UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണമായ വളര്‍ച്ചയ്ക്ക് പിന്നില്‍

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ചയില്‍ ലോകം എന്തുമാത്രം ആകുലപ്പെടുന്നു എന്നതിന്റെ ഉത്തമ തെളിവാണ് ഇറാഖിലെ ജിഹാദി പോരാളികളുടെ സ്ഥാനങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്താനുള്ള യുഎസിന്റെ അനുമതി.

ഇതുവരെ പ്രദേശത്തെ വ്യാപകമായ പോരാട്ടങ്ങളില്‍ നേരിട്ടിടപെടണമെന്ന ആവശ്യത്തെ വളരെ കരുതലോടെ നീങ്ങുന്ന ഒബാമ ഭരണകൂടം ചെറുത്തുനില്‍ക്കുകയായിരുന്നു. പക്ഷെ, ചില യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ വലിപ്പമുള്ള സ്വയം പ്രഖ്യാപിത രാജ്യത്ത് പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലുള്ള തുടര്‍ച്ചയായ മുന്നേറ്റവും മത, വംശ ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി നടത്താനുള്ള അതിന്റെ ആഹ്വാനവും യുഎസ് നടപടി വിളിച്ചു വരുത്തുകയായിരുന്നു. 

ഇറാഖി കുര്‍ദിസ്ഥാനിലുള്ള അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനും ഇസ്ലാമിക് സ്റ്റേറ്റിന്റെ തോക്കിന്‍ മുനയിലുള്ള പൗരാണിക മതവിഭാഗമായ ‘യസിദികളെ മുഴുവന്‍ സാമ്പ്രദായികമായി തുടച്ചുമാറ്റുന്നത്’ തടയുന്നതിനുമാണ് ഈ ‘പരിമിത’ ഇടപെടലെന്ന് പ്രസിഡന്റ് ഒബാമ വിശദീകരിച്ചു. 

പക്ഷെ എങ്ങനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇത്രയും വലിയ ഒരു ഭീഷണിയായി മാറിയത്? അതിന്റെ അനിതരസാധാരണമായ വളര്‍ച്ചയ്ക്ക് കാരണമായ ചില കാര്യങ്ങള്‍ താഴെ വിശദീകരിക്കുന്നു. 

അല്‍-ക്വയ്ദയെക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഇസ്ലാമിക് സ്റ്റേറ്റ്
2006ല്‍ നടന്ന ഇറാഖിലെ സുന്നി കലാപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അല്‍-ക്വയ്ദയുടെ സഹയാത്രികരായിട്ടാണ് ഈ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ഇറാഖി സര്‍ക്കാരിന്റെ സഖ്യകക്ഷികളായിരുന്ന ചില സുന്നി ഗോത്രങ്ങളുടെ സഹായത്തോടെ നടന്ന അമേരിക്കയുടെ കലാപവിരുദ്ധ നീക്കത്തില്‍ ഇവരുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. എന്നാല്‍ വടക്കന്‍ ഇറാഖില്‍ സംഘടന പുനരരവതരിക്കുകയും ഇപ്പോഴത്തെ തേരോട്ടത്തിനുള്ള അടിത്തറ പാകുകയും ചെയ്തു. 

അയല്‍രാജ്യമായ സിറിയയില്‍ തുടരുന്ന ആഭ്യന്തരയുദ്ധവും അസ്ഥിരതയും ഒരു ചാലക ശക്തിയായി പ്രവര്‍ത്തിച്ചു: അക്കാലത്ത് ഐഎസ്‌ഐഎസ് എന്നറിയപ്പെട്ടിരുന്ന ഇവരായിരുന്നു സിറിയന്‍ പ്രസിഡന്റെ ബാഷര്‍ ആസാദിന്റെ സൈന്യത്തിനെതിരെ പോരാട്ടം നടത്തിയിരുന്ന വിഭാഗങ്ങളുടെ അടുത്ത കൂട്ടാളികള്‍. ഇവര്‍ സാവധാനം മേധാവിത്വം നേടുകയും, സിറിയയുടെ അനൗദ്യോഗിക തലസ്ഥാനം എന്നറിയപ്പെടുന്ന റാഖ നഗരം ഉള്‍പ്പെടെ ഇരു രാജ്യങ്ങളുടെയും ഭൂവിഭാഗങ്ങളില്‍ പരന്നു കിടക്കുന്ന വലിയൊരു മേഖലയുടെ അധികാരം കൈയാളുകയും ചെയ്തു. കഴിഞ്ഞ വേനല്‍ക്കാലത്തെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വടക്കന്‍ ഇറാഖിലേക്ക് പാഞ്ഞുകയറിയ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ മസൂള്‍ നഗരം പിടിച്ചടക്കുകയും കൂടുതല്‍ തെക്കോട്ട് നീങ്ങി ബാഗ്ദാദ് നഗരം നശിപ്പിക്കുകയും വടക്ക് ഏതാണ്ട് സ്വയംഭരണം നടത്തിക്കൊണ്ടിരുന്ന ഖുര്‍ദിഷ് പ്രാദേശിക സര്‍ക്കാരിനെ നയിച്ചിരുന്ന പെഷ്‌മെര്‍ഗെയുടെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങള്‍ കീഴടക്കുകയും ചെയ്തു.

ബെസ്റ്റ് ഓഫ് അഴിമുഖം

മുളച്ചീന്തുകള്‍ പോലെ പിളരുന്ന ഇറാഖ്, ഒബാമയുടെ നയങ്ങളും
ഓട്ടോമൻ മുതൽ ഇറാഖ് വരെ: അതിർത്തികൾ തകരുമ്പോൾ
ഇറാഖ് ഓര്‍മിപ്പിക്കുന്ന ചില താലിബാന്‍ ദൃശ്യങ്ങള്‍
സുന്നി-ഷിയാ വിടവ് സായുധ സംഘര്‍ഷമായതെങ്ങനെ?
തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തില്‍ പോരാടാന്‍ ഹമാസിനെ പ്രേരിപ്പിക്കുന്നതെന്ത്?

അധികാരം ഉറപ്പിച്ചെടുത്ത സംഘം ഇതിനിടയില്‍ പ്രായോഗിക സഖ്യങ്ങള്‍ രൂപീകരിക്കുകയും ഇറാഖിന്‍റെ ആയുധങ്ങളും സമ്പത്തും പിടിച്ചടക്കുകയും ചെയ്തു. ഇറാഖി സൈന്യത്തിലുള്ള ഭൂരിപക്ഷത്തെക്കാള്‍ ആയുധ വൈദഗ്ധ്യം നേടിയവരും അച്ചടക്കമുള്ളവരുമായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളികള്‍. ക്രൈസ്തവര്‍, യസിദികള്‍, ഷിയകള്‍ അങ്ങനെ തങ്ങളുടെ പോരാട്ടത്തിനിടയില്‍ അധീനതയിലായ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭീകരത അഴിച്ചുവിട്ടു കൊണ്ട് ചെങ്കിസ്ഖാന്റെ അതിക്രമങ്ങളോടുള്ള താരതമ്യം നേടിയെടുത്തപ്പോഴും, അവരുടെ അധീനതയില്‍ ജീവിക്കുന്നവര്‍ സത്ഭരണത്തിന്റെ പേരില്‍ അവരെ പ്രകീര്‍ത്തിക്കുന്നു. ഈ വേനല്‍ക്കാലത്തെ ഖലീഫത്തിന്റെ പ്രഖ്യാപനത്തോടെ ലോകചരിത്രത്തെ വഞ്ചിക്കുന്ന അവരുടെ ലക്ഷ്യങ്ങള്‍ പുറത്തുവന്നു. പക്ഷെ വളരെ ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത തന്ത്രത്തില്‍ നിന്നും ഉരുത്തിരിഞ്ഞതായിരുന്നു അത്.

‘നേരത്തെ അല്‍-ക്വയ്ദ ചെയ്തതെല്ലാം അതിലും വൃത്തിയായി ചെയ്യാന്‍ ഇതുവരെ ഇസ്ലാമിക് സ്റ്റേറ്റിന് സാധിച്ചിട്ടുണ്ട്, ഒരു വിദേശ ആക്രമണം ഒഴികെ,’ പിബിഎസ് ഫ്രണ്ട്‌ലൈന് നല്‍കിയ ഒരഭിമുഖത്തില്‍ ദോഹയിലെ ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിരീക്ഷകനായ ചാള്‍സ് ലിസ്റ്റര്‍ പറഞ്ഞു.

സിറിയയിലാണ് അത് ബീജാവാപം ചെയ്തത് 
ലോകത്തെമ്പാടുമുള്ള വളര്‍ന്നുവരുന്ന ജിഹാദികളുടെ ഭാവനയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് കടന്നുകയറാന്‍ സിറിയന്‍ ആഭ്യന്തര യുദ്ധം നല്ലൊരു വേദിയായി മാറി. സംഘടനയ്ക്ക് ശക്തമായ ഇന്റര്‍നെറ്റ് സാന്നിധ്യമുണ്ടെന്ന് മാത്രമല്ല ആശയവിനിമയത്തിനും പുതിയ ആളുകളെ സംഘത്തില്‍ ചേര്‍ക്കുന്നതിനും സാമൂഹിക മാധ്യമങ്ങളെ നല്ലൊരു ഉപകരണമാക്കുകയും ചെയ്തു. അതോടൊപ്പം തന്നെ സമ്പത്തും സ്വാധീനവും വര്‍ദ്ധിപ്പിക്കുന്നതിനായി പിടിച്ചുപറി, കള്ളക്കടത്ത്, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കാലഹരണപ്പെട്ട മാര്‍ഗങ്ങളും ഉപയോഗിച്ചു. അവരുടെ ആയുധപ്പുരകളും നേതാക്കളും സിറിയയില്‍ ആയതിനാല്‍, അത്ര തീവ്രമല്ലാത്ത അസദ് വിരുദ്ധ ശക്തികളുടെ മനോവീര്യം കെടുത്തുന്നതിനും ക്ഷീണിപ്പിയ്ക്കുന്നതിനും ഇസ്ലാമിക് സ്റ്റേറ്റിന് സാധിച്ചു എന്ന് മാത്രമല്ല അത്തരം സംഘങ്ങളില്‍ നിന്നും പലരും ഇസ്ലാമിക് സ്റ്റേറ്റില്‍ അണിചേരുകയും ചെയ്തു. ‘അതാണ് കൂടുതല്‍ നല്ലെതെന്ന് അവര്‍ കരുതുന്നു,’ ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സ് ലേഖകന്‍ പാട്രിക് കോക്‌ബേണിനോട് ഒരു യുഎന്‍ നിരീക്ഷകന്‍ പറഞ്ഞു. ‘ഈ ചെറുപ്പക്കാര്‍ ശക്തരാണ്, അവര്‍ യുദ്ധങ്ങള്‍ ജയിക്കുന്നു, അവര്‍ പ്രദേശങ്ങള്‍ കീഴടക്കുന്നു, അവര്‍ക്ക് പണമുണ്ട്, ഞങ്ങളെ പരിശീലിപ്പിയ്ക്കാന്‍ അവര്‍ക്ക് സാധിക്കും’ കൂറുമാറിയവര്‍ ഇങ്ങനെ ചിന്തിക്കുന്നതായി യുഎന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തങ്ങളുടെ വിശുദ്ധ സുന്നി ഇസ്ലാമിലേക്ക് ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്ത ഇസ്‌മെയിലികള്‍, അലാവിത്തികള്‍, ക്രൈസ്തവര്‍ തുടങ്ങിയവരെ കൂട്ടക്കുരുതി ചെയ്തുകൊണ്ട് സിറിയയില്‍ നടപ്പിലാക്കിയ സംഘടനയുടെ പേപിടിച്ച വിഭാഗീയ പ്രത്യയശാസ്ത്രം ഇത്തരം രക്തച്ചൊരിച്ചിലുകള്‍ക്ക് തീരെ അന്യമല്ലാത്ത ക്രൗര്യത്തോടെ കൂടി ഇപ്പോള്‍ ഇറാഖില്‍ നടപ്പാക്കപ്പെടുന്നു. അവിശ്വാസികളുടെ കഴുത്തറക്കലും മതന്യൂനപക്ഷത്തില്‍ പെട്ട സ്ത്രീകളെ അടിമകളാക്കുന്നതായ വാര്‍ത്തകളും അഭയാര്‍ത്ഥികളുടെ കൂട്ടപ്പലായനത്തിന് വഴിയൊരുക്കി. ഇറാഖി ഖുര്‍ദിസ്ഥാനിലേക്കാണ് ഇവരില്‍ ഭൂരിപക്ഷവും പലായനം ചെയ്തത്. ഖുര്‍ദിഷ് ഇടങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തുടര്‍ന്നും ആക്രമണം അഴിച്ചു വിട്ടതാണ് ഒബാമയെ പ്രകോപിപ്പിച്ചത്. അങ്ങനെ കഴിഞ്ഞ കുറച്ച് കാലത്തിനുള്ളില്‍ ആദ്യമായി തീവ്രവാദികള്‍ക്ക് ദഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിഴുങ്ങേണ്ടി വന്നിരിക്കുകയാണ്.

ഇറാഖിന്റെ രാഷ്ട്രീയ അസ്ഥിരത
ആത്യന്തികമായി, ഇറാഖിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുക്കുകയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്. ഇറാഖിലെ നിരവധി സ്ഥാപനങ്ങളുടെ മനോവീര്യം കെടുത്തുകയും രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയെ തന്നെ ആഴത്തില്‍ തളര്‍ത്തുകയും ചെയ്ത വിഭാഗീയ രാഷ്ട്രീയം കളിച്ച ഷിയ നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ നൗറി അല്‍-മാലിക്കിയുടെ ചുമലിലാണ് വിമര്‍ശനങ്ങള്‍ ഏറെയും പതിച്ചത്. തൂക്കിക്കൊലചെയ്യപ്പെട്ട സദ്ദാം ഹുസൈന്റെ ബാത്തീസ്റ്റ് ഭരണവുമായി ബന്ധപ്പെട്ടിരുന്ന സായുധ സംഘങ്ങളും മാലിക്കിയുടെ ഉരുക്ക് മുഷ്ടിയില്‍ ദീര്‍ഘകാലമായി ഞെരിഞ്ഞമര്‍ന്നിരുന്ന സുന്നി ഗോത്രങ്ങളും ഉള്‍പ്പെടെ ഇറാഖിന്റെ സുന്നി ഹൃദയ ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകളുടെ പിന്തുണയോടെ ഇസ്ലാമിക് സ്‌റ്റേറ്റ് ഊര്‍ജ്ജസ്വലരാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ജൂണില്‍ തന്നെ പുറത്തു വന്നിരുന്നു. വടക്കന്‍ അതിര്‍ത്തിയില്‍ ഇറാഖി സേന സ്ഥാനമേറ്റെടുത്തു. പക്ഷെ ബില്യണ്‍ കണക്കിന് ഡോളര്‍ ചിലവാക്കി യുഎസ് പരിശീലിപ്പിച്ച അവര്‍ തോറ്റോടി എന്ന് മാത്രമല്ല അമേരിക്ക വിതരണം ചെയ്ത വിലപ്പെട്ട സൈനികോപകരണങ്ങള്‍ തീവ്രവാദികള്‍ക്ക് അടിയറ വയ്ക്കുകയും ചെയ്തു.

സുന്നി ഗോത്ര സൈന്യത്തെക്കാള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നെങ്കിലും ആധുനിക ആയുധങ്ങളുടെയും സംഘടനാപാടവത്തിന്റെയും മികവില്‍ ജിഹാദികള്‍ സുന്നികളുടെ കലാപം ഏറ്റെടുത്തു. തന്റെ കീഴിലുള്ള സൈനികര്‍ ഇപ്പോള്‍ ജിഹാദികളുമായി കൈകോര്‍ക്കുന്നുണ്ടെന്ന് പ്രമുഖ സുന്നി ഗോത്ര നേതാവായ ഷെയ്ക്ക് അലി ഹാത്തെം സുലൈമാന്‍, റോയിട്ടേഴ്‌സിന് നല്‍കിയ തുടര്‍ അഭിമുഖത്തില്‍ സമ്മതിക്കുകയുണ്ടായി. 2006ല്‍ അല്‍-ക്വയ്ദയ്‌ക്കെതിരെ പോരാടിയ ആളാണ് സുലൈമാന്‍. പക്ഷെ ബാഗ്ദാദിനെതിരായ രോഷവും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശക്തിയും പുതിയ സാഹചര്യങ്ങളുമായി വൈമനസ്യത്തോടെയുള്ള ഒത്തുതീര്‍പ്പിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ‘തുറന്ന ഇടങ്ങളെല്ലാം അവര്‍ (ഇസ്ലാമിക് സ്റ്റേറ്റ്) വെട്ടിപ്പിടിക്കും,’ സുലൈമാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ‘(ഇസ്ലാമിക് സ്റ്റേറ്റ്) ഗോത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശക്തരല്ല, പക്ഷെ അവര്‍ തന്ത്രശാലികളാണ്.’ 

ഈ അടിയൊഴുക്കുകളെ അട്ടിമറിക്കാന്‍ യുഎസ് വ്യോമശക്തിക്ക് എത്രത്തോളം സാധിക്കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍