UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍ സന്ദര്‍ശിക്കാന്‍ രാഹുലിന് നല്‍കിയ ക്ഷണം ഗവര്‍ണര്‍ പിന്‍വലിച്ചു, ഇന്ത്യന്‍ ചാനലുകള്‍ നോക്കി വസ്തുതകള്‍ പഠിക്കൂവെന്ന് ഉപദേശം

ഫോണും ഇന്റര്‍നെറ്റും ശത്രക്കള്‍ ആയുധങ്ങളാക്കുന്നുവെന്നും ഗവര്‍ണര്‍

ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ നേരിട്ട് അറിയാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയ ക്ഷണം ഗവര്‍ണര്‍ പിന്‍വലിച്ചു. കാശ്മീരിലെത്താന്‍ പ്രത്യേക വിമാനം നല്‍കാമെന്നതടക്കമുളള ക്ഷണമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പിന്‍വലിച്ചത്. വിമാനം വേണ്ട മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം അവിടം സന്ദര്‍ശിച്ച് ജനങ്ങളോടും സൈനികരോടും സംസാരിക്കുകയാണ് വേണ്ടതെന്ന രാഹുലിന്റെ മറുപടിയാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.

‘കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം ചില നിബന്ധനകള്‍ മുന്നോട്ട് വെക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് ഒരു സംഘത്തോടൊപ്പം കാശ്മീരിലെത്തണമെന്നാണ് ആവശ്യപ്പെട്ടത്. കൂടുാതെ തടവില്‍ കഴിയുന്ന നേതാക്കളെ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെങ്ങനെ സാധിക്കും,’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ ചോദിച്ചു. അത്തരമൊരു സാഹചര്യത്തില്‍ രാഹുലിന് നല്‍കിയ ക്ഷണം പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീര്‍ സന്ദര്‍ശിക്കുന്നതിന് പകരം കഴിഞ്ഞയാഴ്ച ശ്രീനഗറിലുണ്ടായിരുന്ന 20 ഓളം ഇന്ത്യന്‍ ചാനലുകളില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞ് വിഷയത്തില്‍ കുടതല്‍ അറിവ് നേടണമെന്നും അദ്ദേഹം ഉപദേശിച്ചു

കാശ്മീരില്‍ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിനെതിരെ രംഗത്തുവന്നതിനെ തുടര്‍ന്നാണ് ഗവർണർ രാഹുൽ ഗാന്ധിയെ ശ്രീനഗറിലേക്ക് ക്ഷണിച്ചത്.

ഇതിന് മറുപടിയായാണ് വിമാനം അയക്കേണ്ടതില്ലെന്നും മറിച്ച് രാഷ്ട്രീയ നേതാക്കളുമായും ജനങ്ങളുമായും സംസാരിക്കണമെന്ന്
രാഹുല്‍ മറുപടി പറഞ്ഞത്.

കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ സ്വാതന്ത്ര്യ ദിനത്തോടെ അയവുവരുത്തി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഫോണുകളും ഇന്റര്‍നെറ്റും യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. അത് അനുവദിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ശത്രുക്കളുടെ കൈയില്‍ അകപ്പെടാന്‍ അനുവദിക്കില്ല. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതൊടെ ഇക്കാര്യത്തില്‍ ഇളവു വരുത്തും’ അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ശ്രീനഗറില്‍ പതാക ഉയര്‍ത്തുകയെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. മാറിയ സാഹചര്യത്തില്‍ ജമ്മു കാശ്മീരില്‍ വലിയ തോതിലുള്ള നിക്ഷേപത്തിനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഒക്ടോബറില്‍ നിക്ഷേപ സംഗമം നടക്കും.

കാശ്മീരില്‍ വലിയ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍