UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിക്കറ്റ് പ്രഭുക്കള്‍ നിയമത്തിന് അതീതരല്ല

Avatar

ടീം അഴിമുഖം

നിയന്ത്രണമില്ലാതെയോടുന്ന ഒരു തീവണ്ടി പോലെയായിരിക്കുന്നു ലളിത് മോദി പ്രശ്നം. വാജിയിലുള്ള സകലതും നശിപ്പിച്ച് കൂവിയാര്‍ത്ത് പായുന്തോറും അത് കൂടുതല്‍ പ്രശ്നസങ്കീര്‍ണമാകുന്നു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി, മുന്‍ ഐ പി എല്‍ കമ്മീഷണറായ മോദി ഒന്നിലേറെ ടീമുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED)അന്വേഷിക്കുന്നത്.

ചുരുങ്ങിയത് നാല് ടീമുകളിലെങ്കിലും മോദിയുടെ ബിനാമി നിക്ഷേപം, നികുതി വെട്ടിപ്പിനായുള്ള സൌകര്യമുള്ള നാടുകള്‍  വഴിയുള്ള ഇടപാടുകള്‍, സംശയം ജനിപ്പിക്കുന്ന ഓഹരിയുടമകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇത്തരം ഒന്നിലേറെ ടീമുകളിലെ നിക്ഷേപം തെളിഞ്ഞാല്‍ അത് അത്തരം നിക്ഷേപത്തിനായുള്ള പണത്തെക്കുറിച്ചുള്ള അന്വേഷണത്തിലേക്കും നീളും.

2008-ല്‍ ആരംഭിച്ചത് മുതല്‍ക്കേ ഐ പി എല്‍ ടീമുകളിലെ ഇടപ്പാടുകളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. 2011-ല്‍ ഇക്കാര്യത്തെക്കുറിച്ച് സംശയമുര്‍ത്തിയ ED മോദിയുടെ ബിനാമി നിക്ഷേപത്തെക്കുറിച്ച്  അന്വേഷിക്കുകയാണെന്ന് പാര്‍ലമെന്റിന്റെ സ്ഥിരം സമിതി മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.

നാല് കൊല്ലം കഴിഞ്ഞിട്ടും, രണ്ടു സര്‍ക്കാരുകളുടെ കാലത്തും വിഷയത്തില്‍ ഒരുതരത്തിലും പുരോഗതി ഉണ്ടായിട്ടില്ല. നികുതി വെട്ടിപ്പിന് സഹായകമായ പുറം രാജ്യങ്ങളിലെ വഴികളിലൂടെയും മറ്റും വന്ന ഇത്തരം നിക്ഷേപങ്ങളുടെ സ്രോതസ് കണ്ടുപിടിക്കുക ദുഷ്കരമാണ്.

മോദി വിവാദം അനുദിനം പെരുകുകയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജേ സിന്ധ്യയും രാജിവെക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ അന്വേഷകര്‍ക്ക് മെല്ലെപ്പോക്ക് എളുപ്പമാകില്ല.

ഒരു കൂട്ടം രാഷ്ട്രീയക്കാരുടെയും സ്വാധീനമുള്ള വ്യക്തികളുടെയും ഉപജാപകസംഘത്തിന്റെ പിടിയിലാണെന്ന് BCCI-ക്കു നേരെ എക്കാലത്തും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ രീതി അവസാനിപ്പിക്കാനോ, സമ്പന്നമായ ഈ സംഘടനയില്‍ മികച്ച ശേഷിയുള്ളവരെ കൊണ്ടുവരാനോ ഒരു ശ്രമവും നടന്നില്ല. IPL വന്നതോടെ കളി കൂടുതല്‍ ആഘോഷവും കാശ് വാരുന്നതുമായി. പക്ഷേ നടത്തിപ്പ് നേരെയാക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല.

എട്ട് IPL കളിക്കാലങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഉടമസ്ഥതയുടെ ഘടനയോ, അതിന്റെ പണത്തിന്റെ ഉറവിടമോ വെളിവാക്കാനുള്ള ഒരു ആസൂത്രിത ശ്രമവും നടന്നിട്ടില്ല. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊച്ചി ടസ്കേഴ്സ് കേരള, ഡെക്കാന്‍ ചാര്‍ജേഴ്സ് എന്നിവയെക്കുറിച്ചും പൂനെ വാരിയെഴ്സിന്റെ പിന്‍മാറ്റത്തെക്കുറിച്ചൂമൊക്കെയുള്ള ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്.

IPL നടത്തിപ്പുകാരായിരുന്ന മോദിയുടെയും കൂട്ടരുടെയും നടപടികളെക്കുറിച്ചും,IPL-ലെ എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അധികൃതര്‍ സംഗ്രമായ അന്വേഷണം നടത്തണം. സുഷമ സ്വരാജിന്റെയും വസുന്ധര രാജേയുടെയും പൊതുജീവിതത്തിലെ സത്യസന്ധതക്ക്  നേരെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്ന ഈ വിഷയത്തില്‍ നിഷ്ക്രിയരാകാന്‍ കേന്ദ്രത്തിനാവില്ല.

അതേ സമയം എത്ര ഉന്നതരായാലും ക്രിക്കറ്റ് ലോകത്തെ പ്രഭുക്കളെ അവരുടെ എല്ലാ IPL ഇടപാടുകളെക്കുറിച്ചും ഉയര്‍ന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയെ മതിയാകൂ. അതൊരു വൈഡ് ബോള്‍ എറിയുമ്പോലെ എളുപ്പമല്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍