UPDATES

വിദേശം

മുളച്ചീന്തുകള്‍ പോലെ പിളരുന്ന ഇറാഖ്, ഒബാമയുടെ നയങ്ങളും

Avatar

സ്കോട് വില്‍സണ്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അധികാരമേറ്റ ബരാക് ഒബാമയെ കാത്ത് അമേരിക്കയില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ ദൂരെ രണ്ടു യുദ്ധങ്ങള്‍ പുകയുന്നുണ്ടായിരുന്നു. തന്റെ രാഷ്ട്രീയ ലാഭത്തിന് അതിലൊന്നിനെ അദ്ദേഹം ‘അര്‍ത്ഥശൂന്യം’ എന്നും മറ്റേതിനെ അടിയന്തിര പ്രാധ്യാനത്തോടെ ‘നമ്മള്‍ ജയിക്കേണ്ട യുദ്ധമെന്നും’ വിശേഷിപ്പിച്ചു.

 

പക്ഷേ ആ അര്‍ത്ഥശൂന്യമായ യുദ്ധമാണ് ഇന്ന് ഒബാമയുടെ ദേശീയ സുരക്ഷാ മുന്‍ഗണനകള്‍ക്കും, വിദേശനയശേഷിപ്പിനും ഭീഷണിയായി പടരുന്നത്.

 

ഇറാഖ് മുളച്ചീന്തുകള്‍ പോലെ പിളരുകയാണ്. ഒപ്പം വിഭാഗീയ സ്വേച്ഛാധിപത്യം എളുപ്പത്തില്‍ സുസ്ഥിര ജനാധിപത്യമാകും എന്ന നവ യാഥാസ്ഥിതിക വിശ്വാസവും ഒബാമയുടെ ‘കീഴടങ്ങല്‍ നയ’ങ്ങളും.

 

ഇസ്ളാമിക തീവ്രവാദികള്‍ ഇറാഖിലെ വടക്കന്‍ നഗരങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുക്കുകയാണ്. സിറിയയിലെ ആഭ്യന്തരയുദ്ധം മേഖലയുടെ ദുര്‍ബ്ബലമായ സ്ഥിരതയെ ബാധിക്കുമെന്ന് ഉറപ്പായിരുന്നിട്ടും ഒബാമ അനങ്ങിയില്ല. വലിയൊരു മേഖലായുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സായുധരായ ഇസ്ളാമിക തീവ്രവാദികള്‍ സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും നീങ്ങി ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ പിടിച്ചടക്കി. ഏറെക്കാലമായി ഷിയാ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്നും വിട്ടുകിടക്കുന്ന, ബാഗ്ദാദില്‍ നിന്നും തെക്കോട്ട് നീങ്ങിയുള്ള സുന്നി മുസ്ലീം പട്ടണങ്ങളുടെ ഒരു നിരതന്നെ അവരുടെ കയ്യിലാണ്. തങ്ങളുടെ രാഷ്ട്രീയ, സുരക്ഷാ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തുര്‍ക്കിയും ഇറാനും ഇടപ്പെട്ടേക്കാം. ഇറാഖിലെ കുര്‍ദുകള്‍, ഏറെക്കാലമായി അവര്‍ അവകാശമുന്നയിക്കുന്ന, ഇപ്പോള്‍ ഇറാഖി സേന ഒഴിഞ്ഞുപോയ കിര്‍ക്കുക് നഗരത്തില്‍ നിലയുറപ്പിച്ചിരിക്കുന്നു.

 

 

രണ്ടു യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഇപ്പോള്‍ താന്‍ തള്ളിപ്പറഞ്ഞ ഒരു യുദ്ധത്തില്‍ പങ്കാളിയാകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. 201 സെപ്റ്റംബര്‍ 11-നു ശേഷമുള്ള രാജ്യത്തിന്റെ യുദ്ധങ്ങള്‍ക്ക് അറുതി വരുത്തിയ സേനാനായകനെന്ന ഒബാമ ഖ്യാതിയാണ് ഇപ്പോള്‍ വഴുതിപ്പോകുന്നത്.

 

“അവര്‍ക്ക് ഏറ്റവും കാര്യക്ഷമമായ സഹായം എങ്ങനെ നല്കാം എന്നതിനെക്കുറിച്ച് എന്റെ സംഘം രൂപമുണ്ടാക്കുകയാണ്,” ഒബാമ പറഞ്ഞു. “ഒരു സാധ്യതയും ഞാന്‍ തള്ളിക്കളയുന്നില്ല. കാരണം ഈ ജിഹാദികള്‍ ഇറാഖിലോ സിറിയയിലോ സ്ഥിരമായി കാലുറപ്പിക്കുന്നില്ല എന്നുറപ്പാക്കുന്നതില്‍ നമുക്ക് നിര്‍ബന്ധമുണ്ട്.”

 

സെപ്റ്റംബര്‍ 11-നു ശേഷമുള്ള, ഒരു പതിറ്റാണ്ടുകാലം അവരുടെ വിദേശനയത്തെ തീരുമാനിച്ച  യുദ്ധങ്ങള്‍ അമേരിക്ക അവസാനിപ്പിച്ചത്  എങ്ങനെയെന്നത് തര്‍ക്കത്തിനിടയാക്കുന്ന വിഷയമാണ്.

 

അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനാ ദൌത്യം അവസാനിക്കുകയാണ്; ആയിരക്കണക്കിന് സൈനികര്‍ അവിടെ വീണ്ടും തങ്ങുമെങ്കിലും. അമേരിക്കയുടെ ഏറ്റവും നീണ്ടുനിന്ന യുദ്ധം. ഈ മാസം ഒരു അമേരിക്കന്‍ പട്ടാളക്കാരന്റെ – ബോവ് ബെര്‍ഗ്ദാഹ്ല്‍- മോചനത്തിന് പകരമായി ഒരു കൂട്ടം താലിബാന്‍കാരെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ച ഒബാമയുടെ നടപടി അഫ്ഗാന്‍ യുദ്ധത്തിന്റെ അസംതൃപ്തമായ അന്ത്യത്തിന്റെ ചിത്രമാണ്.

 

പക്ഷേ ഇങ്ങനെയാണ് രണ്ടരക്കൊല്ലം മുമ്പ് ഒബാമ ഇറാഖ് യുദ്ധം അവസാനിപ്പിച്ചത്; പുതിയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതും. ഇറാഖിലെ അമേരിക്കന്‍ പിന്‍മാറ്റത്തിന് ശേഷം നീറിപ്പിടിച്ച ആസൂത്രിതമായ ആക്രമങ്ങളാണ് ഇറാഖില്‍ ഇപ്പോള്‍ ഈ നിലയിലെത്തിയിരിക്കുന്നത്.

 

അടുത്തകാലത്തായി തോക്കുകളും, ഹെലികോപ്റ്ററുകളും, മറ്റ് ഉപകരണങ്ങളുമടക്കം ഇറാഖിലേക്കുള്ള യുദ്ധോപകരണങ്ങളുടെ അയക്കല്‍ ഒബാമ ഭരണകൂടം കൂട്ടിയിരുന്നു. വ്യോമാക്രമണമടക്കം കൂടുതല്‍ നേരിട്ടുള്ള ഇടപെടലുകള്‍ക്കായി ഇറാഖ് നടത്തുന്ന അഭ്യര്‍ത്ഥനകളോടുള്ള ഒബാമയുടെ പ്രതികരണം കലാപകാരികളുടെ മുന്നേറ്റത്തെ മാത്രമല്ല, നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ കക്ഷിയുടെ സാധ്യതകളെയും ബാധിക്കും.

 

“അമേരിക്കന്‍ പുരുഷന്മാരും സ്ത്രീകളും ഇറാഖില്‍ യുദ്ധം ചെയ്യുന്നതാണ് നമ്മുടെ ദേശീയ സുരക്ഷയ്ക്കും താല്‍പര്യങ്ങള്‍ക്കും ചേര്‍ന്ന ശരിയായ തീരുമാനമെന്ന് തോന്നുന്നുണ്ടോ,” വൈറ്റ് ഹൌസ് പ്രസ്സ് സെക്രട്ടറി ജെയ് കാര്‍ണി മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധഭീതിയുള്ള പൊതുജനങ്ങള്‍ക്കുള്ളതായിരുന്നു യഥാര്‍ത്ഥത്തില്‍ ആ സന്ദേശം. “ലോകത്തെങ്ങുമുള്ള സായുധ സംഘര്‍ഷങ്ങളില്‍ യു. എസ് സേനക്ക് അന്തമില്ലാതെ പങ്കെടുക്കാനാവില്ല- അത് ലളിതമായി പറഞ്ഞാല്‍ നമ്മുടെ ദേശീയ സുരക്ഷാ താല്പര്യങ്ങള്‍ക്ക് ഗുണം ചെയ്യില്ല.”

 

സെനറ്റര്‍ ജോണ്‍ മാക് കെയിന്‍ പറയുന്നത് “ഇറാഖില്‍ ഇപ്പോള്‍ നടക്കുന്നതു അമേരിക്കന്‍ വിദേശനയത്തിന്റെ വന്‍ പരാജയ”മാണെന്നാണ്.

 

ആദ്യ പ്രസിഡണ്ട് കാലയളവില്‍ ഒബാമയുടെ രാഷ്ട്രീയ ശക്തിയായിരുന്ന വിദേശനയം കൈകാര്യം ചെയ്യല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ താഴോട്ട് പോന്നിരിക്കുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിനുമായി ഉക്രെയിന്‍ പ്രശ്നത്തിലുണ്ടായ ഇടച്ചിലിനും സിറിയയിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനും ശേഷം ഈ മാസം നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയില്‍ ഒബാമയുടെ വിദേശനയ ജനപ്രീതി 41 ശതമാനമായി. ഒബാമയുടെ പൊതു ഭരണ നിര്‍വ്വഹണത്തിനുള്ളതിനെക്കാള്‍ 5% കുറവ്. ഒബാമയുടെ വിദേശനയത്തെ പൊതുവില്‍ അനുകൂലിച്ചിരുന്ന അമേരിക്കന്‍ ജനത, വിദേശത്ത് അമേരിക്കന്‍ നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നതില്‍ ഒബാമക്ക് സംഭവിച്ച വീഴ്ച്ചയില്‍ അസംതൃപ്തരാണ് എന്ന സൂചന സര്‍ക്കാരിനെ ആകുലപ്പെടുത്തുന്നുണ്ട്.

 

ഒരുകാര്യം വ്യക്തമാണ്. യുദ്ധത്തിന്റെ കാര്യത്തില്‍ ഒബാമ പൊതുജനാഭിപ്രായത്തിനൊപ്പമേ നീങ്ങുകയുള്ളൂ. വിയറ്റ്നാം യുദ്ധത്തിനുശേഷം രാഷ്ട്രീയമായി ഏറ്റവും കനത്ത യുദ്ധമായിരുന്ന ഇറാഖിലേക്ക് വീണ്ടും ഇറങ്ങുന്നത് ഈ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ തീര്‍ത്തും ബുദ്ധിമുട്ടുള്ള ഒരു തീരുമാനവുമാണ്. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂരിഭാഗം അമേരിക്കക്കാരും ഇറാഖ് യുദ്ധത്തിന് എതിരെ തിരിഞ്ഞിരുന്നു. 2013-ലെ ഒരു സര്‍വ്വെ കാണിച്ചത് 38% ആളുകള്‍ മാത്രമാണു അവിടെ യുദ്ധം ചെയ്യുന്നതില്‍ കാര്യമുണ്ടെന്ന് കരുതിയത്.

 

 

തന്റെ വാഗ്ദാനം പാലിച്ചുകൊണ്ട് ഒമ്പത് വര്‍ഷത്തെ യുദ്ധത്തിനുശേഷം 2011-ല്‍ ഒബാമ യു.എസ് സൈനികരെ മുഴുവന്‍ ഇറാഖില്‍ നിന്നും പിന്‍വലിച്ചപ്പോഴേ യു.എസിനെ സംബന്ധിച്ചു ആ യുദ്ധത്തിന് അന്ത്യമായി. ആ വര്‍ഷത്തിനപ്പുറം അമേരിക്കന്‍ സൈനികര്‍ക്ക് നിയമനടപടികളില്‍നിന്നും നല്‍കുന്ന സംരക്ഷണം നീട്ടുന്നതിന് ഷിയാ നേതാവായ ഇറാഖ് പ്രധാനമന്ത്രി നൂറുല്‍ അല്‍ മാലികിയുമായുള്ള ചര്‍ച്ചകളില്‍ ഒരു ധാരണയിലെത്തുന്നതില്‍ ഒബാമക്കായില്ല. യു.എസ് സൈനികര്‍ അവിടെ തുടര്‍ന്നും തങ്ങുന്നത് ഇത് അസാധ്യമാക്കി. പലതരത്തിലും വൈറ്റ് ഹൌസിനാവശ്യം അതുതന്നെയായിരുന്നു.

 

ബുഷിന്റെ വിജയകരമായ ഇറാഖ് ഇടപെടലിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളായ പല യാഥാസ്ഥിതികരും ഇത്തരത്തിലൊരു പിന്‍മാറ്റത്തെ എതിര്‍ത്തിരുന്നു. പക്ഷേ പൊതുജനം ഈ നീക്കത്തെ സ്വാഗതം ചെയ്തു. ആ സമയത്ത് നടത്തിയ ഒരു സര്‍വ്വേയില്‍ 78% പേരും ഈ തീരുമാനത്തെ പിന്താങ്ങി. അന്ന് അമേരിക്ക പരിശീലനം നല്കിയ ഇറാഖി സൈനികരുടെ നേട്ടങ്ങളെക്കുറിച്ചായിരുന്നു സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. അവിടെ സംഘര്‍ഷം കാര്യമായി കുറഞ്ഞെന്നും. ഇന്നിപ്പോള്‍ ആ സൈന്യമാണ് വടക്കന്‍ ഇറാഖില്‍ തിക്രിത്ത് തൊട്ട് കിര്‍ക്കുക് വരെ തങ്ങളുടെ താവളങ്ങളുപേക്ഷിച്ച് പിന്തിരിഞ്ഞോടുന്നത്.

 

“ഇറാഖില്‍ കുഴപ്പം പിടിച്ച നാളുകളുണ്ടാകുമെന്ന്, ഒബാമ സേനയെ പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. “ഭദ്രവും സുരക്ഷിതവും സ്വാശ്രിതവുമായ ഇറാഖില്‍ യു.എസിന് തുടര്‍ന്നും താല്‍പര്യം ഉണ്ടായിരിക്കും,” ഒബാമ ആവര്‍ത്തിച്ചു. ആ താല്പര്യങ്ങളോടുള്ള ഒബാമയുടെ പ്രതിബദ്ധതയാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നത്.

 

കഴിഞ്ഞ മാസം വെസ്റ്റ് പോയിന്‍റില്‍ യു.എസ് സൈനിക അക്കാദമിയിലെ ഒരു ചടങ്ങില്‍ സംസാരിക്കവേ അമേരിക്ക എന്നത്തേക്കാളും ശക്തമാണെന്ന് ഒബാമ അവകാശപ്പെട്ടു. വിമര്‍ശകരെ യുദ്ധക്കൊതിയന്‍മാര്‍ എന്നും ഒബാമ ആക്ഷേപിച്ചു. ഭീകരവാദത്തെ നേരിടാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് അഞ്ചു ബില്ല്യണ്‍ ഡോളര്‍ അന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് ഇറാഖിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസവും പ്രസിഡണ്ട് ആവര്‍ത്തിച്ചിരിക്കുന്നു.

 

“നമുക്ക് എല്ലായിടത്തും എല്ലായ്പ്പോഴും ഉണ്ടാകാന്‍ കഴിയില്ല. ഇറാഖടക്കം പങ്കാളികളായ രാജ്യങ്ങള്‍ക്ക് അവരുടെ സുരക്ഷ സ്വയം ഉറപ്പാക്കാവുന്ന തരത്തില്‍ ധനസഹായവും പരിശീലനവും സൈനിക പരിശീലനവും നല്‍കുകയെന്നതാണ് ചെയ്യാവുന്ന കാര്യം. അത് നീണ്ടതും അധ്വാനമുള്ളതുമായ ഒരു പ്രക്രിയയാണ്. പക്ഷേ അത് നമുക്ക് തുടങ്ങിയേ മതിയാകൂ.”

 

അമേരിക്കന്‍ സേന ഉണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ ഇറാഖില്‍ അമേരിക്കന്‍ കരസേനയെ വിന്യസിക്കില്ലെന്ന് കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ളാമിക ജിഹാദികളെ ചെറുക്കാന്‍ വര്‍ഷങ്ങളുടെ രാഷ്ട്രീയ കടുംകെട്ടുകള്‍ പൊട്ടിച്ച് ഒന്നിക്കാന്‍ മാലികിയോടും മറ്റ് വിഭാഗീയ നേതാക്കളോടും ഒബാമ ആവശ്യപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യയുടെ ഹൃദയത്തില്‍  ഒരു അല്‍-ക്വയിദ അനുകൂല വിഭാഗം കാലുറപ്പിക്കുന്നത് തടയാനാണിത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍