UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരിക്കല്‍ സമരം: കാട്ടുനീതിയാണ് മിസ്റ്റര്‍ കല്യാണ്‍ജി!

Avatar

ശ്രുതീഷ് കണ്ണാടി

എല്ലാത്തരം ജനാധിപത്യ അവകാശങ്ങളും ഹനിക്കപ്പെടുന്ന തൊഴിലിടങ്ങളില്‍ നിന്നും നിലവിളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അവകാശ നിഷേധത്തില്‍ പലപ്പോഴും എരിഞ്ഞു തീരുന്നത് സ്ത്രീകള്‍ തന്നെയാണ്. ഇത്തരത്തില്‍ ഉയര്‍ന്ന ഏറ്റവും ഒടുവിലത്തെ നിലവിളിയാണ് തൃശ്ശൂര്‍ കല്യാണ്‍ സില്‍ക്സില്‍ നിന്നും നാം കേട്ടത്. 10 മണിക്കൂര്‍ ജോലി സമയത്തിനിടയില്‍ ഒന്ന് ഇരിക്കാന്‍ വേണ്ടി മാത്രം കല്യാണിലെ തൊഴിലാളികള്‍ സമരത്തിനിറങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ അനുഭവിക്കുന്ന മാനസിക-ശാരീരിക പീഡനം എത്രത്തോളം ഭീകരമായിരിക്കുമെന്ന്‍ നാം മനസിലാക്കണം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ഒരുപക്ഷേ പൊതു സമൂഹത്തിന് ചിന്തിക്കാവുന്നതിനും അപ്പുറത്താണ്.

സമരങ്ങളുടെ പുതിയ നവോത്ഥാന കാലഘട്ടത്തില്‍ തൊഴിലിടങ്ങളില്‍ ഒന്ന് ഇരിക്കാന്‍ വേണ്ടി മാത്രം നമ്മുടെ സ്ത്രീകള്‍ സമരം ചെയ്യുമ്പോള്‍ കണ്ണടച്ച് കൈകള്‍ കെട്ടിവരിഞ്ഞ് നോക്കിയിരിക്കുന്നത് എങ്ങനെ?

ഭരണകൂടവും അധികാര വര്‍ഗ്ഗവും വികസനത്തിന്‍റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പരക്കം പായുമ്പോള്‍ സെയില്‍സ് ഗേള്‍സ് എന്ന് ഓമനപ്പേരിട്ട് നാം വിളിക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ട ഈ ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആര്‍ക്കാണ് സമയം? കുത്തക മുതലാളിമാര്‍ വിഭാവനം ചെയ്യുന്ന സമ്പൂര്‍ണ്ണ പരസ്യ സാക്ഷരതയുള്ള കിനാശ്ശേരിക്ക് വേണ്ടി നമ്മുടെ ചാനല്‍ മുതലാളിമാര്‍ ‘സ്ലോട്ടുകള്‍’ തയാറാക്കുന്ന തിരക്കിലായിരിക്കെ ഈ പാവങ്ങളുടെ പ്രതിഷേധത്തിന് എന്ത് ‘ന്യൂസ് വാല്യു’? ഇങ്ങനെ ജനാധിപത്യ സംരക്ഷകരെന്ന്‍ കൊട്ടിഘോഷിക്കപ്പെടുന്ന മാധ്യമങ്ങള്‍ മാത്രമല്ല മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ പോലും കൈയും കെട്ടി നോക്കി നില്‍ക്കുന്ന അവസ്ഥയിലേക്ക് ചുവടു മാറിയെങ്കില്‍ ഇന്നാട്ടിലെ കുത്തക ഭീമന്മാര്‍ എത്ര ഭീകരമായി ഇവിടെ വേരുകളാഴ്ത്തിയിരിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

കേവലമൊരു കല്യാണില്‍ നിന്ന് മാത്രമല്ല സ്ത്രീ തൊഴിലാളികള്‍ ഇന്ന് നരകയാതന അനുഭവിക്കുന്നത്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന എല്ലാ കുത്തക സ്ഥാപനങ്ങളിലും സ്ത്രീകള്‍ നിരന്തര പീഡനത്തിനു വിധേയരാകുന്നുണ്ട്. കാക്കനാട് സ്ഥിതി ചെയ്യുന്ന പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൈയുറ നിര്‍മ്മാണ കമ്പനിയിലെ ശൗചാലയത്തില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനിയിലെ അമ്പത് വയസില്‍ താഴെയുള്ള 42 ഓളം വനിതാ ജീവനക്കാരെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധനയ്ക്ക് വിധേയരാക്കിയ സംഭവം നടന്നിട്ട് അധിക നാളുകള്‍ ആകുന്നില്ല. ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ ബസില്‍ നിന്നും ഇറക്കി വിടുകയും ചുംബനത്തിന്‍റെ പേരില്‍ അവരെ വേശ്യകളെന്ന്‍ മുദ്രകുത്തുകയും ചെയ്ത ഈ കെട്ട കാലത്ത് കല്യാണിലെ തെരുക്കൂത്ത് കണ്ട് അത്രയൊന്നും അമ്പരക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീസംരക്ഷണം മൊത്തക്കച്ചവടമാക്കിയ ഇന്നാട്ടിലെ ഇടത്-വലത് വ്യത്യാസമില്ലാത്ത മുഖ്യധാര രാഷ്ട്രീയ പാര്‍ടികളുടെ വനിതാനേതാക്കള്‍ ഒന്നും തന്നെ ഈ വിഷയത്തില്‍ ഉരിയാടാന്‍ തയാറായിട്ടില്ല.

ഇരിക്കണം എന്ന് സ്ത്രീകളും അനുവദിക്കില്ലെന്ന്‍ കല്യാണ്‍ജിയും വാശി പിടിക്കുമ്പോള്‍ മറ്റൊരു ജനകീയ സമരത്തിന്‌ കേരളം സാക്ഷിയാകാന്‍ പോകുകയാണ്. സെയില്‍സ് ഗേള്‍സ്‌ എന്ന അസംഘടിത തൊഴിലാളി വര്‍ഗ്ഗത്തിനു വേണ്ടി നവമാധ്യമങ്ങളിലൂടെ രാഷ്ട്രീയ ബോധമുള്ള പുത്തന്‍ യുവത്വം ഇതിനോടകം തന്നെ സമരാഗ്നി ഏറ്റെടുത്തു കഴിഞ്ഞു. ഫാസിസം അരങ്ങു വാഴുന്ന നാട്ടില്‍ പഴയ നവോത്ഥാന കാലത്തെ അനുസ്മരിപ്പികും വിധം ജനകീയ കൂട്ടായ്മകളും ജനകീയ സമരങ്ങളും വേരു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. നില്‍പ് സമരത്തില്‍ തുടങ്ങി ചായ കുടിക്കല്‍ സമരവും ചുംബന സമരവും ആലിംഗന സമരവും ഒടുവില്‍ ഇരിക്കല്‍ സമരവും എല്ലാം ചേര്‍ന്ന്‍ കേരളത്തിന്‍റെ സമര ഭൂമികയെ വീണ്ടും വീണ്ടും ഉത്തേജിതമാക്കിക്കൊണ്ടിരിക്കുന്നു. അവകാശങ്ങള്‍ക്ക് വേണ്ടിയും സമത്വത്തിനു വേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയും നടക്കുന്ന ഈ ജനകീയ മുന്നേറ്റങ്ങളെ ഇനിയും കണ്ടില്ലെന്നു നടിക്കുന്ന ഭരണകൂടം നിലം പതിക്കേണ്ടത് കാലത്തിന്‍റെ അനിവാര്യതയാണ്.

ഇരിക്കുക എന്നതും ഇരിക്കാന്‍ അനുവദിക്കുക എന്നതും ഒരു ജനാധിപത്യ അവകാശം എന്നതിലുപരി മാനുഷിക പരിഗണന കൂടിയാണ്. ആ അര്‍ത്ഥത്തില്‍ കല്യാണില്‍ നടന്നതും മറ്റു പലയിടത്തും നടന്നു കൊണ്ടിരിക്കുന്നതും കടുത്ത മനുഷ്യാവകാശ ധ്വംസനം കൂടിയാണെന്ന് പറയേണ്ടി വരുന്നു. അതുകൊണ്ടുതന്നെ തൃശൂര്‍ കല്യാണ്‍ സാരീസിലെ തൊഴിലാളികള്‍ നടത്തി വരുന്ന ഇരിക്കല്‍ സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണ്.

(പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ലേഖകന്‍)

*Views are Personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍