UPDATES

വിദേശം

കൊല്ലപ്പെടാന്‍ ഊഴം കാത്തിരിക്കുന്നവര്‍

Avatar

ലിസ് സ്ലൈ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒമര്‍ അബേദ് ഹമ്മൌദിയുടെ ശവമടക്ക് ബാഗ്ദാദിലെ ഒഴിഞ്ഞ മൂലയിലുള്ള ഒരു ശ്മശാനത്തില്‍ ധൃതിപിടിച്ചു വളരെ രഹസ്യമായാണ്  നടത്തിയത്. ബാഗ്ദാദിലെ പുതിയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങള്‍ക്കൊണ്ടു നിറഞ്ഞിരിക്കുകയാണ് അവിടം.

കൊലപാതകങ്ങളുടെ പരമ്പര വീണ്ടും തുടങ്ങിയെന്നാണ് അയാളുടെ മരണത്തിന്റെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഷിയാ ഭൂരിപക്ഷപ്രദേശത്ത് താസിക്കുന്ന ഒരു സുന്നിയായിരുന്നു അയാള്‍. മുഖം മൂടിയിട്ട യൂണിഫോം ധരിച്ച ആളുകള്‍  ഹമ്മൌദിയെ വീട്ടില്‍നിന്നും പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തലയിലൂടെ വെടിയുണ്ട തുളച്ചുകയറിയ അയാളുടെ ശവശരീരം അടുത്ത ദിവസം ഒരു പള്ളിക്ക് പുറത്തു ഉപേക്ഷിക്കപ്പെട്ടു. 2005-07 ലെ  ആഭ്യന്തര യുദ്ധകാലത്തെ ഭീതിദമായ സംഭവപരമ്പരകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ത ഹമ്മൌദിയുടെ കൊലപാതകം. 

“ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട ആളായതുകൊണ്ടാണ് ഹമ്മൌദി വധിക്കപ്പെട്ടത്,”ശ്മശാനത്തില്‍ നിന്നും ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ഒരു ചെറിയ കൂട്ടം ആളുകളുമൊത്ത് പുറത്തേക്കുവരുംവഴി ഹമ്മൌദിയുടെ സഹോദരന്‍ പറഞ്ഞു. ഷിയാ സര്‍ക്കാരിനോട് കൂറുപുലര്‍ത്തുന്ന സുരക്ഷാ സൈനികരുടെ അരികില്‍വെച്ച് സംസാരിക്കാന്‍ അയാള്‍ ഭയക്കുന്നുണ്ടായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ– ഇനിമുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്നായിരിക്കും അറിയപ്പെടുക എന്നു ഞായറാഴ്ച്ച പ്രഖ്യാപിച്ചുകഴിഞ്ഞു- വടക്കന്‍ ഇറാഖി നഗരമായ മൊസൂള്‍ പിടിച്ചെടുക്കുകയും തെക്കോട്ട് മുന്നേറി ബാഗ്ദാദിലേക്ക് അടുക്കുകയും ചെയ്തതോടെ തലസ്ഥാനത്ത്നിലനിന്നിരുന്ന ഭയവും ആശയക്കുഴപ്പവും ഒന്നു ശമിച്ചിട്ടുണ്ട്. വടക്കും പടിഞ്ഞാറുമുള്ള സുന്നി ഭൂരിപക്ഷ പ്രവിശ്യകളുടെ നിയന്ത്രണം മുന്നേറുന്ന സുന്നി തീവ്രവാദികളുടെ കയ്യിലായാലും, ഷിയാ ഭൂരിപക്ഷ സുരക്ഷാ സേനക്കും, ആയിരക്കണക്കിന് ഷിയാ സന്നദ്ധപോരാളികള്‍ക്കും അവരെ ചെറുക്കാനാകുമെന്നുള്ള ആത്മവിശ്വാസം വളര്‍ന്നിരിക്കുന്നു.

പക്ഷേ, ആയുധമെടുക്കാനുള്ള ആഹ്വാനം തലസ്ഥാനത്തെ സുന്നി ന്യൂനപക്ഷത്തിന്റെ ഉള്ളില്‍ ഭീതിയുടെ തീ പടര്‍ത്തിയിരിക്കുകയാണ്. ഷിയാ പ്രതികാരത്തിന്റെ ഇരകളാവും തങ്ങളെന്ന ഭീതി. ഹമ്മൌദിയുടേത് പോലുള്ള കൊലകളുടെ പരമ്പര ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമിടുന്നു. ആഭ്യന്തര യുദ്ധത്തിന്റെ ഇരുണ്ട നാളുകളുടെ ഓര്‍മ്മകള്‍ ഇതിന് വളമിടുന്നു.

എതിര്‍ഭാഗക്കാരെ തെരഞ്ഞുപിടിച്ച് കൊല്ലാന്‍  സായുധരായ അക്രമികള്‍ റോന്തുചുറ്റിയിരുന്ന, ശവമുറികളില്‍ നൂറുകണക്കിനു മൃതദേഹങ്ങള്‍ കൂട്ടിയിട്ട കണ്ണില്ലാത്ത ആ അക്രമത്തിന്റെ ദിവസങ്ങള്‍ മടങ്ങിവന്നു എന്നതിന്റെ സൂചന ഇനിയുമായില്ല. സുന്നികള്‍ ഷിയാകള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ടെങ്കിലും അതേറെയും ചാവേറുകളായി സ്വയം പൊട്ടിത്തെറിച്ചാണ്. കൊലപാതക സംഘങ്ങളുടെ ആക്രമണങ്ങളുടെ ഇരകളിലേറെയും സുന്നികളാണ്. അവരെ ബാഗ്ദാദിന് പുറത്താക്കാനുള്ള ഒരു ആസൂത്രിത ശ്രമം.

കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇത്തരം കൊലപാതകങ്ങള്‍ ഏറുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരിടത്ത് കൈകള്‍ പിറകില്‍ കെട്ടിയ ഒരു ശവശരീരം, മറ്റൊരിടത്ത് രണ്ടു മൃതദേഹങ്ങള്‍ ഒന്നിച്ച്. സംഘര്‍ഷം കൂടിയതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി  ഇത്തരം സംഭവങ്ങള്‍ ഗണ്യമായി കൂടിയിരിക്കുന്നു എന്നാണ് സുന്നി വിഭാഗക്കാരായ പലരും പറയുന്നത്. “ഇത്തരം സംഭവങ്ങള്‍ ഞങ്ങള്‍ക്ക് അപരിചിതമല്ല. ഏറെക്കാലമായി ഞങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വേട്ടയാടലാണ് ഇത്,” സുന്നി ഭൂരിപക്ഷപ്രദേശമായ അദാമിയായിലെ സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സുന്നി സംഘത്തിന്റെ നേതാവുകൂടിയായ ഷെയ്ഖ് അമീര്‍ ആല്‍-അസാവി പറയുന്നു. അസാവിയുടെ മകനെ 2006-ല്‍ ഷിയാ തീവ്രവാദികള്‍ കൊന്നിരുന്നു.

“ആ തീയില്‍ ഞാന്‍ വെന്തുരുകി, ഇനിയും അതിലൂടെ കടന്നുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,”കൊല്ലപ്പെട്ട മകനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറഞ്ഞ കണ്ണുകളോടെ അയാള്‍ വ്യക്തമാക്കി. “അത് വീണ്ടും തുടങ്ങിയാല്‍ ഭയാനകമായിരിക്കും. ഉറ്റവരെ നഷ്ടപ്പെട്ട ഒരുപാട് ഇറാഖുകാര്‍ വീണ്ടും അതിനു അനുവദിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്.”

സുന്നി തീവ്രവാദി മുന്നേറ്റത്തിനെതിരെ ആയുധമെടുക്കാനുള്ള ഷിയാ പുരോഹിതരുടെ ആഹ്വാനം, 2007-ല്‍ യു എസ് സേന സംഘര്‍ഷം അടിച്ചമര്‍ത്തിയതിന് ശേഷം ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഷിയാ സ്വകാര്യ സേനാ ഒഴുക്കാണ് സൃഷ്ടിച്ചിരിക്കുന്നത്. സുരക്ഷാ സേനയുടെ മുന്നില്‍,പലപ്പോഴും അവരോടൊത്താണ് ഈ സായുധ ഷിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ചരക്കുവണ്ടികളിലും. എസ് യു വി-കളിലും തോക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചു, സുരക്ഷാ സൈനികരെപ്പോലെ തോന്നിക്കുന്ന വേഷവുമണിഞ്ഞാണ് ഇവര്‍ നഗരത്തില്‍ റോന്തുചുറ്റുന്നത്.

ഷിയാ വിരുദ്ധരായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ വരവിനെ ആശങ്കയോടെ കാണുന്ന ബാഗ്ദാദിലെ ഷിയാകള്‍ വടക്കുനിന്നുള്ള ആക്രമികളില്‍ നിന്നുള്ള രക്ഷാകവചം എന്ന നിലക്ക്സായുധ സംഘങ്ങളെ സ്വാഗതം ചെയ്യുകയാണ്.

“അവര്‍ ബാഗ്ദാദിനെ സുരക്ഷിതമാക്കി,” എന്നാണ് ബാഗ്ദാദിലെ തന്റെ കടയില്‍ തിരക്കുപിടിച്ച് സൈനിക വേഷങ്ങള്‍ തുന്നിക്കൊണ്ടിരിക്കുന്ന അബ്ദുള്‍ കരീം ആല്‍-സുഡാനി പറഞ്ഞത്. പലതരത്തിലുള്ള സൈനിക,പോലീസ് വേഷങ്ങള്‍ സുഡാനിയുടെ കടയില്‍ വില്‍പ്പനക്ക് തയ്യാര്‍.

ബെസ്റ്റ് ഓഫ് അഴിമുഖം

ഇറാഖ് : ഇന്നും പേടിപ്പിക്കുന്ന ഓര്‍മകള്‍
അപായസൂചനയുമായി ഇറാഖ്; വസ്തുതകള്‍- വിശകലനം
മുളച്ചീന്തുകള്‍ പോലെ പിളരുന്ന ഇറാഖ്, ഒബാമയുടെ നയങ്ങളും
തിക്റിത്തിലെ മാലാഖമാരെ, മലയാളി ആണുങ്ങള്‍ തിരക്കിലാണ്
തിക്രിത്ത് ഏറെ ദൂരെയല്ല, അവര്‍ പാതിമരിച്ചവരുമാണ്; ജാസ്മിന്‍ ഷാ സംസാരിക്കുന്നു

“പ്രതിപക്ഷം അവരെ സ്വകാര്യ സായുധസംഘങ്ങള്‍ എന്നൊക്കെ വിളിക്കും. പക്ഷേ അവര്‍ മതനേതാക്കളുടെ ആജ്ഞ അനുസരിക്കുക മാത്രമാണു ചെയ്തത്. അതനുസരിച്ചില്ലെങ്കില്‍ അവര്‍ ഒരു തെറ്റ് ചെയ്യുകയാണ്, കാരണം ഇതൊരു മതപരമായ നിര്‍ദ്ദേശമാണ്.”

ഇത് ധ്രുവീകരണത്തിനിടയാക്കും എന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. “ ഞങ്ങള്‍ ഒരു വക്കിലാണ് നില്‍ക്കുന്നത്,” ആദാമിയായില്‍ കാറുകള്‍ നന്നാക്കുന്ന അബ്ദു ഒബൈദ് ആല്‍-അദാമി പറയുന്നു. “അവര്‍ ഷിയാകളോട് ആയുധമെടുക്കാന്‍ പറഞ്ഞു. ഇതുവരെ രഹസ്യമായിരുന്ന ഒന്നിപ്പോള്‍ പരസ്യമായി നടത്തുകയാണ്.”

ആഭ്യന്തര യുദ്ധത്തിനുശേഷം അവശേഷിച്ച ചില സുന്നി കേന്ദ്രങ്ങളിലൊന്നായിരുന്നു ആദാമിയാ. ഇപ്പോള്‍ സുന്നികള്‍ക്ക് നേരെ  ഷിയാകള്‍  തിരിച്ചടിക്കുകയാണ്. പലയിടത്തുനിന്നും സുന്നികളെ പുറംതള്ളിയിരിക്കുന്നു. 2006-ല്‍ മാത്രം പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ആയിരങ്ങളെ കാണാതായി.

യുഎസ് സൈന്യത്തിന്റെ വലിയ ഇടപെടലിനൊപ്പം, ഷിയാ സേനക്കുംഅല്‍ ഖ്വായിദയ്ക്കും എതിരെ സുന്നികള്‍ അമേരിക്കന്‍ സേനക്കൊപ്പം ചേര്‍ന്നതോടെയാണ് ആ നരബലിക്ക് ഒരന്ത്യമുണ്ടായത്.

പക്ഷേ, തുടര്‍ന്നുള്ള നാളുകളില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായില്ല. അമേരിക്കന്‍ സേന പിന്‍വാങ്ങിയതോടെ പ്രധാനമന്ത്രിയായ നൂറി അല്‍-മാലികിയുടെ ഷിയാ ഭൂരിപക്ഷ സര്‍ക്കാരിന് കീഴില്‍ അനുഭവിക്കേണ്ടിവന്ന വിവേചനത്തില്‍ സുന്നികളുടെ പ്രതിഷേധം ഉരുണ്ടുകൂടുകയായിരുന്നു.

ഹമൌദിയുടെ കൊല നടന്ന, ഒരിക്കല്‍ ഷിയാ-സുന്നി മിശ്രപ്രദേശമായിരുന്ന, ഇപ്പോള്‍ സുന്നികള്‍ ന്യൂനപക്ഷമായ  ശാബ് പ്രദേശം  ഭയവും പ്രതിഷേധവുംകൊണ്ട് പുകയുകയാണ്. സായുധരായ ഷിയാ പോരാളികളുടെ ഇടയിലൂടെ സുന്നി കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുന്നു. സുന്നികള്‍ക്ക് വേറെ വഴിയൊന്നുമില്ല. കാരണം അവരുടെ ആയുധങ്ങള്‍ അടിയറവെക്കാമെന്ന് അവര്‍ സമ്മതിച്ചുകഴിഞ്ഞെന്ന് ഹമ്മൌദിയുടെ അമ്മാവന്‍ ഹമീദ് മജീദ് പറഞ്ഞു.

“മാലികിയുടെ സേന നിറയെ ഷിയാകളാണ്, സുന്നികള്‍ക്കാകട്ടെ ഒരു കൈത്തോക്ക് പോലും കൈവശംവെക്കാനാകില്ല. ഞങ്ങളുടെ കയ്യില്‍ ഒരായുധവുമില്ല, എന്നാല്‍ ഷിയാ സംഘങ്ങള്‍ ആയുധങ്ങളുമായാണ് ഞങ്ങളുടെ തെരുവുകളില്‍ റോന്തുചുറ്റുന്നത്.”

2005-07ലെ വിഭാഗീയ കൊലപാതകങ്ങളെ  അനുസ്മരിപ്പിക്കുന്ന സുന്നി പേരായ ഒമര്‍, പേരിനൊപ്പം ഉള്ളതിനാലാണ് തന്റെ  അനന്തരവന്‍ കൊല്ലപ്പെട്ടതെന്ന് മജീദി കരുതുന്നു. ഇത് സ്ഥിരീകരിക്കാനാകില്ലെങ്കിലും വീടിന് പുറത്തു സഹോദരനോടും മരുമകനോടും ഒപ്പമിരുന്ന അയാളെ മാത്രം തട്ടിക്കൊണ്ടുപോയത് സൂചിപ്പിക്കുന്നത് ഇതാണ്.

ഇറാഖി പോലീസിന്റെ വാഹനം പോലെ തോന്നിച്ച ഒരു കാറിലാണ് ഹമ്മൌദിയെ തട്ടിക്കൊണ്ടുപോകാന്‍ സുരക്ഷാ സൈനികരുടേത് പോലുള്ള വേഷം ധരിച്ച ആളുകള്‍ വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തോക്കുകള്‍ ചൂണ്ടി അവരയാളെ കാറിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോവുകയായിരുന്നു.

അടുത്ത ദിവസം ഒരു സുന്നി പള്ളിക്ക് സമീപം അയാളുടെ ജഡം കണ്ടു. പക്ഷേ, അയാളുടെ കുടുംബം ആ കൊലപാതകം പോലീസില്‍ അറിയിച്ചില്ല.

“ഞങ്ങള്‍ക്ക് പോലീസില്‍ വിശ്വാസമില്ല,”മജീദി പറഞ്ഞു. “ വീടിനകത്ത് കൊല്ലപ്പെടാന്‍ ഊഴം കാത്തിരിക്കുന്ന ഇരകളാണ് ഞങ്ങള്‍.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍