UPDATES

വിദേശം

ആ യുദ്ധം ഇവര്‍ നേരില്‍ക്കണ്ടു; തൃശൂരിലെ വിജയനും ഡോ. ത്രേസ്യയും/അനുഭവം

Avatar

(ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് 26 വര്‍ഷം തികയുന്നു. 1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖി പട്ടാളം കുവൈറ്റിലേക്ക് പ്രവേശിച്ചത്. ഗള്‍ഫില്‍ നടക്കുന്ന യുദ്ധം എന്നതിലുപരി സ്വന്തം മണ്ണില്‍ നടക്കുന്ന അധിനിവേശമായാണ് മലയാളിക്കത് അനുഭവപ്പെട്ടത്. ഗള്‍ഫ് മലയാളികള്‍  ഇപ്പോള്‍ മറ്റൊരു അതിജീവന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, അന്ന് ഗള്‍ഫ് യുദ്ധം മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത ജോയി ഏനാമാവ് തന്റെ അനുഭവങ്ങളും യുദ്ധത്തിന്റെ പിന്നിലെ രാഷ്ട്രീയവും മലയാളികള്‍ കടന്നുപോയ പ്രതിസന്ധികളും അവതരിപ്പിക്കുകയാണ് ഈ ലേഖന പരമ്പരയില്‍. ആദ്യ ലേഖനങ്ങള്‍ ഇവിടെ വായിക്കാം- നമ്മള്‍ പോരാടാത്ത ഒരു യുദ്ധത്തിന്റെ ഓര്‍മ്മകള്‍ഇറാഖിന്റെ കുവൈറ്റ് അധിനിവേശം; ചില അമേരിക്കന്‍ ഇടപാടുകള്‍)

വടക്കൂട്ട വിജയന്‍, തൃശൂര്‍

അന്നൊരു വ്യാഴാഴ്ചയായിരുന്നു. കുവെറ്റിലെ ഷുവെക്ക് വ്യവസായ മേഖലയിലെ അല്‍ ഘാനം ആന്‍റ് ആസാദ് ട്രെയ്ഡിംഗ് കോണ്‍ട്രാക്ടിംഗ് കമ്പനി ജോലിക്കാരനായിരുന്ന തൃശ്ശൂര്‍ വെങ്കിടങ്ങിലെ ഇരിമ്പ്രനെല്ലൂര്‍ സ്വദേശി വടക്കൂട്ട വിജയന്‍ അതിരാവിലെ, കൃത്യമായി പറഞ്ഞാല്‍ അഞ്ചര മണിക്ക് ഉണര്‍ന്നെഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അസാധാരണമായ എന്തോ ശബ്ദം കേട്ട അയാള്‍  താമസസ്ഥലത്ത് നിന്നും പുറത്തേക്കു വന്ന് നോക്കി. വീടിന്റെ ഗെയിറ്റിനപ്പുറത്ത് റോഡാണ്. കമ്പനിയുടെ ഒരു ലോറി റോഡരുകില്‍ കിടക്കുന്നുണ്ട്. മറ്റൊന്നും കാണാനില്ലായിരുന്നു. പക്ഷേ, വിജയന്‍ വേറൊരു കാര്യം ശ്രദ്ധിച്ചു. അവിടെ കിടന്നിരുന്ന കമ്പനി ലോറിക്കടുത്തു നിന്നും മൂന്നാലുപേര്‍ തിടുക്കത്തില്‍ കാറില്‍ കയറി രക്ഷപ്പെടുന്നത്. ഒന്നും മനസ്സിലായില്ല. പിന്നെയാണ് ശ്രദ്ധിച്ചത്; ലോറിയുടെ മൂന്നു ചക്രങ്ങള്‍ കാണാനില്ല. കാറില്‍ വന്നവര്‍ ചക്രങ്ങള്‍ ഊരിക്കൊണ്ടു പോയതാണ്. വല്ല കുരുത്തം കെട്ട അറബികളാകുമെന്നു മനസ്സില്‍ തോന്നി അയാള്‍ ഗെയിറ്റിനടുത്തു നിന്നും തിരിച്ചു നടന്നു. മുറിയില്‍ എത്തിയപ്പോള്‍ എവിടെ നിന്നോ തുരു തുരാ വെടിയൊച്ചകള്‍ കേള്‍ക്കുന്നു, തൊട്ടടുത്ത് അര കിലോമീറ്ററോളം മാത്രം ദൂരമുള്ള പട്ടാള ക്യാമ്പില്‍ നിന്നാണെന്നു ഊഹിച്ചു. ഗെയിറ്റിലേക്കു വീണ്ടും വന്നു നോക്കിയപ്പോള്‍ സാധാരണ വളരെ നേരത്തെ തുറക്കാറുള്ള കടകളൊന്നും തുറന്നിട്ടില്ല . മാത്രമല്ല, തുറന്നിരുന്ന കടകളെല്ലാം ചിലര്‍ ധൃതിയില്‍ അടച്ചിട്ട് ഓടി രക്ഷപ്പെടുന്ന കാഴ്ച. രാവിലെ സമയം ആറു കഴിഞ്ഞു കാണും ഇതെല്ലാം നടക്കുമ്പോള്‍ എന്ന് വിജയന്‍ ഇപ്പോള്‍ ജന്മനാട്ടിലെ സ്വന്തം വീട്ടിലിരുന്ന് ഓര്‍ക്കുന്നു, ഒരു നടുക്കത്തോടെ.

പിന്നെ കണ്ടതായിരുന്നു കാഴ്ച. നൂറുകണക്കിന് പട്ടാളക്കാര്‍ റോഡിലൂടെ മാര്‍ച്ച് ചെയ്തു വരുന്നു. നിരവധി ടാങ്കുകള്‍ തൊട്ടു പിന്നാലെ. അനേകം പട്ടാളവണ്ടികളില്‍ തോക്കു ചൂണ്ടിയ യോദ്ധാക്കള്‍. കുവെത്തിന്റെ ഇറാഖ്  അതിര്‍ത്തിയായ ജാറ ഭാഗത്തു നിന്നാണ് ഇവര്‍ വരുന്നത്. കുവെത്ത് സിറ്റിക്കടുത്തുള്ള ഫഹെയില്‍ പട്ടാള ക്യാമ്പ് ലക്ഷ്യമാക്കിയാണ് ഇറാഖിന്റെ പടനീക്കം. അധികം വൈകാതെ വിജയനും ഒപ്പം താമസക്കാരായിരുന്ന ആന്ധ്ര സ്വദേശികള്‍ക്കും മനസ്സിലായി ഇറാഖ് കുവെത്തിനെ കയ്യടക്കിയിരിക്കുന്നെന്ന്. അര്‍ദ്ധരാത്രിക്കു ശേഷം നടന്ന പടനീക്ക സമയത്ത് കുവെത്ത് നല്ല ഉറക്കത്തിലായിരുന്നു. ഇതിനിടയില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളെല്ലാം വിഛേദിക്കപ്പെട്ടു. മണിക്കുറുകള്‍ കഴിഞ്ഞപ്പോള്‍ റേഡിയോ ബാഗ്ദാദും ഇറാഖ് ടെലിവിഷനും പ്രക്ഷേപണം തുടങ്ങി. പുറത്തു കടക്കാന്‍ ഭയപ്പെട്ട ദിനങ്ങള്‍. 

പിറ്റേന്ന് വെള്ളിയാഴ്ച, അറേബ്യയുടെ വിശ്രമദിനം വിഭ്രാന്തി ദിനമായി മാറി. കുവെത്തികളുടെ നെഞ്ചില്‍ തീകോരിയിട്ട നാളുകളായിരുന്നു പിന്നീടുള്ള ഏഴുമാസക്കാലം; ചരിത്രത്തില്‍ ഒരു പാട് വെട്ടലുകളും തിരുത്തലുകളും വരുത്തിവെച്ച നാളുകള്‍. 


1990 ആഗസ്ത് 2, രാവിലെ കുവൈറ്റ് സിറ്റിയില്‍ നിന്നുള്ള ദൃശ്യം

പേടിച്ച് പേടിച്ചാണെങ്കിലും രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കമ്പനി ഉടമ മുഹമ്മദ് അല്‍ ഘാനവുമായി  ബന്ധപ്പൊടാനുള്ള ശ്രമം വിജയിച്ചു. താമസ സ്ഥലത്തു നിന്നും എട്ടു കിലോമീറ്റോളം അകലെയാണ് അദ്ദേഹത്തിന്റേയും കടുംബത്തിന്റേയും വാസം. ഇതിനിടയില്‍ ഒരു പാട് കാഴ്ചകള്‍ തെരുവില്‍ കണ്ടു. കണ്ണിനും കാതിനും വിശ്വസിക്കാന്‍ കഴിയാത്തത്. പട്ടാളം തെരുവുകളില്‍ രാപകല്‍ റോന്തു ചുറ്റാന്‍ തുടങ്ങി. കുവെത്തികളായ പലരേയും പിടിച്ചു കൊണ്ടുപോകുന്നുണ്ടായിരുന്നു. എനിക്കും എന്നോടൊപ്പമുണ്ടായിരുന്നവര്‍ക്കുമുള്ള ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നതൊടെയായിരുന്നു അങ്കലാപ്പിനു തുടക്കം. ഇതിനിടയില്‍ ഒരു ദിവസം പുറത്തിറങ്ങി, എന്തെങ്കിലും വാങ്ങാന്‍ കഴിയുമോ എന്നറിയാന്‍. വഴിയില്‍ കണ്ട പട്ടാളക്കാര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചു, കാണിച്ചു കൊടുത്തപ്പോള്‍ ഇതു ഇന്ത്യക്കാരനാണെന്നു പട്ടാളക്കാര്‍ പരസ്പരം പറഞ്ഞ് ഞങ്ങളെ ഒഴിവാക്കുകയായിരുന്നു. ഇറാഖി പട്ടാളത്തിനു ഇന്ത്യക്കാരോടു വിരോധമൊന്നും ഇല്ലെന്നറിഞ്ഞപ്പോള്‍ തോന്നിയ വികാരത്തിനു പകരം നില്‍ക്കാന്‍ മറ്റൊന്നിനുമാകില്ലെന്നു വിജയന്‍ പറഞ്ഞു. അത്ര വലിയ ആശ്വാസമാണ് തോന്നിയത്.  ഇന്ത്യക്കാരനാണെന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയ ആദ്യാനുഭവം. 

കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങളേ ഉണ്ടായിരുന്നുള്ളു. ഇങ്ങനെ ഒന്നു സംഭവിക്കുമെന്ന് കുവെത്തിലെ ലക്ഷക്കണക്കിനുണ്ടായിരുന്ന വിദേശിയരായ കൂലിത്തൊഴിലാളികളോ ഭരണകര്‍ത്താക്കള്‍ പോലുമോ സ്വപ്നത്തില്‍ പോലും കരുതിയതല്ല. വിജയനും കൂട്ടുകാരും കമ്പനി ഉടമയുടെ വീടുതേടി യാത്രയായത് ചെറിയൊരു പിക്കപ്പ് വാനിലായിരുന്നു. ഈ വണ്ടി കമ്പനി മതില്‍ക്കെട്ടിനകത്തായിരുന്നതുകൊണ്ട് ആരും കണ്ടില്ല. കുവെത്ത് സിറ്റിയിലേയും മറ്റും വാഹന ഷോറൂമുകളില്‍ നിന്നടക്കം കവര്‍ച്ചയും കൊള്ളയും നടക്കുകയായിരുന്നു.  പട്ടാളക്കാര്‍ക്കൊപ്പം ഇറാഖില്‍ നിന്നും വന്ന നൂറുകണക്കിനാളുകളും ചേര്‍ന്നായിരുന്നു ഇതൊക്കെ നടത്തിയിരുന്നത്. ഇറാഖിന്റെ പട്ടാളം കുവെത്തില്‍ കയറിയതോടെ സ്വദേശികളായ ആയിരക്കണക്കിനു കുവെത്തികള്‍ ജന്മനാടു വിട്ടോടി, ഇതില്‍ ഭരണകര്‍ത്താക്കളും ഉള്‍പ്പെടുന്നു. എന്നാല്‍ വിജയന്റെ കമ്പനി ഉടമയും കുടുംബവും സ്വന്തം മണ്ണ് ഉപേക്ഷിച്ച് അന്യരാജ്യങ്ങളില്‍ പോയി അഭയം തേടാന്‍ തയ്യാറാകാതിരുന്ന നിരവധി കുവൈത്തി കുടുംബങ്ങളില്‍ ഒന്നാണ്.

തൊഴിലാളികളായി പന്ത്രണ്ടു പേരാണ്  കമ്പനിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ വിജയനടക്കം അഞ്ച് ഇന്ത്യക്കാര്‍.

വീട്ടില്‍ എത്തിയപ്പോള്‍ കമ്പനി ഉടമ മുഹമ്മദ് അല്‍ ഘാനം തന്റെ കലവറയില്‍ നിന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കി. അദ്ദേഹത്തിന്റെ സൂക്ഷിപ്പു കേന്ദ്രത്തില്‍ ധാരാളം ഭക്ഷ്യ സാധനങ്ങള്‍ കരുതിയിരുന്നതായി കണ്ടു. തിരിച്ചു താമസ സ്ഥലത്തേക്കു പോകുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയായിരുന്നു മുതലാളി തൊഴിലാളികളെ യാത്രയാക്കിയത്. പട്ടാളക്കാരുടെ കണ്ണില്‍ പെട്ടാല്‍ ഭക്ഷ്യസാധനങ്ങളെല്ലാം പിടിച്ചു പറിക്കും. എതിര്‍ത്താന്‍ നിറയൊഴിക്കാനും മടിക്കില്ലെന്ന മുന്നറിയിപ്പും സ്‌പോണ്‍സര്‍ നല്‍കാന്‍ മറന്നില്ല. പക്ഷെ, അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതെ തന്നെ വിജയനും നാലു കൂട്ടുകാരും സുരക്ഷിതരായി താമസസ്ഥലത്ത് തിരിച്ചെത്തി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും റേഡിയോയും മറ്റു മാധ്യമങ്ങള്‍ വഴിയും അറിഞ്ഞു ഇന്ത്യക്കാര്‍ മുഴുവന്‍ എംബസിയുമായി ബന്ധപ്പെട്ടാല്‍ നാട്ടിലേക്കു പോകാന്‍ ഏര്‍പ്പാടു ചെയ്യുമെന്ന്. ആശങ്കകള്‍ക്കിടയില്‍ ഒരാശാപ്രകാശം. ഷെര്‍ക്കിലുള്ള ഇന്ത്യന്‍ നയതന്ത്രാലയത്തില്‍ പോയി പേര്‍ രജിസ്റ്റര്‍ ചെയ്തു. പാസ്‌പോര്‍ട്ട് അവരെ ഏല്‍പ്പിച്ചു, ഒപ്പം 40 കുവെത്തി ദിനാറും നല്‍കി.

മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും എംബസി ബസ്സ് ഏര്‍പ്പാടാക്കി. രണ്ടും കല്‍പ്പിച്ചുള്ള യാത്രയായിരുന്നു അത്. ഹൈവേ 80ല്‍ കൂടി ബസ്ര വഴി ജോര്‍ദ്ദാനിലേക്കുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തവിധം ഭയപ്പാടുണ്ടാക്കി. കുവൈത്തില്‍ നിന്നുള്ളവരെ  വൈരാഗ്യത്തോടെയാണ് കണ്ടിരുന്നെങ്കിലും ഇന്ത്യക്കാരാണെന്ന പരിഗണനകൊണ്ടു മാത്രമായിരുന്നു ബസ്രയിലൂടെ ജോര്‍ദ്ദാനിലേക്കു ഒരുമിച്ചു പോയിരുന്ന ബസ്സുകളെ കടത്തി വിട്ടത്. ഇറാഖികള്‍ക്കു മാത്രമല്ല, ഇറാക്കി പട്ടാളക്കാര്‍ക്കും ഇന്ത്യക്കാരോട് പ്രത്യേക മമതയുണ്ടായിരുന്നു.

കുവെത്തിലെ വിദേശ കൂലിത്തൊഴിലാളികള്‍ മുഴുവന്‍ രക്ഷപ്പെട്ട് പ്രാണനും കൊണ്ട് ഓടിയെത്തിയിരുന്നത് ജോര്‍ദ്ദാന്റെ അതിര്‍ത്തിയായ റുവായ്ഷിദിലേക്കായിരുന്നു. അനുനിമിഷം മനുഷ്യര്‍ കുമിഞ്ഞു കൂടി ഈ മരുപ്രദേശത്ത്-റുവായ്ഷിദ് തീരെ ചെറിയൊരു അതിര്‍ത്തി പട്ടണമായിരുന്നു. കൂടിയാല്‍ 1000ത്തിനു താഴെ മാത്രം ജനസംഖ്യ. എന്നാല്‍, ദിവസങ്ങള്‍ക്കകം ഇവിടെ ഒഴുകിയെത്തിയവര്‍ പതിനായിരക്കണക്കിന്. മനുഷ്യന് ജാതിയും മതവും സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവും ഒന്നും പ്രധാനമല്ലെന്ന് പഠിപ്പിച്ച അനുഭവമായിരുന്നു അത്. വിജയന്‍ പറയുന്നു.

പതിനായിരക്കണക്കിനു പേര്‍ വെയിലില്‍ പൊരിയുന്ന കാഴ്ച, പകല്‍ മരുഭൂമിയില്‍ കടുത്ത ചൂട്. രാത്രിയാണെങ്കില്‍ സഹിക്കാനാകാത്ത തണുപ്പും. അഭയാര്‍ത്ഥികളില്‍  കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട്. കമ്പനി മേധാവികള്‍ മുതല്‍ കൂലിത്തൊഴിലാളികള്‍ വരെ ദാഹിച്ചും വിശന്നും പൊരിഞ്ഞപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണപ്പൊതികളും കുപ്പിവെള്ളവും മാത്രമേ ആശ്രയമായുണ്ടായിരുന്നുള്ളു. ലോറികളിലെത്തിയിരുന്ന ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാന്‍ കഴിയാതെ പലപ്പോഴും അധികൃതര്‍ വലഞ്ഞു. കാരണം , ജനക്കൂട്ടത്തിലുള്ള ഓരോരുത്തരുടേയും കൈകളില്‍ വെള്ളവും ഭക്ഷണപ്പൊതികളും കൊടുക്കാന്‍ പറ്റാത്ത അവസ്ഥ. പിടിവലി മൂലം ഭക്ഷണവും വെള്ളവും പാഴാകും. ഇതു മനസ്സിലാക്കിയാണ് ലോറികളില്‍ നിന്നും ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നത്. വിശന്ന് പൊരിയുന്നവര്‍ വെള്ളവും ഭക്ഷണപ്പൊതിയും ചാടിപ്പിടിക്കുന്ന കാഴ്ച ലോകം മുഴുവന്‍ ടെലിവിഷനിലൂടെ കണ്ട് അസ്വസ്ഥരായി.

തുടക്കത്തില്‍ റുവായ്ഷിദില്‍ എത്തിയവര്‍ക്കു കൂടാരം ഒരുക്കാനും അത്യാവശ്യം വേണ്ട ഭക്ഷ്യവസ്തുക്കളും (ഗോതമ്പു പൊടിയും പരിപ്പും കുബ്ബൂസും) സ്റ്റൗവും മറ്റും നല്‍കിയിരുന്നെങ്കിലും പിന്നീട് റുവായ്ഷിദിലേക്ക് എത്തിയിരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യന്‍ എംബസിക്കാരില്‍ നിന്നുള്ള സഹായം കുറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണ വിതരണം തന്നെ പലര്‍ക്കും ആശ്രയിക്കേണ്ടി വന്നു. ഈശ്വരന്റെ അനുഗ്രഹത്താല്‍ ഒരു ദിവസം മാത്രമേ തനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും തങ്ങേണ്ട ഗതികേടുണ്ടായിയുള്ളുവെന്ന്  വിജയന്‍ പറഞ്ഞു. പിറ്റേന്നു തന്നെ ബസ്സില്‍ അമ്മാനിലേക്കു കൊണ്ടു പോയി. അവിടെ അഭയാര്‍ത്ഥി ക്യാമ്പില്‍ എട്ടു ദിവസത്തെ താമസം. ഒമ്പതാം ദിവസം എംബസി അധികൃതര്‍ ബോംബെയിലേക്കുള്ള വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടും തന്ന് എയര്‍പോര്‍ട്ടില്‍ എത്തിച്ചു. സെപ്തംബര്‍ 24 രാത്രി വിമാനം അമ്മാനില്‍ നിന്നും പറന്നുയര്‍ന്നപ്പോഴായിരുന്നു ശരിക്കും മനസ്സ് ശാന്തമായത്.

ആയിരക്കണക്കിനു ഇന്ത്യക്കാര്‍ വിജയനെപ്പോലെ ജന്മനാട്ടില്‍ സുരക്ഷിതരായെത്തി. കയ്യില്‍ കിട്ടിയത് മാത്രം എടുത്തു പ്രാണനും കൊണ്ട് രക്ഷപ്പെട്ടവരില്‍ പലരും ഉടുതുണിക്കു മറുതുണിയില്ലാത്തവരായിരുന്നു.

ഡോ.ത്രേസ്യാ ഡയസ്

കുവെത്ത് അധിനിവേശത്തിന്റെ നേര്‍ക്കാഴ്ച കണ്ട ഡോ. ത്രേസ്യാ ഡയസ് ആഗസ്റ്റ് 2 പുലര്‍ച്ചെ ഡ്യൂട്ടിയിലായിരുന്നു. രാജകുടുംബത്തില്‍ പെട്ട ഖാലിദിനു തളര്‍വാതം പിടിപെട്ട് കൊട്ടാരവുമായി ബന്ധപ്പെട്ട് കുവെത്ത് സിറ്റിയിലുള്ള പ്രത്യേക ചികിത്സാലയത്തില്‍ ജോലിചെയ്യുമ്പോഴായിരുന്നു പട്ടാള ടാങ്കുകളും ഹെലികോപ്ടറുകളും എത്തിയത്. ഇറാഖ് കുവെത്തിനെ ആക്രമിക്കാന്‍ സാധ്യതയുള്ളതായി തലേന്നു തന്നെ സൂചനയുണ്ടായിരുന്നതായി ശ്രുതി പരന്നിരുന്നെങ്കിലും ഇത് രാജകുടുംബാംഗങ്ങള്‍ മാത്രമാണ് അറിഞ്ഞിരുന്നതെന്ന് ഡോ.ത്രേസ്യാ ഡയസ് പറയുന്നു.

കുവെത്ത് സിറ്റി  അധിനിവേശ സമയത്ത് ഉറക്കത്തിലായിരുന്നു. അര്‍ദ്ധരാത്രിക്കു ശേഷം നടന്നതൊന്നും ആരുമറിഞ്ഞിരുന്നില്ല. നിരവധി പട്ടാള ടാങ്കുകള്‍ നഗരത്തിന്റെ മുക്കിലും മുലയിലും തമ്പടിച്ചു. ഹെലികോപ്ടറുകള്‍ ആകാശത്ത് നഗരത്തിനു മുകളില്‍ വട്ടമിട്ടു പറന്നു. പുറത്തിറങ്ങുന്നത് പന്തിയല്ലെന്നറിയാമായിരുന്നതിനാല്‍ കെട്ടിടത്തിനകത്തു തന്നെ പിറ്റേന്നും കഴിഞ്ഞുകൂടി. നാലു നിലകളുള്ള കെട്ടിട സമുച്ചയമായിരുന്നു ചികിത്സാലയം. 

കുവെത്തിലെന്നപോലെ ഡോ.ത്രേസ്യാ ഡയസ് ഇറാഖിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഴു വര്‍ഷക്കാലം ബാഗ്ദാദിലെ വലിയ സര്‍ക്കാര്‍ ആശുപത്രിയിലെ സേവനത്തിനിടയില്‍ സദ്ദാം ഹുസൈയിന്‍ നേരിട്ട് പാരിതോഷികം നല്‍കി അഭിനന്ദിച്ച സംഭവം ജീവിതത്തിലും സര്‍വ്വീസ് കാലത്തേയും അവിസ്മരണീയ നിമിഷങ്ങളായി അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നു. സദ്ദാം സമ്മാനിച്ച അഭിനന്ദനപത്രം ഡോ. ത്രേസ്യ ഒരു നിധി പോലെ സൂക്ഷിക്കുന്നുണ്ട്. കുവെത്തില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും ഇവര്‍ അധികൃതരുമായി കൈകോര്‍ത്തു. ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ അവസാന ബസ്സിലായിരുന്നു ഭര്‍ത്താവ് ഡയസും രണ്ടു മക്കളുമൊത്ത് ഡോ.ത്രേസ്യ കുവെത്ത് സിറ്റിയില്‍ നിന്നും ബാഗ്ദാദ് വഴി ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തി അവിടേനിന്നും ജന്മനാട്ടിലേക്കു പറന്നത്. സുന്ദരമായൊരു നഗരമാണ് ബാഗ്ദാദ്. പക്ഷേ, ഇന്നു ആ പുരാതന നഗരം എല്ലാവര്‍ക്കും പേടി സ്വപ്‌നമായി മാറിയിരിക്കുന്നെന്ന അഭിപ്രായമാണ് ഡോ.ത്രേസ്യാ ഡയസിനുള്ളത്. കുവെത്ത് യുദ്ധകാലത്ത് നാട്ടില്‍ തിരിച്ചെത്തിയ അവര്‍ തൃശൂരിനടുത്ത് പുത്തൂരില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള പുനരധിവാസകേന്ദ്രം നടത്തുകയാണ്. കുവെത്തിലും അനുബന്ധ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

(തുടരും)

(മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍