UPDATES

വിദേശം

സദ്ദാമിന്റെ കൊട്ടാരത്തില്‍ മറഞ്ഞിരിക്കുന്ന ഐ എസ് പൈശാചികത

Avatar

എറിന്‍ കണ്ണിംഗ്ഹാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സദ്ദാം ഹുസൈന്റെ ഇറാഖിലെ പഴയ കൊട്ടാരം ഇന്ന് കാഴ്ചയില്‍ തീര്‍ത്തും ശാന്ത സുന്ദരമാണ്. പാം മരങ്ങളും അവിടങ്ങളില്‍ കാണപ്പെടുന്ന ചില പ്രത്യേക സസ്യജാലങ്ങളും ഒക്കെയായി പൂത്തുലഞ്ഞു നില്‍ക്കുന്നു കൊട്ടാര വളപ്പിലെ പൂന്തോട്ടം. പച്ചപ്പ് പൊതിഞ്ഞിരിക്കുന്ന ഈ പ്രദേശം പക്ഷേ പതിറ്റാണ്ടിലെ തന്നെ വലിയ പച്ചയായ ക്രൂരതകളുടെ മൂക സാക്ഷി കൂടിയാണ്. കുഴിമാടങ്ങളില്‍ നിന്നും ആ ക്രൂരതകളുടെ അവശേഷിപ്പുകള്‍ പുറത്തെത്തിക്കുന്ന പണിയില്‍ വ്യാപൃതരായിരിക്കുകയാണ് അവിടെ നിസ്വാര്‍ത്ഥരായ ഒരു സംഘം ആളുകള്‍.

”ആ കൊട്ടാര സമുച്ചയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്‍ കഴിഞ്ഞ ജൂണില്‍ കൊന്നു തള്ളിയ നൂറു കണക്കിനു യുവ സൈനികരുടെ ശരീരാവശിഷ്ടങ്ങള്‍ കാണാനാവും” ഇറാഖിലെ അധികാരികള്‍ പറയുന്നു. അടുത്തുള്ള സ്‌പെയിച്ചര്‍ ക്യാമ്പില്‍ നിന്നും പിടികൂടിയ ആയിരത്തി എഴുന്നോറോളം ഷിയ സൈനികരാണ് അന്ന് ഭീകരരുടെ കൊലക്കത്തിക്ക് ഇരയായത്. ഇറാഖിന്റെ മനസാക്ഷിയെ ഇപ്പോഴും പൊള്ളിച്ചു കൊണ്ടിരിക്കുകയാണാ കൂട്ടക്കുരുതി.

ഗവണ്‍മെന്റ് സംഘങ്ങള്‍ ശരീരവശിഷ്ടങ്ങള്‍ പുറത്തെത്തിക്കാന്‍ തുടങ്ങിയതു മുതല്‍ ഇതുവരെയായി ചെറുപ്പക്കാരായ 160 സൈനികരുടെ മൃതദേഹങ്ങളാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്. മിക്കവരേയും കൈ പുറകില്‍ കെട്ടി തലയില്‍ വെടിവെച്ച ശേഷം വലിയ കുഴിയിലേക്ക് ഒന്നിച്ച് തള്ളിയിടുകയായിരുന്നുവെന്നു വ്യക്തം. 

ക്യാമ്പില്‍ നിന്നും കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ബന്ധുക്കള്‍ മാസങ്ങളായി കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു. തിക്രിതില്‍ നിന്നും വികൃതമാക്കപ്പെട്ട നിലയിലുള്ള അവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബഗ്ദാദിലെ കേന്ദ്രത്തില്‍ നിന്നും ഡി.എന്‍.എ പരിശോധനകളും പൂര്‍ത്തിയാവുന്നതോടെ കൊടും ക്രൂരതകള്‍ക്കു പേരു കേട്ട ഐ എസിന്റെ ചെയ്തികള്‍ക്കുള്ള ആദ്യത്തെ ശക്തമായ ശാസ്ത്രീയ തെളിവുകളിലൊന്നായിരിക്കും ലഭ്യമാകുന്നത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നും കൊല ചെയ്യപ്പെട്ടവരുടെ പേരുകള്‍ സ്‌പെയിച്ചര്‍ ക്യാമ്പില്‍ നിന്നും കാണാതായ സൈനികരുടേതുമായി ഒത്തു പോകുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

”ഞങ്ങളുടെ സാംമ്പിളും ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതു പരിശോധിച്ച ശേഷമേ മരിച്ചത് എന്റെ അനിയനാണോ അല്ലയോയെന്ന്‍ ഉറപ്പിക്കാന്‍ കഴിയുകയുള്ളുവെന്നാണ് അവര്‍ പറയുന്നത്.” തന്റെ ഇളയ സഹോദരനെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്‍ വെടി വച്ചു കൊല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റില്‍ കണ്ടതിന്റെ ആഘാതത്തിലാണ് അബ്ദുള്ള മുഹമ്മദ്. തെക്കന്‍ ഇറാഖിലെ തന്റെ നാട്ടില്‍ നിന്നും ഞങ്ങളോട് ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയതും അദ്ദേഹം കരയുകയായിരുന്നു.

”ഞങ്ങള്‍ ഒരുപാട് മൃതദേഹങ്ങള്‍ കാണുന്നു. അതില്‍ അവന്റേതുമുണ്ടോയെന്നറിയില്ല. ഗവണ്‍മെന്റ് ഞങ്ങളെ ഒന്നും അറിയിക്കുന്നില്ല.” അബ്ദുള്ള പറഞ്ഞൊപ്പിച്ചു.

ഷിയ പോരാളികളുടെ പിന്തുണയോടെ ഇറാഖി സൈന്യം കഴിഞ്ഞ മാസം തിക്രിത് നഗരം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നും തിരിച്ചു പിടിച്ചിരുന്നു. ഒരാഴ്ചയോളം നീണ്ട കടുത്ത പോരാട്ടത്തില്‍ യു.എസ് വ്യോമസേനയുടെ സഹായവുമുണ്ടായിരുന്നു. സദ്ദാം ഹുസൈന്റെ ജന്മദേശമായ തിക്രിത് കഴിഞ്ഞ ജൂണിലാണ് ഭീകരരുടെ നിയന്ത്രണത്തിലായത്. തുടര്‍ന്നു നടന്ന ആക്രമങ്ങളുടേയും കൂട്ടക്കുരുതികളുടേയും ഇടയ്ക്ക് സ്‌പെയിച്ചര്‍ ക്യാമ്പിലെ ആയിരക്കണക്കിന് ഇറാഖി സൈനികര്‍ സാധാരണ വേഷം ധരിച്ചു അവിടെ നിന്നും രക്ഷപ്പെടാനൊരു ശ്രമം നടത്തിയിരുന്നു.

എന്നാല്‍ ഇവര്‍ ഉടന്‍ തന്നെ ആയുധധാരികളായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലാവുകയായിരുന്നു. തുടര്‍ന്നു സൈനികരെ മതവിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച ഭീകരര്‍ ഷിയ വിഭാഗത്തില്‍പ്പെട്ടവരെ സദ്ദാം ഹുസൈന്റെ നദീ തീരത്തുള്ള വലിയ ബംഗ്ലാവിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു. 2003ല്‍ യു എസ് അധിനിവേശത്തില്‍ പുറത്താകുന്നതിനു മുമ്പായി നിര്‍മ്മിച്ചതാണ് സദ്ദാമിന്റെ ഈ കൊട്ടാരം. 

തുടര്‍ന്നു മൂന്നു ദിവസം അവിടെ ചിലവഴിച്ച തോക്കേന്തിയ ജിഹാദികള്‍ ഏറ്റവും വലിയ കൂട്ട നരഹത്യകളിലൊന്ന് നടപ്പില്‍ വരുത്തുകയായിരുന്നു. വലിയൊരു ചോരപ്പുഴ സൃഷ്ടിക്കാനായതില്‍ അഭിമാനം കൊണ്ട ഭീകരര്‍ 1700 പേരെ കൊന്നു തള്ളാനായെന്നു വീമ്പു പറഞ്ഞു നടന്നു. ഇതിനെല്ലാം പുറമേ ഞെട്ടിപ്പിക്കുകയും മനം മടുപ്പിക്കുകയും ചെയ്യുന്ന പൈശാചിക കാഴ്ചകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുന്നതിലുമവര്‍ ആനന്ദം കണ്ടെത്തി പിന്നീട് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ ഏകദേശം 770 ഓളം സൈനികര്‍ ജൂണ്‍ 12, 13 തീയതികളില്‍ കൊട്ടാരത്തിന്റെ പല ഭാഗങ്ങളില്‍ വച്ച് കൊല ചെയ്യപ്പെട്ടതിന്റെ തെളിവുകള്‍ നിരത്തുകയുമുണ്ടായി. 

അതിക്രമങ്ങള്‍ നടന്നു മാസങ്ങള്‍ പിന്നിട്ടിട്ടും തങ്ങളുടെ സൈനികര്‍ക്ക് എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച കൃത്യമായ ധാരണ ഇറാഖിലെ അധികാരികള്‍ക്കില്ല. ഇക്കാര്യം അവര്‍ സമ്മതിക്കുന്നതുമാണ്. എന്നാല്‍ മരിച്ചു പോയ ആ ഇറാഖി സൈനികര്‍ക്ക് നീതി ലഭിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹം അവര്‍ക്കെല്ലാമുണ്ട്, ഈയൊരു ഉദ്യേശത്തോടെ മണ്ണു മാന്തി യന്ത്രങ്ങള്‍ മുതല്‍ ചെറിയ ശസ്ത്രക്രിയ കത്തികള്‍ വരെ ലഭ്യമായ സകല സന്നാഹങ്ങളും ഉപയോഗിച്ച് പൊരിവെയിലത്ത് ദിവസവും 12 മണിക്കൂറോളം യത്‌നിക്കുകയാണ് നൂറു കണക്കിനു ഗവണ്‍മെന്റ് ജീവനക്കാര്‍. കുഴിച്ചുമൂടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളൈങ്കിലും പുറത്തെത്തിക്കുവാനായി. 

കൊട്ടാര വളപ്പിനകത്ത് സൈനികരെ കൂട്ടമായി മറവു ചെയ്ത പത്തോളം ഇടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തിലുള്ള വേറെ മൂന്നു ഇടങ്ങള്‍ കൂടി നഗരത്തിന്റെ ചില ഭാഗങ്ങളിലായുണ്ടെന്നും അവ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. കാടു പിടിച്ചു കിടക്കുന്ന പ്രദേശത്ത് ദുര്‍ഗന്ധം തടുക്കാനായി ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന മുഖം മുടിയും ധരിച്ച് കുഴിമാടങ്ങളിലെ മണ്ണു തുരക്കുകയാണ് ജീവനക്കാര്‍. അവര്‍ കണ്ടെടുക്കുന്ന അവശേഷിപ്പുകള്‍ നടമാടിയ ക്രൂരതയുടെ ഭീകരത നമ്മെ ദാരുണമാം വിധം ബോധ്യപ്പെടുത്തുന്നു. കൈകാലുകള്‍ വെട്ടി മാറ്റിയ ശരീരം, വെട്ടിമാറ്റപ്പെട്ട കൈകാലുകള്‍, മുടിനാരിഴകള്‍, പൊട്ടിയ എല്ലുകള്‍ എല്ലാം അക്കൂട്ടത്തിലുണ്ട്. വൃത്തിയുള്ള പ്ലാസ്റ്റിക്ക് ബാഗുകളിലേക്ക് അവരത് ശേഖരിക്കുന്നു. 

ഉച്ച സമയം. മണ്‍കൂനകളും പാറകഷ്ണങ്ങളും നിറഞ്ഞ സ്ഥലം കുഴിച്ചുകൊണ്ടിരുന്നയാള്‍ക്ക് തുടയെല്ലെന്നോ കാല്‍വണ്ണയിലെ എല്ലെന്നോ ഉറപ്പിക്കാനാവാത്ത ഒരു ശരീരാവശിഷ്ടം കിട്ടി. അതു മുന്നേ പുറത്തെടുത്ത മൃതദേഹത്തിന്റെ ഭാഗം തന്നെയാണെന്നാണ് അദ്ദേഹം വിചാരിച്ചത്. മൃതദേഹത്തിനു കേടു പറ്റാതെ, അതിന്റെ കാലിലേക്കതിനെ തള്ളി വയ്ക്കാന്‍ അദ്ദേഹം നന്നായി പ്രയാസപ്പെട്ടു. വസ്തുതകളൊക്കെ രേഖപ്പെടുത്താന്‍ ക്ലിപ്പ് ബോര്‍ഡുമായി നിയോഗിക്കപ്പെട്ട മറ്റൊരാള്‍ മേല്‍പ്പറഞ്ഞ അവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥലം പരിശോധിച്ചപ്പോഴാണ് ചളി നിറഞ്ഞ ചതുപ്പില്‍ മുറിച്ചു മാറ്റപ്പെട്ട നിലയില്‍ മറ്റൊരു ജോഡി കാലുകളും കണ്ടത്. ഇത് ലഭിച്ച അസ്ഥി ഭാഗങ്ങള്‍ ആരുടേതാണെന്നുറപ്പിക്കുന്നത് വീണ്ടും ദുഷ്‌ക്കരമാക്കി.

”കുഴിച്ചെടുക്കാന്‍ എറെ പ്രയാസമുള്ള തരം വലിയ കുഴിമാടങ്ങളാണ് ഈ പ്രദേശത്ത് ഉള്ളത്”. സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന മണ്ണു പരിശോധന വിദഗ്ധന്‍ ഗനീം അമ്പ്ദുള്‍ കരീം പറയുന്നു. ”പാറക്കഷ്ണങ്ങള്‍ നിറഞ്ഞ കട്ടിയുള്ള മണ്ണില്‍ മൃതദേഹങ്ങളെല്ലാം ഒന്നിച്ച് മറവ് ചെയ്തിരിക്കുകയാണ്. നമ്മള്‍ കുഴിച്ചെടുക്കുമ്പോള്‍ ഒരു സമയം ഒരു മൃതദേഹം മാത്രമാണ് പുറത്തെടുക്കുന്നതെന്നു ഉറപ്പാക്കേണ്ടതുണ്ട്. ഓരോ മൃതദേഹത്തിന്റെ ഭാഗങ്ങളും പ്രത്യേകം പ്രത്യേകം പ്ലാസ്റ്റിക്ക് ബാഗുകളിലാണ് ശേഖരിക്കുന്നത്. ഇവ മറ്റുള്ളവയുമായി ഇട കലരാതെ സൂക്ഷിക്കുകയും വേണം.”

”ബുള്ളറ്റ് പാളികള്‍ പതിച്ച സ്ഥലങ്ങളും, ചളി നിറഞ്ഞ വലിയ മണ്‍കൂനകളുള്ള പ്രദേശങ്ങളും. ഇത്തരം സ്ഥലങ്ങളാണ് ഞങ്ങള്‍ പ്രധാനമായും പരിശോധിക്കുന്നത്. മൃതദേഹങ്ങള്‍ വ്യാപകമായി മറവു ചെയ്യപ്പെട്ട സ്ഥലത്തെ സംബന്ധിച്ച സൂചനകളാകാമിതെല്ലാം”. ഇറാഖിലെ മനുഷ്യാവകാശ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കരീം പറയുന്നു.

പിടികൂടിയ സൈനികരെ ഭീകരര്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വച്ചാണ് കൊന്നത്. ചിലരെ കൊന്ന ശേഷം ടൈഗ്രിസ് നദിയിലേക്ക് എറിയുകയും ചെയ്തു. ലഭിച്ച തെളിവുകളുടേയും, പിടിയിലായ ഭീകരരുടെ മൊഴികളുടേയും അടിസ്ഥാനത്തില്‍ മനസ്സിലാക്കാവുന്ന കാര്യമാണിത്. നദിയിലെറിഞ്ഞ മൃതദേഹങ്ങളില്‍ ചിലത് തിക്രിത് തീരത്ത് അടിയുകയും ചെയ്തിരുന്നു. ടൈഗ്രിസ് നദി ഇപ്പോഴും ചുവന്നാണൊഴുകുന്നത്.

കൊട്ടാര വളപ്പിലെ ഒരാറ്റ കുഴിമാടത്തില്‍ നിന്നു മാത്രമായി 50 മൃതദേഹങ്ങള്‍ കണ്ടെടുത്ത സംഭവുമുണ്ടായി. ഇതാകട്ടെ ഒന്നിനു മുകളില്‍ ഒന്നായി മൃതദേഹങ്ങളെ തള്ളിയിട്ട ശേഷം മണ്ണിട്ടു മൂടിയ അവസ്ഥയിലായിരുന്നു. കൊട്ടാര സമുച്ചയത്തിന്റെ കുറുകെ ഒഴുകുന്ന നദിയുടെ വരണ്ട തീരത്തും മൃതദേഹങ്ങള്‍ക്കായുള്ള പര്യവേക്ഷണം നടക്കുന്നു. 

മിക്ക മൃതദേഹങ്ങളും തല കുനിഞ്ഞ്, കൈ പിന്നില്‍ കെട്ടിയ അവസ്ഥയില്‍. തലയില്‍ ബുള്ളറ്റ് തുളഞ്ഞു കയറിയ പാടുകളോടെയാണ് കാണപ്പെടുന്നത്. ബഗ്ദാദ് സെന്‍ട്രല്‍ മോര്‍ച്ചറിയുടെ ഡയറക്ടറായ സൈദ് അലി പറയുന്നു. രാവിലെ നേരത്തെയെഴുന്നേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് അദ്ദേഹമിപ്പോള്‍ കൊട്ടാരത്തില്‍ തന്നെയാണ് കിടന്നുറങ്ങുന്നത്.

മൃതദേഹത്തേടൊപ്പം സെല്‍ഫോണും, തിരിച്ചറിയല്‍ കാര്‍ഡുകളും വിവിധ രസീതുകളുമൊക്കെ ജോലിക്കാര്‍ക്ക് ലഭിക്കാറുണ്ട്. ഒരു മൃതദേഹത്തിനൊപ്പം കിട്ടിയത് വലിപ്പം കുറഞ്ഞൊരു പ്രാര്‍ത്ഥന പുസ്തകമാണ്.

സമീപ പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും, വെടിയൊച്ചകളും സ്‌ഫോടനങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിനൊപ്പം പഴകി ദ്രവിച്ച ഫോറന്‍സിക് ഉപകരണങ്ങളും ചേരുമ്പോള്‍ പര്യവേക്ഷണ ദൗത്യം തീര്‍ത്തും ദുഷ്‌ക്കരമാകുന്നു. ”നിലവിലെ സാഹചര്യത്തില്‍ ദൗത്യം പൂര്‍ത്തിയാവാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം”. ജീവനക്കാര്‍ പറയുന്നു.

”ഞങ്ങള്‍ നില്‍ക്കുന്നത് സുരക്ഷിത സ്ഥാനത്തൊന്നുമല്ല. തിക്രിത് ഇപ്പോഴും യുദ്ധഭൂമി തന്നെയാണ്. നമ്മുടെ സുരക്ഷ സേനയും ജിഹാദികളും തമ്മിലുള്ള പോരാട്ടം ഒറ്റപ്പെട്ട നിലയിലാണെങ്കിലും തുടര്‍ന്നുകൊണ്ടു തന്നെയാണിരിക്കുന്നത്. അത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കഠിനമാക്കിത്തീര്‍ക്കുന്നു”, സൈദ് അലി പറഞ്ഞു നിര്‍ത്തി.

”ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. നിങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോലിയെക്കാള്‍ ആദരണീയമായ മറ്റൊരു ജോലി ഇല്ല തന്നെ’. പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമേകാനായി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ തിമ്മിനിയുടെ വാക്കുകള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍