UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേ? സുപ്രീംകോടതി ചോദിക്കുന്നു

അഴിമുഖം പ്രതിനിധി

ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കാത്തതിന് ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റ് പാസാക്കിയ നിയമം എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. ഇന്ത്യയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ബാധകമാണെന്ന് ഈ നിയമം പറയുന്നു. എന്നാല്‍ ഗുജറാത്ത് നടപ്പിലാക്കുന്നില്ല. ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേ. സിആര്‍ പിസിയും ഐപിസിയും എവിഡന്‍സ് ആക്ടും നടപ്പിലാക്കില്ലെന്ന് നാളെ ആരെങ്കിലും പറയും, എന്നും ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു.

തൊഴിലുറപ്പ് പദ്ധതിയും ദേശീയ ഭക്ഷ്യ സുരക്ഷയും ഉച്ചഭക്ഷണവും പോലുള്ള പദ്ധതികള്‍ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഈ മാസം 10-ന് സത്യവാങ് മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പദ്ധതികള്‍ പ്രകാരം ആവശ്യക്കാര്‍ക്ക് തൊഴിലും ആഹാരവും നല്‍കിയിട്ടുണ്ടോ ഇല്ലയോ എന്നുള്ള വിവരങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതി ജനുവരി 18-ന് ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍, ഹരിയാന, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരള്‍ച്ച ബാധിച്ചുവെന്നും എന്നാല്‍ സര്‍ക്കാരുകള്‍ അവശ്യംവേണ്ട ദുരിതാശ്വാസം നടത്തുന്നില്ലെന്നും ആരോപിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

യോഗേന്ദ്രയാദവും മറ്റും നേതൃത്വം നല്‍കുന്ന സ്വരാജ് അഭിയാനാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍