UPDATES

വിദേശം

ടോണി ബ്ലെയര്‍ എന്ന യുദ്ധക്കുറ്റവാളി; 2003ല്‍ ഇറാഖില്‍ നടന്നത്

Avatar

മണമ്പൂര്‍ സുരേഷ്

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ അധിനിവേശമായിരുന്നു ബ്രിട്ടന്റേയും അമേരിക്കയുടേയും നേതൃത്വത്തില്‍ 2003ല്‍ നടന്ന ഇറാക്ക് ആക്രമണം. പത്തു ലക്ഷത്തിലധികം ജനങ്ങളെ കുരുതി കൊടുത്ത ഈ സൈനിക നടപടി ബ്രിട്ടനില്‍, പുറത്തും, വലിയ പ്രതിഷേധം ഉയര്‍ത്തിവിട്ടു. അമേരിക്കയുടെ മറ്റൊരു വിയറ്റ്നാം ആയി ഇത് മാറും എന്ന് താക്കീത് ചെയ്യപ്പെട്ട ഈ സാമ്രാജ്യത്വ അധിനിവേശം അന്നത്തെ അതിരുകളും കടന്നു പടരുകയാണ്. ഒരു രാജ്യം മാത്രമല്ല മധ്യേഷ്യ ആകെ കത്തി എരിയുകയാണിപ്പോള്‍.

യുദ്ധത്തിനെതിരെ ഉയര്‍ന്ന വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്നു ഇറാക്ക് എന്‍ക്വയറി പ്രഖ്യാപിച്ച ബ്രിട്ടീഷ് ഗവണ്‍മെന്‍റ്  പുറത്ത് വന്ന അന്വേഷണ റിപ്പോര്‍ട്ട് കണ്ട് സ്തബ്ദരായി നില്‍ക്കുകയാണ്‌. ഇറാക്ക് ആക്രമണത്തിനിറങ്ങിയ ബ്രിട്ടന്റെ നടപടിയെ നിശിതമായി വിമർശിക്കുന്നതാണ് റിപ്പോർട്ട്. ബ്രിട്ടന്റെ ചരിത്രത്തിൽ  മറ്റൊരു പ്രധാനമന്ത്രിയും ഇത്രയും ശക്തമായ ഔദ്യോഗിക വിമർശനത്തിനു വിധേയമായിട്ടുണ്ടാവില്ല. ബ്രിട്ടനെ യുദ്ധത്തിലേക്ക് നയിക്കാന്‍ വഴിവിട്ട നപടികള്‍ സ്വീകരിച്ച അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ക്കെതിരെ യുദ്ധ നിയമലംഘനത്തിനു (war crime) കേസെടുക്കണം എന്ന് ഗ്രീന്‍ പാര്‍ട്ടി എം പി കാരലിന്‍ ലൂകാസിനെ പോലുള്ള പ്രമുഖര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. 

ഇറാക്ക് ആക്രമണത്തിനു തൊട്ടു മുന്‍പുള്ള ഒരു ചരിത്ര സംഭവത്തില്‍ നിന്നും തുടങ്ങാം. അന്ന് ഒരു ശനിയാഴ്ച ഇരുപതു ലക്ഷത്തിലേറെ ജനങ്ങൾ ഇറാക്ക് ആക്രമണത്തിൽ പ്രതിഷേധിക്കാൻ ബ്രിട്ടീഷ് പാർലമെന്റിനു സമീപത്തുള്ള ചാരിംഗ് ക്രോസില്‍ മലവെള്ളപ്പാച്ചിൽ പോലെ വന്നടിഞ്ഞു. സംഘാടകർ അന്നു പറഞ്ഞത് 40 ലക്ഷം ആളുകൾ പങ്കെടുത്തുവെന്നായിരുന്നു. ആളുകളുടെ തിരക്കു കാരണം  ചാരിംഗ് ക്രോസില്‍ നിന്നും തൊട്ടടുത്തുള്ള പാർലമെന്റിലേക്ക് പോകുന്നതിനു പകരം ഇന്ത്യൻ ഹൈക്കമ്മീഷൻ നില്ക്കുന്ന ആൾഡ്വിച്ച് വഴി പ്രകടനം തിരിച്ചു വിട്ടു. തേംസ് നദീതീരത്തു കൂടി  തിരിച്ചു വീണ്ടും ചാരിംഗ് ക്രോസിനു താഴെയുള്ള എംബാങ്ക്മെൻറിലെത്താൻ മൂന്നു മണിക്കൂറെടുത്തു. സാധാരണനിലയിൽപതിനഞ്ചു മിനിറ്റുകൊണ്ടു് നടക്കാവുന്ന ദൂരം മാത്രമാണ് ഇത്.

വരാൻ പോകുന്ന ഇറാക്ക് ആക്രമണത്തിൽ പ്രതിഷേധിക്കാനും, ഈ ചരിത്ര സംഭവം മലയാളത്തിലെ ഒരു ടിവിക്കു റിപ്പോര്‍ട്ട് ചെയ്യാനും വേണ്ടി പതിമൂന്നുവർഷത്തിനു മുൻപുള്ള ഫെബ്രുവരിയിലെ ആ ശനിയാഴ്ച ഞാനും ലണ്ടൻ നഗരത്തിലെത്തി. നിക്കരാഗ്വയിലേയും എൽസാൽവഡോറിലേയും അമേരിക്കൻ ഇടപെടൽ, സൗത്താഫ്രിക്കയിലെ അപാർത്തീഡ്, ബ്രിട്ടനിലെ താച്ചറുടെ ട്രേഡ് യൂണിയൻ വിരുദ്ധ നിയമങ്ങൾ, കുടിയേറ്റ വിരുദ്ധ ദേശീയ നിയമം- നാഷനാലിറ്റി ആക്റ്റ് തുടങ്ങി നിരവധി സമരങ്ങളിൽ 1973 മുതൽ ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലുംഅന്നത്തേത് അതിനു മുന്‍പ് ഒന്നും കണ്ടിട്ടില്ലാത്ത ചരിത്ര സംഭവം തന്നെ ആയിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനം. ഈ പ്രകടനമാണ് മാന്‍ ബുക്കര്‍ പ്രൈസ് നേടിയ പ്രസിദ്ധ ഇംഗ്ലീഷ് നോവലിസ്റ്റ് ഇയാൻ മക്കീവന്റെ നോവൽ  ‘സാറ്റർഡേ’ പശ്ചാത്തലത്തലമാക്കിയത്. ഇതേ സമയംതന്നെ ലോകത്തിന്റെ നാനാഭാഗത്ത് 600 നഗരങ്ങളിൽ ഇറാക്ക് ആക്രമണ വിരുദ്ധ പ്രകടനങ്ങൾ നടക്കുന്നുണ്ടായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം  ബ്രിട്ടൻ നടത്തുന്ന ആദ്യത്തെ ഈ വിദേശ ആക്രമണം വ്യാപകമായ എതിർപ്പിന്റെ കാര്യത്തിലും ചരിത്രം സൃഷ്ടിച്ചു. ആതുകൊണ്ടുതന്നെ ഒരു പബ്ലിക് എൻക്വയറി വേണം എന്ന ആവശ്യം ആദ്യം തന്നെ ഉയർന്നിരുന്നു.  ഇറാക്ക് ആക്രമണത്തിന് പോകാൻ തീരുമാനിച്ച ടൊണി ബ്ലെയർ പ്രധാനമന്ത്രി പദത്തിൽ നിന്നും  മാറിയ ഉടൻ ഭരണത്തിൽ വന്ന ഗോർഡൻ ബ്രൗൺ ഇറാക് എൻക്വയറിക്ക് ഉത്തരവിട്ടു. ജോണ്‍ ചിൽകോട്ട് എന്ന ഉയർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്നു അന്വേഷണത്തിന്റെ ചുമതല.

ചിൽകോട്ട് ഇറാക്ക് ആക്രമണത്തിനിറങ്ങിയ ബ്രിട്ടന്റെ നടപടിയെ നിശിതമായി വിമർശിച്ചു കൊണ്ടാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന സമാധാന ഉപാധികൾ പരിഗണിക്കാതെയാണ് യുദ്ധത്തിലേക്കെടുത്ത് ചാടിയതെന്ന് ഇറാക്ക് എൻക്വയറി കുറ്റപ്പെടുത്തുന്നു. 45 മിനിറ്റിനകം സദ്ദാം ഹുസൈൻ ലണ്ടൻ ആക്രമിക്കുമെന്ന് കള്ളം പറഞ്ഞ ടോണി ബ്ലെയർ സദ്ദാം ഉയർത്തിയ ഭീഷണിയെ പെരുപ്പിച്ച് കാണിച്ചുവെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. 

റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തലുകൾ 
‘സമാധാന പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുൻപ് തന്നെ, അതായത് ഇറാക്ക് ആക്രമണത്തിനും ആറു മാസം മുൻപ്, ബ്ലെയർ ഇങ്ങനെ ബുഷിനെഴുതി, “എന്തായാലും ഞാൻ ഒപ്പമുണ്ടാവും”. അതായതു് യുദ്ധത്തിനിറങ്ങാൻ നേരത്തേ തീരുമാനിച്ചുവെന്ന് സാരം. ഇറാക്കിന്റെ Weapons of Mass Destruction എന്നൊക്കെ പറഞ്ഞ് ബ്ലയർ പാർലമെന്റിൽ ബഹളം വച്ചത് ജനങ്ങളേയും എം പിമാരേയും കബളിപ്പിക്കാൻ വേണ്ടി ആയിരുന്നുവെന്ന് സാരം.

*ഇറാക്ക് ആക്രമണത്തിനു പോകാനുള്ള തീരുമാനം  “തൃപ്തികരമായ ചുറ്റുപാടിലല്ല”എന്നു എൻക്വയറി കണ്ടെത്തി.

*യുദ്ധാനന്തര പ്ലാനിങ്ങിന്റെ കാര്യത്തിൽ ബ്രിട്ടന്റെ ഉപദേശം ജോർജ് ബുഷ് ചെവിക്കൊണ്ടില്ല.

*സദ്ദാം ഹുസൈനിൽ നിന്നുo ആസന്നമായ ഒരു ഭീഷണിയും ഉണ്ടായിരുന്നില്ല.

*ബ്രിട്ടന്റെ സെക്യൂരിറ്റി രഹസ്യ വിഭാഗം നല്കിയത് ശരിയായ വിവരങ്ങളായിരുന്നില്ല.

*ആക്രമണത്തിനു ശേഷം എന്തു നടക്കും എന്ന കാര്യത്തിൽ ലഭിച്ച മുന്നറിയിപ്പുകൾ എല്ലാം അവഗണിച്ചു.

*ഗവണ്‍മെന്റിന് യുദ്ധാനന്തര പദ്ധതികളെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.

*ഇറാക്കിൽ ലക്ഷ്യമിട്ടതൊന്നും നേടാനായില്ല.

*ഇറാക്കിലെ സാധാരണ മനുഷ്യരുടെ മരണ സംഖ്യയെക്കുറിച്ച് കണക്കെടുക്കാൻ ഗവണ്‍മെന്‍റ് ശ്രമിച്ചില്ല. 

ടോണി ബ്ലെയറുടെ ബ്ലഡ് മണി
ടോണി ബ്ലെയർ പ്രധാനമന്ത്രി പദത്തിൽ നിന്നു പുറത്തു വന്നത് ഒരു മില്യണിലധികം വരുന്ന നിരപരാധികളായ ഇറാക്കി ജനതയുടെ കൊലപാതകത്തിന്റെ രക്തക്കറയുമായാണ്. അതിന്റെ കൂട്ടുത്തരവാദി അമേരിക്കയിൽ വിശ്രമിക്കുകയാണ്. പക്ഷേ ഇതൊന്നും ടോണി ബ്ലെയറുടെ മുൻ പ്രധാനമന്ത്രി എന്ന പദവി ഉപയോഗിച്ചുള്ള വ്യവസായത്തിന് ഒരു കോട്ടം തട്ടിച്ചിട്ടില്ല. ഇപ്പോള്‍ വിദേശ ഗവണ്‍മെന്‍റുകളെ ഉപദേശിച്ചുകൊണ്ടിരിക്കയാണ് അദ്ദേഹം. ഓരോ ഉപദേശം കഴിയുമ്പോഴും ടോണി ബ്ലെയറുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് ഡോളർ വന്ന് നിറയുന്നു. ആഫ്രിക്കയിലും ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും ഉള്ള ഭരണാധികാരികള്‍ ബ്ലെയറുടെ ഉപദേശങ്ങള്‍ക്കായി മില്യണുകൾ ചെലവിടുന്നു എന്നതാണ് വിരോധാഭാസം. ബ്ലെയറുടെ കമ്പനികളിൽ ഒന്നായ വിൻഡ് റഷ് വെഞ്ചേഴ്സിന്റെ ആസ്തി 2015ല്‍ അഞ്ചു മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിൽ നിന്നും 19.4 മില്യണില്‍ എത്തിനിൽക്കുന്നു. ന്യൂയോർക്ക് ബാങ്കായ JP മോർഗൻ ചേസ് 2008 മുതൽ ഓരോ വർഷവും 2 മില്യണ്‍ വീതം പ്രതിഫലം കൊടുക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇറാക്ക് എൻക്വയറിയൊന്നും അതിനെ ബാധിക്കില്ല എന്നതാണ് ബാങ്ക് നിലപാട്. രാജിവെയ്ക്കേണ്ടി വന്നതിനു ശേഷം 27 മില്യണ്‍ പൗണ്ടിന്റെ സ്വത്താണ് പ്രോപ്പർട്ടി രംഗത്തു മാത്രം ടോണി ബ്ലെയറുടെ അത്യാര്‍ത്തി വാരിക്കൂട്ടിയത്.   

പാര്‍ലമെന്റിനേയും ജനങ്ങളേയും കബളിപ്പിച്ചു, പ്രതിരോധിക്കാന്‍ അശക്തമായ ഒരു രാജ്യത്തെ ആക്രമിച്ച് എവിടെക്കൊണ്ടെത്തിച്ചു എന്നു കൂടി നോക്കേണ്ടിയിരിക്കുന്നു. യുദ്ധത്തോടുകൂടി ഒരു മില്യണ്‍ ഇറാക്കി ജനങ്ങൾ മരിച്ചുവെന്നത് ആധികാരിക പഠനങ്ങളിൽ വന്നിട്ടുണ്ട്. യുദ്ധത്തിനു മുന്‍പ് തന്നെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റും ലിബറലുകളുടെ ആരാധ്യ പുരുഷനുമായ ബില്‍ ക്ലിന്റന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മഡലീന്‍ ആള്‍ബ്രയ്റ്റ് ഒരു അമേരിക്കന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അമേരിക്കയും ബ്രിട്ടനും ഇറാക്കിനെതിരെ പെന്‍സിലിന്‍ സഹിതം തടഞ്ഞു വച്ച ഉപരോധം കാരണം അര മില്യന്‍ ഇറാക്കി കുട്ടികള്‍ മരിച്ചു, ഇത്രയും വില കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനു അത് തന്നെയാണ് അതിന്റെ വില എന്നായിരുന്നു മഡലീന്‍ ആള്‍ബ്രയ്റ്റിന്റെ മറുപടി.

അമേരിക്കയും ബ്രിട്ടനും ആക്രമണത്തിന് ഉപയോഗിച്ച ഡിപ്ളേറ്റഡ് യുറേനിയം ഉപയോഗിച്ച മിസൈലുകളിൽ നിന്നു പുറത്തു വന്ന ആണവ പ്രസരണം കാരണം അംഗവൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ കണക്ക് അമ്പരിപ്പിക്കുന്നതാണെന്ന് വേൾഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷൻ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്. ഒന്നോ രണ്ടോ ആളുകൾക്ക് ക്യാൻസർ വരുന്ന രീതി മാറി ഒരു കുടുംബം മൊത്തം ക്യാൻസർ ബാധിക്കുന്നതായാണ് ഡോ: ജാവു അൽ അലി എന്ന സ്പെഷ്യലിസ്റ്റ് 14 വർഷം മുന്‍പ് തന്നെ മുന്നറിയിപ്പ് നല്കിയത്. ഇന്നു ഫലൂജ, നജഫ്, ബസ്ര തുടങ്ങിയ നഗരങ്ങൾക്കരികിലെ ക്യാൻസർ റേറ്റ് ഹിരോഷിമയിലേതിനേക്കാളും കൂടുതലാണത്രേ. ക്യാൻസർ വിതയ്ക്കുന്ന 1.9 മെട്രിക് ടൺ ഡിപ്ളേറ്റഡ് യുറേനിയം ഇറാക്ക് ആക്രമണത്തിന് 2003 ൽ ഉപയോഗിച്ചട്ടുണ്ടെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ പറഞ്ഞത് ഡിഫൻസ് സെക്രട്ടറി ലിയാം ഫോക്സാണ്.

ഇറാക്കി മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്സിന്റെ കണക്കനുസരിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട നാലര മില്യണ്‍ കുട്ടികളാണിന്ന് ഇറാക്കിലുള്ളത്. ഇറാക്കി ജനതയുടെ 14 ശതമാനവും അനാഥരാണ് എന്നര്‍ത്ഥം. ഒരു മില്യണ്‍ കടുബങ്ങൾക്ക് സ്ത്രീകൾ മാത്രമേ  ആശ്രയമായുള്ളൂ. അതിൽ മിക്കവരും വിധവകൾ തന്നെ.

ഇത് ഇറാക്കിന്റെ കഥ. തൊട്ടു പിറകെ വരുന്നതാണ് സിറിയയും ലിബിയയും ഒക്കെ. ഈ രാജ്യങ്ങളൊക്കെ കത്തിക്കരിയുമ്പോള്‍ മനുഷ്യ രക്തം ഇറ്റു വീഴുന്ന മില്യണുകളുമായി നിന്ന് ചിരിക്കുകയാണ് ടോണി ബ്ലെയര്‍. എത്ര നാളിങ്ങനെ ഈ ചിരി !!  

(കേരള കൌമുദിയുടെ ലണ്ടന്‍ കറസ്പോണ്ടന്‍റ്  ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍