UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ഇരുധി സുട്രു; ഇന്ത്യന്‍ കായിക മേഖലയ്ക്ക് ഒരു മുന്നറിയിപ്പ്

അപര്‍ണ്ണ

സ്‌പോര്‍ട്‌സ് മേഖലയ്ക്ക് വലിയ ജനപിന്തുണ ഉണ്ടെങ്കിലും വളരെ വിരളമായേ സ്‌പോര്‍ട്‌സ് സിനിമകള്‍ ഇന്ത്യയില്‍ സംഭവിക്കാറുള്ളൂ. ലഗാന്‍, ചക് ദേ ഇന്ത്യ, മേരി കോം, ആടുകളം, ബദ്‌ലാപുര്‍ ബോയ്‌സ്, ഭാഗ് മില്‍ക്ക ഭാഗ്, ഇഖ്ബാല്‍, വെണ്ണിലാ കബഡി കൂട്ടം,1983 പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിക്കുന്നത് അത് കൊണ്ടാണ്..2016 ല്‍ അസ്ഹര്‍ ആണ് പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒരു സിനിമ. അതേ ശ്രേണിയിലേക്കാണ് സുധ കോന്‍ഗ്ര പ്രസാദിന്റെ ഇരുധി സുട്ട്രു(ഹിന്ദിയില്‍ സാല ഖദൂസ്) എത്തുന്നത്.

ഇരുധി സുട്രു ഒരുപാട് പ്രത്യേകതകള്‍ ഉള്ള സിനിമയാണ്. ഒരു സ്ത്രീ ആദ്യമായാണ് ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് സിനിമ സംവിധാനം ചെയ്യുന്നത്. നായികയായ ഋതിക സിംഗ് പ്രൊഫഷണല്‍ ബോക്‌സര്‍ കൂടിയാണ്. ഒന്നര വര്‍ഷത്തില്‍ ഏറെ സമയമാണ് മാധവന്‍ ഈ സിനിമക്കായി മാത്രം നീക്കി വെച്ചത്. ഹിന്ദിയിലും തമിഴിലും പ്രാദേശിക വ്യത്യാസം അനുഭവപ്പെടുന്ന രീതിയില്‍ ഒരേ ദിവസം സിനിമ റിലീസ് ചെയ്തു. ഇതില്‍ പലതും ആദ്യമായി സംഭവിക്കുന്നതല്ലെങ്കിലും ഒക്കെ കൂടി ചേരുമ്പോള്‍ പുതുമയുണ്ട്. 

പ്രഭു എന്ന ദേശീയ വനിത ബോക്‌സിംഗ് കോച്ച് ആയി മാധവന്‍ എത്തുന്നു. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളിലും ബോക്‌സിംഗ് അസോസിയേഷനിലെ പാരവെപ്പുകളും തൊഴുത്തില്‍ കുത്തലുകളും അയാളെ മാനസികമായി തളര്‍ത്തുന്നു. മുഴുവന്‍ സമയ മദ്യപാനിയും സ്ത്രീ വിഷയത്തില്‍ ദുര്‍ബലനും ഒക്കെയാണ് ഇയാള്‍. ചെന്നയിലേക്ക് പ്രഭുവിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ കിട്ടുന്നു. മതിയായ ഭൗതിക സാഹചര്യങ്ങളോ ആത്മാര്‍ത്ഥത ഉള്ള കളിക്കാരോ ഇല്ലാതെ മുരടിച്ചു കിടക്കുന്ന ഒരു കടലോര ഗ്രാമത്തിലാണ് അയാള്‍ ചെന്നെത്തുന്നത്. അവിടെ വെച്ച് ബോക്‌സിംഗ് പരിശീലനം തേടുന്ന ലക്ഷ്മിയുടെ(മുംതാസ് സോര്‍ക്കാര്‍) സഹോദരി മതിയേ(ഋതിക സിംഗ്)അയാള്‍ കാണുന്നു. അപൂര്‍വ സിദ്ധികള്‍ ഉള്ള ഒരു ബോക്‌സര്‍ മതിയില്‍ മറഞ്ഞു കിടക്കുന്നുണ്ടെന്ന് പ്രഭു തിരിച്ചറിയുന്നു. മീന്‍ വിറ്റു കുടുംബം പോറ്റുന്ന, പരുക്കന്‍ സ്വഭാവക്കാരിയായ അവള്‍ക്ക് അങ്ങോട്ട് പണം നല്‍കി അയാള്‍ പരിശീലനം നല്‍കി തുടങ്ങുന്നു. പിന്നീട് അവര്‍ക്കിടയില്‍ ഉണ്ടാവുന്ന വിചിത്രമായ അടുപ്പത്തിന്റെയും മതി എന്ന അന്തര്‍ദേശിയ ബോക്‌സിംഗ് താരത്തിന്റെ വളര്‍ച്ചയും ബോക്‌സിങ്ങിനോടുള്ള ആത്മാര്‍ഥതയുടെ പേരില്‍ അവര്ക്ക് രണ്ടു പേര്‍ക്കും നേരിടേണ്ടി വരുന്ന വലിയ ദുരന്തങ്ങളുടെയും കഥയാണ് ഇരുധി സുട്രു.

ചിലയിടത്തൊക്കെ മതിയുടെയും പ്രഭുവിന്റെയും ബന്ധത്തില്‍ കുരുങ്ങി പോയെങ്കിലും ഇന്ത്യയിലെ വനിത ബോക്‌സിങ്ങിന്റെ മുരടിപ്പിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നുണ്ട് സിനിമ. വിശാലമായ അര്‍ത്ഥത്തില്‍ ഇത് നമ്മള്‍ വായിച്ചും കേട്ടും അറിഞ്ഞ സമകാലിക ഇന്ത്യന്‍ കായിക മേഖലയുടെ മൊത്തം ഇടര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഒരു സംഭവത്തില്‍ നിന്നല്ല, ഒരുപാട് സംഭവങ്ങളില്‍ നിന്ന് പ്രചോദിതരായി ആണ് തങ്ങള്‍ സിനിമ എടുക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതും അതുകൊണ്ടാണ്. കായിക മേഖലയുമായി യാതൊരു ബന്ധവും ഇല്ലാത്തവര്‍ സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ തലപ്പത്തിരുന്നു ഭരിച്ചു നശിപ്പിക്കുന്നത്, കായിക താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗികവും അല്ലാതെയുമുള്ള ചൂഷണങ്ങള്‍, അഴിമതി, കെടുകാര്യസ്ഥത, ഗ്രൂപ്പിസം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുധി സുട്രുവില്‍ കടന്നു വരുന്നുണ്ട്. കോമണ്‍വെല്‍ത്ത് അഴിമതി അടക്കം പല സ്‌പോര്‍ട്‌സ് ദുരന്തങ്ങളുടെയും മൂല കാരണം ഇവയില്‍ പലതുമാണ്. സ്‌പോര്‍ട്‌സിനെ വന്‍കിട സര്‍ക്കാര്‍ ജോലിക്കുള്ള ചവിട്ടുപടിയായി മാത്രം കാണുന്നവരും വിമര്‍ശന വിധേയമാകുന്നു. 

ഇരുധി സുട്രുവിന്റെ ഏറ്റവും വലിയ സംഭാവന ഋതിക സിംഗ് ആണ്. പരിശീലനം സിദ്ധിച്ച ഒരു ബോക്‌സര്‍ എന്നതിനപ്പുറം അഭിനയ ശേഷി ഉള്ള നടിയാണിവര്‍. പ്രണയവും പ്രതികാരവും നിരാശയും കഥ ആവശ്യപ്പെടുന്ന അതേ അളവില്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന നടിമാര്‍ റിതികയുടെ തലമുറയില്‍ കുറവാണ്. മാധവന്‍ ഉള്‍പ്പെടെ എല്ലാവരും സ്വന്തം കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. സംഗീതവും ക്യാമറയും എഡിറിങ്ങും എല്ലാം സിനിമയുടെ പൂര്‍ണതയില്‍ പങ്കു വഹിച്ചിട്ടുണ്ട്. മുഴച്ചു നില്‍ക്കുന്ന രംഗങ്ങള്‍ വളരെ കുറവാണ്. അവസാനത്തെ ബോക്‌സിംഗ് രംഗങ്ങള്‍ പ്രേക്ഷകരുടെ ആകംക്ഷകളെ പരമാവധി ചൂഷണം ചെയ്യുന്നുണ്ട്. 

സിനിമയെ കുറിച്ച് ഉയര്‍ന്നു വരുന്ന ഒരു ആരോപണം വൈകാരികതയാണ്. പക്ഷെ സ്‌പോര്‍ട്‌സിനോളം സന്തോഷവും സങ്കടവും ക്രോധവും നിരാശയും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള സംഭവങ്ങള്‍ കുറവാണ്. കായിക വിനോദങ്ങളിലെ എല്ലാ വാഴ്ത്തുപാട്ടുകളും എല്ലാ വന്‍ മാമാങ്കങ്ങളും മനുഷ്യത്വത്തെ ഉദ്‌ഘോഷിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കായിക മേഖലയ്ക്ക് ഇത്തരമൊരു മുന്നറിയിപ്പും ഓര്‍മപ്പെടുത്തലും ആവശ്യമായിരുന്നു. സ്‌പോര്‍ട്‌സ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു ഫീല്‍ ഗുഡ് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇരുധി സുട്രുവിനു കയറാവുന്നതാണ്.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍