UPDATES

കായികം

ഐപിഎല്‍ വാതുവെപ്പില്‍ മെയ്യപ്പന് പങ്ക്; രാജ് കുന്ദ്രെയും കുറ്റക്കാരന്‍; ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനം

അഴിമുഖം പ്രതിനിധി

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ്കുന്ദ്രെയും കുറ്റക്കാരാണെന്ന് സുപ്രീം കോടതി കണ്ടെത്തി. ബിസിസിഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകനാണ് ഗുരുനാഥ് മെയ്യപ്പന്‍. ബിസിസിഐക്ക് രൂക്ഷ വിമര്‍ശനവും വിധിയിലുണ്ട്. ബിസിസിഐ ഒരു പൊതു സ്ഥാപനമാണെന്നും അതിന്റെ നടത്തിപ്പ് നിരീക്ഷിക്കുന്നതിന് ഒരു ഉന്നതതല സമിതിയെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. ബിസിസിഐ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് വിധേയമാണ്.ബിസിസിഐയുടെ കുത്തക ചെറുക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.

രാജ് കുന്ദ്രെയ്‌ക്കെതിരായ എല്ലാ ആരോപണങ്ങളും തെളിയിക്കാന്‍ മുദ്ഗല്‍ കമ്മിറ്റിക്ക് സാധിച്ചു. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് രാജ് കുന്ദ്രെയ്‌ക്കെതിരെ കമ്മിറ്റി അന്വേഷണം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

എന്നാല്‍ എന്‍ ശ്രീനിവാസന് ആശ്വാസം നല്‍കുന്നതാണ് വിധി. തന്റെ മരുമകനെ വാതുവെപ്പ് കേസില്‍ നിന്നും രക്ഷിക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചതായി തെളിവില്ലെന്ന് കോടതി പറഞ്ഞു. അദ്ദേഹത്തിനെതിരായി ആരോപണങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ബിസിസിഐ ഭാരവാഹികളുടെ ഇരട്ട താല്‍പര്യങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഐപിഎല്‍ വാതുവെപ്പ് അന്വേഷിക്കുന്ന സമയത്ത് ബിസിസിഐ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. ബിസിസിഐയുടെ അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍ ശ്രീനിവാസന്‍ അദ്ധ്യക്ഷനായി മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്.

ജസ്റ്റിസ് ടിഎസ് താക്കൂര്‍, എഫ്എംഐ ഖാലിഫുള്ള എന്നിവരുള്‍പ്പെട്ട പ്രത്യേക ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഐപിഎല്‍ വാതുവയ്പ്പ് ആരോപണം വെളിയില്‍ വന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനായി ജസ്റ്റിസ് മുകുള്‍ മുദ്ഗലിനെ അദ്ധ്യക്ഷനായുള്ള മൂന്നംഗ കമ്മിറ്റിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വിധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍