UPDATES

വീഡിയോ

ഇര്‍ഫാന്റെ ജീവനെടുത്ത പാര്‍വതി പുത്തനാര്‍ ഇപ്പോളിങ്ങനെയാണ് (വീഡിയോ)

അടുത്തകാലത്തും മറ്റൊരു സ്‌കൂള്‍ ബസ് നിയന്ത്രണം തെറ്റി വെള്ളത്തില്‍ വീണതായി നാട്ടുകാര്‍

തിരുവനന്തപുരം കരിക്കകം ക്ഷേത്രത്തിനടുത്ത് പാര്‍വ്വതി പുത്തനാറിന്റെ അരികത്തായി ഒരു സ്മൃതി മണ്ഡപമുണ്ട്. 2011 ഫെബ്രുവരി 7ന് പാര്‍വതി പുത്തനാറിന്റെ ആഴങ്ങളില്‍ പൊലിഞ്ഞ ആറ് കുഞ്ഞുങ്ങളുടെയും കൂടെയുണ്ടായിരുന്ന ബിന്ദു എന്ന ആയയുടെയും ഓര്‍മ്മക്കായി ഒരുക്കിയ സ്മൃതി മണ്ഡപമാണ് അത്. ആര്‍ഷ ബൈജു, ജിനാന്‍ ഹസിമുദീന്‍, മാളവിക, ഉജ്ജ്വല്‍ ഷോബു, റാസിക്, അച്ചു.എസ്. കുമാര്‍ എന്നിവര്‍ക്കൊപ്പം ഒരുമിച്ച് സ്‌കൂളിലേക്ക് യാത്ര തിരിച്ച ഇര്‍ഫാന്‍ മാത്രമാണ് അന്ന് പാര്‍വ്വതി പുത്തനാറിലേക്ക് മറിഞ്ഞ സ്‌കൂള്‍ ബസില്‍ നിന്ന് ജീവനോടെ കരയ്ക്ക് കയറിയത്. ഏഴ് വര്‍ഷത്തെ ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഇര്‍ഫാനും നാടിന് കണ്ണീരോര്‍മ്മയായി.

അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെത്തിയ ഇര്‍ഫാന് നാട്ടുകാരുടെ സഹായത്താലാണ് കരിക്കകത്ത് തന്നെ വീടൊരുങ്ങിയത്. ‘ഇര്‍ഫാന്റെ വീട്’ എന്ന് അവര്‍ അതിന് പേരിടുകയും ചെയ്തു. എന്നാല്‍ ഇര്‍ഫാന്റെ വീട്ടില്‍ ഇനി അവനില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ ഒരു നാട് നില്‍ക്കുകയായിരുന്നു.

‘എല്ലാ ഭക്ഷണവും മിക്‌സിയില്‍ നന്നായി അരച്ച് ട്യൂബ് വഴിയാണ് ഇര്‍ഫാന് ഭക്ഷണം നല്‍കി കൊണ്ടിരുന്നത്. കുറച്ച് നാളായി വയറില്‍ ഇന്‍ഫെക്ഷനായി. അതിന്റെ ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ സജിന ചെന്ന് നോക്കുമ്പോള്‍ ഇര്‍ഫാന് അനക്കമുണ്ടായിരുന്നില്ല. ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും വീട്ടില്‍ വെച്ച് തന്നെ കുഞ്ഞ് പോയിരുന്നു.’ ഇര്‍ഫാന്റെ അയല്‍വീട്ടുകാരിയായ നസീറ പറഞ്ഞു.

2011ല്‍ നടന്ന അപകടം ഇന്നും കരിക്കകത്ത് ഉള്ളവര്‍ മറന്നിട്ടില്ല. ഇന്നലെ കഴിഞ്ഞതുപോലെ അവര്‍ക്ക് അത് ഓര്‍മ്മയുണ്ട്. വഴിയരികില്‍ തന്നെ തയ്യല്‍ക്കട ഇട്ടിരിക്കുന്ന മണിയന്‍ അന്ന് അയാളുടെ തയ്യല്‍ക്കടയുടെ പണിക്ക് മേല്‍നോട്ടം നല്‍കി നില്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോള്‍ വെള്ളത്തിലേക്ക് നില തെറ്റി ഇറങ്ങുന്ന സ്‌കൂള്‍ബസാണ് മണിയന്‍ കാണുന്നത്.

‘ഇവിടെ മതില്‍ കെട്ടികൊണ്ട് നിന്നപ്പോഴാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഫോണ്‍ എടുത്തപ്പോഴോ മറ്റോ വണ്ടിയുടെ നിയന്ത്രണം വിട്ട് വഴിയിലുണ്ടായിരുന്ന ആല്‍മരത്തിന്റെ വേര് തട്ടി ആറ്റിലോട്ട് മറിഞ്ഞു. ആ സമയത്ത് ഒമ്പതേ കാലിന് വരുന്ന കരിക്കകം ബസുണ്ടായിരുന്നു. ആ ബസിന്റെ കണ്ടക്ടറാണ് ആദ്യം ആറ്റിലേക്ക് ചാടിയിറങ്ങിയത്. അപ്പോള്‍ റൂട്ട് പൊയിക്കൊണ്ടിരുന്ന വഞ്ചിയൂര് എസ്‌ഐയും വെള്ളത്തിലേക്ക് ചാടി. അതിന് പിറകെയാണ് കുളത്തൂരില്‍ നിന്നും വന്ന ഒരു ചെക്കനും കുട്ടികളെ രക്ഷിക്കാന്‍ ചാടിയത്. അവിടെ കൂടിയ ബാക്കിയാര്‍ക്കും വെള്ളത്തിലേക്ക് ചാടാന്‍ ധൈര്യമുണ്ടായിരുന്നില്ല. ബസോടിച്ചിരുന്ന ഡ്രൈവര്‍ നീന്തി പുറത്തെത്തി. ആ ഡ്രൈവര്‍ ഇര്‍ഫാനെയും എടുത്ത് കൊണ്ടാണ് പുറത്തെത്തിയത്. ബാക്കിയുണ്ടായിരുന്ന കുട്ടികളെ ഒന്നും ജീവനോടെ രക്ഷിക്കാനായില്ല.’ മണിയന്‍ ഏഴ് വര്‍ഷം മുന്നെ നടന്ന അപകടത്തെ ഓര്‍ത്തു കൊണ്ടു പറഞ്ഞു.

പാര്‍വതി പുത്തനാറില്‍ അപകടം നടന്നതിന് ശേഷമാണ് അവിടെ ചെറിയ കൈവരികള്‍ കെട്ടിയത്. കൈവരിക്കും മുകളിലായാണ് ഇവിടെ പുല്ല് വളര്‍ന്ന് നില്‍ക്കുന്നത്. ഇത് റോഡും ആറും വേര്‍തിരിക്കുന്ന കൈവരികളെ മറക്കുന്നത് കൊണ്ട് വാഹനമോടിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ‘വണ്ടി വളക്കുമ്പോഴൊക്കെയാണ് കൂടുതല്‍ പ്രശ്‌നം. വണ്ടിയോടിക്കുന്നയാള്‍ക്ക് അറിയാന്‍ പറ്റില്ല. മിക്കവാറുമൊക്കെ കൈവരിയില്‍ ഇടിച്ചു നില്‍ക്കുകയാണ് പതിവ്. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു സ്‌കൂള്‍ വാന്‍ കുറച്ചപ്പുറത്തായി വെള്ളത്തിലേക്ക് മറിഞ്ഞിരുന്നു. അന്ന് പക്ഷേ ആളപായമൊന്നും ഉണ്ടായില്ല. വണ്ടിയില്‍ കുട്ടികള്‍ ഇല്ലായിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ.’ മണിയന്‍ വിശദീകരിച്ചു.

1824ല്‍ തിരുവിതാകൂര്‍ ഭരിച്ചിരുന്ന റാണി ഗൗരി പാര്‍വ്വതി ഭായിയാണ് പാര്‍വതി പുത്തനാര്‍ നിര്‍മ്മിച്ചത്. വള്ളക്കടവ് മുതല്‍ വര്‍ക്കല വരെയുള്ള പ്രധാന കായലുകളില്‍ നിന്ന് തോടുകള്‍ വെട്ടി ബന്ധപ്പെടുത്തിയൊരുക്കിയ ജലപാത പിന്നീട് കാലപ്പഴക്കത്തില്‍ ഉപയോഗശൂന്യമാകുകയും ഇന്നത്തെ അവസ്ഥയില്‍ മലിനമാകുകയും ചെയ്യുകയായിരുന്നു. മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ പാര്‍വതീ പുത്തനാര്‍ ശുചീകരണ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കാണുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ശുചീകരണ യജ്ഞത്തിനായി 150 കോടിയുടെ കരാറാണ് നാറ്റ്പാക്ക്‌ നല്‍കുന്നത്. കൂടാതെ പാര്‍വതീ പുത്തനാറിന് ഇരുകരകളിലുമുള്ള റോഡുകള്‍ വീതികൂട്ടാനുള്ള പണി ഉടന്‍ തുടങ്ങുമെന്നാണ് നാട്ടുകാര്‍ക്ക് കിട്ടിയിരിക്കുന്ന അറിയിപ്പ്. അപകടസാധ്യത കൂടിയ സ്ഥലമായിട്ടും ഇതുവരെയും അപകടസൂചനകള്‍ നല്‍കുന്ന തരത്തിലുള്ള ട്രാഫിക് സിഗ്നലുകളോ, റിഫ്‌ളക്ടറുകളോ കരിക്കകം പാര്‍വതീ പുത്തനാറിന്റെ തീരത്ത് സ്ഥാപിച്ചിട്ടില്ല. അപരിചിതരായുള്ള യാത്രക്കാര്‍ക്കും രാത്രികാല യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കാനുള്ളതൊന്നും ഇവിടെയില്ല. ട്രാഫിക് സിഗ്നലുകളോ അപകട സാധ്യതാ മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളോ ഇവിടെ സ്ഥാപിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഉപകരിക്കും.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍