിരികെയെടുക്കുന്ന സര്‍ക്കാര്‍ ഇത് ഒരു അനുഭവപാഠമായി കണക്കാക്കേണ്ടതാണ്.

(തുടരും)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍