UPDATES

വിദേശം

അമേരിക്കയെ ചെറുക്കാന്‍ യുറോപ്യന്‍ യൂണിയന് കഴിയുന്നില്ല, ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറുന്നു

ഒബാമയുടെ കാലത്തുണ്ടാക്കിയ കരാറിനെ ട്രംപ് തള്ളികളഞ്ഞിരുന്നു.

ലോകത്തെ പ്രമുഖ രാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറില്‍നിന്ന് ഇറാനും ഭാഗികമായി പിന്‍മാറുന്നു. അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറിയതിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഇറാനും കരാറില്‍നിന്ന് പിന്‍വാങ്ങുന്നത്. അമേരിക്കയ്ക്ക് പുറമെ, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് 2015 ല്‍ ഇറാനുമായി ആണവകരാറില്‍ ഏര്‍പ്പെട്ടത്. യുറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കരാറില്‍നിന്ന് ഭാഗികമായി പിന്‍വാങ്ങുന്നതെന്ന് ഇറാന്‍ അറിയിച്ചു. രണ്ട് മാസത്തിനകം യുറോപ്യന്‍ യൂണിയന്‍ കരാറില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാണ് ഇറാന്റെ ആവശ്യം.

കഴിഞ്ഞ മെയ് മാസത്തിലാണ് അമേരിക്ക കരാറില്‍നിന്ന് പിന്‍വാങ്ങിയത്. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് കരാറില്‍ ഒപ്പിട്ടത്. ഇറാന്റെ ഭാഗീകമായ പിന്‍മാറ്റത്തോടെ കരാര്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നുവെന്ന് സ്ഥാപിക്കാനാവും അമേരിക്ക ശ്രമിക്കുകയെന്നാണ് സൂചന. അമേരിക്കയുടെ നടപടിയെ മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ഇറാന്‍ കരാറില്‍നിന്ന് ഭാഗികമായി പിന്‍മാറുന്നത്.

കരാറില്‍നിന്ന് ഇറാന്‍ പിന്‍വാങ്ങിയാല്‍ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുമെന്ന് ഫ്രാന്‍സ് പ്രതികരിച്ചു. ഇറാന്‍ കരാറില്‍നിന്ന് ഒരു തരത്തിലും പിന്‍മാറില്ലെന്നാണ് കരുതുന്നതെന്നും ഫ്രാന്‍സ് പ്രതികരിച്ചു. മരുന്നുകളുള്‍പ്പെടെയുള്ള അടിസ്ഥാന വസ്തുക്കള്‍ നടപടികള്‍ യുറോപ്യന്‍ യൂണിയന്‍ കൈകൊള്ളാത്തതിനാലാണ് ഇറാന്‍ കരാറില്‍നിന്ന് പിന്‍മാറുന്നതെന്നാണ് സൂചന. കരാറില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പ്രസിഡന്റിനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇറാനുമായി വ്യാപര ബന്ധത്തിലേര്‍പ്പെടുന്ന കമ്പനികള്‍ക്ക് അമേരിക്കയില്‍ സാമ്പത്തിക പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുപുറമെ ഇറാനില്‍നിന്ന് എണ്ണ വാങ്ങിക്കുന്നതില്‍നിന്ന് മറ്റു രാജ്യങ്ങളെ തടയുകയും ചെയ്തിരുന്നു. ഇറാനിലെ ഇസ്ലാമിക റവല്യുണറി ഗാര്ഡ്‌സിനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇറാന്‍ ഭരണകൂടത്തിന്റെ ഭാഗമായ ഒരു സായുധ സംവിധാനമാണ് റവല്യൂഷണറി ഗാര്‍ഡ്. ഇതാദ്യമായാണ് വിദേശ രാജ്യത്തെ ഒരു ഔദ്യോഗിക സംവിധാനത്തെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്.

ട്രംപ് ഭരണകൂടം ഇറാനെതിരെ നിലപാട് കടുപ്പിക്കുന്നുണ്ടെങ്കിലും കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിച്ചിരുന്നുവെന്ന് യുഎന്‍ പരിശോധക സംഘം വിലയിരുത്തിയിരുന്നു. യുറോപ്യന്‍ യൂണിയന് അമേരിക്കയുടെ സമ്മര്‍ദ്ദം അതിജീവിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇറാന്‍ ഭാഗീകമായി കരാറില്‍നിന്ന് പിന്‍വാങ്ങുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Read More: 1900ത്തിനു ശേഷമുള്ള കലണ്ടറിലെ ഏത് തിയതി പറഞ്ഞാലും ഏത് ദിവസമാണെന്ന് കാര്‍ത്തിക് പറയും; പരിചയപ്പെടാം നാലാം ക്ലാസുകാരനായ ‘കണക്കുമാഷെ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍