UPDATES

വിദേശം

ഇറാനിലെ കോടീശ്വരനായ വ്യവസായി ബാബക്ക് സന്‍ജാനിക്ക് വധശിക്ഷ

Avatar

അഴിമുഖം പ്രതിനിധി

ഇറാനിലെ കോടീശ്വരനായ വ്യവസായി ബാബക്ക് സന്‍ജാനിക്ക് അഴിമതിക്കുറ്റത്തിന് വധശിക്ഷ. വ്യാജരേഖകള്‍ ചമച്ച് 2.8 ബില്യണ്‍ തട്ടിയെടുത്ത കുറ്റത്തിന് ദീര്‍ഘകാലമായി വിചാരണ നേരിടുകയായിരുന്ന സന്‍ജാനിയുടെ വിധി ഞായറാഴ്ചയാണ് കോടതി ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

പ്രസിഡന്റ് മഹമൗദ് അഹ്മദി നെജാദിന്റെ കാലത്താണ് സന്‍ജാനി (41) കുപ്രസിദ്ധി നേടിയത്. ആണവപരിപാടിയെത്തുടര്‍ന്ന് ഇറാനിലെ ബാങ്കുകളുടെമേല്‍ സാമ്പത്തിക ഉപരോധം നിലനിന്ന ഇക്കാലത്ത് എണ്ണ വില്‍പന വഴി സമ്പാദിച്ച വിദേശനാണ്യം ടെഹ്‌റാനിലേക്ക് ഒളിച്ചുകടത്താനുള്ള വഴികള്‍ കണ്ടെത്തിയാണ് സന്‍ജാനി പേര് നേടിയത്.

തട്ടിപ്പിനും സാമ്പത്തികകുറ്റകൃത്യങ്ങള്‍ക്കുമായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സന്‍ജാനി രാജ്യത്തിന് പണം തിരിച്ചുനല്‍കുകയും വേണമെന്ന് ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈന്‍ മൊഹ്‌സെനി ഇജേയി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പരസ്യവിചാരണയാണ് സന്‍ജാനിയുടെ കേസില്‍ നടന്നത്. ഇത്തരം ഗുരുതരമായ കുറ്റങ്ങളില്‍ ഇറാനില്‍ പരസ്യവിചാരണ വിരളമാണ്. സന്‍ജാനിക്കൊപ്പം കുറ്റാരോപിതരായ മറ്റു രണ്ടുപേര്‍ക്കും വധശിക്ഷ തന്നെ ലഭിക്കും. ‘ഭൂമിയിലുള്ള അഴിമതി’ എന്നതാണ് മൂവരിലും ആരോപിതമായ കുറ്റം. ഇറാന്റെ ക്രിമിനല്‍ കോഡില്‍ ഏറ്റവും ഗൗരവമുള്ള കുറ്റകൃത്യമാണിത്.

‘മൂന്നുപേരെയും വധശിക്ഷയ്ക്കുവിധിച്ച കോടതി വാദിക്ക് നഷ്ടപരിഹാരം നല്‍കണ’മെന്നും വിധിച്ചതായി ഇജേയി അറിയിച്ചു. എണ്ണ മന്ത്രാലയമാണ് ഇതില്‍ വാദി.

വെളുപ്പിക്കപ്പെട്ട പണത്തിന്റെ നാലിലൊന്നിനു തുല്യമായ തുക പിഴയായി അടയ്ക്കണം. എന്നാല്‍ ഇത് എത്രയാണെന്നു വ്യക്തമാക്കാന്‍ വക്താവ് തയാറായില്ല.  കുറ്റം നിഷേധിച്ച സന്‍ജാനി എണ്ണ മന്ത്രാലയത്തിന് തുക നല്‍കാത്തതിന്റെ ഏക കാരണം ഉപരോധങ്ങളായിരുന്നുവെന്ന് വാദിക്കുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സന്‍ജാനിക്ക് അവസരം ലഭിക്കും.

അഹ്മദി നെജാദിന്റെ ഭരണകാലത്ത് അഴിമതിയും നിയമവിരുദ്ധമായ കമ്മിഷനുകളും ധാരാളമായിരുന്നു എന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ചയാണ് ഈ കേസ്. മറ്റു വിചാരണകളും തുടരുകയാണ്.

അഹ്മദി നെജാദിന്റെ കാലത്ത് ലഭിച്ച കമ്മിഷനുകള്‍ക്കു പകരമായി ഉപരോധങ്ങളെ മറികടന്ന് പണം ഇറാനിലെത്തിക്കുക എന്ന ജോലി താന്‍ ചെയ്തിരുന്നുവെന്നാണ് മാധ്യമങ്ങളോട് സന്‍ജാനി ആവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ റൗഹാനിയുടെ എണ്ണ മന്ത്രി ബിജാന്‍ സാന്‍ഗനേഹ് ഇറാനിലെ രാഷ്ട്രീയ സന്തുലനാവസ്ഥയിലെ മാറ്റത്തിന്റെ സൂചന നല്‍കി സന്‍ജാനിയെപ്പോലുള്ള ഇടനിലക്കാര്‍ക്കെതിരെ ആഞ്ഞടിച്ചു. ഇറാന്‍ മാധ്യമങ്ങളുടെ കണക്ക് അനുസരിച്ച് 13.5 ബില്യണ്‍ വരുന്ന തന്റെ സമ്പാദ്യത്തെപ്പറ്റി അറസ്റ്റിനുമുന്‍പ് പലപ്പോഴും സന്‍ജാനി വീമ്പിളക്കിയിരുന്നു.

ലോകശക്തികളുമായി ആണവകരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് ഇറാനിലേക്കുള്ള വിദേശനിക്ഷേപത്തിനു വഴി തെളിഞ്ഞപ്പോള്‍ ഇടനിലക്കാരെ ഒഴിവാക്കാനും മന്ത്രാലയവുമായി നേരിട്ട് ഇടപെടാനും നിക്ഷേപകരോട് ആവശ്യപ്പെട്ടിരുന്നു.

‘രാജ്യത്തിന്റെ ഈ അവസ്ഥയിലും രക്തം കുടിക്കുന്ന അഴിമതിക്കാരായ പരാദങ്ങളെ ഞങ്ങള്‍ തള്ളിപ്പറയുന്നു,’ സന്‍ജാനിയുടെ വിചാരണ നടക്കുമ്പോള്‍ എണ്ണ, ഊര്‍ജ മന്ത്രാലയം സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സാന്‍ഗനേഹ് പറഞ്ഞു.

‘വഞ്ചനയല്ലാതെ മറ്റൊന്നും അറിയാത്ത അഴിമതിക്കാരില്‍നിന്നു വിട്ടുനില്‍ക്കാന്‍ വിദേശ കമ്പനികളോട് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. കമ്മിഷന്‍ നല്‍കുന്നതുവരെ ജോലി നടക്കില്ലെന്ന് അവര്‍ നിങ്ങളോടു പറയും. അവരെ വിശ്വസിക്കരുത്.’

യുഎസ്, യൂറോപ്യന്‍ ഉപരോധകാലത്ത് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടവരില്‍പ്പെട്ടയാളാണ് സന്‍ജാനി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍