UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടികളേ, ആരാണ് ഇരുട്ടിനെ നമ്മുടെ ശത്രുവാക്കി തീര്‍ത്തത്?

Avatar

കെ.പി.എസ് കല്ലേരി
ചിത്രങ്ങള്‍: അരുണ്‍ കുമാര്‍

അവര്‍ ഏഴുപേര്‍ മാത്രമാണുണ്ടായിരുന്നത്. കൈയ്യില്‍ കുറുവടികളോ ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളില്‍ കല്ലുകളോ കൊടികെട്ടിയ വടിയോ ഉണ്ടായിരുന്നില്ല. ആ പെണ്ണുടലുകളില്‍ കുറേ പോസ്റ്ററുകള്‍ മാത്രം തൂങ്ങിയാടിയിരുന്നു. അവര്‍ അങ്ങനെ അവിടെ ഒത്തു ചേരുന്നതിനെക്കുറിച്ച് നഗരത്തില്‍ പോസ്റ്ററുകളൊന്നും ആരും പതിച്ചിരുന്നില്ല. പത്രസമ്മേളനമോ വാഹന പ്രചരണ ജാഥയോ വിളംബരമായിട്ടുണ്ടായിരുന്നില്ല. എന്നിട്ടും ബീച്ച് നിറയെ 10 ബസ്സിലും പത്തോ ഇരുപതോ ജീപ്പുകളിലുമായി പൊലീസുണ്ടായിരുന്നു. അതില്‍  ഏറെയും വനിതാ പൊലീസുകാര്‍. ഇത്രയും വനിതകള്‍ പൊലീസിലുണ്ടായിരുന്നത് ഇതിനുമുമ്പ് കോഴിക്കോട്ടുകാര്‍ കണ്ടിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ വിദ്യാര്‍ഥി സംഘടനകളുടെ സമരവേദികളിലെങ്കിലും അവരെ തൂക്കിയെടുത്ത് ജീപ്പില്‍ കയറ്റാന്‍ കുറച്ചുപേരെ കിട്ടുമായിരുന്നല്ലോ. നാട്ടില്‍ തീവ്രാവാദ സംഘടനകളും മാവോയിസ്റ്റുകളുമൊക്കെ സ്വതന്ത്രമായി യോഗം നടത്തി കലാപങ്ങള്‍ ആസൂത്രണം ചെയ്തു പോകുന്നതുപോലും അറിയാതെ പോകുന്ന കേരളാപൊലീസിന് ഏഴ് പെണ്‍കുട്ടികള്‍ പത്തുമണിക്ക് കോഴിക്കോട് ബീച്ചില്‍ ഒത്തുചേര്‍ന്നപ്പോള്‍ നൂറുപൊലീസുകാരെ വിട്ട് അവരെ ഒന്നു പേടിപ്പിച്ച് കളയാമെന്ന് കരുതിയ ബുദ്ധി അപാരം തന്നെ. പൊലീസിന്റെ കാര്യം പോട്ടെ. കൊച്ചിയില്‍ ചുംബന സമരം നടന്നപ്പോള്‍ സമരക്കാരേക്കാളും പ്രതിഷേധക്കാരേക്കാളും ഒളിച്ചും തെളിഞ്ഞും അവിടെ നടക്കുന്ന പൂരംകാണാന്‍ തങ്ങിക്കൂടിയവരുടെ അത്രയും വരില്ലെങ്കിലും ഒരുപത്തു നൂറുപേര്‍ കാഴ്ച കാണാന്‍ ബീച്ചിലുണ്ടായിരുന്നു. ആവേശപൂര്‍വം അവരുടെ ദേഹത്തേക്ക് കണ്ണെറിഞ്ഞ പലര്‍ക്കും പക്ഷെ ആ പെണ്ണുടലുകളില്‍ പതിച്ച പോസ്റ്ററുകളിലെ എഴുത്ത് അല്‍പമെങ്കിലും ജാള്യമുണ്ടാക്കിയിട്ടുണ്ടാവും, തീര്‍ച്ച. ‘ഞങ്ങള്‍ ഉടലുകള്‍ മാത്രമല്ല, തലകളും ഉടലുകളും ഉള്ളവരാണ്..’

സദാചാര പോലീസിനും ഫാസിസത്തിനുമെതിരെയായിരുന്നു ആ ഒത്തു ചേരല്‍. കൊച്ചിയിലെ ചുംബന സമരത്തെ പിന്തുടര്‍ന്ന് ‘കിസ് ഇന്‍ ദി സ്ട്രീറ്റ്’ എന്ന പേരില്‍ ഡിസംബര്‍ 7ന് നടക്കാന്‍ പോകുന്ന കോഴിക്കേട്ടെ ചുംബനസമരത്തോട് ഐക്യപ്പെട്ടുകൊണ്ടായിരുന്നു അവര്‍ ഇന്നലെ രാത്രി കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന്സമീപം ഒത്തുചേര്‍ന്നത്.  ‘ഇരുട്ടു നുണയാമെടികളെ’ എന്ന പേരിലായിരുന്നു ഒത്തുകൂടല്‍.

ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത കൂട്ടായ്മായിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് വിരലിലെണ്ണാന്‍ മാത്രമെങ്കിലും അത്രയും പേര്‍ പങ്കെടുത്തത്.  ‘ഇത് ഇവിടെ നിലനില്‍ക്കുന്ന ആണ്‍കോയ്മാ ബോധത്തിനെതിരായ ഞങ്ങളുടെ പ്രതികരണമാണ്. രാത്രിയും തെരുവും പുരുഷന്‍ എന്നും കയ്യടക്കിവെച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അത് ലഭ്യമല്ല. മാത്രവുമല്ല സദാചാര പോലീസിങ്ങ് എന്നത് ആണധികാരത്തിന്റെ പ്രകടിത രൂപവുമാണ്. ഇതിനെതിരെ സ്ത്രീകള്‍ തെരുവുകളില്‍ ഇറങ്ങണം. എന്തിനെയും ഭയക്കാതെ അവര്‍ക്ക് രാത്രികള്‍ സ്വായത്തമാക്കേണ്ടതുണ്ട്. അതിനാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്.’ പരിപാടിയുടെ സംഘാടകരില്‍ ഒരാളായ സ്മിത പറഞ്ഞു.

രാത്രിയുടെ വേലികള്‍ക്കകത്തു നിന്നും വെളിച്ചത്തിന്റെ തടവിലേക്ക് സ്ത്രീകളെ സമൂഹം പറിച്ച് നടുകയാണെന്നും ഇതിനെതിരെ രാത്രി ഞങ്ങള്‍ക്കുകൂടിയാണെ് ഓര്‍മിപ്പിക്കാനാണ് ഈ ഒത്തു ചേരല്‍. ‘നമ്മുടെ ഇരുട്ടോര്‍മകള്‍ എത്ര മാറാല പിടിച്ചതാണ്.  രാത്രിയുടെ വേലികള്‍ക്കകത്തു നിന്നും വെളിച്ചത്തിന്റെ തടവിലേക്ക് നമ്മളെ പറിച്ചു സൂക്ഷിക്കുന്നത് ആരാണ്? ഇനിയും ആ കെട്ടിപ്പൂട്ടലുകളില്‍ നിര്‍വൃതിപ്പെട്ട് കണ്ണടച്ച് നമ്മള്‍ വെറുതേ കിടക്കണോ? മാറാല പിടിച്ച നമ്മുടെ ഇരുട്ടോര്‍മ്മകളും പറഞ്ഞ് രാത്രികള്‍ നമ്മുടേതു കൂടിയാണെ് സ്വയം ഓര്‍മ്മിച്ചും ഓര്‍മ്മിപ്പിച്ചും കൊണ്ട് ഈ രാത്രിയെങ്കിലും നടക്കാം..’ ഇങ്ങനെ പ്രഖ്യാപനം നടത്തിയായിരുന്നു അവരുടെ തുടക്കം.

ബീച്ചിലെ മണലിലിരുന്നുകൊണ്ടാണ് അവര്‍ തങ്ങളുടെ ഉടലുകളില്‍ ധരിക്കാനുള്ള പോസ്റ്ററുകള്‍ എഴുതിയുണ്ടാക്കിയത്. ഒരു വസന്തത്തിന്റെയാകെ വിത്തുകളും നമ്മളിനിയും ചുണ്ടുകളില്‍ ഒളിപ്പിച്ചു നടക്കണോ?,  എടികളേ, ആരാണ് ഇരുട്ടിനെ നമ്മുടെ ശത്രുവാക്കി തീര്‍ത്തത്? അതങ്ങനെ തന്നെയാണെന്ന്  ആരാണ് വീണ്ടും വീണ്ടും പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്? അങ്ങനെ ഏതെങ്കിലുമൊരു ‘എടി’ പറയുന്നുവെങ്കില്‍ അവള്‍ ആരുടെ ബോധത്തിലാണ് ജീവിക്കുന്നത്? ആ ബോധവും ബോധമുണ്ടായ സാഹചര്യവും മാറേണ്ടതല്ലേ,.?

ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിയോട് ആരു പറഞ്ഞു നിന്നോട് അര്‍ധരാത്രി പുറത്തിറങ്ങാന്‍ എന്നു ചോദിക്കുവരോട്, ഞാനാണ് എന്റെ ഉടമ, ഞാന്‍ മാത്രമാണ് എന്റെ ഉടമ എന്നുറക്കെ പറയാന്‍ നമ്മള് ബാധ്യസ്ഥരല്ലേ?…തുടങ്ങിയ ചോദ്യങ്ങളും അവര്‍ കൂട്ടംകൂടിനിന്ന പുരഷക്കൂട്ടങ്ങളെ സാക്ഷിയാക്കി പരസ്പരം ചോദിച്ചു.

കൂട്ടായ്മിലേക്ക് സാറാജോസഫും കെ.അജിതയുമടക്കമുള്ളവരെ ക്ഷണിച്ചെങ്കിലും അവരാരും എത്തിയിരുന്നില്ല. കോഴിക്കോട്ടെ പ്രമുഖരായ പല സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളുമൊക്കെ ഈ പെണ്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിലേക്ക് എത്തുമെന്നറിയിച്ചിരുന്നെങ്കിലും പലരും വന്നു ചേര്‍ന്നില്ല. ഇതേപറ്റി ചോദിച്ചപ്പോള്‍ ആരൊക്കെ വന്നു വന്നില്ല എന്നത് ഞങ്ങളുടെ പ്രശ്‌നമേയില്ല. ഈ വൈകിയ വേളയില്‍ ഇത്രയുമെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വളര്‍ന്നുവരുന്ന ഒരു വലിയ പെണ്‍സമൂഹത്തോട് മറുപടിപറയാന്‍ ആരുണ്ടാവും. ഇന്നീ പരിപാടിക്ക് പങ്കെടുത്ത പലരും വീട്ടില്‍ നിന്ന് ഞങ്ങളുടെ അച്ഛനും അമ്മയും സഹോദരങ്ങളും ഇഷ്ടത്തോടെ പറഞ്ഞയച്ചതല്ല. പലര്‍ക്കും തിരിച്ചു ചെല്ലാന്‍ കഴിയുമൊ എന്നുപോലും അറിയില്ല. പക്ഷെ ഇങ്ങനെ ഒരു സമരം ചെയ്‌തേ തീരു എന്ന തിരിച്ചറിവാണ് ഞങ്ങളെ ആ ബീച്ചിലെത്തിച്ചത്. കോഴിക്കോട്ടേയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേയും വീടുകളില്‍ നിന്ന് ഞങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് ചാടിയിറങ്ങന്‍ വെമ്പുന്ന ഒരു പാട് ഹൃദയങ്ങള്‍ കൊതിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അവര്‍ക്ക് കൂടി സമര്‍പ്പിക്കുകയാണ് ഈ സമരം..കൂട്ടായ്മയില്‍ പങ്കെടുത്ത ലിസ, അപര്‍ണ, സമിത, ജോളി, സ്മിത എന്നിവര്‍ പറഞ്ഞു.

കോഴിക്കോട് ബീച്ചിലൂടെ ഇരുട്ടിന്റെ കണ്ണുകളെ വലവട്ടം  വലംവെച്ചാണ് അവര്‍ വീടുകളിലേക്ക് മടങ്ങിയത്. ഇനിയീ ബീച്ചിന്റെ പലകോണുകളിലും രാത്രിയും പകലുമന്യേ ഞങ്ങളുണ്ടാവുമെന്നും തൊടാനും പിടിക്കാനും തോണ്ടാനും വരുന്നവന്റെ കൈകള്‍ പിന്നൊരു പെണ്ണുടലിനുനേരേയും പൊങ്ങില്ലെന്നും പ്രഖ്യാപിക്കുന്നതായിരുന്നു അവരുടെ ചലനങ്ങള്‍. അപ്പഴും ചില സദാചാരവാദികള്‍ സദാചാരം തിളച്ചുമറിഞ്ഞ് ചൂളമടിക്കുകയും ബീര്‍കുപ്പി പൊട്ടിച്ച് കൂക്കിവിളിക്കുകയും തെറിപ്പാട്ട് പാടുകയും ചെയ്യുന്നുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍