UPDATES

ഐപിഎല്‍ വാതുവെപ്പ് കേസില്‍ എസ് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി

അഴിമുഖം പ്രതിനിധി

ഐപിഎല്‍ വാതുവെപ്പ് കേസില്‍ മലയാളി മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി.  ശ്രീശാന്തിനെതിരെ ഉള്ള  കുറ്റപത്രം കോടതി റദ്ദാക്കി. ഡല്‍ഹി പാട്യാലഹൗസ് പ്രത്യേക കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി നീനാ ബന്‍സാല്‍ കൃഷ്ണയാണ് കേസില്‍ വിധി പറഞ്ഞത്. ഇതോടെ ഐപിഎല്‍ കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. ഐപിഎല്‍ കേസില്‍ മക്കോക്കയടക്കമുള്ള ഒരു കുറ്റവും ചുമത്താന്‍ പറ്റില്ല എന്നും  കോടതി വ്യക്തമാക്കി . തുടരന്വേഷണം വേണം എന്ന  ഡൽഹി പൊലീസിന്റെ ആവശ്യവും കോടതി പരിഗണിക്കുകയുണ്ടായില്ല. നിലവില്‍ ബിസിസിയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന് ഈ വിധി ആശ്വാസകരമാവും.

വിധി പറയുമ്പോള്‍ ശ്രീശാന്ത് കോടതി മുറിയില്‍ പൊട്ടിക്കരുയുകയുണ്ടായി. നിലവിലുള്ള വിലക്ക് മാറ്റുന്നതിനു ബിസിസിഐ യെ സമീപിക്കും എന്ന് കെസിഐ പ്രസിഡന്റ് ടിസി മാത്യു പറഞ്ഞു. വിലക്ക് മാറിയാല്‍ ഉടന്‍ തന്നെ കേരളാ ടീമില്‍  കളിക്കാനുള്ള അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

2013 മേയ് ഒന്‍പതിന്  മൊഹാലിയില്‍ വച്ച് നടന്ന കിങ്‌സ് ഇലവന്‍, പഞ്ചാബ്   രാജസ്ഥാന്‍ റോയല്‍സ്  മല്‍സരത്തില്‍ വാതുവയ്പുകാരുടെ ആവശ്യപ്രകാരം  രണ്ടാം ഓവറില്‍ പതിനാല് റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം. ഇതേതുടര്‍ന്ന്  ശ്രീശാന്ത്  അടക്കമുള്ള കുറ്റാരോപിതരെ ഡല്‍ഹി പൊലീസ് 2013 മെയ് 16ന് അറസ്റ്റ് ചെയ്യുകയായിരുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍