UPDATES

വിദേശം

സ്വര്‍ഗത്തിലെ പറവകള്‍ അഥവ ഐഎസിനായി പൊട്ടിത്തെറിക്കുന്ന കരുന്നുകള്‍

Avatar

ലവ്ഡെ മോറിസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇറാഖിലെ കിര്‍ക്കുക്ക് നഗരത്തിലെ തെരുവില്‍ പേടിച്ചരണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന ബാലനെ കണ്ട് പോലീസുകാര്‍ സംശയിച്ച് പിടിച്ച് നിര്‍ത്തയപ്പോഴേക്കും അവന്‍ പൊട്ടിക്കരഞ്ഞ് തുടങ്ങി. അവന്‍ അണിഞ്ഞിരുന്ന ബാഴസ്‌ലോണ സോക്കര്‍ ടീഷര്‍ട്ട് പൊളിച്ച് നോക്കിയ പോലീസുകാര്‍ ഞെട്ടിപ്പോയി. 15 വയസ്സുള്ള അവന്റെ ശരീരത്തില്‍ ഒരു ബെല്‍റ്റ് ബോംബ് ഘടിപ്പിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ സ്‌ഫോടകവസ്തുകള്‍ നിറച്ച ബെല്‍റ്റില്‍ നിന്ന് അവനെ മുക്തമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച കുര്‍ദ്ദിഷ് ചാനലുകള്‍ പുറത്ത് വിട്ടു. ഒരു വലിയ ദുരന്തമാണ് ഞായറാഴ്ച വൈകിട്ട് ഒഴിവായത്. ഇസ്ലാമിക സ്റ്റേറ്റ് കുട്ടി ചാവേറുകളെ ഉള്‍പ്പെടുത്തിയുള്ള ആക്രമണപരമ്പരകള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. ഇതിനോടകം തന്നെ ഐഎസ് പലയിടത്തും നിരവധി ആക്രമണങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുകയും ചെയ്തു.

കിര്‍ക്കുക്ക് അക്രമണം പൊളിഞ്ഞതിന്റെ അന്ന് തന്നെ വൈകിട്ട് ഷിയ പള്ളിക്ക് പുറത്ത് ആറ് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ചാവേറായത് ഇതേ പ്രായത്തിലുള്ള കുട്ടിയാണ് എന്നാണ് പോലീസിന്റെ നിഗമനം. തുര്‍ക്കിയുടെ തെക്ക്കിഴക്ക് ഭാഗത്ത് വിവാഹ സല്‍ക്കാരത്തിനിടെ ഒത്തുകൂടിയവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി പൊട്ടിത്തെറിച്ച ചാവേറും ഒരു കുട്ടിയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ആ സംഭവത്തില്‍ 50 പേരാണ് അന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ 15-16 വയസ്സില്‍ കൂടുതല്‍ പ്രായം വരാത്ത കുട്ടിയാണ് ഇറാഖിലെ അസ്രിയില്‍ സോക്കര്‍ മത്സരത്തിനിടെ 43 പേരുടെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ചത്. തങ്ങളുടെ ചാവേറുകളുടെ പ്രായത്തെ കുറിച്ച് ഐഎസ് വിവരങ്ങള്‍ പുറത്ത് വിടാറില്ല എങ്കിലും പലരുടെയും മുഖത്ത് നിന്നും കുട്ടികളാണ് എന്ന് വായിച്ചെടുക്കാം.

ആകാശയുദ്ധം ആരംഭിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ നീക്കങ്ങളില്‍ കുറഞ്ഞത് 45000 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ആണ് കണക്ക്. ഖിലാഫത്തിന്റെ സിംഹകുട്ടികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കുട്ടി ചാവേറുകളെ ഈ കുറവ് നികത്താന്‍ ഉപയോഗിക്കുന്നതായാണ് കരുതപ്പെടുന്നത്. 

അടുത്ത തലമുറയെ തങ്ങള്‍ക്കൊപ്പം കൂട്ടുന്ന ‘നിക്ഷേപ’ നയമാണ് ഐഎസിന്‍റേതെന്ന് ISIS Inside Army of Terror എന്ന പുസ്തകത്തിന്റെ എഴുത്തുകാരനും മിഡില്‍ ഈസ്റ്റ് പോളിസിക്കായുള്ള തഹരീര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകനുമായ ഹസ്സന്‍ ഹസ്സന്‍ പറയുന്നു. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍ തക്കവണ്ണം ഐഎസിന്റെ അടുത്ത തലമുറ സജ്ജമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഇറാഖിലെ അല്‍ഖ്വയ്ദയുടെ ബാക്കിപത്രമായ ഐഎസ് അതിന്റെ തുടക്കകാലത്ത് സിറിയയില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് എന്ന് അറിയപ്പെട്ടിരുന്ന അവര്‍ കുടംബസംഗമങ്ങളില്‍ മത്സരകളികള്‍ നടത്തുകയും ഐസ്‌ക്രീം വിതരണം ചെയ്യുകയും ചെയ്തു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപ്പിച്ചപ്പോള്‍ പരിശീലനകേന്ദ്രങ്ങളും സ്‌ക്കുളുകളും ആരംഭിച്ചു.ഇവിടങ്ങളില്‍ പഠിപ്പിച്ചിരുന്ന പാഠപുസ്‌കങ്ങളില്‍ തീവ്രസ്വഭാവത്തിലുള്ള മത പഠനമാണ് കുത്തിനിറച്ചിരുന്നത്.

ഇറാഖിലെ സിന്‍ജാറില്‍ നിന്നും രണ്ട് വര്‍ഷം മുന്‍പ് കൂട്ടമായി അമ്മാരോടൊപ്പം തട്ടികൊണ്ടുപോകപ്പെട്ട കുട്ടികളെ കഠിനമായ തിവ്രവാദ പരീശിലനത്തിന് വിധേയമാക്കിയതായി ഐഎസില്‍ നിന്ന് പിന്നീട് ഒളിച്ചോടി രക്ഷപ്പെട്ടവര്‍ പറഞ്ഞിരുന്നു. ഒന്നും എഴുതാത്ത ബോര്‍ഡുപോലെ എന്തും എഴുതിപിടിപ്പിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആര്‍ക്കും തങ്ങളുടെ കുട്ടികളോടൊപ്പം ഐഐസില്‍ ചേരാന്‍ അവര്‍ അവസരം നല്കും എന്നും ഹസ്സന്‍ ചൂണ്ടികാട്ടുന്നു.

ഇറാക്കില്‍ സ്വര്‍ഗ്ഗത്തിലെ പറവകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അല്‍ഖ്വയ്ദയുടെ കുട്ടിചാവേര്‍ സംഘത്തിന്റെ രീതികള്‍ തന്നെയാണ് ഐഎസും പിന്തുടരുന്നത്. അഫ്ഗാനിലും പാകിസ്ഥാനിലും സംശയം തോന്നാത്തവണ്ണം സൂക്ഷമത ആവശ്യമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ താലിബാനും കുട്ടിചാവേറുകളെ ഉപയോഗപ്പെടുത്താറുണ്ട്.

ഇറാഖിലെ ഐസ് മേഖലകളില്‍ തീവ്രവാദം സംശയിക്കപ്പെടുന്ന പ്രായത്തിലുള്ള ചെറുപ്പക്കാര്‍ക്ക് യാത്രകള്‍ അത്ര എളുപ്പമല്ല. ഇവിടങ്ങളില്‍ കുട്ടികള്‍ക്ക് നുഴഞ്ഞ് കയറാന്‍ എളുപ്പമാണ് എന്ന് കിര്‍ക്കുക്ക് പോലിസിലെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ സര്‍ഹാദ് ഖാദിര്‍ പറയുന്നു. കിര്‍ക്കുക്കില്‍ പിടിക്കപ്പെട്ട കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയിരിക്കാനുള്ള സാധ്യതകളും അദ്ദേഹം തള്ളിക്കളയുന്നില്ല. അസാധാരണമായ രീതിയില്‍ പരിഭ്രമിച്ച് കരഞ്ഞ നിലയിലാണ് കുട്ടിയെ കിട്ടിയത് എന്നും അദ്ദേഹം പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലുള്ള മൊസൂളില്‍ നിന്ന് കിര്‍ക്കുക്ക വരെ യാത്ര ചെയ്തതായി വെളിപ്പെടുത്തിയ കുട്ടിക്ക് 100 ശതമാനം മാനസികാരോഗ്യമുള്ളതായി പറയാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തുര്‍ക്കിയിലെ ഗാസിയന്‍ടെപ്പില്‍ വിവാഹസല്‍ക്കാരത്തിനിടെ പൊട്ടിത്തെറിച്ച ചാവേറിന് 12-14 വയസ്സിനിടക്ക് പ്രായമുള്ളതായി സംശയിക്കുന്നു എന്നാണ് ശനിയാഴ്ച പ്രസിഡന്റ് റെസപ്പ് തയിപ്പ് എര്‍ദോഗന്‍ ആദ്യം പ്രതികരിച്ചത്. എന്നാല്‍ പിന്നീട പ്രധാനമന്ത്രി ബിനാലി യില്‍ദിരും തിങ്കളാഴ്ച പറഞ്ഞത് ആക്രമണം നടത്തിയ ആളിനെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ്. അക്രമി മുതിര്‍ന്നയാളാണോ ചെറുപ്പമാണോ എന്നും പറയാറായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്ത നല്‍കി.ദൃക്‌സാക്ഷികളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്ന്ന പ്രാഥമിക നിഗമനങ്ങളായിരുന്നു ആദ്യം പുറത്ത് വന്നത് എന്നും പറയുന്നു.

 

സത്യമെന്തായാലും ഒരു കാര്യമുറപ്പാണ് ഐഎസ് ഏറ്റവും ക്രൂരമായ ആക്രമണങ്ങള്‍ക്ക് കുട്ടിച്ചാവേറുകളെ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.ഇറാഖിലെ ദിയാലയില്‍ ഒരമ്മ തന്റെ 21-ഉം 14 ഉം വയസ്സുള്ള ആണ്‍മക്കളെ ഐഎസ് ചാവേറാക്രമണത്തിന് നിയോഗിച്ചതായി മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ ചെക്ക്‌പോസ്റ്റുകളില്‍ വിതരണം ചെയ്ത് അന്വേഷണം ശക്തമാക്കിയെങ്കിലും ഒരു കോഫിഷോപ്പിന് മുമ്പില്‍ ഇവര്‍ പൊട്ടിത്തെറിച്ചു.

ആരെങ്കിലും ഒരു കുട്ടിയെ സംശയിക്കുമോ എന്നാണ് കിര്‍ക്കുക് ഗവര്‍ണര്‍ നജ്മുദ്ദീന്‍ കരീം ചോദിക്കുന്നത്. ഇവരൊക്കെ പ്രലോഭിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതും ദു:ഖകരമായ സത്യമാണ്.

അമേരിക്കയുടെ കണക്കുകള്‍ അനുസരിച്ച് ഇറാക്കിലും സിറിയയിലും മുന്‍പ് ഐഎസിന്റെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങളുടെ 20 ശതമാനവും ഇപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.പക്ഷെ ഐഎസിനെ നേരിടാന്‍ അമേരിക്ക ഉപയോഗിച്ച തന്ത്രങ്ങളും വിമര്‍ശനം നേരിടുന്നുണ്ട്. ഐഎസ് തീവ്രവാദത്തെ നേരിടാന്‍ അല്പം കൂടി വിശാലമായ തന്ത്രങ്ങളാണ് ആവിഷ്‌കരിക്കപ്പെടേണ്ടത് എന്നും ചിലര്‍ ചൂണ്ടികാട്ടുന്നു.

ഇവര്‍ നേരിടുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ അടുത്തതലമുറയെ വിദ്യാഭ്യാസം പോലും നിഷേധിച്ച് തിവ്രവാദ പരിശീലനത്തിനായി പാകപ്പെടുത്തി എടുക്കുന്ന സാഹചര്യത്തെ നേരിടാന്‍ ആവില്ല എന്നും ഹസ്സന്‍ ചൂണ്ടികാട്ടുന്നു. ഐഎസിന് രണ്ടാം തലമുറ ഉണ്ടാകാതിരിക്കുക എന്നതായിരിക്കണം ലക്ഷ്യം. അത്തരമൊന്നിന് കളമൊരുക്കി കൊടുത്താല്‍ അത് ഏറ്റവും വലിയ ബുദ്ധിമോശമാകും എന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍