UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

ഡോ. വീണാ മണി

ന്യൂസ് അപ്ഡേറ്റ്സ്

ചിതറിയ പെണ്‍ശരീരങ്ങളില്‍ വിപണി കണ്ടെത്തുന്നവരും പ്രതിരോധവും

കല്യാൺ സാരീസിലെ സ്ത്രീ തൊഴിലാളികളുടെ സമരവും, കൊച്ചി SEZ ലെ അസ്മ റബ്ബർ എന്ന സ്വകാര്യ സ്ഥാപനത്തിലെ സ്ത്രീ തൊഴിലാളികളുടെ ദേഹപരിശോധനയും, സി.ഇ.ടിയിലെ വിദ്യാർത്ഥിനികൾ ഹോസ്റ്റലിലെ കർഫ്യൂവിനെതിരെ സമരം ചെയ്യുന്നതും ഒരു പ്രത്യേക സമയത്ത് ഒരുമിച്ചു വരുന്നത്  യാദൃശ്ചികമല്ല. കേരളത്തെ ശക്തമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന നവലിബറൽ സമ്പദ് വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ തൊഴിൽ മൂലധനം എങ്ങനെ ചൂഷണം ചെയ്യുന്നു എന്നതിനുള്ള തെളിവുകളാണിവയൊക്കെ.

സാധാരണയായി തിയറി, റിയാലിറ്റിയുടെ ഒപ്പമെത്താൻ നിരന്തരമായി പരിശ്രമിക്കുന്നു എന്നാണ് സാഹിത്യ പഠനങ്ങളിലെങ്കിലും പറഞ്ഞു വെക്കുന്നത്. എന്നാൽ മേരി ബെത്ത് മിൽസ്, അയ്വ ഒങ്ങ് തുടങ്ങിയവരുടെ,  ലേറ്റ് കാപ്പിറ്റലിസം എങ്ങനെ ഒരു വിഭാഗം സ്ത്രീ തൊഴിലാളികളെ ഉപയോഗിക്കുന്നു എന്ന വിശദമായ പഠനങ്ങൾ ഇന്ന് കേരളത്തിൽ നടന്നുവരുന്ന പല തൊഴിൽ സ്ഥലത്തെ കീഴ്വഴക്കങ്ങളെയും മനസിലാക്കാൻ സഹായിക്കുന്നു. സ്ത്രീ ശരീരങ്ങൾ എങ്ങനെ പരമാവധി നിയന്ത്രണങ്ങളുടെ കീഴിൽ തുടർച്ചയായി നിർത്തപ്പെടുന്നു എന്ന യാഥാർത്ഥ്യവും, തൊഴിലിടങ്ങൾ സ്ത്രീകളുടെ ശാക്തീകരണ ഇടങ്ങളാകുന്നു എന്ന സ്വപ്നവും വൈരുധ്യങ്ങൾ ആണെങ്കിലും, ഇത്തരം വൈരുധ്യങ്ങളുടെ സഹവർത്തിത്വമാണ്  മുതലാളിത്ത വ്യവസ്ഥയെ നിലനിർത്തുന്നത് . ടി എസ് എലിയറ്റ് പറഞ്ഞത് പോലെ ഡിസയറിനെ പിന്തുടരുന്നതിലാണ് സ്ഥിരത കൈവരുന്നത്. സിനിമ പോലെ, മുതലാളിത്ത വ്യവസ്ഥയും സ്വപ്നങ്ങളെയാണ് വില്ക്കുന്നത്.

സ്ത്രീകളും തൊഴിലിടങ്ങളും
മിക്ക തൊഴിലിടങ്ങളും മറ്റേതു പൊതു ഇടങ്ങളും പോലെ ആണിടങ്ങളാണ്. അതായത് ആണുങ്ങൾക്കുള്ള ‘ലെജിറ്റിമസി’ ഈ ഇടങ്ങളിലൊക്കെയും സ്ത്രീകൾക്ക് ലഭിക്കുന്നില്ല.  ഈയിടങ്ങളൊക്കെയും നിലനില്ക്കുന്നത് പലപ്പോഴും സ്ത്രീകളുടെ അധ്വാനം കൊണ്ടാണെങ്കിലും ഇവർക്കൊക്കെയും തുല്യ വേതനം ലഭിക്കാറില്ല. പൊതുവെ തൊഴിലിടങ്ങളുടെ അവസ്ഥ ഇങ്ങനെ ആയിരിക്കുമ്പോളാണ് സ്പെഷ്യൽ ഇക്കണോമിക് സോൺ, ഫ്രീ ട്രേഡ് സോൺ പോലുള്ള ഇടങ്ങൾ സ്റ്റേറ്റിന്റെ ഇടപെടൽ മൂലം സൃഷ്ടിച്ചെടുക്കുന്നത്. ഇവിടങ്ങളിൽ നിക്ഷേപങ്ങൾ കൂടാൻ എന്ന പേരിൽ തൊഴിൽ നിയമങ്ങളിൽ അയവു വരുത്തുകയും, തൊഴിലാളികളുടെ അവകാശങ്ങൾ  പലതും വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. ഈ ഇടങ്ങൾ അധിക തൊഴിലുകൾ വാഗ്ദാനം ചെയ്യുകയും എന്നാൽ പല തൊഴിലുകളും കരാർ അടിസ്ഥാനത്തിൽ ആക്കുന്നതിലൂടെ സംരക്ഷണമില്ലാത്ത ഒരു വലിയ വിഭാഗം തൊഴിലാളികളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവരിൽ ഭൂരിഭാഗവും, അടിസ്ഥാന സൌകര്യങ്ങൾ പോലുമില്ലാതെ പണിയെടുക്കുന്ന സ്ത്രീകളാണ്.

ലേറ്റ് കാപിറ്റലിസം ചിതറിക്കിടക്കുന്ന അവിദഗ്ധ തൊഴിലിലാണ് കെട്ടിപ്പടുക്കുന്നത്. അതുകൊണ്ട് തന്നെ മുതലാളികളോട് ഇവരുടെ വിലപേശൽ പ്രാപ്തി നന്നേ കുറവാണ്. അതുമല്ലാതെ, പലർക്കും  തങ്ങളുടെ മുതലാളിമാർ ആരെന്നു നിശ്ചയമില്ല. പകരം, മുതലാളികളുടെ പ്രതിനിധികളായ മേൽനോട്ടക്കാരും മറ്റു ഇടനിലക്കാരുമാണ് അവരെ നിയന്ത്രിക്കുന്നത്. (പണ്ട് സാധനം വാങ്ങാൻ പോകുമ്പോൾ “ഇതെന്തു വെലയാണ് ബാബുവേട്ടാ, കൊറച്ചു തന്നൂടെ” എന്നൊക്കെ ചോദിച്ചപോലെ ബിഗ്  ബസാറിലോ , റിലയൻസ് സ്റ്റോറിലൊ, കല്യാൺ സിൽക്സിലോ, ശരവണ സ്റ്റോർസിലൊ പോയി ചോദിക്കാൻ പറ്റുന്നില്ലല്ലോ.) ഈ ഇടനിലക്കാർ തൊഴിലാളികളെ കൊണ്ടുതന്നെ തൊഴിലാളികളെ നിയന്ത്രിക്കുന്ന മെക്കാനിസം ആവുകയാണ്. അങ്ങനെ ഇരിക്കെ തൊഴിലാളികൾ  എന്ന ഒറ്റ ക്ലാസിനെ സമർത്ഥമായി ഭിന്നിപ്പിച്ചു നിർത്താൻ പുതിയ സമ്പദ് വ്യവസ്ഥക്ക് കഴിയുന്നു. ഇ പി തോംപ്സൺ തൊഴിലാളികൾ  എന്ന ഒറ്റ ക്ലാസ്സിനെ അന്ന് തന്നെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് അതിന്റെ സങ്കീർണത വളരെ വലുതാണ്. മൂലധനത്തിന്റെ വ്യാപ്തിയും, ശിഥിലീകൃത (fragmented)  അവസ്ഥയും, പിന്നെ അദൃശ്യതയും ഈ സങ്കീർണതയുടെ  ചെറിയ അംശങ്ങൾ മാത്രം.

തൊഴിലാളികളുടെ നിൽപ്പ്
സ്ത്രീ തൊഴിലാളികളുടെ ശരീരത്തിലൂടെ, തൊഴിലിടങ്ങളും പിന്നെ പൊതു ഇടങ്ങളും, നിയന്ത്രണ വിധേയമാക്കിക്കൊണ്ട്  ഉല്പാദനപ്രക്രിയ (biological reproduction) ഉൾപ്പെടെ പരമാവധി  ചൂഷണയോഗ്യമാക്കുക എന്നുള്ളതാണ് പുതു മാനേജ്മെന്റ് തത്വം. സ്ത്രീ തൊഴിലാളികളുടെ നിൽപ്പും, അവരുടെ ബാത്ത് റൂം ഉപയോഗ സമയവും വരെ നിർണയിക്കുന്നത് വെറുതെയല്ല. പണി എടുക്കുന്ന, പൊരുളില്ലാത്ത, വെറും ശരീരങ്ങളായി മാത്രം സ്ത്രീ ശരീരങ്ങളെ കാണാൻ കഴിയുന്ന വൃത്തികെട്ട കാപ്പിറ്റലിസ്റ്റ് ലോജിക്കിൽ മാത്രമേ സ്ത്രീകളുടെ വസ്ത്രമുരിഞ്ഞു അവർക്ക് ആർത്തവമുണ്ടോ എന്നു നോക്കാൻ കഴിയൂ.

ഇവരുടെ മറ്റൊരു subjectivity  ഉള്ളത് പിന്നെ ലൈംഗിക ശരീരങ്ങളായിട്ടാണ്. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ മാത്രമല്ല, സ്ത്രീകളെ “നിലക്ക് നിർത്തുന്ന” അപവാദങ്ങളും, നുണകളും, സദാചാര നിഷ്കർഷകളും എങ്ങനെ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങൾക്കും, സൈര്യമായ നിലനിൽപ്പിനും തന്നെ ഹാനി ആകുന്നു എന്ന് ഓർക്കേണ്ടതുണ്ട് . ഈ അവസരങ്ങളിലാണ്, ഏതു തൊഴിലാളി സമരങ്ങളെയും വെറും വികസനവിരുദ്ധമായി പൊതു സമൂഹം കാണുന്നത്. ആരുടെ  വികസനമാണ് നമ്മൾ ചർച്ച ചെയ്യുന്നത് എന്ന് വീണ്ടും വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ തൊഴിലിടങ്ങൾ സുരക്ഷയുള്ളതാക്കുവാൻ കൂട്ടായ പരിശ്രമങ്ങളും പഠനങ്ങളും വേണ്ടിയിരിക്കുന്നു. പോളിസി തലത്തിൽ മാത്രമല്ല പൊതു സമൂഹത്തിലെ പല സാമാന്യ ബുദ്ധിയും പോളിച്ചെഴുതെണ്ടിയിരിക്കുന്നു.

പ്രതികരണങ്ങൾ
സി ഇ ടി-യിലെ വനിതാ ഹോസ്റ്റലിൽ മാത്രമുള്ള വിലക്കുകളെ ചോദ്യം ചെയ്യുന്ന സമരം ചർച്ച ചെയ്ത ഒരു ചാനലിൽ ഐശ്വര്യ എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിനി പറഞ്ഞത് “ഞങ്ങൾ വെറും saleable അല്ലെങ്കിൽ marriagble” ആയ പ്രോഡക്റ്റ്  അല്ല എന്നാണ്. ഇത്തരം വിൽപ്പന ചരക്കാക്കപ്പെടുന്നതിലെ രാഷ്ട്രീയം മനസിലാക്കുന്നിടതാണ്  പ്രതിരോധം തുടങ്ങുന്നത്. കല്യാൺ തൊഴിലാളികളുടേത് ഒറ്റപ്പെട്ട സമരമല്ല. മുൻപ് മിഠായി തെരുവിലെ തൊഴിലാളികളും ചെറിയതെന്നു തോന്നിക്കുന്ന വലിയ പ്രശ്നവൽക്കരണങ്ങളിൽ ഏർപ്പെട്ടിരുന്നു. വലിയ തോതിൽ, ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പക്ഷെ വേണ്ടത്ര പ്രതിരോധത്തിൽ എത്താത്തത് തൊഴിലാളികൾ  ഇത്തരം ചൂഷണങ്ങളെ മനസിലാക്കാത്തത് കൊണ്ടല്ല, മറിച്ചു പ്രതിഷേധിക്കാനുള്ള ഇടങ്ങൾ ഇന്നത്തെ സമ്പദ് വ്യവസ്ഥ അടച്ചു പൂട്ടുന്നതിനാലാണ് . എന്നിരുന്നാലും പ്രതിരോധങ്ങൾ തീരുന്നില്ല. പുതിയ അവസ്ഥക്കനുസരിച്ചുള്ള സമരമുറകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. നമ്മൾ ഓർക്കേണ്ടത് ഇവയൊന്നും ഒറ്റപ്പെട്ട പ്രശ്നങ്ങളല്ല , മറിച്ച് ഇവയൊക്കെയാണ് നവ ലിബറൽ സമ്പദ് ഘടനയെ നിലനിർത്തുന്ന ദൈനംദിന തൊഴിൽ അവസ്ഥകൾ എന്നതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

https://www.youtube.com/c/AzhimukhamMalayalam

ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍