UPDATES

വിദേശം

ഇറാന്‍ പാര്‍ലമെന്റ് ആക്രമണം; ഭരണകൂടത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷം, സുന്നികളെ വേട്ടയാടുന്നുവെന്നും ആരോപണം

അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ 80 സുന്നി വിശ്വാസികളായ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

പാര്‍ലമെന്റിനുള്ളിലും ദേശീയനേതാവ് ആയത്തുള്ള ഖൊമൈനിയുടെ ശവകുടീരത്തിലും നടന്ന ഭീകരണാക്രമണത്തെ ചൊല്ലി ഇറാനില്‍ പുതിയ വിവാദങ്ങള്‍. ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം സുന്നികളെ വേട്ടയാടാന്‍ ഭരണകൂടം തുടങ്ങിയിരിക്കുകയാണെന്നാണു പ്രതിപക്ഷ പാര്‍ട്ടികളും ചില വിദേശമാധ്യമങ്ങളും ആരോപിക്കുന്നത്. ഇറാന്റെ വിവിധ മേഖലകളില്‍ നിന്നായി 80 ഓളം സുന്നിമതവിശ്വാസികളായ പൗരന്മാരെ സുരക്ഷ, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസ് ബന്ധം ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇറാന്‍ പാര്‍ലമെന്റിനുള്ളിലും ഖൊമൈനിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്മാരകത്തിലുമായി നടന്ന ഭീകരാക്രമണത്തില്‍ അക്രമികള്‍ അടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുക്കുകയും തങ്ങള്‍ ആദ്യമായി ഇറാനില്‍ നടത്തുന്ന ആക്രമണമാണ് ഇതെന്നും അവകാശപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ അക്രമണം നടത്തുന്നതിന്റെ വീഡിയോയും ഐഎസ് പുറത്തു വിട്ടിരുന്നു.

എന്നാല്‍ പരമപ്രധാനമായ ഇടങ്ങളിളെ ഐഎസ് ആക്രമണം അധികാരപ്പെട്ടവരുടെ അറിവോടെയാണു നടന്നിരിക്കുന്നതെന്ന ആരോപണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ഇറാന്റെ സൈനികവിഭാഗമായ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി രഹസ്യബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നതെന്നു മാധ്യമ വാര്‍ത്തകളില്‍ പറയുന്നു. ഐ എസ് ഭീകരരില്‍ പലരെയും ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാവുന്നവരാണ്. അല്‍ ഖ്വയ്ദ അടക്കം ഭീകരസംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ തടവുകരായി ഇറാന്റെ പക്കല്‍ ഉണ്ടായിരുന്നവരാണ്. ഭീകര നേതാക്കളില്‍ പലര്‍ക്കും ടെഹ്‌റാന്‍ മുമ്പ് അഭയം നല്‍കിയിട്ടുള്ളതുമാണ്; ഇറാന്‍ പ്രതിപക്ഷ നേതാക്കളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ വാര്‍ത്തയെഴുതുന്നു.

പാര്‍ലമെന്റ് ആക്രമണത്തിനു പിന്നാലെ ഇറാനിയന്‍ എഴുത്തുകാരനായ ഹെഷ്മത് അല്‍വി ഫോര്‍ബ്‌സില്‍ എഴുതിയ ലേഖനത്തിലും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആക്രമണത്തിന്റെ സ്വഭാവം ഭരണകൂടത്തിനെതിരേ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് അല്‍വിയെപോലുള്ളവര്‍ പറയുന്നത്. ഭീകരര്‍ ലക്ഷ്യം വച്ചത് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സുരക്ഷസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിലാണ്. ഈ സുരക്ഷ സംവിധാനങ്ങള്‍ കടന്ന് അക്രമികള്‍ക്ക് ലക്ഷ്യം സാധിക്കണമെങ്കില്‍ അതാരുടെയും സഹായമില്ലാതെയാവില്ലെന്നാണ് ആരോപണം. എതിരാളികളെ തകര്‍ക്കാന്‍ ഇറാന്‍ ഭരണകൂടം മുമ്പും ഇത്തരം ക്രൂരമായ രീതികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് അല്‍വി കുറ്റപ്പെടുത്തുന്നത്. രാജ്യത്ത്് അടിച്ചമര്‍ത്തല്‍ ഭരണം ശക്തമാക്കാന്‍ ഭരണകൂടം ഈ ആക്രമണത്തെ ഉപയോഗപ്പെടുത്തുകയാണെന്ന് അല്‍വി കുറ്റപ്പെടുത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍