UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പക്ഷേ AFSPA അതേപടി നിലനില്‍ക്കുന്നു

Avatar

ജിഷ ജോര്‍ജ് 

‘ഞാന്‍ സ്‌നേഹിക്കുന്ന ഒരുമനുഷ്യന്‍ എനിക്കു വേണ്ടി കാത്തിരിക്കുന്നു, പക്ഷെ എന്റെ കൂടെയുള്ളവര്‍ ഈ സ്‌നേഹത്തെ എതിര്‍ക്കുന്നു. എനിക്കൊരു സാധാരണ മനുഷ്യസ്ത്രീയായി ജീവിക്കണം, ദയവായി എന്നെ ഒരു സൂപ്പര്‍ ഹീറോ ആയി കാണരുത്’. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിപ്പൂരിന്റെ ഉരുക്കുവനിത പറഞ്ഞ ഈ വാക്കുകള്‍ അവരുടെ ഏറ്റവും അടുത്ത അനുനായികളെ വരെ ഞെട്ടിച്ചിരുന്നു. ഒടുവില്‍ ഈ കഴിഞ്ഞ ജൂലൈ 26നു ഇംഫാല്‍ വെസ്റ്റ് കോടതിയിലെ മജിസ്ട്രേട്ടിന്റെ മുന്‍പില്‍ അവര്‍ തന്റെ പുതിയ തീരുമാനം അറിയിച്ചു. അന്തര്‍ദ്ദേശീയ സമൂഹത്തിന്റെ മുന്നില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു ലജ്ജിക്കാന്‍ ഇട നല്‍കിയിരുന്ന 16 വര്‍ഷത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. അത് മാത്രമല്ല ഇറോം ശര്‍മ്മിളയുടെ തീരുമാനങ്ങള്‍, വിവാഹിതയാവാനും രാഷ്ട്രീയത്തില്‍ സജീവമായി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനും ഒരുങ്ങുകയാണ് അവര്‍.

 

2000 നവംബര്‍ 2-നാണ് മാലോം കൂട്ടക്കൊല എന്ന പേരില്‍ കുപ്രസിദ്ധി നേടിയ പത്തു സാധാരണക്കരുടെ മരണത്തിന് ശര്‍മ്മിള ദൃക്‌സാക്ഷി ആവുന്നത്. ആ കൃത്യം ചെയ്യാന്‍ പട്ടാളത്തിന് അധികാരം കൊടുത്ത AFSPA എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന Armed Forces Special Powers Act-നെതിരെ 2000 നവംബര്‍ 5നു ശര്‍മ്മിള തന്റെ നിരാഹാര സമരം ആരംഭിക്കുന്നു. നവംബര്‍ 9-നു ആത്മഹത്യാ ശ്രമത്തിന് അവര്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍, ജീവന്‍ നിലനിര്‍ത്താന്‍ മൂക്കില്‍ കൂടി ട്യുബ് വഴി ഭക്ഷണം നല്‍കിത്തുടങ്ങി. തുടര്‍ന്നും ശര്‍മ്മിളയെ അറസ്റ്റ് ചെയ്യുക, കുറ്റവിമുക്തയാക്കുക, വീണ്ടും അറസ്റ്റ് ചെയ്യുക എന്നീ നടപടികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

 

പക്ഷെ AFSPA ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു.

 

 

ക്വിറ്റ് ഇന്ത്യാ സമരത്തെ അമര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് ഗവണ്‍മന്റ് ഓര്‍ഡിനന്‍സായി കൊണ്ടുവന്ന armed forces special power ordinance അതിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ അന്നുമുതലേ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മേഖലകളില്‍ പ്രത്യേകിച്ചും നാഗാ വംശജരുടെ ഇടയില്‍ നിന്നും പൊട്ടിപുറപ്പെട്ട സായുധ കലാപങ്ങളെ നേരിടാന്‍ ഇന്ത്യാ ഗവണ്‍മന്റ് പാസാക്കിയ armed forces special power act 1958 സെപ്റ്റംബര്‍ 11-നു നിലവില്‍ വന്നു. AFSPA പട്ടാളത്തിനു കൊടുക്കുന്ന അധികാരങ്ങള്‍ നിരവധിയാണ്. സംശയം തോന്നുന്നവരെ വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാനും തടവില്‍ വയ്ക്കാനും വേണ്ടി വന്നാല്‍ വധിക്കാനും ഉള്ള അധികാരം. കലാപം അടിച്ചമര്‍ത്തുന്ന സമയങ്ങളില്‍ ജനങ്ങളുടെ സ്വകാര്യ സ്വത്തുവകകള്‍ കൈവശപ്പെടുത്താനുള്ള അധികാരം എന്നിവ അവയില്‍ ചിലതാണ്. ഈ നിയമം നടപ്പാക്കുന്ന സൈനികരുടെ പ്രവൃത്തി സധാരണ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും പാടുള്ളതല്ല.

 

നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായ AFSPA-യെ അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്തു തുടങ്ങിയിട്ട് രണ്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. 1991 മുതല്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിറ്റി (UNHRC) ഈ നിയമം പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. അതേപോലെ തന്നെ ആംനെസ്റ്റി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പലവട്ടം ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 

 

ഇത്രയേറെ വിമര്‍ശനങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് AFSPA പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. സപ്തസോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഖ്യധാരാ ഇന്ത്യയില്‍ നിന്ന് മാറി നില്‍ക്കുന്നത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് മാത്രമല്ല, അവയുടെ തനതായ സാംസ്‌കാരികവും സാമൂഹികവുമായ പശ്ചാത്തലം കൊണ്ടുമാണ്. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങളിലെ നല്ലൊരു വിഭാഗം ജനങ്ങളിലും മാതൃരാജ്യത്തോട് വൈകാരികപരമായ ഒരു അകല്‍ച്ചയുണ്ട്. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യാ യുണിയനില്‍ ലയിപ്പിക്കുന്ന സമയത്ത് ഉയര്‍ന്നു വന്ന പ്രധാന പ്രശ്‌നമായിരുന്നു വടക്കുകിഴക്കന്‍ മേഖലയിലെ സായുധകലാപങ്ങളും അസ്വസ്ഥതകളും. വിശിഷ്ട പദവിയിലും പ്രത്യേക അധികാരങ്ങളിലും തുടങ്ങി സ്വതന്ത്ര പദവി വരെ ആവശ്യപ്പെട്ടിരുന്ന പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികളും ഈ കലാപങ്ങളില്‍ ഉണ്ടായിരുന്നു.

 

ഇവയെ അമര്‍ച്ച ചെയ്യാനും അതിലുപരി ഇന്ത്യയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തി സുരക്ഷിതമാക്കുവാനുമാണ് AFSPA പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ഈ നിയമം നിലവില്‍ വന്ന് 58 വര്‍ഷം പിന്നിടുമ്പോഴും സമാധാനപരമായ ഒരു അന്തരീക്ഷം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൃഷ്ടിക്കാനായിട്ടില്ല എന്നത് ഈ നിയമത്തിന്റെ അപര്യാപതതകളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. മണിപ്പുരില്‍ മാത്രം ഏതാണ്ട് ഇരുപത്തിരണ്ടോളം സായുധകലാപ ഗ്രൂപ്പുകള്‍ സജീവമാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും ഇവിടുത്തെ ഒരു പ്രധാന പ്രശ്‌നമാണ്. ഈ തൊഴില്‍രഹിതര്‍ പലപ്പോഴും മ്യാന്മാര്‍ അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് കടത്തിലും സായുധ കലാപ പ്രസ്ഥാനങ്ങളിലും ചെന്നെത്തുന്നു. ഐക്യരാഷ്ട്ര സംഘടനയും National AIDS Controls Organisation (NACO) ചേര്‍ന്ന് നടത്തിയ പഠനത്തില്‍ താരതമ്യേന ജനവാസം കുറഞ്ഞ സംസ്ഥാനങ്ങളായ മണിപ്പുര്‍, നാഗാലാന്റ് എന്നിവിടങ്ങളില്‍ HIV-AIDS-ന്റെ വ്യാപനശതമാനം യഥാക്രമം 1.57, 1.2 എന്നിങ്ങനെയാണ്. ദേശിയ ശരാശരിയെക്കാള്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഈ കണക്കുകള്‍ ആശങ്കാജനകമാണ് (ദേശീയ ശരാശരി 0.34 ശതമാനം).

 

 

2016 ജൂലൈ ആദ്യവാരം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് AFSPA-യുടെ പിന്‍ബലത്തില്‍ നടത്തിയ വ്യാജ ഏറ്റുമുട്ടലുകളില്‍ നടന്ന 1500-ലധികം മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നുണ്ട്. ‘ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നം ആഭ്യന്തര അസ്വസ്ഥതയാണ്, അല്ലാതെ യുദ്ധസമാനമായ അന്തരീക്ഷമല്ല’ എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ ഇതിനെ പിന്തുണച്ചിരുന്നു. ആഭ്യന്തര അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ വേണ്ടത് രാഷ്ടീയ ഇടപെടലാണ്, സൈനിക നടപടി അല്ല.

 

ASPA-യും സായുധ കലാപങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു വിഷമവൃത്തമാണ് ഇന്ത്യ യുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളതെന്നാ South Asian Human Rights Documentation Centre-ന്റ്റെ നിരീക്ഷണം. AFSPA-യുടെ പിന്‍ബലത്തില്‍ പട്ടാളം നടത്തുന്ന അതിക്രമങ്ങള്‍ കൂടുതല്‍ സായുധ കലാപങ്ങളിലേക്കും സ്വതന്ത്ര രാജ്യപദവിയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലെക്കും വഴി വയ്ക്കുന്നു. എന്നാല്‍ AFSPA പിന്‍വലിക്കാന്‍ സാധിക്കാത്തതിന്റെ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത് ഈ കലാപങ്ങളും പ്രക്ഷോഭങ്ങളുമാണ്.

 

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവയാണ്. എന്നാല്‍ ആ പ്രദേശങ്ങളുടെ പ്രത്യേകതകള്‍ മനസ്സിലാക്കിയുള്ള നയരൂപീകരണത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ഉറച്ച രാഷ്ട്രീയ സംവിധാനം കൊണ്ട് മാത്രമെ ഈ മേഖലയിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ മണിപ്പൂരിന്റെ ഉരുക്കുവനിതയുടെ ഈ പുതിയ തീരുമാനത്തിന് പ്രസക്തിയുണ്ട്. മണിപ്പുരിലെ സ്ത്രീകള്‍ സ്വതന്ത്രമായ ആശയങ്ങള്‍ ഉള്ളവരും പ്രായോഗികമായി പ്രവര്‍ത്തിക്കുന്നവരുമാണ്. ഗാര്‍ഹിക പീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള മറ്റ് അതിക്രമങ്ങളും നേരിടാന്‍ അവര്‍ നടപ്പാക്കിയ Meira Paibi എന്ന പ്രസ്ഥാനം, അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന Meira Shang എന്ന സ്ത്രീകള്‍ക്കായുള്ള അഭയ കേന്ദ്രം, സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന വിപണന കേന്ദ്രമായ ഇമ മാര്‍ക്കറ്റ് എന്നിവ അതിന് ഉദാഹരണങ്ങളാണ്. തഞ്ചം മനോരമ ദേവി ക്രൂരമായി കൊല്ലപെട്ടപ്പോള്‍ സ്വന്തം നഗ്‌നത പ്രതിഷേധമാക്കി ഭരണകൂടത്തെയും അധികാരികളെയും ഞെട്ടിച്ചതാണവര്‍. മണിപ്പുരിന്റെ എല്ലാ സ്പന്ദനങ്ങളും നന്നയി അറിയുന്ന ശര്‍മ്മിളയ്ക്ക് രാഷ്ട്രീയ മാര്‍ഗ്ഗത്തിലൂടെ തന്റെ ലക്ഷ്യം നേടാന്‍ സാധിക്കും എന്ന് കരുതാം.

 

(സൈക്കോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ്. സാമൂഹിക പ്രസക്തിയുള്ള ശാസ്ത്രവിഷയങ്ങള്‍ എഴുതാറുണ്ട്‌)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍