UPDATES

വിദേശം

ഇറാഖ് ഓര്‍മിപ്പിക്കുന്ന ചില താലിബാന്‍ ദൃശ്യങ്ങള്‍

Avatar

ടീം അഴിമുഖം

ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയുടെ (ഐഎസ്‌ഐഎസ്) വളര്‍ച്ച അന്താരാഷ്ട്രകാര്യ നിരീക്ഷികരെ മറ്റ് ചില ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പ് നാടകീയ രക്തരൂക്ഷിത മാര്‍ഗങ്ങളിലൂടെ മറ്റൊരു രാജ്യത്തിന്റെ സമകാലിക ചരിത്രത്തെ മാറ്റിയെഴുതാന്‍ ശ്രമിച്ച മതഭ്രാന്തന്മാരായ ഒരു സംഘത്തിന്റെ ഓര്‍മകളാണ് അവരെ വേട്ടയാടുന്നത്. 

ഐഎസ്‌ഐഎസിന്റെയും താലിബാന്റെയും വളര്‍ച്ചയില്‍ അസ്വസ്ഥത ഉളവാക്കുന്ന ചില സാദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. എന്നാല്‍ വളരെ നിര്‍ണായകമായ ഒരു വ്യത്യാസം നിലനില്‍ക്കുന്നുണ്ട്: താലിബാന് പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ ഐഎസ്‌ഐഎസ് ആ മണ്ണില്‍ തന്നെ വളര്‍ന്നതാണ്, അവര്‍ക്ക് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ വിദേശ സഹായം ലഭിക്കുന്നുള്ളു.

കേണല്‍ ഇമാം എന്ന് അറിയപ്പെടുന്ന കേണല്‍ സുല്‍ത്താന്‍ അമീര്‍ തരാറിനെ പോലെ പാകിസ്ഥാന്‍-താലിബാന്‍ ബന്ധത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരാള്‍ ഉണ്ടാവില്ല. അബോട്ടാബാദിലെ പാകിസ്ഥാന്‍ മിലിട്ടറി അക്കാദമിയില്‍ (ഒസാമ ബിന്‍ ലാദന്‍ ഒളിവില്‍ പാര്‍ത്തിരുന്ന സ്ഥലത്തിന് സമീപം) പരിശീലനം നേടി പാകിസ്ഥാന്‍ കരസേനയില്‍ കമ്മീഷന്‍ഡ് ഓഫീസറായി ചുമതലയേറ്റ ഇമാം, പിന്നീട് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ കീഴില്‍ അമേരിക്കയില്‍ പരിശീലനം നേടി. യുഎസ് സ്പെഷ്യല്‍ ഫോഴ്‌സില്‍ നിന്നും ഗ്രീന്‍ ബരെത്ത് നേടിയ ഇമാം പിന്നീട് പാകിസ്ഥാനില്‍ മടങ്ങിയെത്തി പ്രത്യേക സേന ഗ്രൂപ്പില്‍ (എസ്എസ്ജി) ചേര്‍ന്നു. 1979ലെ ക്രിസ്തുമസ് ദിനത്തില്‍ സോവിയറ്റ് ടാങ്കുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങിയപ്പോള്‍, കേണല്‍ ഇമാമിന് ഒരു പുതിയ ചുമതല ലഭിച്ചു. ആ ചുമതല അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. സിഐഎയുടെയും സൗദി അറേബ്യയുടെയും സാമ്പത്തിക സഹായത്തോടെ സോവിയറ്റ് സേനയെ നേരിടാന്‍ അഫ്ഗാനിസ്ഥാനിലേക്ക് മുജാഹിദ്ദീന്‍ പോരാളികളെ അയയ്ക്കാനുള്ള ഐഎസ്‌ഐയുടെ രഹസ്യ നീക്കത്തിന്റെ ഭാഗമായി അദ്ദേഹം മാറി. ആയിരക്കണക്കിന് കലോഷ്‌നിക്കോവ് തോക്കുകള്‍, സ്റ്റിംഗര്‍ മിസൈലുകള്‍ പോലുള്ള മാരകായുധങ്ങള്‍ എന്നിവയോടൊപ്പം ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് ഇസ്ലാമിക പോരാളികളും അഫ്ഗാനിസ്ഥാനിലേക്ക് ഒഴുകി. അവരില്‍ ഒരാള്‍ ബിന്‍ ലാദന്‍ ആയിരുന്നു. 1989ല്‍ സോവിയറ്റ് സൈന്യം അപമാനിതരായി അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങിയപ്പോള്‍, കേരളത്തിലെയും മറ്റ് സ്ഥലങ്ങളിലേയും വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ ഒഴികെ, ലോകത്തെമ്പാടും ആഹ്ലാദം അലയടിച്ചു. ദുഷ്ടശക്തികളായ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തെ നശിപ്പിക്കുന്നതില്‍ വഹിച്ച പങ്കിന്റെ പ്രതിഫലമായി കേണല്‍ ഇമാമിനെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ വൈറ്റ് ഹൗസില്‍ വിളിച്ചുവരുത്തി അഭിനന്ദിച്ചു. ബര്‍ലിന്‍ മതിലിലെ ഒരു ഇഷ്ടികയും ‘ആദ്യത്തെ അടി അടിച്ച വ്യക്തിക്ക്’ എന്ന് ആലേഖനം ചെയ്ത ചെമ്പ് ഫലകവുമായിരുന്നു കേണലിന് ലഭിച്ച സമ്മാനം.

അഫ്ഗാനിസ്ഥാന്‍ ചരിത്രത്തിന്റെ ഭാഗമായി. യുഎസും മറ്റുള്ളവരും അവിടെ നിന്നും പിന്‍വാങ്ങി. എന്നാല്‍ പാകിസ്ഥാനോ കേണല്‍ ഇമാമോ തങ്ങളുടെ പശ്ചാത്തലം മറന്നില്ല. അവര്‍ക്ക് പുതിയ ഒരു ദൗത്യം ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനെ സായുധമായി കൈയ്യടക്കാന്‍ തങ്ങളുടെ പഷ്തൂണ്‍ പയ്യന്‍മാര്‍ക്ക് പരിശീലനം നല്‍കുക എന്നതായിരുന്നു ആ ദൗത്യം.

കേണല്‍ ഇമാമിന്റെ മേല്‍നോട്ടത്തില്‍ താലിബാന്‍ 1996ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വന്നപ്പോള്‍ അവിടുത്ത പുരുഷന്മാരുടെ മര്‍ക്കടമുഷ്ടിയും സ്ത്രീ വിരുദ്ധ നയങ്ങളും ലോകത്തെ ഞെട്ടിച്ചെങ്കിലും, ശീതയുദ്ധാനന്തര ലോകത്തില്‍ അതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമായി അവസാനിക്കും എന്ന് വിശ്വസിക്കാനായിരുന്നു പലര്‍ക്കും ഇഷ്ടം. മുതലാളിത്തവും കമ്മ്യൂണിസവും തമ്മിലുള്ള സമരം അവസാനിച്ചതോടെ ലോകത്തിന് ഇനിമേല്‍ ചരിത്രം ഇല്ലെന്ന് പല പ്രമുഖ ചരിത്രകാരന്മാരും വിശ്വസിച്ചു.

ബെസ്റ്റ് ഓഫ് അഴിമുഖം

പ്രതിസന്ധിയിലാകുന്ന മുസ്ളീം സ്വത്വം
ബുഷ്: ചില വന്‍വിനകള്‍
ചാവേറുകളുടെ ലോകത്തിലൂടെ
അഫ്ഗാന്‍ കുഞ്ഞുങ്ങളുടെ ചുടലപ്പറമ്പോ?
ഗാമചരിതം: ഐക്യരാഷ്ട്ര സഭ മറക്കുന്നത്

താലിബാന്‍ എന്ന പ്രതിഭാസത്തിന് ഹ്രസ്വായുസായിരുന്നു. പക്ഷെ അതിന്റെ പ്രത്യാഘാതങ്ങള്‍ ലോകത്തെമ്പാടും ഭീതി വിതച്ചു. അഫ്ഗാനിസ്ഥാന്‍ സുരക്ഷിതമായി അവരുടെ കൈകളില്‍ ആയിക്കഴിഞ്ഞപ്പോള്‍, ഒറ്റക്കണ്ണന്‍ മുല്ല ഉമറിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍, അജ്ഞതയും അടിച്ചമര്‍ത്തലും മുഖമുദ്രയാക്കിയ നയങ്ങള്‍ വളരെ വേഗത്തില്‍ വ്യാപിപ്പിക്കാന്‍ തുടങ്ങി. ബിന്‍ ലാദനെ ഒരു സര്‍ക്കാര്‍ അതിഥിയായി താമസിക്കാനുള്ള ക്ഷണം, അവര്‍ ലോകത്തെമ്പാടും നീട്ടിയ സഹായഹസ്തങ്ങളില്‍ ഒന്നുമാത്രമായിരുന്നു. ന്യൂയോര്‍ക്കിലെ ഇരട്ട ടവറിന്റെ തകര്‍ച്ചിയില്‍ അവസാനിച്ച ആ കഥ എല്ലാവര്‍ക്കും ആറിയാവുന്നതാണ്.

അക്രമം ഒരു സര്‍ക്കാര്‍ കലയായി ഇതിനകം വളര്‍ത്തിയെടുത്ത പാകിസ്ഥാന്‍ പോതുവില്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകിച്ച് കാശ്മീരിലുള്ള ഇടപെടലുകള്‍ക്കും ആക്കം കൂട്ടാന്‍ തുടങ്ങി. 1999 ആയപ്പോഴേക്കും ജമ്മുകാശ്മീര്‍ ആത്മഹത്യ സ്‌ക്വാഡുകള്‍ക്ക് സാക്ഷിയാവാന്‍ തുടങ്ങി. ആക്രമണ നിരക്ക് നാടകീയമായി വര്‍ദ്ധിച്ചു. ഒടുവില്‍ 1999 ലെ വേനല്‍ക്കാലത്ത് കാര്‍ഗില്‍ നുഴഞ്ഞു കയറ്റവും സംഭവിച്ചു. 

9/11, 2001 സംഭവിച്ച് ഒരു മാസത്തിനകം യുഎസ് നേതൃത്വത്തിലുള്ള സേനകള്‍ അഫ്ഗാന്‍ ആക്രമിച്ചതോടെ താലിബാന്‍ ഭീഷണിക്ക് അറുതിയായി. ആഗോള രാഷ്ട്രീയത്തെ വളച്ചൊടിക്കുന്നതിനായി അശിക്ഷിത ഇസ്ലാമിക കൂട്ടായ്മകളുടെ അജ്ഞതയെ മുതലെടുക്കുക എന്ന തന്ത്രമാണ് എല്ലാ കാലത്തും യുഎസ് പയറ്റി വരുന്നത്. സോവിയറ്റ് യൂണിയനെ നേരിടുന്നതില്‍ സഖ്യകക്ഷികളായിരുന്നു യുഎസും മുജാഹിദീനുകളും ബദ്ധശത്രുക്കളായി മാറി. 1970 കളുടെ അന്ത്യ ഘട്ടം മുതല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരിമിച്ചും, തങ്ങള്‍ക്കിടയിലും അക്രമം അഴിച്ചുവിടുകയാണ് ഇരു കൂട്ടരും ചെയ്യുന്നത്.

ന്യൂയോര്‍ക്ക്, കറാച്ചി, കാണ്ടഹാര്‍, നെയ്‌റോബി, യെമന്‍ തുടങ്ങി ഭൂപടത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന ലോകത്തെ എല്ലാ സ്ഥലത്തെയും തെരുവുകളിലൂടെയും രക്തം ഒഴുകാന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടായിരിക്കുന്നു. പാകിസ്ഥാനിലേയും യെമനിലെയും കുഗ്രാമങ്ങിളില്‍ പോലും അമേരിക്ക ബോംബ് വര്‍ഷം നടത്തുന്നു. നമ്മുടെ ഏറ്റവും പ്രതിലോമകരവും ആക്ഷേപാര്‍ഹവുമായ ഒരു പ്രത്യയശാസ്ത്രം മനുഷ്യ ചരിത്രത്തിലെ ഏറ്റവും ശാസ്ത്രീയമായി വികസിച്ച സാമ്രാജ്യവും തമ്മില്‍ ആവര്‍ത്തിക്കുന്ന ബന്ധം സ്ഥാപിക്കലിന്റെയും വേര്‍പിരിയലിന്റെയും ഭീതിജനകമായ രാഷ്ട്രീയമാണ് ഇവിടെ നടമാടുന്നത്. എന്നിട്ട് അതിനെ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലായി വ്യാഖ്യാനിക്കുന്നു. പാശ്ചാത്യശക്തികള്‍ക്കും ഷിയാകള്‍ക്കുമെതിരെ വിദ്വേഷം ചൊരിഞ്ഞും, സര്‍വോപരി അവിശ്വസനീയമായ അക്രമവും അഴിച്ചുവിട്ടും വിഷലിപ്തമായ അവകാശവാദങ്ങള്‍ ഉന്നയിച്ചും, ഇറാഖില്‍ ഐഎസ്‌ഐഎസ് മുന്നേറുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്. ഇറാഖും മദ്ധ്യേഷ്യയിലെ മറ്റ് സ്ഥലങ്ങളും ലോകം തന്നെയും അത്ര എളുപ്പമൊന്നും ഒഴിഞ്ഞു പോകാന്‍ സാധ്യതയില്ലാത്ത മറ്റൊരു ദുഃസ്വപ്‌നത്തിലേക്ക് വഴുതി വീഴുകയാണ്. 

മനുഷ്യചരിത്രം ഇപ്പോള്‍ വൃത്തങ്ങളിലൂടെയാണ് പുരോഗമിക്കുന്നതെന്ന് തോന്നുന്നു. നമ്മള്‍ യഥാര്‍ത്ഥത്തില്‍ മുന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. 

ഭരതവാക്യം: പാകിസ്ഥാന്‍ താലിബാന്‍ എന്ന് വിളിക്കപ്പെട്ട പുതുതലമുറ മുജാഹിദുകള്‍ 2010 മാര്‍ച്ച് 26ന് കേണല്‍ ഇമാമിനെ തട്ടിക്കൊണ്ടു പോയിരുന്നു. തങ്ങളുടെ കാരണവന്മാരുടെ രക്ഷകര്‍ത്താവിനോട് യുവാക്കള്‍ക്ക് അത്ര ബഹുമാനം ഉണ്ടായിരുന്നില്ല. 2011 ജനുവരിയില്‍, പാകിസ്ഥാന്‍ താലിബാന്‍കാര്‍ കേണല്‍ ഇമാമിനെ വെടിവച്ച് കൊല്ലുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്താണ് തങ്ങള്‍ക്ക് പകര്‍ന്നു കിട്ടിയ പ്രത്യയശാസ്ത്രവും വിശ്വാസങ്ങളും ഓര്‍മകളും എന്ന് പുതുതലമുറ ആ വെടിയുണ്ടകളിലൂടെ മുതിര്‍ന്നവര്‍ക്ക് പറഞ്ഞുകൊടുത്തു. എന്താണ് അവരെ എല്ലാവരെയും കേണല്‍ ഇമാം പഠിപ്പിച്ചു കൊടുത്തതെന്നും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍