UPDATES

ഇറോം ഇവിടെ ശാന്തയാണ്; ഒരുപാട് പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജവുമായി

ഇറോമിനെ പോലെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും മണിപ്പൂരില്‍ ഇറോമിന്റെ അത്ര തന്നെ പ്രസക്തിയുള്ള വ്യക്തിയാണ് നജ്മ ബീബി

ഇറോം ശര്‍മ്മിളയെ കാണുകയും സംസാരിക്കുകയുമായിരുന്നു ലക്ഷ്യം. ഇറോം ശര്‍മ്മിളയ്ക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടായിരുന്നില്ല. ഇതുവരെ ആരും ചോദിക്കാത്ത എന്തെങ്കിലും കാര്യം അവരോട് ചോദിക്കാനായി മനസിലുണ്ടായിരുന്നുമില്ല. കഴിഞ്ഞ 17 വര്‍ഷമായി ലോകം കാണുകയും കേള്‍ക്കുകയും ചെയ്തതും അതിന് മുമ്പ് നമ്മളെ സംബന്ധിച്ച് പരിചിതമല്ലാതിരുന്ന കാലത്ത് അവര്‍ പറഞ്ഞു കൊണ്ടിരുന്നതുമായ കാര്യങ്ങള്‍ മാത്രമാണ് അവര്‍ക്ക് വീണ്ടും പറയാനുള്ളത്. അവരുടെ നാടിന്റെ ദൗര്‍ഭാഗ്യങ്ങളെ കുറിച്ച്. അത്ര വ്യക്തമല്ലാത്ത വാക്കുകളുടെ ഉച്ചാരണം. മുറിഞ്ഞ്, മുറിഞ്ഞ് പോകുന്ന വാക്കുകള്‍ ചേര്‍ത്ത് വച്ച, എന്നാല്‍ പരസ്പരം കണ്ണിയറ്റതല്ലാത്ത സംഭാഷണം. മണിപ്പൂരിന്റെ ജനാധിപത്യവത്കരണത്തിനായുള്ള പോരാട്ടം തുടരും – ഇറോം ശര്‍മ്മിള പറഞ്ഞു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ മന:സാക്ഷിയുടെ തടവുകാരി എന്ന് വിശേഷിപ്പിച്ച ഇറോം ശര്‍മ്മിള ഇന്നും അങ്ങനെ തന്നെയാണ്. ആ തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെടാന്‍ ഇറോം ആഗ്രഹിക്കുന്നുണ്ടാവില്ല. ഇറോമിന് ജനാധിപത്യത്തേയും സമാധാനത്തേയും കുറിച്ചാണ് പറയാനുള്ളത്. ഈ രണ്ട് വാക്കുകളാണ് ഏറ്റവുമധികം ഉപയോഗിക്കുന്നതും. ജനാധിപത്യത്തിന്റേയും സമാധാനത്തിന്റേയും വിലയെ കുറിച്ച് ഇറോം ശര്‍മ്മിള അടക്കമുള്ള മണിപ്പൂരുകാര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അത് ഈ രാജ്യത്ത് മറ്റാരേക്കാളും നന്നായി അവര്‍ക്കറിയാം. മനുഷ്യരെ മാറ്റിനിര്‍ത്തുന്ന വേര്‍തിരിവുകളും മതിലുകളും ഒരു തരത്തിലും അംഗീകരിക്കാന്‍ ഇറോമിന് കഴിയില്ല. പാലക്കാട് അട്ടപ്പാടിയിലെ ശാന്തി റിഹാബിലിറ്റേഷന്‍ ആന്‍ഡ് മെഡിക്കല്‍ സെന്ററിലെത്തിയ ഇറോം ശര്‍മ്മിളയ്ക്ക് അട്ടപ്പാടിയിലെ ആദിവാസികളും മാറ്റി നിര്‍ത്തപ്പെട്ടവരാണെന്ന് ബോധ്യമായിട്ടുണ്ട്. അത് തന്നെ വേദനിപ്പിക്കുന്നതായി ഇറോം പറഞ്ഞു.

ഇറോം ശര്‍മ്മിളയെ കാണാന്‍ വിഐപികളും അല്ലാത്തവരുമായവര്‍ നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്. ഇറോം എല്ലാവരേയും സ്വീകരിക്കുന്നു. നേരത്തെ ആഘോഷിച്ച പിറന്നാളിന്റെ കേക്ക് വീണ്ടും നല്‍കുന്നു. ആപ്പിള്‍ അടക്കമുള്ള പഴങ്ങളും മറ്റും അതിഥികള്‍ക്ക് കൊടുക്കുന്നു. എല്ലാവരേയും കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. അട്ടപ്പാടിക്കാരനായ മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ ബഷീര്‍ മടാലയുടെ ക്ഷണപ്രകാരം ഇവിടെയെത്തിയ ഇറോം ഷര്‍മിള ശാന്തി ആശ്രമത്തില്‍ എത്തുന്ന സന്ദര്‍ശകരുമായും ജീവനക്കാരുമായും വലിയ സൗഹൃദത്തിലാണ്. ദീര്‍ഘമായ അഭിമുഖങ്ങള്‍ക്ക് താല്‍പര്യമില്ല. സംസാരിക്കാന്‍ ഇഷ്ടമാണ്. ആരില്‍ നിന്നും മുഖം തിരിക്കുന്നില്ല. എന്നാല്‍ ആ മാനസികാവസ്ഥ തന്നെ വളരെ പെട്ടെന്ന് മാറിയേക്കാം.

ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത, ഐതിഹാസികമായ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ നായിക മനസ് തുറന്ന് ചിരപരിചിതരെ പോലെ എല്ലാവരുമായും ഇടപഴകുന്നു. സിവിക് ചന്ദ്രന്‍റെ പന്തമേന്തിയ പെണ്ണുങ്ങളിലും (മേയ്റ പൈബി) എസ് വി ഓജസിന്‍റെ ‘ലെ മഷാലെ’ എന്ന ഏകാംഗ നാടകത്തിനും പ്രചോദനമായ അതേ ഇറോം ശര്‍മിള. ഇന്ത്യന്‍ സൈന്യത്തിന്‍റെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഭരണകൂട ഭീകരതയ്ക്കും എതിരെ മാനവികതയുടെ, നിശ്ചയദാര്‍ഢ്യത്തിന്‍റെ, നിലക്കാത്ത പോരാട്ടങ്ങളുടെ പ്രതീകം. ലോകത്തിന് മുന്നില്‍ മണിപ്പൂരിന്‍റെ മുഖം. തിരഞ്ഞെടുപ്പ് രാഷ്ട്രീയം തന്നെ തല്‍ക്കാലത്തെക്കെങ്കിലും തിരസ്കരിച്ചതിന്‍റെ നിരാശയല്ല, തികഞ്ഞ ശാന്തതയും കൈവിടാന്‍ തയ്യാറല്ലാത്ത പ്രതീക്ഷകളും തന്നെയാണ് ഇറോം ശര്‍മ്മിള ഇപ്പോഴും പ്രതിഫലിപ്പിക്കുന്നത്.

കവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും കക്ഷി രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളുമൊക്കെ ആവുകയും തിരിച്ചുമൊക്കെ ഉണ്ടാവാറുണ്ട്. ഏതായാലും ഇറോം ഷര്‍മ്മിള ഒരു കരുത്തുള്ള രാഷ്ട്രീയ നേതാവോ ഭരണാധികാരിയോ ആയി മാറാനുള്ള സാദ്ധ്യത കുറവാണെന്നാണ് തോന്നുന്നത്. ഇറോം എന്നെന്നേക്കുമുള്ള പോരാളിയായും ഒരു കവിയായും തുടരാനാണ് സാധ്യത. ഫ്രാഗ്രന്‍സ് ഓഫ് പീസ് എന്ന 12 കവിതകളുടെ സമാഹാരത്തിന് ശേഷം പിന്നീട് ഇറോമിന്റെ കവിതകളൊന്നും പ്രസീദ്ധീകരിക്കപ്പെട്ടിട്ടില്ല. പിന്നീട് ഒന്നും എഴുതിയിട്ടും ഇല്ലെന്ന് ഇറോം പറയുന്നു. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ എഴുതാന്‍ തോന്നിയില്ലെന്ന് മറുപടി. വ്യക്തിജീവിതത്തെ കുറിച്ചോ ഡെസ്മണ്ട് കൂട്ടിനോയുമായുള്ള പ്രണയത്തെ കുറിച്ചോ ഇറോമിനോട് ചോദിച്ചില്ല. അത്തരമൊരു ആവര്‍ത്തനം വേണ്ടെന്ന് തോന്നി. ബന്ധുക്കള്‍ ഒറ്റപ്പെടുത്തുകയാണ് എന്ന പ്രചാരണത്തെ തള്ളിക്കളയുകയാണ് ഇറോം. അമ്മയുടേയും സഹോദരിയുടേയും ശക്തമായ പിന്തുണയെ കുറിച്ച് അവര്‍ പറയുന്നു. സഹോദരന്‍ അടക്കം ചില ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വലിയ പ്രശ്‌നമല്ല – ഇറോം പറയുന്നു.

നിശബ്ദമായ ഇടവേളകളുമായാണ് ഇറോം സംസസാരിക്കുന്നത്. യുവാക്കളോട് ഞാന്‍ സംസാരിക്കും. പിആര്‍ജെഎ (പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ്) എന്ന പാര്‍ട്ടിയുമായി മുന്നോട്ട് പോകും. ഞാന്‍ അഫ്‌സപയ്‌ക്കെതിരെ നിരാഹാര സമരം നടത്തുമ്പോള്‍ വലിയൊരു വിഭാഗത്തിന് എന്നോട് സിംപതിയുണ്ടായിരുന്നു. എന്നാല്‍ പണവും അധികാരശക്തിയും വിധി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചില്ല. തുടര്‍ന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകും – ഇറോം പറയുന്നു.

സ്വതന്ത്രവും നീതിപൂര്‍വകവും സമത്വത്തില്‍ ഊന്നിയതുമായ ജനാധിപത്യ സമൂഹം. പണം കൊണ്ടും അധികാരശക്തി കൊണ്ടും വിലയ്ക്ക് വാങ്ങിയ്ക്കപ്പെടുന്ന ജനസമ്മതിയെന്ന ദുരന്തത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍. അത്തരത്തിലുള്ള തിരിച്ചറിവ്. പൗരന്മാര്‍ക്ക് നിര്‍ഭയരായി തുല്യനീതിയോടെ ജീവിക്കാനുള്ള അവകാശം ഇതിനെ കുറിച്ച് തന്നെയാണ് ഇറോം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത്. മണിപ്പൂരിലെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കിരാതമായ ഈ നിയമത്തോട് യോജിപ്പില്ല. എന്നാല്‍ അവര്‍ക്ക് പ്രബല കക്ഷികള്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം അതിജീവിക്കാനാവുന്നില്ല. അഫ്‌സ്പ വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണെങ്കിലും അത് മാത്രമല്ല മണിപ്പൂരിന്റെ പ്രധാന പ്രശ്‌നമെന്നും ഇറോം ശര്‍മ്മിളയ്ക്ക് ബോധ്യമുണ്ട്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വ്യവസായം, അടിസ്ഥാന സൗകര്യ വികസനം ഇവയിലൊക്കെ ഏറെ പിന്നിലായ മണിപ്പൂരിന്റ അവസ്ഥയെ അവര്‍ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്.

Also Read: ഇറോം… മണിപ്പൂര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല

ഇറോം ശര്‍മ്മിളയെ പോലെ പരിചയപ്പെടേണ്ട മറ്റൊരു വ്യക്തിയാണ് നജ്മ ബീബി. ഇറോമിനെ പോലെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും മണിപ്പൂരില്‍ ഇറോമിന്റെ അത്ര തന്നെ പ്രസക്തിയുള്ള വ്യക്തി. ഇറോമിന്റെ അടുത്ത സുഹൃത്തും പിആര്‍ജെഎ നേതാവുമാണ് നജ്മ ബീബി. മണിപ്പൂരിന്റെ ചരിത്രത്തില്‍ ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ച മുസ്ലീം വനിതയെന്ന നിലയ്ക്കാണ് നജ്മ ബീബി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാബ്ഗായ് മണ്ഡലത്തില്‍ നിന്നാണ് പിആര്‍ജിഎയുടെ സ്ഥാനാര്‍ത്ഥിയായി നജ്മ ജനവിധി തേടിയത്. നജ്മ, ഇറോം ശര്‍മ്മിളയോടൊപ്പം അട്ടപ്പാടിയിലെ വിശ്രമകേന്ദ്രത്തിലുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തുമെല്ലാം നടന്ന പരിപാടികളില്‍ ഇറോമിനെ അനുഗമിക്കുകയും ചെയ്യുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരും അല്ലാത്തവരുമായ മുസ്ലീങ്ങള്‍ അസാമില്‍ ബോഡോ തീവ്രവാദികളില്‍ നിന്നും സംഘപരിവാര്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകളില്‍ നിന്നും വലിയ ഭീഷണികളും അതിക്രമങ്ങളും നേരിട്ടിരുന്നു. സാമ്പത്തികമായും ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരാണ് മുസ്ലീം സമുദായത്തില്‍ പെട്ടവര്‍. എന്നാല്‍ അസാമിലേക്കാള്‍ മോശമായ അവസ്ഥയാണ് മണിപ്പൂരിലെ മുസ്ലീങ്ങളുടേതെന്ന് നജ്മ ബീബി പറഞ്ഞു. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നജ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തില്‍ നജ്മയ്ക്ക് കിട്ടിയത് വെറും 35 വോട്ടുകള്‍. സമുദായ നേതാക്കളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് കൂടി അവഗണിച്ചായിരുന്നു നജ്മയുടെ മത്സരം. നജ്മയുടെ ഭര്‍ത്താവ് ഒരു ഗോത്രവര്‍ഗക്കാരനും കൃഷിക്കാരനുമാണ്. നാല് മക്കളുണ്ട്.

നജ്മ ബീബി

പണം കൊടുത്ത് വോട്ടുകള്‍ വാങ്ങിക്കുന്നതില്‍ ഉത്തരേന്ത്യയെ പോലെ കുപ്രസിദ്ധി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമുണ്ട്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും ഒരു വോട്ടിന് 6000 രൂപ വരെ വാഗ്ദാനം ചെയ്യുന്നതായി നജ്മ ബീബി പറയുന്നു. മണിപ്പൂര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥമായ അവസ്ഥയാണിത്. ദേശീയ പാര്‍ട്ടികള്‍ വ്യക്തമായ മേധാവിത്തം പുലര്‍ത്തുന്ന മണിപ്പൂരില്‍ ചെറുതെങ്കിലും സാന്നിധ്യമറിയിച്ചിട്ടുള്ള പ്രാദേശിക പാര്‍ട്ടികള്‍ ഇത്രയൊന്നുമില്ലെങ്കിലും ചെറിയ തുകകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. 100 മുതല്‍ 500 രൂപ വരെയാണ് ഒരു വോട്ടിന് പ്രാദേശിക പാര്‍ട്ടികള്‍ കൊടുക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് മണിപ്പൂരിന്റ ഗ്രാമീണ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് നജ്മ ബീബി പറയുന്നു. ഗ്രാമങ്ങളില്‍ ടോയ്‌ലറ്റുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. താന്‍ ജനവിധി തേടിയ മണ്ഡലത്തിലെ പ്രദേശങ്ങള്‍ പോലുള്ളിടങ്ങളില്‍ വ്യവസായങ്ങളില്ല. മുസ്ലീം സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് തൊഴില്‍ കിട്ടുന്നില്ല. പലരും വീ്ട്ടുജോലികള്‍ ചെയ്ത് ജീവിക്കുന്നുണ്ട്.

അഫ്‌സ്പ നല്‍കുന്ന അനിയന്ത്രിതമായ അധികാരത്തിന്റെ പിന്‍ബലത്തില്‍ സൈന്യവും പൊലീസും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് രണ്ട് പേരുകളായിരുന്നു നജ്മയുടെ മറുപടി- രബീന, സഞ്ജിത്ത്. രബീന എന്ന ഗര്‍ഭിണിയായിരുന്ന യുവതി 2009ലാണ് ഇംഫാലില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സഞ്ജിത്ത് എന്ന യുവാവിനെ വ്യാജ ഏറ്റുമുട്ടലിലാണ് പൊലീസ് വധിച്ചത്. ഇംഫാലിലെ തിരക്കുള്ള ഒരു അങ്ങാടിയില്‍ ഇയാളെ ഒരു മറയിലേയ്ക്ക് പൊലീസ് വിളിച്ചുകൊണ്ടുപോകുന്നതിന്റേയും പിന്നീട് വെടിയേറ്റ നിലയിലുള്ള മൃതദേഹത്തിന്റേയും ചിത്രങ്ങള്‍ തെഹല്‍ക്ക പുറത്തുവിട്ടിരുന്നു. ഈ സംഭവം നജ്മ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. പൊലീസിനെതിരെ അക്രമികള്‍ വെടിവയ്പ് നടത്തുകയും തിരിച്ച് പൊലീസ് നടത്തിയ വെടിവയ്പില്‍ ഇവര്‍ കൊല്ലപ്പെടുകയുമായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ യുവാവിനെ വെടിവച്ച് കൊന്നത് താനാണെന്ന് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

മണിപ്പൂരിന്റെ നിലവിലെ അവസ്ഥയും അതിന്റെ നിരാശയും പങ്കുവയ്ക്കുമ്പോഴും വലിയ പ്രതീക്ഷകളും പ്രത്യാശയുമാണ് നജ്മ ബീബിക്കുള്ളത്. പിആര്‍ജെഎയ്ക്ക് ജനങ്ങളുടെ വിശ്വാസം നേടി ഒരു ശക്തമായ രാഷ്ട്രീയ കക്ഷിയായി മാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നജ്മ ബീബി പറഞ്ഞു.

(ഇറോം ശര്‍മിള – ചിത്രം 1, 2: സുനില്‍ രാധാകൃഷ്ണന്‍)

 

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍