UPDATES

വിദേശം

ഇറാഖ് സര്‍ക്കാരിന്റെ ‘പ്രേത സൈനിക’ പേടി

Avatar

ലൗവ്‌ഡേയ് മോറിസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നിലവിലില്ലാത്ത 50,000 സൈനികര്‍ക്കെങ്കിലും ഇറാഖ് സേന ശമ്പളം നല്‍കുന്നതായി ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദി പറയുന്നു. ഉപകരണങ്ങളും ആയുധങ്ങളുമായി ബില്യണ്‍ കണക്കിന് ഡോളര്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മുടക്കിയ ഒരു സ്ഥാപനത്തില്‍ വ്യാപിച്ചിരിക്കുന്ന കടുത്ത അഴിമതിയുടെ ഒരു സൂചകമാണ് ഇറാഖി പ്രധാനമന്ത്രിയുടെ കുറ്റസമ്മതം.

ശമ്പളം എഴുതിയെടുക്കപ്പെടുകയും എന്നാല്‍ സൈനിക സേവനത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ ‘പ്രേത സൈനികര്‍’ എന്ന് വിളിക്കപ്പെടുന്നവരെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍, പ്രതിരോധ മന്ത്രാലയത്തിന്റെ ശമ്പള പട്ടികയില്‍ പതിനായിരക്കണക്കിന് കള്ളപ്പേരുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി അബാദി ഞായറാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു. തുടര്‍ അന്വേഷണങ്ങളില്‍ ‘കൂടുതല്‍, കൂടുതല്‍’ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മുന്‍ഗാമിയായ നൂറി അല്‍-മാലിക്കിയുടെ കാലത്ത് സായുധ സേനകളില്‍ വ്യാപകമായ അഴിമതി അവസാനിപ്പിക്കാനുള്ള സമ്മര്‍ദം നേരിടുകയാണ് കഴിഞ്ഞ സെപ്തംബറില്‍ അധികാരം ഏറ്റെടുത്ത അബാദി. കഴിഞ്ഞ ജൂണില്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തില്‍, ആകെയുള്ള 14 ഡിവിഷനുകളില്‍ നാലെണ്ണം തകര്‍ന്നതില്‍ വ്യാപകമായ അഴിമതിയും മതിയായ സംഭാവന നല്‍കിയിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നു.

അടുത്ത വര്‍ഷം ഇറാഖി സേനയെ പരിശീലിപ്പിക്കുന്നതിനും സായുധവല്‍ക്കരിക്കുന്നതിനുമായി 1.2 ബില്യണ്‍ ഡോളര്‍ പെന്റഗണ്‍ ആവശ്യപ്പെടുന്നതിനിടെ, കൂടുതല്‍ ശുദ്ധവും കാര്യക്ഷമവുമായ ഒരു സൈന്യത്തെ സൃഷ്ടിക്കാന്‍ അബാദിയെ യുഎസ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2003 ലെ അധിനിവേശം മുതല്‍ 2011 ല്‍ യുഎസ് സൈനിക പിന്‍മാറ്റം നടക്കുന്നത് വരെ 20 ബില്യണ്‍ ഡോളര്‍ കൂടുതല്‍ യുഎസ് ഇറാഖില്‍ ചിലവഴിച്ചിട്ടുണ്ട്.

ഇറാഖിലെ തുടക്കക്കാരായ സൈനികര്‍ പ്രതിമാസം 600 ഡോളര്‍ വരെ ശമ്പളം പറ്റുമ്പോള്‍, ‘പ്രേത സൈനികര്‍’ ക്കായി ഇറാഖ് പ്രതിവര്‍ഷം ഏകദേശം 380 മില്യണ്‍ ഡോളര്‍ ചിലവഴിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ ഇത് യഥാര്‍ത്ഥ ചിലവിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇസ്ലാമിക് സ്റ്റേറ്റിനെ തടുക്കാനാവാതെ കുത്തഴിഞ്ഞ് ഇറാഖ് സൈന്യം
സൈന്യത്തെ ഒരു മണ്ടന്‍ നാടകത്തിലേക്ക് തള്ളിവിടുന്ന അമേരിക്ക
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണമായ വളര്‍ച്ചയ്ക്ക് പിന്നില്‍
അല്‍ അബാദി ഇറാഖിനെ രക്ഷിക്കുമോ?
ഇറാക്കില്‍ ജിഹാദികള്‍ക്ക് വെള്ളവും ആയുധം

‘ഈ കണക്കുകളെക്കാള്‍ മുന്നിരട്ടിയില്‍ കൂടുതലായിരിക്കും യാഥാര്‍ത്ഥ്യം’, പാര്‍ലമെന്റിന്റെ പ്രതിരോധ, സുരക്ഷ കമ്മിറ്റിയില്‍ അംഗമായ ഹമീദ് അല്‍-മുതലഖ് പറഞ്ഞു. ഇക്കാര്യത്തില്‍, കൂടുതല്‍ സമഗ്രമായ അന്വേഷണം ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇതിന് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഇറാഖിന്റെ സുരക്ഷ ഇല്ലാതായിരിക്കുന്നു’.

ഇത്തരക്കാരുടെ ശമ്പളം തട്ടിയെടുക്കുന്നതിനായി, തങ്ങളുടെ കീഴില്‍ കൂടുതല്‍ സൈനികര്‍ ഉണ്ടെന്ന് തെറ്റായി രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥരാണ് അഴിമതി വ്യാപിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

അബാദിയുടെ പ്രസ്താവനയെ പാര്‍ലമെന്റ് ആവേശത്തോടെയാണ് സ്വീകരിച്ചത്. അഴിമതിക്കാരെ വഴിയെ ശിക്ഷിക്കുമെങ്കിലും, അഴിമതി എത്രയും വേഗം അവസാനിപ്പിക്കുകയാണ് തന്റെ അടിയന്തിര ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലായ്പ്പോഴും നമുക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്’ അദ്ദേഹം പറഞ്ഞു. യോഗ്യതയെക്കാള്‍ തന്നോടുള്ള കൂറിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നതെന്ന ആരോപണം നേരിട്ടിരുന്ന മാലിക്കിയുടെ കീഴിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥരെ, അബാദി അധികാരത്തില്‍ വന്നയുടന്‍ പിരിച്ചുവിട്ടിരുന്നു.

‘പ്രശ്‌നം വ്യാപകവും പരിഹാരം വളരെ ബുദ്ധിമുട്ടേറിയതുമാണ്. ഇത് തടയുന്നതിന് നല്ല ഇച്ഛാശക്തി ആവശ്യമാണ്’, ഇറാഖിലെ സുരക്ഷ നിരീക്ഷകനായ സായിദ് അല്‍-ജയാഷി ചൂണ്ടിക്കാട്ടുന്നു. ‘പരിശീലനം ദുര്‍ബലവും നിലവാരമില്ലാത്തതുമാണ്’.

രാജ്യത്തിന്റെ മൂന്നില്‍ ഒന്ന് ഭാഗങ്ങളുടെ നിയന്ത്രണമുള്ള ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ഫലപ്രദമായ ആക്രമണം നടത്തുന്നതിനായി മൂന്ന് ഡിവിഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുഎസ് ശ്രമിക്കുന്നത്.
ഒഴുക്ക് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ തിരിച്ചുവിടുക എന്ന തന്ത്രത്തിന്റെ ഭാഗമായി ഗോത്രസേനകളെ പരിശീലിപ്പിക്കുന്നതിനും സായുധവല്‍ക്കരിക്കുന്നതിനുമായി 24 മില്യണ്‍ ഡോളറും കുര്‍ദിഷ് സേനകള്‍ക്കായി 354 മില്യണ്‍ ഡോളറും അധികമായി വേണമെന്നും പെന്റഗണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സുന്നി ഗോത്രങ്ങളെ സായുധവല്‍ക്കരിക്കുന്ന പ്രക്രിയ സാവധാനത്തിലാണെന്ന് സമ്മതിച്ച അബാദി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്നവര്‍ക്കെല്ലാം പിന്തുണ വാഗ്ദാനം ചെയ്തു. ‘മതിയായ ആലോചനകളില്ലാതെ ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല’, അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍