UPDATES

പ്രവാസം

നഴ്സുമാര്‍ നാളെ കേരളത്തിലെത്തുമെന്ന് സൂചന

Avatar

ജാസ്മിന്‍ ഷാ

പ്രതിസന്ധികള്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷിതരായി അവര്‍ നാട്ടില്‍ എത്തുന്നതുവരെ പ്രതിസന്ധികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. നമ്മുടെ നഴ്‌സുമാര്‍ ഇപ്പോഴും ഇറാഖിലാണ്. ആയുധധാരികളായ ഒരുകൂട്ടം ആളുകളുടെ ഇടയിലാണ്. ഈ വസ്തുത കാണാതെ എല്ലാവരും സുരക്ഷിതര്‍ എന്നു വിളിച്ചു പറയുന്നതില്‍ അര്‍ത്ഥമില്ല. ഇനി ആസൂത്രണങ്ങള്‍ക്കും ആലോചനകള്‍ക്കും സമയമില്ല. കാര്യക്ഷമമായി പ്രവര്‍ത്തിക്കുക.

ഇറാഖിലെ തിക്രിത്തിലുള്ള ആശുപത്രിയില്‍ കുടുങ്ങിയ 46 നേഴ്‌സുമാരെയാണ് വിമതര്‍ ഇന്നലെ അവരുടെ നിയന്ത്രണത്തിലുള്ള മൊസൂളിലെ മറ്റൊരു ആശുപത്രിയിലേക്ക്  മാറ്റിയത്. ഇവരെ വാഹനത്തിലേക്ക് കയറ്റിയതിനു പിന്നാലെ ആശുപത്രി കെട്ടിടം ബോംബു വച്ചു തകര്‍ത്തു. വിമതര്‍ നഴ്‌സുമാരെ ഒഴിപ്പിക്കുന്നതിനിടയില്‍ നാട്ടിലേക്ക് വിളിച്ച ചില നഴ്‌സുമാരാണ് നമുക്ക് ഈ വിവരങ്ങളൊക്കെ തന്നത്. അവര്‍ ഭയചകിതരാണെങ്കിലും കാര്യമായ ഉപദ്രവങ്ങളോ, ഭീഷണികളോ അക്രമണകാരികളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നാണ് നഴ്‌സുമാര്‍ അറിയിച്ചത്. എന്നാല്‍ മൊസൂളില്‍ എത്തിയശേഷം എന്തായിരിക്കും സംഭവിക്കുക എന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. തങ്ങളുടെ ജീവിതം അന്യനാട്ടിലെ മണ്ണില്‍ ഒടുങ്ങുമോ എന്നറിയാത്ത അനിശ്ചിതത്വം അവരുടെ വാക്കുകളില്‍ നിറയുന്നു.

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തും തിരികെ നാട്ടിലെത്താന്‍ കഴിയാതെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരേയൊരു വിഭാഗം നമ്മുടെ നഴ്‌സുമാര്‍ മാത്രമായിരിക്കണം. തിക്രിത്തിലെ ആശുപത്രിയില്‍ അവര്‍ സുരക്ഷിതരാണെന്നും ജീവന് ഭീഷണിയില്ലെന്നും നമ്മുടെ അധികാരികള്‍ പറഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ മറ്റു രാജ്യങ്ങള്‍ എല്ലാം തങ്ങളുടെ പൗരന്മാരെ ആ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു. ബംഗ്ലാദേശ് സര്‍ക്കാര്‍പോലും കാര്യക്ഷമമായി പ്രവര്‍ത്തിച്ച്  അവരുടെ ആളുകളെ രക്ഷപ്പെടുത്തുയപ്പോള്‍ ഇന്ത്യയെന്ന വന്‍ ശക്തിക്ക് എന്തുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന ചോദ്യം ബാക്കിയാവുന്നു. ഇത്രയയും ദിവസം കഴിഞ്ഞിട്ടും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് ഒരാളെപ്പോലും നാട്ടിലേക്ക് കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് പറയുമ്പോഴും ഒരു വസ്തുത മുന്നില്‍ ഉണ്ടായിരുന്നു. ഏതു നിമിഷവും വിമതപോരാളികള്‍ നഴ്‌സുമാര്‍ തങ്ങിയ ആശുപത്രിക്കെട്ടിടത്തിലേക്ക് ഇരച്ചെത്താമെന്ന്. അതിനു മുമ്പ് അവരെ അവിടെ നിന്ന് സുരക്ഷിതരായി പുറത്തെത്തിക്കേണ്ടത് നമ്മുടെ കടമയായിരുന്നു.

ഇറാഖിലെ നഴ്സുമാരുടെ വിഷയത്തില്‍ അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ 

തിക്റിത്തിലെ മാലാഖമാരെ, മലയാളി ആണുങ്ങള്‍ തിരക്കിലാണ്
തിക്രിത്ത് ഏറെ ദൂരെയല്ല, അവര്‍ പാതിമരിച്ചവരുമാണ്; ജാസ്മിന്‍ ഷാ സംസാരിക്കുന്നു

ഇന്നലെ നാട്ടിലേക്ക് ബന്ധപ്പെട്ടവര്‍ പറഞ്ഞതനുസരിച്ച് ഈ നിമിഷംവരെ എല്ലാവും സുരക്ഷിതരാണെന്ന് തന്നെ നനമുക്ക് വിശ്വസിക്കാം. എന്നാല്‍ വിമതര്‍ ഇവരെ മനുഷ്യ കവചമായോ മറ്റോ ഉപയോഗിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. മലയാളി നഴ്‌സുമാരെ മുന്‍നിര്‍ത്തി സൈന്യത്തെ നേരിടാനും അവര്‍ക്ക് പദ്ധതിയുണ്ടെന്ന് കേട്ടിരുന്നു. അങ്ങിനെയാണെങ്കില്‍ നമ്മുടെ നഴ്‌സുമാരെ ഇനി വിമതരുടെ കൈകളില്‍ നിന്ന് രക്ഷിച്ചെടുക്കുക എന്നത് ശ്രമകരമായ ദൗത്യമായേനെ. പൊതുവെ ഇന്‍ഡ്യക്കാരോട് അസഹിഷ്ണുത കാണിക്കാത്തവരാണ് ഇറാഖികള്‍. ഇന്‍ഡ്യക്കാര്‍, പ്രത്യേകിച്ച് മലയാളി നഴ്‌സുമാര്‍ ആ രാജ്യത്തിന് വേണ്ടി ചെയ്യുന്ന സേവനത്തില്‍ അവര്‍ ഏറെ മതിപ്പുള്ളവരാണ്. നമ്മുടെ നഴ്‌സുമാര്‍ ഈ ദിവസങ്ങളത്രയും സുരക്ഷിതരായി ഇരുന്നതിനും,പേരിനെങ്കിലും അഹാരവും വെള്ളവും കിട്ടിയതിനും ഈ സ്‌നേഹം ഒരു കാരണമാണ്. ഈ നിലയില്‍ ചിന്തിച്ചാല്‍ വിമതര്‍ നഴ്‌സുമാരെ സുരക്ഷിതമായൊരു സ്ഥാനത്തേക്ക് മാറ്റിയതായി വേണമെങ്കില്‍ വിശ്വസിക്കാം. എന്നാല്‍ അതൊരു വിശ്വാസത്തിനപ്പുറം യാഥാര്‍ഥ്യമാണോ എന്നതിന് നമുക്ക് ഒരു തെളിവും ഇല്ല.

ഇങ്ങിനെ ഒരു റിസ്‌ക് എടുക്കേണ്ടുന്ന ആവശ്യമില്ലായിരുന്നു. വിമതര്‍ നമ്മുടെ നഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിതരായി വിമാനം കയറ്റിവിട്ട് നാട്ടിലെത്തിക്കട്ടെ എന്ന് കരുതി കാത്തിരിക്കണമായിരുന്നോ നമ്മള്‍?ക്രിയാത്മകമായി ഇടപെട്ടിരുന്നെങ്കില്‍ ഇന്നവര്‍ സ്വന്തം കുടുംബത്തില്‍ എത്തുമായിരുന്നില്ലേ?ഇതിനു മുമ്പ് നാല്‍പ്പതോളം ഇന്‍ഡ്യക്കാരെ ഇറാഖില്‍ തട്ടിക്കൊണ്ടുപോയിരുന്നു. അവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. 

എന്തായാലും മോസൂളില്‍ നിന്ന് തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് നഴ്സുമാരെ കൊണ്ടു ചെന്നാക്കാന്‍ വിമതര്‍ തയ്യാറായിരിക്കുന്നു എന്ന ശുഭ വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഇന്ന് തന്നെ ഇന്ത്യന്‍ വിമാനം അങ്ങോട്ടേക്ക് തിരിക്കുകയും നാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നഴ്സുമാരെ എത്തിക്കുകയും ചെയ്യുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍