UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യയില്‍ ആദ്യമായി നാണയം ഇറക്കുന്നു, ഷാ ഭരണം പുനഃസ്ഥാപിക്കുന്നു

Avatar

ആഗസ്ത് 19
ഇന്ത്യയിലെ ആദ്യത്തെ നാണയശാല കല്‍ക്കട്ടയില്‍

ഈസ്റ്റ് ഇന്ത്യാ കമ്പനി 1700 കളോടെയാണ് ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ തുടങ്ങുന്നത്. ഇന്ത്യയില്‍ നിന്നുള്ള പട്ട്, പരുത്തി, നീലം, തേയില എന്നിവയുടെ വ്യാപാരത്തില്‍ കമ്പനി അഭിവൃദ്ധി നേടിയ സമയംകൂടിയായിരുന്നു അത്. ബ്രിട്ടീഷ്‌കാര്‍ വ്യാപാരരംഗത്ത് പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കടുത്തമത്സരവും ഇക്കാലത്ത് നേരിടേണ്ടിവന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുന്നത്.1642 ല്‍ 23 ഫാക്ടറികള്‍ ഇന്ത്യയിലുടനീളം സ്ഥാപിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. മദ്രാസ് പ്രവിശ്യ, ബോംബെ പ്രവിശ്യ, ബംഗാള്‍ പ്രവിശ്യ എന്നിവിടങ്ങളിലായിരുന്നു കമ്പനി തങ്ങളുടെ സ്വാധീനം കൂടുതല്‍ വ്യാപിപ്പിച്ചത്. മുഗള്‍, മാറാത്ത, രജപുത് രാജാക്കന്മാരുടെ കീഴിലായിരുന്ന വടക്കേന്ത്യയിലേക്കും കമ്പനി തങ്ങളുടെ ചുവടുകള്‍ നീക്കി.

വ്യാപാരരംഗത്ത് ശക്തികേന്ദമായി മാറിയതിനു പിന്നാലെയാണ് ഇന്ത്യയില്‍ ഒരു പൊതുനാണയസംവിധാനം ഏര്‍പ്പെടുത്തണമെന്ന നിലപാടിലേക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി എത്തുന്നത്. ഇതിന്‍ പ്രകാരം കല്‍ക്കട്ടയില്‍ ആദ്യത്തെ കമ്മട്ടം സ്ഥാപിച്ചു. 1757 ആഗസ്ത് 19ന് ആദ്യത്തെ നാണയം അച്ചടിച്ചു. സൂറത്തിലും അഹമ്മദാബാദിലും മുംബൈയിലും കമ്മട്ടങ്ങള്‍ സ്ഥാപിച്ചു. യൂറോപ്യന്‍ മാതൃകയിലുള്ള കരോലിന(സ്വര്‍ണ്ണം), ആഞ്ചലീന(വെള്ളി), കോപ്പറൂണ്‍(ചെമ്പ്) ടിനി എന്നി നാണയങ്ങളാണ് കമ്പനി നിര്‍മ്മിച്ചത്.

1953 ആഗസ്ത് 19
ഇറാനില്‍ ഷാ ഭരണം പുനഃസ്ഥാപിക്കുന്നു

1953 ആഗസ്ത് 19 ന് മുഹമ്മദ് മൊസാദിഖിയെ പുറത്താക്കി ഇറാനില്‍ അമേരിക്കയുടെ സഹായത്തോടെ സൈന്യം ഷാ ഭരണം പുനഃസ്ഥാപിക്കുന്നു. അമേരിക്കയും ഇറാനും ഇപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത ശത്രുതയിലാണെങ്കിലും ഷാഭരണത്തിന് അവസാനം കുറിക്കപ്പെട്ട 1979 വരെ അങ്ങിനെ ആയിരുന്നില്ല കാര്യങ്ങള്‍. ശീതയുദ്ധകാലത്ത് അമേരിക്കയുടെ സഖ്യകക്ഷികൂടിയായിരുന്നു ഇറാന്‍.
മുഹമ്മദ് മൊസാദിഖ് പടിഞ്ഞാറിന് സ്വീകാര്യനല്ലാത്ത ഭരണാധികാരിയായിരുന്നു. ദേശീയവാദിയായിരുന്ന മൊസാദിഖി ബ്രിട്ടീഷ് എണ്ണ കമ്പനികളുടെ പ്രവര്‍ത്തനം ഇറാനില്‍ നിര്‍ത്തലാക്കിയിരുന്നു. ഈ മേഖലയില്‍ ദേശസാത്കരണത്തിനാണ് മൊസാദിഖി ശ്രമിച്ചത്. മൊസാദിഖിയുടെ നടപടികള്‍ ഷാ മുഹമ്മദ് മൊസാദിഖി റാസാ പഹല്‍വിയുമായുള്ള ഏറ്റമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു. പാശ്ചാത്യപിന്തുണയുള്ള ഭരണാധികാരിയായിരുന്നു ഷാ. 

മൊസാദിഖിയെ പുറത്താക്കാന്‍ പാശ്ചാത്യരഹസ്യാന്വേഷണ ഏജന്‍സികളായ സി.ഐ.എ യും ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിയും പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരുന്നു. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് മൊസാദിഖിന് മനസ്സിലായിരുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചു. എന്നാല്‍ മൊസാദിഖിനെതിരെ ശത്രുക്കള്‍ കുരുക്കുകള്‍ മുറുക്കുകയായിരുന്നു. ഇറാന്‍ സൈന്യം അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെ മൊസാദിഖിനെതിരെ നിങ്ങി. 1953 ആഗസ്ത് 19ന് സൈന്യം മൊസാദിഖിന് മേല്‍ വിജയം നേടി. ഈ സമയം ഷാ തിരികെ രാജ്യത്തേക്ക് വരികയും അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

ഭരണം ഏറ്റെടുത്തശേഷം ഷാ ആദ്യം ചെയ്തത് ഇറാന്റെ എണ്ണവ്യാപാരത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് 40 ശതമാനം അനുമതി നല്‍കുകയായിരുന്നു.
1970കളോടെ ഷാ ഭരണത്തിന് ഇറാനില്‍ അന്ത്യം കുറിക്കപ്പെട്ടു. 1978 ല്‍ ഷാ വിരുദ്ധ-അമേരിക്കന്‍ വിരുദ്ധ സംഘങ്ങള്‍ ഇറാനില്‍ പിടിമുറുക്കി.

1979 ല്‍ സമരാനുകൂലികള്‍ ഷായെ ഭരണത്തില്‍ നിന്ന് പുറത്താക്കുകയും അമേരിക്കന്‍ എംബസി കീഴടിക്കി അവിടുള്ള ജോലിക്കാരെ 1981 ജനുവരിവരെ തടങ്കലാക്കി വയ്ക്കുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍