UPDATES

വിദേശം

യുഎസ് തിരഞ്ഞെടുപ്പ്: ഇറാഖ് പറയുന്നു, ഇനിയൊരു ബുഷ് വരാതിരിക്കട്ടെ

Avatar

ലവ്‌ഡേ മോറിസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇറാഖ് തലസ്ഥാനത്തെ ചരിത്രമുറങ്ങുന്ന ഷാബന്‍ദാര്‍ കഫേയില്‍ മധുരമുള്ള ചായയുടെയും പുകയിലയുടെയും ആരാധകര്‍ നിറയുന്നു. ഭിത്തികളില്‍ തൂങ്ങുന്ന പഴയ ബഗ്ദാദിന്റെ ചിത്രങ്ങള്‍ പോലെ അവരും കഫേയില്‍ സ്ഥലത്തിനായി തിരക്കുകൂട്ടുകയാണ്. ചായയ്ക്കു വേണ്ടിമാത്രമല്ല അവര്‍ ഇവിടെയെത്തുന്നത്, കൂട്ടംകൂടി വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ കൂടിയാണ്.

ഒരു നൂറ്റാണ്ടോളം ബഗ്ദാദിലെ ബുദ്ധിജീവികളുടെ സങ്കേതമായിരുന്നു ഈ കഫേ. വെള്ളിയാഴ്ചകളില്‍ ഇവിടത്തെ തടി ബഞ്ചുകളില്‍ അണിനിരക്കുന്നവരില്‍ എഴുത്തുകാരും കവികളും അഭിഭാഷകരും ഡോക്ടര്‍മാരുമുണ്ടാകും. പ്രധാനമായും കലയും കവിതയുമാണ് ചര്‍ച്ചാവിഷയം. രാഷ്ട്രീയവും ഇടയ്ക്കിടെ കടന്നുവരുന്നു. അത് ഇറാഖിലെ മാത്രം രാഷ്ട്രീയവുമല്ല.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചപ്പോള്‍ ഇറാഖില്‍ ഇടപെടാനും ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാനുമുള്ള പദ്ധതികളെപ്പറ്റി സ്ഥാനാര്‍ത്ഥികള്‍ വാക്പയറ്റ് നടത്തിയിരുന്നു. ഇറാഖിലെ വ്യോമാക്രമണം തുടരാന്‍ അമേരിക്ക തീരുമാനിച്ചാല്‍ വൈറ്റ്ഹൗസിലെത്തുന്ന അടുത്തയാള്‍ ഇറാഖില്‍ തുടര്‍ച്ചയായി ബോംബ് ആക്രമണം നടത്തുന്ന അഞ്ചാമത്തെ യുഎസ് പ്രസിഡന്റായിരിക്കും.

ആറായിരം മൈല്‍ ദൂരെയിരിക്കുന്ന ആ പുതിയ പ്രസിഡന്റിന് ഇറാഖികളുടെ ജീവിതം തീരുമാനിക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് ഷാബന്‍ദാര്‍ കഫേയിലിരിക്കുന്നവര്‍ക്കറിയാം.

മിക്ക ആഴ്ചകളിലും കഫേയിലെത്തുന്ന ഹാഷിം അല്‍ ബായതി എന്ന അറുപത്തിരണ്ടുകാരന്‍ സിവില്‍ എന്‍ജിനീയര്‍ക്ക് ആശ്വാസം നല്‍കുന്നത് ന്യൂഹാംപ്‌ഷെയറില്‍ ജെബ് ബുഷ് പിന്നിലായതാണ്. ഒരു ബുഷ്‌കൂടി പ്രസിഡന്റായി വരുമെന്നു ഭയക്കേണ്ടല്ലോ.

‘ബുഷ് കുടുംബത്തെക്കൊണ്ട് ഞങ്ങള്‍ മടുത്തു. ഇനിയൊരു ബുഷ്‌വേണ്ട’. 1991ല്‍ ഗള്‍ഫ് യുദ്ധത്തിനുശേഷം സദ്ദാമിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്‌തെങ്കിലും അതിനു പിന്തുണയുമായി ഒപ്പം നില്‍ക്കാതിരുന്ന ജോര്‍ജ് എച്ച് ഡബ്ല്യു ബുഷിന്റെ വഞ്ചനയാണ് ബായതിയെ നിരാശനാക്കിയത്. അന്ന് മരിച്ചവര്‍ പതിനായിരക്കണക്കിനാണ്.

‘നിര്‍ഭാഗ്യവശാല്‍ അവര്‍ ഞങ്ങളെ വഞ്ചിച്ചു.’ 2003ലെ അധിനിവേശം കൈകാര്യം ചെയ്യുന്നതില്‍ ജോര്‍ജ് ഡബ്ല്യു ബുഷ് കൂടുതല്‍ മോശമായിരുന്നുവെന്ന് ബായതി കരുതുന്നു. ഏതു പ്രസിഡന്റ് വന്നാലും ഇറാഖിന്റെ നില മെച്ചപ്പെടുമെന്ന് ബായതിക്കു പ്രതീക്ഷയില്ല.

‘ഇറാഖ് അവര്‍ക്ക് ഒരു പ്രശ്‌നമാണ്. ഒരേ മുഖങ്ങള്‍, ഒരേകുടുംബങ്ങള്‍, ബുഷ്മാരും ക്ലിന്റന്‍മാരും. അവര്‍ ഒരേ സംവിധാനത്തിന്റെ പകര്‍പ്പ് ഞങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു.’

ബെര്‍നി സാന്‍ഡേഴ്‌സ്, മാര്‍ക്കോ റൂബിയോ, ടെഡ് ക്രൂസ്, ജോണ്‍ കസിഷ് എന്നിങ്ങനെ മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരുകളൊന്നും ഇവിടെയുള്ളവര്‍ക്ക് പരിചിതമല്ല.

ട്രംപ്?

‘ട്രംപ് ഒരുതമാശ കഥാപാത്രം തന്നെ. ഇങ്ങനെയൊരാളെ അംഗീകരിക്കാന്‍ എത്ര അമേരിക്കക്കാര്‍ക്കു കഴിയുമെന്ന് എനിക്കറിഞ്ഞുകൂടാ. നിര്‍ഭാഗ്യകരംതന്നെ.’

ഷാബന്‍ദാര്‍ ബഗ്ദാദിലെ പ്രസിദ്ധമായ പുസ്തകത്തെരുവായ മുത്‌നാബിയിലാണ്. ‘ കെയ്‌റോ എഴുതുന്നു, ബെയ്‌റൂട്ട് പ്രസിദ്ധീകരിക്കുന്നു, ബഗ്ദാദ് വായിക്കുന്നു എന്ന് അറബി പഴമൊഴിയുണ്ട്. മുത്‌നാബി ഇതിന്റെ തെളിവാണ്. 10ആം നൂറ്റാണ്ടിലെ ഒരു കവിയുടെ പേരാണ് നഗരം സ്വീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചകളില്‍ മുത്‌നാബി പുസ്തകക്കൂമ്പാരമാകും. തെരുവുകളില്‍ സ്റ്റാളുകള്‍ നിരക്കും. നടപ്പാതകളും പുസ്തകങ്ങള്‍ കൈയടക്കും. ഹിലരി ക്ലിന്റന്റെ ‘ഹാര്‍ഡ് ചോയിസസ്’, ഖലീല്‍ ജിബ്രാന്‍ കവിതകള്‍ക്കും എന്‍സൈക്ലോപീഡിയകള്‍ക്കും ഡാന്‍ ബ്രൗണ്‍ നോവലുകളുടെ അറബി പരിഭാഷകള്‍ക്കുമൊപ്പം പാതയോരത്ത് തിക്കിത്തിരക്കും.

ഷാബന്‍ദാറിനു തൊട്ടരികില്‍ ഇരിക്കുന്ന അസീസ് ഹസന്‍, 70, സ്വന്തം കവിതയെഴുതാന്‍ ഇഷ്ടപ്പെടുന്നു. ഏറ്റവും അവസാനത്തെ കവിതയുടെ പേര് അമേരിക്ക എന്നാണ്. തുടക്കം ഇങ്ങനെ: ‘വൈ, മൈ ലവ്?’ വടിയില്‍ ഊന്നിനിന്ന് അദ്ദേഹം കവിത വിശദീകരിക്കുന്നു. ‘ ഞങ്ങള്‍ ഞങ്ങളുടെ സ്വപ്‌നങ്ങളെല്ലാം അവര്‍ക്കു നല്‍കി. അറേബ്യന്‍ രാത്രികള്‍, അത്ഭുത പരവതാനി. എന്നാല്‍ അവര്‍ അതെല്ലാം ഡിസ്‌നി സിനിമകളാക്കി. പകരം അവരുടെ ടാങ്കുകളും സ്‌നിപ്പര്‍മാരെയും ഹംവീസും കൊണ്ടുവന്നു.’

ബഗ്ദാദിലെ ഓരോതെരുവിനും അക്രമത്തിന്റെ കഥകള്‍ പറയാനുണ്ട്. ഷാബന്‍ദാറും വ്യത്യസ്തമല്ല. പ്രവേശന കവാടത്തിനു തൊട്ടടുത്ത് അഞ്ച് ചിത്രങ്ങള്‍ തൂക്കിയിരിക്കുന്നു. ഉടമസ്ഥന്റെ നാലുമക്കളും ഒരു പേരക്കുട്ടിയും. 2007ല്‍ പടിവാതില്‍ക്കലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 68 പേരില്‍ ഇവരും.

അടുത്ത വര്‍ഷം വീണ്ടും തുറന്നപ്പോള്‍ കഫേ പേരുമാറ്റി. ഷാബന്‍ദാര്‍ മാര്‍ട്ടിയേഴ്‌സ് കഫേ.

ഉടമ മുഹമ്മദ് ഖിഷ് അലി കുറ്റപ്പെടുത്തുന്നത് അമേരിക്കക്കാരെയും ജോര്‍ജ് ഡബ്ല്യു ബുഷിനെയുമാണ്. ഇത്തവണ തെരഞ്ഞെടുക്കപ്പെടുന്നത് ആരായാലും സുരക്ഷ ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ ഇറാഖ് ഇറാഖുകാര്‍ക്കു വിട്ടുകൊടുക്കണമെന്നാണ് അലിയുടെ ആവശ്യം.

‘ മരിക്കുന്നതിനുമുന്‍പ് എന്റ അഞ്ചുമക്കളെ കൊന്ന കാര്യം ബുഷ് ഓര്‍മിക്കുമെന്നു ഞാന്‍ കരുതുന്നു. ഒരുദിവസം അയാള്‍ ദൈവത്തിനു മുന്നിലെത്തും. അന്ന് ദൈവം എന്റെ കൂടെയായിരിക്കും.’

കുടുംബപാരമ്പര്യം എതിരാണെങ്കിലുംജെബ് ബുഷിനെ പിന്തുണയ്ക്കുന്ന ചിലരും ഇവിടെയുണ്ട്. മുഹമ്മദ് റാധ ആഷിര്‍ എന്ന റിട്ട. ഫിസിഷ്യന്‍ ഇവരിലൊരാളാണ്.

‘ നിങ്ങള്‍ ഒരുദൗത്യം തുടങ്ങിയാല്‍ അത് പൂര്‍ത്തിയാക്കണം. ബുഷാണ് ഇത് തുടങ്ങിവച്ചത്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗത്തിന് തന്റെ സഹോദരന്‍ തുടങ്ങിവച്ച നയം പൂര്‍ത്തിയാക്കാനായേക്കും.’

യുഎസ് നയത്തിലെ വലിയ പാളിച്ച 2003ലെ അധിനിവേശമല്ല തുടര്‍ നടപടികളാണെന്ന് ആഷിര്‍ കരുതുന്നു. 2011ലെ സേനാപിന്മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍.

‘യുദ്ധത്തില്‍ ഇടപെടാനില്ല എന്ന ന്യായത്തില്‍ ഒബാമ ഇറാഖിനെ നാശത്തിനു വിട്ടുകൊടുത്തു. പക്ഷേ ഇത് പൂര്‍ത്തിയാക്കപ്പെടേണ്ട ഒരു ദൗത്യമാണ്. ഡമോക്രാറ്റിക് പാര്‍ട്ടി ഇറാഖിനുവേണ്ടി ഒന്നുംചെയ്തില്ല. റിപ്പബ്ലിക്കന്‍മാര്‍ക്ക് വ്യക്തമായ ഒരു നയമെങ്കിലുമുണ്ട്.’

സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്തെ പ്രകടനം വച്ചുനോക്കുമ്പോള്‍ ഹിലരി ക്ലിന്റന്‍ അമ്പേ പരാജയമായിരിക്കുമെന്നാണ് ആഷിറിന്റെ അഭിപ്രായം. എന്നാല്‍ അല്‍പം അകലെയിരിക്കുന്ന സാദ് മുഹമ്മദ് ഇക്കാബി,43, ഇതിനോടു യോജിക്കുന്നില്ല. ‘അവര്‍ മന്ത്രിയായിരുന്നു. അനുഭവപരിചയമുണ്ട്. നമുക്കാവശ്യം പരിചയസമ്പന്നരെയാണ്. വിദഗ്ധനായൊരു ഭര്‍ത്താവും അവര്‍ക്കുണ്ട്.’

ജനലരികെയുള്ള തന്റെ സീറ്റില്‍നിന്ന് മുഹമ്മദ് ജോബോരി മഹ്ദി എന്ന പൊലീസുകാരന്‍ ഹിലരിയെ വിശേഷിപ്പിച്ചത് ‘ക്ലാസി ലേഡി’ എന്നാണ്. ‘മിക്ക ഇറാഖികള്‍ക്കും ഡമോക്രാറ്റുകളെക്കാള്‍ റിപ്പബ്ലിക്കന്‍മാരെയാണ് ഇഷ്ടം. ശക്തിയുള്ളവരെയാണ് സൗമ്യരെയല്ല ഞങ്ങള്‍ക്കിഷ്ടം.’

തനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ ട്രംപിനും ബുഷിനുമിടയ്ക്ക് ചിന്താക്കുഴപ്പമുണ്ടാകുമായിരുന്നുവെന്ന് മഹ്ദി പറയുന്നു. ‘മറ്റൊരു ബുഷാണ് ഞങ്ങള്‍ക്കിഷ്ടം. അയാളെ ഞങ്ങള്‍ക്കറിയാം. ചര്‍ച്ചയോ നയതന്ത്രമോ ഇല്ലാതെ ഒറ്റവെട്ടിന് രണ്ടാക്കും. ഒബാമയെപ്പോലല്ല.’

എന്നാല്‍ അവസാനം ട്രംപിനു വോട്ട് ചെയ്യുമായിരുന്നുവെന്ന് മഹ്ദി കരുതുന്നു. കാരണം ‘കര്‍ശന നടപടികൊണ്ട് സുരക്ഷ ഉറപ്പാക്കാന്‍ ട്രംപിനേ കഴിയൂ’.

ട്രംപിന് ഉള്‍ക്കാഴ്ചയുണ്ടെന്നു വിശ്വസിക്കുമ്പോഴും അദ്ദേഹത്തിന്റെ നയങ്ങളെപ്പറ്റി പൂര്‍ണമായ അവബോധം മഹ്ദിക്ക് ഉള്ളതായി തോന്നിയില്ല.

‘ മുസ്ലിങ്ങളെ നിരോധിക്കണമെന്ന് ട്രംപ് പറഞ്ഞതു ശരിയായിരിക്കാം. പക്ഷേ അത് എല്ലാ മുസ്ലിങ്ങളെയുമല്ല. ഭീകരവാദത്തില്‍ ഉള്‍പ്പെട്ടവരെ മാത്രം. എല്ലാമുസ്ലിങ്ങളെയും നിരോധിക്കാന്‍ തീരുമാനിച്ചാല്‍ അത് ശരിയാകില്ല. പക്ഷേ അത് അസാധ്യമാണ്. മനുഷ്യത്വരഹിതവും. അത് അമേരിക്കന്‍ തത്വങ്ങള്‍ക്ക് എതിരാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍