UPDATES

കായികം

ആയിരത്തിലധികം താരങ്ങളുമായി ഐ പി എൽ ലേലം; കളിക്കാനില്ലെന്ന് ഫിഞ്ചും മാക്‌സ്‌വെല്ലും

ആസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഗ്ലെന്‍ മാക്സ് വെല്‍, ഓപ്പണിങ് ബാറ്റ്സ്മാനായ ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഇത്തവണ ഐപിഎല്‍ കളിക്കാനുണ്ടാകില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) 2019 സീസണ്‍ താരലേലം നടക്കാനിരിടെ കളിക്കാരുടെ ലിസ്റ്റ് പുറത്തായി. അടിസ്ഥാന വിലകളായ ഒരു കോടിയുടെയും രണ്ട് കോടിയുടെയും ലിസ്റ്റിലുള്ള കളിക്കാരുടെ പേരാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ പുറത്ത് വന്ന രണ്ട് കോടിയുടെ ലിസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇല്ല. ലിസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്സണ്‍, ബ്രെണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ സാം കറന്‍, ക്രിസ് വോക്സ്, ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ, ദക്ഷിണാഫ്രിക്കയുടെ കോളിന്‍ ഇന്‍ഗ്രാം, ആസ്ട്രേലിയയുടെ ആര്‍സി ഷോര്‍ട്ട്, ഷോണ്‍ മാര്‍ഷ് എന്നിവരാണ് രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍. ഈ മാസം 18ന് ജയ്പൂരിലാണ് താര ലേലം നടക്കുന്നത്.

ഒരു കോടി അടിസ്ഥാന വിലയുള്ള കളിക്കാരിലാണ് ഇന്ത്യന്‍ താരങ്ങളുള്ളത്. ഇതില്‍ തന്നെ ജയദേവ് ഉനദ്കട് ആണ് (1.5കോടി) മുന്നില്‍. ബാറ്റ്സ്മാന്‍ യുവരാജ് സിങ്, സ്പിന്നര്‍ അക്സര്‍ പട്ടേല്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, പേസര്‍മാരായ മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ എന്നിവരാണ് ഒരു കോടി വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍.

അതേസമയം  ആസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഗ്ലെന്‍ മാക്സ് വെല്‍, ഓപ്പണിങ് ബാറ്റ്സ്മാനായ ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഇത്തവണ ഐപിഎല്‍ കളിക്കാനുണ്ടാകില്ല. 2019ലെ ലോകകപ്പ്, പിന്നാലെ വരുന്ന ആഷസ് പരമ്പര എന്നിവ മുന്‍ നിര്‍ത്തി ദേശീയ ടീമില്‍ അനിവാര്യമാണെന്ന് മനസിലാക്കിയാണ് ഇരുവരും വിട്ടുനില്‍ക്കുന്നത്.

കിങ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയായിരുന്നു കഴിഞ്ഞ സീസണില്‍ മാക്സ്വല്‍ കളിച്ചിരുന്നത്. സണ്‍ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയായിരുന്നു ഫിഞ്ച് കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നത്. ഇരുവരെയും അതത് ടീമുകള്‍ നിലനിര്‍ത്തിയിരുന്നില്ല. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സസ്പെന്‍ഷന്‍ നേരിടുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലാതാവുന്നതോടെ ഇക്കുറി ആസ്ട്രേലിയയില്‍ നിന്ന് പേരെടുത്ത കളിക്കാരാരുമുണ്ടാവില്ല. ആകെ 1003 കളിക്കാരാണ് 2019 ഐ.പി.എല്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 232 വിദേശ താരങ്ങളും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 800 പുതുമുഖ താരങ്ങളില്‍ 746 പേരും ഇന്ത്യയില്‍ നിന്നാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഏറ്റവും അധികം കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 59 താരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍